വനിതാ, ശിശു വികസന മന്ത്രാലയം
അന്താരാഷ്ട്ര വനിതാ ദിനമായ നാളെ കർത്തവ്യ പഥിൽ 'ശക്തി വോക്ക് - #SheLeadsBharat' സംഘടിപ്പിക്കും.
പോസ്റ്റഡ് ഓണ്‍:
07 MAR 2026 9:41AM by PIB Thiruvananthpuram
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ (2026 മാർച്ച് 8) ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ വനിതാ ശിശു വികസന മന്ത്രാലയം "ശക്തി വോക്ക് - #SheLeadsBharat" എന്ന പേരിൽ വനിതകൾ നയിക്കുന്ന ഒരു പദയാത്ര സംഘടിപ്പിക്കുന്നു.
മാർച്ച് 8 ന് ആഗോളതലത്തിൽ ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ നേട്ടങ്ങൾ, നേതൃത്വം, സംഭാവനകൾ എന്നിവയെ ആഘോഷിക്കുകയും ലിംഗസമത്വം, സുരക്ഷ, അന്തസ്സ്, ശാക്തീകരണം എന്നിവയോടുള്ള കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ഈ മനോഭാവത്തോടെ, പുരോഗമനപരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഭാരതം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന നിർണ്ണായക പങ്ക് ഉയർത്തിക്കാട്ടാനാണ് 'ശക്തി വോക്ക്' സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിലെ സ്ത്രീകളുടെ നേതൃത്വവും സംഭാവനകളും ആഘോഷിക്കുക, സ്ത്രീകളുടെ സുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നിവയോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുക, സ്ത്രീകൾക്ക് പ്രയോജനകരമാകുന്ന പ്രധാന പദ്ധതികളും സംരംഭങ്ങളും പ്രദർശിപ്പിക്കുക, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കിടയിൽ ഐക്യദാർഢ്യവും കൂട്ടായ അഭിമാനവും വളർത്തുക, കൂടാതെ സ്ത്രീകൾ നയിക്കുന്ന വികസനം ദേശീയ പുരോഗതിയുടെ കേന്ദ്രബിന്ദുവായി തുടരുന്നവെന്ന സന്ദേശം പ്രചരിപ്പിക്കുക എന്നിവയാണ് ശക്തി വോക്ക് ലക്ഷ്യമിടുന്നത്.
രാവിലെ 7:30 മുതൽ 10 മണി വരെ, കർത്തവ്യ പഥിലൂടെ ഇന്ത്യ ഗേറ്റ് മുതൽ വിജയ് ചൗക്ക് വരെയുള്ള ഏകദേശം 2 കിലോമീറ്റർ ദൂരത്തിലാണ് ഈ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
സായുധ സേന, പോലീസ്, മാധ്യമങ്ങൾ, ആരോഗ്യ സംരക്ഷണം, കായികം, സർക്കാർ സ്ഥാപനങ്ങൾ, വ്യവസായം, താഴെത്തട്ടിലുള്ള സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെ 150-ലധികം മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള മൂവായിരത്തോളം സ്ത്രീകളുടെ പങ്കാളിത്തത്തിന് ഈ ചടങ്ങ് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരോഗമനപരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ വഹിക്കുന്ന നിർണ്ണായക പങ്ക് ഉയർത്തിക്കാട്ടിക്കൊണ്ട് #SheLeadsBharat എന്ന പ്രമേയത്തിന് കീഴിൽ പരിപാടിയിൽ പങ്കെടുക്കുന്നവർ പദയാത്രയിൽ ഒരുമിച്ച് നടക്കും.
ഭാരത സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള വനിതാ ഉദ്യോഗസ്ഥരേയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തിനും ഈ പരിപാടി സാക്ഷ്യം വഹിക്കും.
കേന്ദ്രമന്ത്രിമാർ, സഹമന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, എം.എൽ.എമാർ, മറ്റ് വിശിഷ്ട വനിതാ നേതാക്കൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടെയുള്ള വനിതാ ജനപ്രതിനിധികളായിരിക്കും പദയാത്രയ്ക്ക് നേതൃത്വം നല്കുന്നത്.
വിശിഷ്ട വ്യക്തികളുടെ ഹ്രസ്വമായ അഭിസംബോധനയോടെ പരിപാടി ആരംഭിക്കും, തുടർന്ന് പദയാത്രയുടെ ഔദ്യോഗികമായ ഫ്ലാഗ് ഓഫ് നടക്കും.
സ്ത്രീകൾക്കായുള്ള പ്രധാന സർക്കാർ പദ്ധതികളും വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന ഇൻസ്റ്റാളേഷനുകൾ കർത്തവ്യ പഥിലുടനീളം പ്രദർശിപ്പിക്കും.
ഇന്ത്യ ഗേറ്റിൽ ഒരുക്കുന്ന സാംസ്കാരിക അവതരണം സ്ത്രീത്വത്തിൻ്റെ ചൈതന്യത്തേയും ദേശീയ അഭിമാനത്തേയും ആഘോഷിക്കും. ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തേയും കരുത്തിനേയും പ്രതിനിധീകരിച്ച് ദൊല്ലു കുനിത, കളരിപ്പയറ്റ്, ശിങ്കാരിമേളം, രൺചണ്ഡി, ഘൂമർ എന്നിവ പ്രകടനങ്ങളിൽ ഉൾപ്പെടും.
വന്ദേമാതരത്തിൻ്റെ കൂട്ടായ ആലാപനത്തോടെ ഇന്ത്യാ ഗേറ്റിൽ ആരംഭിക്കുന്ന സാംസ്കാരിക അവതരണം സ്ത്രീത്വത്തിൻ്റേയും ദേശീയ അഭിമാനത്തിൻ്റേയും ചൈതന്യത്തെ ആഘോഷിക്കും. "ശക്തി വോക്ക് - #SheLeadsBharat" എന്ന സന്ദേശം വഹിക്കുന്ന ബലൂണുകളും ചടങ്ങിൽ പറത്തും.
വികസിത ഭാരതം @ 2047 എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ ഈ ആഘോഷങ്ങൾ അംഗീകരിക്കുന്നു.
https://www.commerce.gov.in/wp-content/uploads/2026/03/FTAsachievement.pdf
***
( റിലീസ് ഐ.ഡി: 2236269)
സന്ദര്‍ശക കൗണ്ടര്‍ : 50
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada