പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാമത് ഷഹീദി സമാഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു; സിഖ് സമൂഹത്തിനും സാമൂഹ്യ ഐക്യത്തിനും വേണ്ടിയുള്ള സംരംഭങ്ങൾ എടുത്തുകാട്ടി


ധൈര്യത്തോടും സത്യത്തോടും ഒപ്പം നിൽക്കുക എന്ന മനോഭാവം ശ്രീ ഗുരു തേജ് ബഹാദൂർ സാഹിബ് ജിയുടെ കാലത്തെന്നപോലെ ഇന്നും പ്രസക്തമാണ്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 MAR 2026 7:52PM by PIB Thiruvananthpuram

ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബ് ജിയുടെ 350-ാം രക്തസാക്ഷിത്വ വർഷത്തെ (ഷഹീദി സമാഗമം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 'ഹിന്ദ് ദി ചാദർ' എന്നറിയപ്പെടുന്ന ഗുരുവിനോടുള്ള ആദരം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ സുപ്രധാന വാർഷികത്തിൽ നാമെല്ലാവരും ആ മഹാത്മാവിനെ സ്മരിക്കുകയാണെന്നും ചരിത്രപരവും പവിത്രവുമായ ഈ ചടങ്ങിൽ പങ്കാളിയാകുന്നത് വലിയ ഭാഗ്യമാണെന്നും പ്രസ്താവിച്ചു.

ഇന്ത്യയുടെ ചരിത്രം നിർവചിക്കപ്പെട്ടിരിക്കുന്നത് ധൈര്യം, ഐക്യം, സഹകരണം എന്നിവയാലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയുടെ മണ്ണിൽ നടക്കുന്ന ഈ പരിപാടിയിലൂടെ ആ പാരമ്പര്യത്തിന് നാം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഗുരുക്കന്മാർ ത്യാഗത്തിന്റെ പരകോടിയിലെത്തിയ കാലഘട്ടത്തിൽ സാമൂഹ്യ ഐക്യം വലിയ പങ്കുവഹിച്ചുവെന്നും, സത്യത്തിനും സംസ്കാരത്തിനും വേണ്ടി അചഞ്ചലരായി നിലകൊള്ളാൻ എല്ലാ വിഭാഗം ജനങ്ങളും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ശ്രീ ഗുരു ഗോബിന്ദ് സിങ് ജിയുടെ ‘ഗുരു നാനക് നാം-ലേവ സംഗത്’ പോലുള്ള പാരമ്പര്യങ്ങൾ സാമൂഹ്യ ഐക്യത്തിന്റെ ആ വലിയ യജ്ഞത്തിൽ പ്രധാന പങ്കുവഹിച്ചു”, പ്രധാനമന്ത്രി വ്യക്തമാക്കി.

ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ്, രാജ്യത്തിന് സാമൂഹ്യ ഐക്യം ഏറ്റവും കൂടുതൽ ആവശ്യമുള്ള ഇന്നത്തെ കാലത്ത്, ‘സംഗതി’ന്റെ ഈ മഹത്തായ ഒത്തുചേരൽ ഗുരുക്കന്മാരുടെയും വിശുദ്ധരുടെയും അനുഗ്രഹം നമുക്കൊപ്പമുണ്ടെന്ന് രാജ്യത്തിന് ഉറപ്പുനൽകുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.

കഴിഞ്ഞ വർഷം നാഗ്പുരിൽ ആരംഭിച്ച് ‘തഖ്ത് ശ്രീ ഹസൂർ സാഹിബ്, നന്ദേഡ്’ എന്ന ചരിത്രഭൂമിയിൽ ആഴത്തിൽ വേരൂന്നിയ നിരന്തര യാത്രയായാണ് ഈ സമാഗമത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “നവി മുംബൈയിൽ ഈ യാത്ര ഒരു സുപ്രധാന നാഴികക്കല്ലിലെത്തിയിരിക്കുന്നു; ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബ് ജിയുടെ ചരിത്രം മഹാരാഷ്ട്രയുടെ ഓരോ കോണിലും ആയിരക്കണക്കിന് ഗ്രാമങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും എത്തിക്കാൻ ഇതിലൂടെ സാധിച്ചു,” - ശ്രീ മോദി പറഞ്ഞു. ഈ പരിപാടി സംഘടിപ്പിച്ചതിന് മഹാരാഷ്ട്ര ഗവണ്മെന്റിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

സമീപകാലത്തെ അനുസ്മരണ പരിപാടികൾ ഓർത്തെടുത്ത പ്രധാനമന്ത്രി, ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ച് പരാമർശിച്ചു. ഗുരു സാഹിബുമാരുമായി ബന്ധപ്പെട്ട ചരിത്രപരമായ ഓരോ സന്ദർഭവും ദേശീയ തലത്തിൽ കേന്ദ്ര ഗവണ്മെന്റ് ആഘോഷിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബ് ജിയുടെ 400-ാം പ്രകാശ് പുരബ് അനുസ്മരണ തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി ആഘോഷിച്ചത് മുതൽ, ഗുരു നാനക് ദേവ് ജിയുടെ 550-ാം പ്രകാശ് പുരബ് വരെയുള്ള സുപ്രധാന നാഴികക്കല്ലുകൾ ശ്രീ മോദി പട്ടികപ്പെടുത്തി. ഓരോ അവസരവും പൂർണ്ണ ഭക്തിയോടെയാണ് ആഘോഷിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. 'സാഹിബ്‌സാദ'മാരുടെ സ്മരണയ്ക്കായി എല്ലാ വർഷവും 'വീർ ബാൽ ദിവസ്' ആഘോഷിക്കുന്ന പുതിയ ദേശീയ പാരമ്പര്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.

റെക്കോർഡ് സമയത്തിനുള്ളിൽ ‘കർതാർപൂർ സാഹിബ് ഇടനാഴി’ പൂർത്തിയാക്കിയതും ‘ശ്രീ ഹേമകുണ്ഡ് സാഹിബ് യാത്ര’യ്ക്കായി പുതിയ സൗകര്യങ്ങൾ ഒരുക്കിയതും ഉൾപ്പെടെയുള്ള പ്രധാന നേട്ടങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “സിഖ് സംഘടനകളുമായും ഗുരുദ്വാരകളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് FCRA പ്രകാരം ഗവണ്മെന്റ് ഇളവുകൾ നൽകിയിട്ടുണ്ട്. കൂടാതെ, സ്കൂൾ പാഠ്യപദ്ധതികളിലും സാംസ്കാരിക ചർച്ചകളിലും സിഖ് ചരിത്രത്തിന് അർഹമായ സ്ഥാനം ഉറപ്പാക്കി. പതിറ്റാണ്ടുകളായി സിഖ് സമൂഹം കാത്തിരുന്ന കാര്യങ്ങളാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്” - ശ്രീ മോദി അഭിപ്രായപ്പെട്ടു.

നീതിയും ബഹുമാനവും ഉറപ്പാക്കുന്നതിനായുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, 1984-ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചതും അടച്ചുപൂട്ടിയ കേസുകൾ വീണ്ടും തുറന്നതും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കിയതും പരാമർശിച്ചു. 1984-ലെ ഇരകളുടെ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച അധിക ധനസഹായത്തെക്കുറിച്ചും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷന് നൽകിയ കൂടുതൽ സജീവമായ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അഫ്ഗാനിസ്ഥാനിലെ സിഖ് സഹോദരങ്ങളുടെ സുരക്ഷയ്ക്കും ‘ഗുരു ഗ്രന്ഥ സാഹിബി’ന്റെ ‘സ്വരൂപങ്ങൾ’ ആദരവോടെ തിരികെ എത്തിക്കുന്നതിനുമായി ഗവണ്മെന്റ് ദൗത്യം എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. “അഫ്ഗാനിസ്ഥാനിലെ സിഖുകാർക്കും ഹിന്ദുക്കൾക്കും പൗരത്വം നൽകുന്നതിനുള്ള വഴി ഗവണ്മെന്റ് സുഗമമാക്കി. CAA വഴി പീഡിപ്പിക്കപ്പെടുന്ന അഭയാർഥികൾക്ക് ആശ്വാസം നൽകുകയും ജമ്മു കശ്മീരിലെ സിഖ് കുടുംബങ്ങൾക്കായി പുനരധിവാസ പാക്കേജുകൾ നടപ്പാക്കുകയും ചെയ്തു” - ശ്രീ മോദി പറഞ്ഞു. വിദേശത്തുള്ള സിഖുകാരുടെ യാത്ര സുഗമമാക്കുന്നതിനായി OCI, വിസ ചട്ടങ്ങൾ ലഘൂകരിച്ചതായും കരിമ്പട്ടികയിൽ നിന്ന് ആയിരക്കണക്കിന് പേരുകൾ നീക്കം ചെയ്തതായും പ്രധാനമന്ത്രി വ്യക്തമാക്കി.

“സിഖ് സമൂഹത്തിന്റെ വിശ്വാസത്തെ ആദരിക്കുന്നതും അവരുടെ പുരോഗതിക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമായും സേവനത്തിനുള്ള വലിയൊരു ഭാഗ്യമായും കണക്കാക്കുന്നു.”-  പ്രധാനമന്ത്രി പറഞ്ഞു: 

ധൈര്യത്തോടും സത്യത്തോടും ഒപ്പം നിൽക്കുക എന്ന മനോഭാവം പണ്ടത്തെപ്പോലെ ഇന്നും പ്രസക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “പുതിയ തലമുറ ഈ മൂല്യങ്ങളുമായി കൂട്ടിയിണക്കപ്പെടുമ്പോൾ, പാരമ്പര്യം എന്നത് വെറും സ്മരണ എന്നതിലുപരി ഭാവിയിലേക്കുള്ള പാതയായി മാറുന്നു” - ശ്രീ മോദി പറഞ്ഞു. “ഈ സമാഗമത്തിന്റെ ലക്ഷ്യം വെറുതെ ചരിത്രം ഓർക്കുക എന്നതല്ല, മറിച്ച് അത് സ്വന്തം പെരുമാറ്റത്തിൽ ഉൾക്കൊള്ളുക എന്നതാണ്” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

-NK-

( റിലീസ് ഐ.ഡി: 2234315) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati