പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ടെക്നോളജിയുടെ സെമികണ്ടക്ടർ അസംബ്ലി-ടെസ്റ്റ്-പാക്കേജിങ് (ATMP) കേന്ദ്രം ഉദ്ഘാടനം ചെയ്തു


മൈക്രോണിന്റെ സെമികണ്ടക്ടർ പ്ലാന്റിന്റെ ഉദ്ഘാടനം സാങ്കേതിക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി

സോഫ്റ്റ്‌വെയർ ശക്തിക്ക് പേരുകേട്ട ഇന്ത്യ, ഇപ്പോൾ ഹാർഡ്‌വെയർ മേഖലയിലും മുദ്ര​ പതിപ്പിക്കുകയാണ്: പ്രധാനമന്ത്രി

ഇന്ന്, ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയുടെ അവിഭാജ്യ ഘടകമായി ഇന്ത്യ അതിവേഗം മാറുന്നു: പ്രധാനമന്ത്രി

ഈ നൂറ്റാണ്ട് നിർമിതബുദ്ധി വിപ്ലവത്തിന്റേതാണ്: പ്രധാനമന്ത്രി

കഴിഞ്ഞ നൂറ്റാണ്ടിനെ എണ്ണയാണ് നിയന്ത്രിച്ചിരുന്നതെങ്കിൽ, ഈ നൂറ്റാണ്ടിനെ മൈക്രോചിപ്പുകൾ നിയന്ത്രിക്കും: പ്രധാനമന്ത്രി

ലോകമെമ്പാടുമുള്ള നിക്ഷേപകർക്കായി ഇന്ത്യക്ക് ഒരു സന്ദേശം മാത്രമേയുള്ളൂ - ഇന്ത്യ സജ്ജമാണ്, ഇന്ത്യ വിശ്വസനീയമാണ്, ഇന്ത്യ വാഗ്ദാനങ്ങൾ പാലിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യ പ്രാപ്തമാണ്, ഇന്ത്യ മത്സരസജ്ജമാണ്, ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന സന്ദേശം വ്യക്തമായും ഉച്ചത്തിലും ലോകമെമ്പാടും ​വ്യാപിച്ചു​: പ്രധാനമന്ത്രി


പോസ്റ്റഡ് ഓണ്‍: 28 FEB 2026 7:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ATMP (അസംബ്ലി, ടെസ്റ്റ്, മാർക്കിങ് ആൻഡ് പാക്കേജിങ്) കേന്ദ്രം ഉദ്ഘാടനം ചെയ്തു. വാണിജ്യപരമായ ഉൽപ്പാദനം ആരംഭിക്കുന്ന ഈ സുപ്രധാന ചടങ്ങ്, ആഗോള സാങ്കേതിക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ്.

ലോകത്തിലെ ഏറ്റവും വലിയതും വിജയകരവുമായ നിർമിതബുദ്ധി ഉച്ചകോടിക്ക് ശേഷം, ഇന്ന് മറ്റൊരു ചരിത്രപരമായ നേട്ടത്തിന് നാം സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "നിർമിതബുദ്ധി ഉച്ചകോടി ഇന്ത്യയുടെ കരുത്ത് ലോകത്തിന് പരിചയപ്പെടുത്തിയപ്പോൾ, സാങ്കേതിക നേതൃത്വത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഇന്നത്തെ ഈ ദിനം" - ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഒരുകാലത്ത് സോഫ്റ്റ്‌വെയർ, ഐടി സേവനങ്ങൾക്ക് മാത്രമായി അറിയപ്പെട്ടിരുന്ന ഇന്ത്യ, ഇപ്പോൾ ഹാർഡ്‌വെയർ മേഖലയിലും അതിവേഗം മുദ്ര പതിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇന്ന് സാനന്ദിൽ പുതിയ ഭാവി ഉദയം ചെയ്യുന്നത് നാം കാണുകയാണ്. മൈക്രോണിന്റെ ATMP പ്ലാന്റിലെ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്നത് ആഗോള സാങ്കേതിക മൂല്യശൃംഖലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താൻ സഹായിക്കും" - ശ്രീ മോദി പറഞ്ഞു.

നയരൂപീകരണത്തിൽ നിന്ന് ഉൽപ്പാദനത്തിലേക്കുള്ള മാറ്റം അഭൂതപൂർവമായ വേഗതയിൽ സംഭവിക്കുന്ന "നവ ഇന്ത്യ"യുടെ മനോഭാവം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പദ്ധതിയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ച് സംസാരിക്കവേ, 2023 ജൂണിൽ ധാരണാപത്രം ഒപ്പിടുകയും തുടർന്ന് 2023 സെപ്റ്റംബറിൽ സാനന്ദിൽ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. "2024 ഫെബ്രുവരിയോടുകൂടി പരീക്ഷണാർഥ പ്ലാന്റിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നത് ആരംഭിച്ചു. ഇത് 2026 ഫെബ്രുവരിയിൽ വാണിജ്യ ഉൽപ്പാദനം തുടങ്ങുന്നതിലേക്ക് നയിച്ചു" - ശ്രീ മോദി കൂട്ടിച്ചേർത്തു.

സങ്കീർണ്ണമായ നിയന്ത്രണ പ്രക്രിയകൾ ഇന്ത്യ ഗണ്യമായി ലഘൂകരിച്ചുവെന്നും അഡ്വാൻസ്ഡ് പ്രൈസിങ് എഗ്രിമെന്റുകൾ (APAs) ഏതാനും മാസങ്ങൾക്കുള്ളിൽ വിജയകരമായി പൂർത്തിയാക്കിയെന്നും ശ്രീ മോദി പറഞ്ഞു. വികസിത രാജ്യങ്ങളിൽപ്പോലും സാധാരണയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം കുറിച്ചു.

"ലക്ഷ്യം വ്യക്തമാകുമ്പോഴും രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനാണ് മുൻഗണന നൽകുന്നതെന്നു വരുമ്പോഴും നയങ്ങൾ സുതാര്യമാവുകയും തീരുമാനങ്ങൾക്ക് വേഗത കൈവരുകയും ചെയ്യും" - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നിർമിതബുദ്ധി, ചിപ്പ് സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ് ഈ പ്ലാന്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും ആഗോള വിതരണ ശൃംഖലയുടെ സുരക്ഷയ്ക്കായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിർണായക ധാതുക്കളുടെ വിതരണ ശൃംഖല കൂടുതൽ വിശ്വസനീയമാക്കുന്നതിനായി നിർമിതബുദ്ധി ഉച്ചകോടിയിൽ ഒപ്പുവച്ച പാക്സ് സിലിക്ക കരാർ ഇതിന് പ്രധാന ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നൂറ്റാണ്ട് നിർമിതബുദ്ധി വിപ്ലവത്തിന്റെ നൂറ്റാണ്ടാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സെമികണ്ടക്ടറുകളെ ഈ മാറ്റത്തിലേക്കുള്ള ഒരു പാലമായി വിശേഷിപ്പിച്ചു. ചരിത്രപരമായ മാറ്റങ്ങളെ താരതമ്യം ചെയ്തുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിനെ നിയന്ത്രിച്ചിരുന്നത് എണ്ണയായിരുന്നെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിയന്ത്രിക്കുന്നത് മൈക്രോചിപ്പുകളാണെന്ന് ശ്രീ മോദി പറഞ്ഞു. വ്യാവസായിക വിപ്ലവത്തെയും നിർമിതബുദ്ധി വിപ്ലവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമം ഒരു ചെറിയ ചിപ്പാണ്. "ഈ കാഴ്ചപ്പാടോടെ, സെമികണ്ടക്ടർ മേഖലയിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഇന്ത്യ തീരുമാനിച്ചു. ലോകം കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ വലയുമ്പോഴാണ് ഇന്ത്യ സെമികണ്ടക്ടർ ദൗത്യം പ്രഖ്യാപിച്ചത് എന്നത് ഓർക്കുക. മഹാമാരിക്കാലത്ത് എല്ലാം തകർന്നടിയുകയാണെന്ന് തോന്നിച്ച ഘട്ടത്തിൽ, പൂർണ്ണ വിശ്വാസത്തോടെ നാം പാകിയ വിത്തുകളാണ് ഇപ്പോൾ വളർന്ന് ഫലം നൽകിക്കൊണ്ടിരിക്കുന്നത്" - ശ്രീ മോദി എടുത്തുപറഞ്ഞു.

​​​​സെമികണ്ടക്ടർ മേഖലയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. സെമികോൺ ഇന്ത്യ പദ്ധതി പ്രകാരം 10 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ്, അസം, ഒഡിഷ, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി മൂന്നെണ്ണം കൂടി ഉടൻ ഉൽപ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു. "നാം കെട്ടിപ്പടുക്കുന്ന ഈ ആവാസവ്യവസ്ഥ ഒരു പ്രദേശത്തുമാത്രമായി ഒതുങ്ങുന്നതല്ല; ഇത് ഇന്ത്യ മുഴുവനുമാണ്. 'വികസിത ഇന്ത്യ'ക്കായി രാജ്യത്തിന്റെ ഓരോ കോണിലും പുതിയ സാങ്കേതിക ഹബ്ബുകൾ വികസിപ്പിച്ചുവരികയാണ്." - ശ്രീ. മോദി പറഞ്ഞു.

സെമികണ്ടക്ടർ ആവാസവ്യവസ്ഥ എന്നത് കേവലം ഒരു ഫാക്ടറിയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു; യന്ത്ര നിർമാതാക്കൾ, രൂപകൽപ്പന എൻജിനിയർമാർ, ഗവേഷണ സ്ഥാപനങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ, വിദഗ്ധരായ സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന ബഹുതല സംവിധാനമാണത്. ഈ ഘടകങ്ങളുടെയെല്ലാം തടസ്സമില്ലാത്ത ഏകോപനത്തിലൂടെയാണ് ചിപ്പ് ഉൽപ്പാദനം നടത്തുന്നത്. "മുഴുവൻ മൂല്യശൃംഖലയിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ലക്ഷ്യത്തിനായി ഈ വർഷത്തെ ബജറ്റിൽ നാം 'ഇന്ത്യ സെമികണ്ടക്ടർ ദൗത്യം 2.0' പ്രഖ്യാപിച്ചു."- പ്രധാനമന്ത്രി പറഞ്ഞു. "ഉൽപ്പാദനം വർധിക്കുന്നതിനനുസരിച്ച്, ഇന്ത്യക്കുള്ളിലെ സാമഗ്രികൾ, ഘടകങ്ങൾ, സേവനങ്ങൾ എന്നിവയുടെ ആവശ്യകതയും വർധിക്കും. ഇതൊരു വലിയ അവസരമാണ്."- വളർച്ചയുടെ വ്യാപ്തി എടുത്തുകാട്ടി ശ്രീ മോദി കൂട്ടിച്ചേർത്തു.

 “ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം ആദ്യമായി ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുന്നവരായി മാറുകയാണ്. ഇലക്ട്രോണിക്സ് ആയാലും വാഹനങ്ങളായാലും മറ്റ് സാങ്കേതികവിദ്യകളായാലും ആവശ്യകത നിരന്തരം വർധിക്കുന്നു. 'മേക് ഇൻ ഇന്ത്യ' ഇപ്പോൾ പൂർണ്ണതോതിൽ നടന്നുവരികയാണ്.”-  കഴിഞ്ഞ 11 വർഷത്തിനിടെ ഇലക്ട്രോണിക്സ് മേഖലയിലെ ഉൽപ്പാദനത്തിലും കയറ്റുമതിയിലുമുണ്ടായ വൈവിധ്യമാർന്ന വർധന ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, “നിക്ഷേപകർക്കായി ആഭ്യന്തര വിപണിയും ആഗോള അവസരങ്ങളും ഒരുങ്ങിനിൽക്കുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു.

സാനന്ദ് ഓട്ടോമൊബൈൽ ഹബ്ബായി മാറിയതിന് സമാനമായി, മൈക്രോൺ കേന്ദ്രം പുതിയ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് അടിത്തറയാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള ഡേറ്റ സെന്ററുകൾ, നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവയ്ക്കു കരുത്തേകുന്ന D-RAM, NAND സൊല്യൂഷനുകൾ ഈ പ്ലാന്റ് ഉൽപ്പാദിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ ATMP ക്ലീൻറൂമുകളിൽ ഒന്ന് ഇവിടെ സജ്ജീകരിച്ചതിനെയും, ജല ഉപഭോഗം കുറച്ച് പരിസ്ഥിതി സുസ്ഥിരതയ്ക്ക് നൽകുന്ന മുൻഗണനയെയും അദ്ദേഹം പ്രശംസിച്ചു.

ഗുജറാത്ത് ഗവണ്മെന്റിന്റെ നയങ്ങളെ പ്രശംസിച്ച്, സെമികണ്ടക്ടർ മേഖലയ്ക്കായി രൂപീകരിച്ച നയങ്ങൾ ഇപ്പോൾ പ്രായോഗികതലത്തിൽ ഫലം നൽകിത്തുടങ്ങിയെന്ന് ശ്രീ മോദി പറഞ്ഞു. സാങ്കേതികവിദ്യയിൽ ഗുജറാത്ത് അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “അംഗീകാരങ്ങൾ, ഭൂമി അനുവദിക്കൽ, സൗകര്യങ്ങൾ തുടങ്ങിയ പ്രക്രിയകൾ ലളിതമാക്കിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ധോലേരയും സാനന്ദും പശ്ചിമ ഇന്ത്യയിലെ സെമികണ്ടക്ടർ ക്ലസ്റ്ററുകളായി വികസിച്ചുവരികയാണ്” – ശ്രീ മോദി കുറിച്ചു. സെമികണ്ടക്ടർ മേഖലയ്ക്ക് ആവശ്യമായ രാസവസ്തുക്കളും പെട്രോകെമിക്കൽസും പോലുള്ള ചേരുവകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളും, നൈപുണ്യകേന്ദ്രങ്ങളും പരിശീലന പദ്ധതികളും അതോടൊപ്പം വികസിപ്പിച്ചുവരികയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആഗോള നിക്ഷേപകർക്ക് കരുത്തുറ്റ സന്ദേശം നൽകിയാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്: “ഇന്ത്യ സജ്ജമാണ്. ഇന്ത്യ വിശ്വസനീയമാണ്. ഇന്ത്യ ഫലങ്ങൾ നൽകുന്നു.” കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ അചഞ്ചലമായ പിന്തുണ ആഗോള പങ്കാളികൾക്കും നിക്ഷേപകർക്കും അദ്ദേഹം ഉറപ്പുനൽകി. ഈ പതിറ്റാണ്ട് ഇന്ത്യയുടെ സാങ്കേതിക പാതയിലെ ചരിത്രപരമായ വഴിത്തിരിവായി അദ്ദേഹം അടയാളപ്പെടുത്തി. “ഇന്ത്യ പ്രാപ്തമാണ്. ഇന്ത്യ മത്സരക്ഷമമാണ്. ഇന്ത്യ പ്രതിജ്ഞാബദ്ധവുമാണ്,” എന്ന വ്യക്തവും ഉറച്ചതുമായ പ്രതിജ്ഞാബദ്ധതയോടെ അദ്ദേഹത്തിന്റെ പ്രസംഗം ആഗോളതലത്തിൽ പ്രതിധ്വനിച്ചു.

 

 

-SK-

( റിലീസ് ഐ.ഡി: 2234161) സന്ദര്‍ശക കൗണ്ടര്‍ : 8