പ്രധാനമന്ത്രിയുടെ ഓഫീസ്
ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ.
പോസ്റ്റഡ് ഓണ്‍:
26 FEB 2026 5:28PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നെതന്യാഹു,
ശ്രീമതി നെതന്യാഹു,
ഇരുരാജ്യങ്ങളുടെയും വിശിഷ്ട പ്രതിനിധികളെ,
മാധ്യമ സുഹൃത്തുക്കളെ,
നമസ്കാരം!
"ഷാലോം!" (Shalom!)
എനിക്കും ഇന്ത്യൻ പ്രതിനിധി സംഘത്തിനും നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നെതന്യാഹുവിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു.
ഒമ്പത് വർഷങ്ങൾക്ക് മുമ്പ്, ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരിക്കൽ കൂടി ഇസ്രായേലിന്റെ ഈ ചരിത്രഭൂമിയിൽ പാദമുദ്ര പതിപ്പിക്കാൻ കഴിഞ്ഞത് എനിക്ക് അഭിമാനകരവും അങ്ങേയറ്റം വൈകാരികവുമായ നിമിഷമാണ്.
ഇന്നലെ, ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു. ആ സന്ദർഭത്തിൽ, 'സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ' (Speaker of the Knesset Medal) നൽകി എന്നെ ആദരിക്കുകയുണ്ടായി. ഈ വിശിഷ്ടമായ ബഹുമതിക്ക് നെസെറ്റിനോടും, ബഹുമാനപ്പെട്ട സ്പീക്കറോടും, എന്റെ സുഹൃത്തായ പ്രധാനമന്ത്രി നെതന്യാഹുവിനോടും, ഇസ്രായേൽ ജനതയോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഈ അംഗീകാരം 140 കോടി ഇന്ത്യൻ ജനതയ്ക്കും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിനുമായി ഞാൻ സമർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ബന്ധം(ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം)ആഴത്തിലുള്ള വിശ്വാസം, പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ശക്തമായ മാനുഷിക ബന്ധങ്ങൾ എന്നിവയിലധിഷ്ഠിതമാണ്. നമ്മുടെ ബന്ധങ്ങൾ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചവയാണ്.
ഇന്ന്, കാലം തെളിയിച്ച നമ്മുടെ പങ്കാളിത്തത്തെ "പ്രത്യേക തന്ത്രപരമായ പങ്കാളിത്തം" എന്ന തലത്തിലേക്ക് ഉയർത്താനുള്ള ചരിത്രപരമായ തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ട്. ഈ തീരുമാനം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.
സുഹൃത്തുക്കളേ,
ഇന്നത്തെ കൂടിക്കാഴ്ചയിൽ, നമ്മുടെ സഹകരണത്തിന് പുതിയ ദിശാബോധവും കൂടുതൽ വേഗവും നൽകുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. നമ്മുടെ സാമ്പത്തിക പങ്കാളിത്തം വളർച്ചയുടെയും നവീകരണത്തിന്റെയും പങ്കിട്ട സമൃദ്ധിയുടെയും ചാലകശക്തിയായി തുടരുന്നു.
പരസ്പര നിക്ഷേപങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, കഴിഞ്ഞ വർഷം നമ്മൾ ഒരു ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവെച്ചു. പരസ്പര പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിന് നമ്മൾ ഉടൻ അന്തിമരൂപം നൽകുകയും ചെയ്യും.
നമ്മുടെ ഭാവി പങ്കാളിത്തത്തിന്റെ ഹൃദയഭാഗത്ത് സാങ്കേതികവിദ്യയാണ്. ഇന്ന്, 'നിർണ്ണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾക്കായുള്ള പങ്കാളിത്തം' (Critical and Emerging Technologies Partnership) സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് നിർമ്മിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,AI), ക്വാണ്ടം സാങ്കേതികവിദ്യകൾ, നിർണ്ണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് പുതിയ ഊർജ്ജം പകരും.
ഇസ്രായേലിൽ യുപിഐ (UPI) ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള കരാറിൽ ഏർപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ഡിജിറ്റൽ ആരോഗ്യ രംഗത്തും,നമ്മുടെ അനുഭവങ്ങളും മികച്ച രീതികളും പങ്കുവെച്ചുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
പ്രതിരോധ മേഖലയിൽ പതിറ്റാണ്ടുകളായി വിശ്വസ്തമായ സഹകരണം നമ്മൾ ആസ്വദിക്കുന്നു. കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണാപത്രം ഈ പങ്കാളിത്തത്തിന് പുതിയ തലങ്ങൾ നൽകും. സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിലേക്ക് നമ്മൾ ഒന്നിച്ച് മുന്നേറും.
അതോടൊപ്പം തന്നെ സിവിൽ ന്യൂക്ലിയർ എനർജി, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ നമ്മുടെ സഹകരണം നമ്മൾ കൂടുതൽ ശക്തിപ്പെടുത്തും.
സുഹൃത്തുക്കളേ,
നമ്മൾ ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഷിക സഹകരണത്തിന് ദീർഘവും വിജയകരവുമായ ചരിത്രമുണ്ട്. ഇന്ന്, ഈ കൂട്ടായ്മയ്ക്ക് ഭാവിയിലേക്കുള്ള ഒരു പുതിയ ദിശാബോധം നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
ഇസ്രായേലിന്റെ സഹകരണത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ 'സെന്റർ ഓഫ് എക്സലൻസുകൾ' (Centres of Excellence) നമ്മുടെ സൗഹൃദത്തിന്റെ ഉജ്ജ്വലമായ ഉദാഹരണങ്ങളായി ഇന്ന് നിലകൊള്ളുന്നു. അവയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അത്തരം കേന്ദ്രങ്ങളുടെ എണ്ണം 100 ആയി ഉയർത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
ഈ സഹകരണം ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയിക്കൊണ്ട്, 'വില്ലേജസ് ഓഫ് എക്സലൻസ്' (Villages of Excellence) രൂപീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നമ്മൾ നടത്തിവരികയാണ്. ഈ സംരംഭം ഇസ്രായേലി സാങ്കേതികവിദ്യയെ ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളിൽ എത്തിക്കുകയും ദശലക്ഷക്കണക്കിന് കർഷകരുടെ വരുമാനവും ഉൽപ്പാദനക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും.
ഭാവിയിലേക്ക് സജ്ജമായ കൃഷിരീതികൾ നമ്മൾ ഒന്നിച്ച് വികസിപ്പിക്കും. ഇന്ത്യയിൽ 'ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ സെന്റർ ഫോർ അഗ്രിക്കൾച്ചർ' സ്ഥാപിക്കുന്നത് ഈ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ അടിത്തറ പാകും.
സുഹൃത്തുക്കളേ,
നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം ഈ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്തംഭങ്ങളിൽ ഒന്നാണ്. 2023-ൽ ഒപ്പുവെച്ച 'മാൻപവർ മൊബിലിറ്റി എഗ്രിമെന്റ്' (Manpower Mobility Agreement) വഴി ഇസ്രായേലിന്റെ നിർമ്മാണ, പരിചരണ മേഖലകളിൽ ഇന്ത്യ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യൻ തൊഴിലാളികൾ അവരുടെ കഠിനാധ്വാനം, പ്രതിബദ്ധത, നൈപുണ്യം എന്നിവയിലൂടെ വലിയ വിശ്വാസ്യത നേടിയെടുത്തിട്ടുണ്ട്.
ഈ സഹകരണം വാണിജ്യ, സേവന മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇരുരാജ്യങ്ങളിലെയും യുവാക്കളെയും ഗവേഷകരെയും നവീന ആശയങ്ങൾ പങ്കുവെക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുക എന്നത് നമ്മുടെ പ്രധാന മുൻഗണനകളിൽ ഒന്നാണ്. ഇതിന്റെ ഭാഗമായി, നമ്മൾ ഇന്ന് 'ഇന്ത്യ-ഇസ്രായേൽ അക്കാദമിക് ഫോറം' (India-Israel Academic Forum) സ്ഥാപിക്കുകയാണ്.
സുഹൃത്തുക്കളേ,
ഇന്ന് പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ നമ്മൾ വിപുലമായ ചർച്ചകൾ നടത്തി. പ്രാദേശികമായ പരസ്പര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC), ഇന്ത്യ-ഇസ്രായേൽ-യുഎഇ-യുഎസ്എ (I2U2) എന്നിവയിൽ പുതിയ ഊർജ്ജത്തോടെ നമ്മൾ മുന്നോട്ട് പോകും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെയും ഇസ്രായേലിന്റെയും നിലപാട് വ്യക്തമാണ്:
ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ല.
ഏത് രൂപത്തിലായാലും ഭാവത്തിലായാലും,
ഭീകരവാദത്തെ അംഗീകരിക്കാനാവില്ല.
ഭീകരവാദത്തെയും അതിനെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നതിൽ നമ്മൾ തോളോട് തോൾ ചേർന്ന് നിന്നിട്ടുണ്ട്, അത് തുടരുകയും ചെയ്യും.
പശ്ചിമേഷ്യയിലെ സമാധാനവും സുസ്ഥിരതയും ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, തുടക്കം മുതൽ തന്നെ ചർച്ചകളെയും പ്രശ്നങ്ങളുടെ സമാധാനപരമായ പരിഹാരത്തെയുമാണ് നമ്മൾ പിന്തുണയ്ക്കുന്നത്. ഇതാണ് 'ഗ്ലോബൽ സൗത്തി'ന്റെയും (Global South) മനുഷ്യരാശിയുടെതന്നെയും ആകെയുള്ള ആവശ്യം.
ഇന്ത്യയുടെ നിലപാട് വ്യക്തമാണ്:
മനുഷ്യരാശി ഒരിക്കലും സംഘർഷങ്ങളുടെ ഇരയാകരുത്. ഗാസ സമാധാന പദ്ധതി സമാധാനത്തിലേക്കുള്ള ഒരു വഴി തുറന്നിട്ടുണ്ട്. ഈ ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. ഭാവിയിലും എല്ലാ രാജ്യങ്ങളുമായും ചർച്ചകളിലും സഹകരണത്തിലും നമ്മൾ ഏർപ്പെടുന്നത് തുടരും.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്റെ പ്രിയ സുഹൃത്തേ,
താങ്കളുടെ സ്നേഹോഷ്മളമായ സ്വീകരണവും ഉദാരമായ ആതിഥ്യമര്യാദയും എന്റെ ഈ സന്ദർശനത്തെ യഥാർത്ഥത്തിൽ അവിസ്മരണീയമാക്കിയിരിക്കുന്നു. താങ്കളിൽ നിന്നും ഇസ്രായേൽ ജനതയിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹത്തിനും സന്മനസ്സിനും ബഹുമാനത്തിനും ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
വളരെയധികം നന്ദി.
"തോദാ റബ്ബ" (Todah Rabbah)
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
****
( റിലീസ് ഐ.ഡി: 2233541)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada