ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിനായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അധിഷ്ഠിത ഡിജിറ്റല്‍ ഫുഡ് കറന്‍സി പൈലറ്റ് പദ്ധതി, പുതുച്ചേരിയില്‍, കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.
പോസ്റ്റഡ് ഓണ്‍:
26 FEB 2026 6:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് (PMGKAY) കീഴില്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിനായി (DBT) സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) അധിഷ്ഠിത ഡിജിറ്റല്‍ ഫുഡ് കറന്‍സി പൈലറ്റ് പദ്ധതി പുതുച്ചേരിയില്‍, കേന്ദ്ര സര്‍ക്കാര്‍, ആരംഭിച്ചു. 2026 ഫെബ്രുവരി 26-ന് പുതുച്ചേരിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രള്‍ഹാദ് ജോഷി പദ്ധതി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ. കൈലാസനാഥന്‍, മുഖ്യമന്ത്രി എന്‍. രംഗസാമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
1OME.jpeg)
ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, പൊതുവിതരണ സമ്പ്രദായത്തില്‍ CBDC അവതരിപ്പിക്കുന്നത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ഘടനയിലെ വിപ്ലവകരമായ നാഴികക്കല്ലാണെന്ന് പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തിലേക്ക് സി.ബി.ഡി.സി സംയോജിപ്പിക്കുന്നത് സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നും ഗുണഭോക്താക്കളെ ശാക്തീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വിഹിതം കൂടുതല്‍ കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

'ഓരോ ധാന്യവും, ഓരോ രൂപയും, ഓരോ അവകാശവും' (Every grain, Every rupee, Every entitlements) എന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഈ പരിഷ്‌കരണം അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുമെന്നും സുരക്ഷിതവും നേരിട്ടുള്ളതുമായ ഇടപാടുകള്‍ സാധ്യമാക്കുമെന്നും സൂചിപ്പിച്ചു. ക്ഷേമപദ്ധതികള്‍ എത്തിക്കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ബി.ഡി.സി ചട്ടക്കൂടിന് കീഴില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഉത്പാദിപ്പിക്കുന്ന ഡിജിറ്റല്‍ കൂപ്പണുകള്‍ 'പ്രോഗ്രാമബിള്‍ ഡിജിറ്റല്‍ കറന്‍സി' ആയി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് ശ്രീ പ്രള്‍ഹാദ് ജോഷി അറിയിച്ചു. ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ നിന്നോ മറ്റ് അംഗീകൃത വ്യാപാര കേന്ദ്രങ്ങളില്‍ നിന്നോ സി.ബി.ഡി.സി കൂപ്പണുകളോ വൗച്ചര്‍ കോഡുകളോ ഉപയോഗിച്ച് വാങ്ങാം. ബയോമെട്രിക് ഓഥന്റിക്കേഷന്‍, ഇ-പോസ് (e-POS) മെഷീനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഈ സംവിധാനം സഹായിക്കും. കൂടാതെ, സുരക്ഷിതവും സുതാര്യവും വേഗത്തിലുമുള്ള ഇടപാടുകള്‍ ഇതിലൂടെ ഉറപ്പാക്കാം.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKAY) എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ ഗോതമ്പും അരിയും മാത്രമല്ല, പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനായി ചെറുധാന്യങ്ങളും ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ 25 കോടി ജനങ്ങളെ പലവിധത്തിലുള്ള ദാരിദ്ര്യത്തില്‍ (multidimensional poverty) നിന്ന് മോചിപ്പിച്ചതായി അന്താരാഷ്ട്ര സംഘടനകള്‍ സാക്ഷ്യപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളും പുതുച്ചേരി ഭരണകൂടം നല്‍കുന്ന അധിക വിഹിതവും കാരണം, ഇന്ത്യന്‍ കുടുംബങ്ങളുടെ ആകെ ചിലവില്‍ ഭക്ഷണത്തിനായുള്ള വിഹിതം 50 ശതമാനത്തോളം കുറഞ്ഞതായി സമീപകാല സര്‍വേകള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ലാഭിക്കുന്ന പണം പാല്‍, പച്ചക്കറികള്‍ തുടങ്ങിയ മറ്റ് പോഷകാഹാരങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ ഉപയോഗിക്കുന്നു. ഇത് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഇന്ത്യയ്ക്കും ലോകത്തിനും ഗുണകരമായ ആരോഗ്യവും നൈപുണ്യവുമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കാനും സഹായിക്കുന്നു. ഈ പൈലറ്റ് പദ്ധതി ഉടന്‍ തന്നെ 3-4 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്ത ശേഷം രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിശ്ചിത അളവിലും ഗുണമേന്മയിലുമുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍, നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ച് പ്രതിമാസം 20 ലക്ഷം ഗുണഭോക്താക്കളോട് അഭിപ്രായങ്ങള്‍ തേടുന്നുണ്ടെന്നും ശ്രീ ജോഷി അറിയിച്ചു. 'സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന മനോഭാവം ഉള്‍ക്കൊണ്ടുകൊണ്ട്, പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലെ രാജ്യത്തിന്റെ ക്ഷേമത്തിനായി എല്ലാ പൗരന്മാരും തങ്ങളുടെ പരമാവധി പരിശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.pib.gov.in/PressReleasePage.aspx?PRID=2233186®=3&lang=1
****
( റിലീസ് ഐ.ഡി: 2233499)
സന്ദര്‍ശക കൗണ്ടര്‍ : 7