വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാര്‍ ചർച്ചകളുടെ ആദ്യഘട്ടം ന്യൂഡൽഹിയിൽ വിജയകരമായി സമാപിച്ചു
പോസ്റ്റഡ് ഓണ്‍:
26 FEB 2026 6:56PM by PIB Thiruvananthpuram
ഇന്ത്യ-ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് 2026 ഫെബ്രുവരി 23 മുതൽ 26 വരെ ന്യൂഡൽഹിയിൽ നടന്ന ചർച്ചകളുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. ഇരുപക്ഷവും തിരിച്ചറിഞ്ഞ മേഖലകളിൽ വ്യാപാരവും സാമ്പത്തിക സഹകരണവും വർധിപ്പിക്കുന്നതിനായി ചർച്ചകൾക്ക് കൃത്യമായ ചട്ടക്കൂടൊരുക്കി 2025 നവംബറിലാണ് ചർച്ചാ രൂപരേഖ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഒരു അഭിലഷണീയ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കണമെന്ന് നിലവിൽ ഇസ്രയേലിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25-ന് ജറുസലേമിലെ നെസെറ്റിൻ്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ആഹ്വാനം ചെയ്തു.
വ്യാപാരം, നൂതനാശയം, വളർച്ച എന്നിവയിൽ പുതിയ അവസരങ്ങൾ കണ്ടെത്താന്‍ ഇരുപക്ഷവും പരസ്പരം ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഇന്ത്യ സന്ദര്‍ശിച്ച ഇസ്രയേൽ പ്രതിനിധി സംഘവുമായി 2026 ഫെബ്രുവരി 24-ന് കൂടിക്കാഴ്ച നടത്തിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലെ വിലപ്പെട്ട പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവും സമഗ്രവും ഭാവി സജ്ജവുമായ വ്യാപാര കരാറിനായി പരിശ്രമിക്കാൻ ഇരുപക്ഷത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ചരക്ക്-സേവന വ്യാപാരം, ഉത്ഭവസ്ഥാന നിബന്ധനകൾ, ശുചിത്വ-സസ്യസംരക്ഷണ മാനദണ്ഡങ്ങൾ, വ്യാപാരത്തിലെ സാങ്കേതിക തടസങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങൾ, ബൗദ്ധിക സ്വത്തവകാശം, ഡിജിറ്റൽ വ്യാപാരം, കരാറിലെ മറ്റ് പ്രധാന അധ്യായങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ മേഖലകളെക്കുറിച്ച് നാലുദിവസം നീണ്ടുനിന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും ആശയങ്ങള്‍ കൈമാറി. സന്തുലിതവും പരസ്പരം പ്രയോജനകരവുമായ സമഗ്ര കരാറിലെത്തുകയെന്ന ലക്ഷ്യം ഇരുപക്ഷവും ആവർത്തിച്ചു. ഇടക്കാല ചർച്ചകൾ ഓൺലൈനായി തുടരാനും തീരുമാനമായി. നേരിട്ടുള്ള അടുത്ത ഘട്ട ചർച്ചകൾ 2026 മെയ് മാസം ഇസ്രയേലിൽ നടക്കും.
2024–25 സാമ്പത്തിക വർഷം ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ചരക്ക് വ്യാപാരം ഏകദേശം 3.62 ബില്യൺ യുഎസ് ഡോളറായിരുന്നു. നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയിലെയും ഇസ്രയേലിലെയും വ്യാപാരസംരംഭങ്ങള്‍ക്ക് സുസ്ഥിരവും പ്രവചിക്കാവുന്നതുമായ ചട്ടക്കൂട് നൽകി വ്യാപാരം വർധിപ്പിക്കാന്‍ വിലപ്പെട്ട അവസരം ഉറപ്പാക്കും. യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, വസ്ത്രങ്ങൾ, കൃഷി, മെഡിക്കൽ ഉപകരണങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ സുപ്രധാന മേഖലകളിൽ ഇനിയും പ്രയോജനപ്പെടുത്താത്ത സാധ്യതകൾ ഇരുപക്ഷവും ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടി. ആദ്യഘട്ട ചർച്ചകളുടെ വിജയകരമായ പൂര്‍ത്തീകരണം സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കാനും ഗുണഭോക്താക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇരുപക്ഷവും പുലര്‍ത്തുന്ന സംയുക്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
***
( റിലീസ് ഐ.ഡി: 2233297)
സന്ദര്‍ശക കൗണ്ടര്‍ : 5