ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ബഹുഭാഷാ ‘സുജൽ ഗ്രാം സംവാദി’ന്റെ നാലാം പതിപ്പ് സംഘടിപ്പിച്ച് ഡിഡിഡബ്ല്യുഎസ്; വിവിധ പ്രാദേശിക ഭാഷകളിൽ പരിപാടി സംഘടിപ്പിച്ചത് 5 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 6 ഗ്രാമപഞ്ചായത്ത് ആസ്ഥാനങ്ങളിൽ

കേരളത്തിലെ കോഴിക്കോട് ജില്ലയിലുള്ള കുന്നമ്മൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജലജീവൻ ദൗത്യത്തിന്റെ (JJM) ഗുണഭോക്താക്കളും മലയാളത്തിൽ അനുഭവങ്ങൾ പങ്കുവച്ചു

പോസ്റ്റഡ് ഓണ്‍: 24 FEB 2026 5:26PM by PIB Thiruvananthpuram

ഇന്ത്യാഗവണ്മെന്റിന്റെ പങ്കാളിത്ത ജലഭരണത്തോടുള്ള പ്രതിജ്ഞാബദ്ധതയും ജലജീവൻ ദൗത്യത്തിന്റെ (JJM) സാമൂഹ്യാധിഷ്ഠിത നടപ്പാക്കലും ശക്തിപ്പെടുത്തുന്നതിനായി ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള-ശുചീകരണ വകുപ്പ് (DDWS) ‘സുജൽ ഗ്രാം സംവാദി’ന്റെ നാലാം പതിപ്പ് ഇന്ന് വിജയകരമായി സംഘടിപ്പിച്ചു.

 

 

ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമ ജല-ശുചിത്വ സമിതി അംഗങ്ങൾ, പ്രാദേശികജനത, വനിതാ സ്വയംസഹായ സംഘങ്ങൾ, വിദ്യാർഥികൾ, മുൻനിര പ്രവർത്തകർ എന്നിവരോടൊപ്പം JJM സംസ്ഥാന ദൗത്യ ഡയറക്ടർമാർ, ജില്ലാ കലക്ടർമാർ/ജില്ലാ മജിസ്‌ട്രേറ്റുമാർ/ഡെപ്യൂട്ടി കമ്മീഷണർമാർ, DWSM ഉദ്യോഗസ്ഥർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ വെർച്വൽ സംവാദത്തിൽ പങ്കെടുത്തു.

 

 

6 ഗ്രാമപഞ്ചായത്ത് ആസ്ഥാനങ്ങളിലായി നടന്ന ഗ്രാമതല സംവാദങ്ങൾ ‘സുജൽ ഗ്രാം സംവാദി’ന്റെ നാലാം പതിപ്പിന്റെ പ്രത്യേകതയായിരുന്നു. ഏകദേശം 2,000 പേരുടെ പങ്കാളിത്തം രേഖപ്പെടുത്തിയ ഈ സംരംഭം, ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടായ്മയുടെ കരുത്തുറ്റ പ്രതിഫലനമായി. കൂടാതെ, ഗ്രാമപഞ്ചായത്ത് തലത്തിൽ സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, മുതിർന്ന വ്യക്തികൾ എന്നിവരടങ്ങുന്ന ജനങ്ങൾ വൻതോതിൽ പങ്കെടുത്തതോടെ, ആകെ പങ്കാളിത്തം ഔദ്യോഗിക കണക്കുകൾക്കും അപ്പുറമായി.

 

 

കുടിവെള്ള-ശുചീകരണ വകുപ്പ് സെക്രട്ടറി ശ്രീ അശോക് കെ കെ മീണ തന്റെ അഭിസംബോധനയിൽ, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുടനീളം കുടിവെള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ ജലജീവൻ ദൗത്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, ഈ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് അടുത്ത നിർണായക ഘട്ടമെന്നു ചൂണ്ടിക്കാട്ടി. ഭൗതികമായ അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയായാൽ, കരുത്തുറ്റ പ്രവർത്തന-പരിപാലന സംവിധാനങ്ങളിലൂടെ വീടുകളിലേക്ക് കൃത്യമായി കുടിവെള്ളം വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കാനാണ് മുൻഗണന നൽകേണ്ടത്. സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതിനായിരിക്കണം ഇനി പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ജലവിതരണ പരിപാലനം അടിസ്ഥാനപരമായി പ്രാദേശിക ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്കും VWSC-കൾക്കുമുള്ള പ്രധാന പങ്ക് അദ്ദേഹം എടുത്തുകാട്ടി. വരുംകാലങ്ങളിൽ, ജലവിതരണ സംവിധാനങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുന്നതിനായിരിക്കും കൂടുതൽ മുൻഗണന നൽകുക. അതുവഴി പൂർണമായ ഉടമസ്ഥാവകാശത്തോടെ അവ പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും അവർക്ക് സാധിക്കും. ഈ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി, ആവശ്യമായ സാങ്കേതികവും പ്രവർത്തനപരവുമായ സഹായം നൽകുന്നതിന് ജില്ലാ സാങ്കേതിക യൂണിറ്റുകൾ (DTUs) ഉൾപ്പെടെയുള്ള സ്ഥാപന സംവിധാനങ്ങൾ ശക്തിപ്പെടുത്തും.

 

വാർഷികാടിസ്ഥാനത്തിൽ ഗ്രാമസഭകൾക്ക് മുൻപിൽ ഗ്രാമപഞ്ചായത്തുകൾ ജലസേവന വിവരങ്ങൾ സമർപ്പിക്കുന്ന ‘ജൽ സേവാ ആങ്കലൻ’ വഴി സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഗണ്യമായ എണ്ണം ഗ്രാമപഞ്ചായത്തുകൾ ഇതിനോടകം ഈ നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്നും, വരുംകാലയളവിൽ ബാക്കിയുള്ള പഞ്ചായത്തുകളും ഇത് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് ആരംഭിച്ച് ലോക ജലദിനമായ മാർച്ച് 22-ന് സമാപിക്കുന്ന രീതിയിൽ രാജ്യവ്യാപകമായി ‘ജലമഹോത്സവം’ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ യജ്ഞം പ്രധാനമായും ഇനി പറയുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും:

 

ജൽ അർപ്പൺ ദിവസ് വഴി ജലവിതരണ ആസ്തികൾ ഗ്രാമപഞ്ചായത്തുകൾക്ക് ഔദ്യോഗികമായി കൈമാറൽ.

ജലത്തിന്റെ ഗുണനിലവാര പരിശോധനയും നിരീക്ഷണവും ശക്തിപ്പെടുത്തൽ.

ഗ്രാമ-ജില്ലാ തലങ്ങളിൽ സ്ഥാപനപരമായ ശേഷി വർധിപ്പിക്കൽ.

ജനപങ്കാളിത്തത്തിലൂടെ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കൽ.

ഓരോ ഗ്രാമത്തിലും സുസ്ഥിരവും ജനപങ്കാളിത്തത്തോടെയുമുള്ള ജലപരിപാലനം ഉറപ്പാക്കാൻ ജലമഹോത്സവത്തിൽ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

 

ജനങ്ങൾ പങ്കുവച്ച അനുഭവങ്ങൾ

 

കുന്നുമ്മൽ, കോഴിക്കോട്, കേരളം 

കേരളത്തിലെ കോഴിക്കോട് ജില്ലയിലുള്ള കുന്നമ്മൽ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജലജീവൻ ദൗത്യത്തിന്റെ (JJM) ഗുണഭോക്താക്കളും മലയാളത്തിൽ അനുഭവങ്ങൾ പങ്കുവച്ചു. ഈ ദൗത്യം നടപ്പാക്കുന്നതിന് മുൻപ് വേനൽക്കാലങ്ങളിൽ ടാങ്കർ വെള്ളത്തെയാണ് പഞ്ചായത്ത് പ്രധാനമായും ആശ്രയിച്ചിരുന്നതെന്ന് അവർ എടുത്തുപറഞ്ഞു. എന്നാൽ JJM നടപ്പാക്കിയതോടെ, എല്ലാ വീടുകളിലും വർഷം മുഴുവൻ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ടെന്നും 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കി പഞ്ചായത്ത് സ്വയംപര്യാപ്തത കൈവരിച്ചുവെന്നും അവർ അറിയിച്ചു. കൂടാതെ, കൃത്യസമയങ്ങളിൽ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പരിശീലനം ലഭിച്ച പ്രാദേശിക സന്നദ്ധപ്രവർത്തകരുടെ സംഘം പഞ്ചായത്തിലുണ്ടെന്നും, ഇത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷിതത്വവും വിശ്വസനീയതയും ഉറപ്പാക്കുന്നുവെന്നും ജനങ്ങൾ അറിയിച്ചു.

 

 

കോഴിക്കോട് സബ് കലക്ടറും സംവാദത്തിൽ പങ്കുചേരുകയും, ജലവിതരണവും സേവന ആവശ്യങ്ങളും തത്സമയം നിരീക്ഷിക്കുന്നതിനായി ജില്ലയിലുടനീളം ഉപയോഗിക്കുന്ന വാട്സ്ആപ്പ് അധിഷ്ഠിത നിരീക്ഷണ സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കൂടുതൽ പഞ്ചായത്തുകളെ ‘ഹർ ഘർ ജൽ’ അംഗീകൃത പഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിനുള്ള സജീവമായ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഏവർക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും പ്രാദേശികതലത്തിലുള്ള സേവന വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള കേരളത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

NJJM അഡീഷണൽ സെക്രട്ടറിയും ദൗത്യം ഡയറക്ടറുമായ ശ്രീ കമൽ കിഷോർ സോൺ, ഉപസംഹാര പ്രസംഗത്തിലും തുടർനടപടികളെക്കുറിച്ചുള്ള നിർദേശങ്ങളിലും പഞ്ചായത്തും ജില്ലാ അധികൃതരും നടത്തിയ വിശദമായ അവതരണത്തെയും സമഗ്രമായ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. പങ്കാളിത്തത്തോടെയുള്ള സമീപനം, ജലജീവൻ ക്ലബ്ബുകൾ പോലുള്ള ബോധവൽക്കരണ സംരംഭങ്ങളുടെ ഏകോപനം, പരാതി പരിഹാരത്തിനായി നടപ്പാക്കിയ കാര്യക്ഷമമായ സംവിധാനങ്ങൾ എന്നിവയെയും അദ്ദേഹം പ്രശംസിച്ചു.

 

മികച്ച മാതൃകകൾ പ്രദർശിപ്പിക്കാൻ മാത്രമല്ല, വെല്ലുവിളികളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്താനും അതിലൂടെ അവയെ കൂട്ടായി അഭിമുഖീകരിക്കാനും മെച്ചപ്പെടുത്താനും വേണ്ടിയുള്ളതാണ് ഈ വേദിയെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ജല മഹോത്സവത്തെക്കുറിച്ച് (മാർച്ച് 8–22) സൂചിപ്പിച്ച അദ്ദേഹം, ഇതിൽ സജീവമായി പങ്കുചേരാൻ ഗ്രാമപഞ്ചായത്തുകളെ പ്രോത്സാഹിപ്പിച്ചു. ജനകീയ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിനും ജലസേവന വിതരണം വ്യവസ്ഥാപിതമാക്കുന്നതിനും ജലത്തിന്റെ ഗുണനിലവാര പരിശോധനകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

 

ഇത്തരം മികച്ച മാതൃകകൾ വ്യാപിപ്പിക്കാനും കൂടുതൽ പഞ്ചായത്തുകളെ ഇതിന്റെ ഭാഗമാക്കാനുമുള്ള ശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യത, ജനപങ്കാളിത്തം, ഉത്തരവാദിത്വം എന്നിവയിലൂന്നിയ സമാനമായ മാതൃകകൾ മറ്റ് മേഖലകളിലും അനുകരിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

NJJM ഡെപ്യൂട്ടി സെക്രട്ടറി ഡോ. അങ്കിത ചക്രവർത്തി എല്ലാ വ്യക്തികളെയും സ്വാഗതം ചെയ്തും ‘സുജൽ ഗ്രാം സംവാദി’ന്റെ നാലാം പതിപ്പിന്റെ ലക്ഷ്യത്തെക്കുറിച്ച് ലഘുവായി വിശദീകരിച്ചും പരിപാടിക്ക് തുടക്കം കുറിച്ചു. NJJM ഡയറക്ടർ ശ്രീ വൈ കെ സിങ് നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി വിജയകരമായി സമാപിച്ചു.

നാലാം പതിപ്പിന്റെ മുഴുവൻ സംവാദവും ഈ ലിങ്കിൽ കാണാം:

 

***


( റിലീസ് ഐ.ഡി: 2232611) സന്ദര്‍ശക കൗണ്ടര്‍ : 38
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil , Telugu