തൊഴില്‍, ഉദ്യോഗ മന്ത്രാലയം
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി) 75-ാം വാർഷികാഘോഷങ്ങൾക്ക് രാജ്യത്ത് തുടക്കം കുറിച്ചു
പോസ്റ്റഡ് ഓണ്‍:
24 FEB 2026 6:55PM by PIB Thiruvananthpuram
രാജ്യത്തെ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷാ കവചമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ (ESIC) 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര തൊഴിൽ, യുവജനക്ഷേമ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നിർവ്വഹിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, കേന്ദ്ര തൊഴിൽ മന്ത്രാലയം സെക്രട്ടറി വന്ദന ഗുർനാനി, ഇ.പി.എഫ്.ഒ കമ്മീഷണർ രമേഷ് കൃഷ്ണമൂർത്തി, ഐ.എൽ.ഒ (ILO) സൗത്ത് ഏഷ്യൻ ഡയറക്ടർ മിചിക്കോ മിയാമോട്ടോ എന്നിവരും മന്ത്രാലയത്തിലെയും ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ എന്നിവടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഇ.എസ്.ഐ.സിയുടെ യാത്രയെ വളർച്ചയുടെയും പരിഷ്‌ക്കാരത്തിൻ്റെയും രാജ്യസേവനത്തിൻ്റെയും ശ്രദ്ധേയ ഉദാഹരണമായി വിശേഷിപ്പിച്ചു. 1952-ൽ ഏകദേശം 1.2 ലക്ഷം ഗുണഭോക്താക്കളുമായി ഒറ്റ ഡിസ്‌പെൻസറിയോടെയാണ് ഇ.എസ്.ഐ.സി പ്രവർത്തനം ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് 166 ആശുപത്രികളും 17 മെഡിക്കൽ കോളേജുകളും ഏകദേശം1,600 ഡിസ്‌പെൻസറികളുമടങ്ങുന്ന വിശാല ശൃംഖലയിലൂടെ 15 കോടിയിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകുന്ന സ്ഥാപനമായി ഇ.എസ്.ഐ.സി വളർന്നു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി . ഒരു കുഞ്ഞ് വളർന്ന് ഉത്തരവാദിത്തമുള്ള സമൂഹാംഗമായി മാറുന്നതുപോലെ,കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വയം പരിഷ്കരിക്കാനും ശക്തിപ്പെടാനും സംഘടനയ്ക്ക് സാധിച്ചുവെന്നും, ഇന്ന് രാജ്യത്തെ സാമൂഹിക സുരക്ഷയുടെ നെടുംതൂണായി ഇ.എസ്.ഐ.സി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയം കൈവരിക്കുന്നതിൽ പ്രതിജ്ഞാബദ്ധതയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രാധാന്യം എടുത്തുപറഞ്ഞ ഡോ. മാണ്ഡവ്യ, ഇ.എസ്.ഐ.സി 'പരിഷ്കരിക്കുക, നടപ്പിലാക്കുക' (Reform-and-Perform) എന്ന സമീപനം തുടരണമെന്ന് നിർദ്ദേശിച്ചു. സേവന വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 75-ാം വർഷത്തിൽ കൂട്ടായ 'സമീപനങ്ങൾ' കൈക്കൊള്ളാൻ മന്ത്രി ആഹ്വാനം ചെയ്തു.എല്ലാ ആശുപത്രികളിലും മരുന്നുകൾ, ഉപകരണങ്ങൾ, ഡോക്ടർമാർ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ആഭ്യന്തര സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത് കുറയ്ക്കണം. ജീവനക്കാർ കൃത്യനിഷ്ഠയോടെ കടമകൾ നിർവഹിക്കണമെന്നും ശ്രീ മാണ്ഡവ്യ പറഞ്ഞു ."ആരോഗ്യമാണ് നമ്മുടെ ദൗത്യം, സേവനമാണ് നമ്മുടെ സംസ്കാരം" (Swasthya hi seva hai, aur seva hi hamara sanskar hai) എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ മെഡിക്കൽ പ്രൊഫഷണലുകളും ഉദ്യോഗസ്ഥരും അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇ.എസ്.ഐ.സിയുടെ നിലവാരം രാജ്യത്തെ പ്രമുഖ ആരോഗ്യസ്ഥാപനങ്ങളായ All India Institute of Medical Sciences (എയിംസ്) പോലുള്ളവയുമായി പൊരുത്തപ്പെടണമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു

40 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും നിർബന്ധിത ആരോഗ്യ പരിശോധന ഉറപ്പാക്കുന്ന ലേബർ കോഡിലെ വ്യവസ്ഥകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൂടുതൽ സുരക്ഷിതമായ ഒരു തൊഴിൽ സേനയെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു .കൂട്ടായ പരിശ്രമത്തിലൂടെയും അർപ്പണബോധത്തിലൂടെയും ഇ.എസ്.ഐ.സിയെ ആരോഗ്യ സുരക്ഷയുടെ ആഗോള മാതൃകയാക്കി മാറ്റാൻ എല്ലാ പങ്കാളികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു "നവ ഭാരതം" കെട്ടിപ്പടുക്കുന്നത് ടീം വർക്കിലൂടെയാണെന്ന് തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്,ശ്രീ മാണ്ഡവ്യ പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച കേന്ദ്ര തൊഴിൽ മന്ത്രാലയം സെക്രട്ടറി വന്ദന ഗുർനാനി, കഴിഞ്ഞ 75 വർഷത്തിനിടയിൽ ഇന്ത്യയുടെ സാമൂഹിക സുരക്ഷാസംവിധാനത്തിൻ്റെ നെടുംതൂണായി ഇ.എസ്.ഐ.സി മാറിയെന്ന് പ്രസ്താവിച്ചു. ആരോഗ്യകരവും സംരക്ഷിതവുമായ സംതൃപ്ത തൊഴിലാളി സമൂഹം കൂടുതൽ ഉൽപ്പാദനക്ഷമരാകുകയും രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഫലപ്രദമായി സംഭാവന ചെയ്യുകയും ചെയ്യുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

ഒരു ഇൻഷുറൻസ് ഗുണഭോക്താവിനെ ചികിത്സിക്കുമ്പോൾ ഇ.എസ്.ഐ.സി വെറുമൊരു രോഗിയെയല്ല ചികിത്സിച്ചു ഭേദമാക്കുന്നത്, മറിച്ച് ഒരു കുടുംബത്തിൻ്റെ അത്താണിയെ സംരക്ഷിച്ച് അതിലൂടെ ആ കുടുംബത്തെ മുഴുവനായും ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കുകയാണ് ചെയ്യുന്നത്.പുതിയ ലേബർ കോഡുകൾ നടപ്പിലാക്കുന്നതോടെ അസംഘടിത മേഖലയും ഗിഗ് തൊഴിലാളികളും ഉൾപ്പെടുന്ന വിഭാഗങ്ങൾക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുകയും , 40 വയസിന് മുകളിലുള്ള തൊഴിലാളികൾക്ക് വാർഷിക ആരോഗ്യപരിശോധന തുടങ്ങി പരിരക്ഷകൾ ഇ.എസ്.ഐ ഉറപ്പാക്കുകയും ചെയ്യും .

സാമൂഹിക സുരക്ഷാ ഭരണനിർവഹണത്തിലെ മികവിന് മലേഷ്യയിൽ വെച്ച് ഇന്ത്യയ്ക്ക് ലഭിച്ച അന്താരാഷ്ട്ര ഐ.എസ്.എസ്.എ (ISSA) പുരസ്കാരത്തിൽ ഇ.എസ്.ഐ.സി നിർണ്ണായക പങ്കുവഹിച്ചു.ഇ.എസ്.ഐ.സിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ശ്രദ്ധേയമായ ചില പ്രഖ്യാപനങ്ങളും ചടങ്ങിൽ നടന്നു.ഇ.എസ്.ഐ.സിയുടെ 75 വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന പ്രത്യേക സ്മരണിക നാണയവും, കോർപ്പറേഷൻ്റെ നാഴികക്കല്ലുകൾ വിവരിക്കുന്ന 'കോഫി ടേബിൾ ബുക്കും' പ്രകാശനം ചെയ്തു.ആരോഗ്യ സേവനങ്ങൾ ഗുണഭോക്താക്കളുടെ അടുത്തേക്ക് നേരിട്ടെത്തിക്കുന്നതിനായി 'സ്വാസ്ഥ്യ രഥ്' പദ്ധതിക്ക് തുടക്കം കുറിച്ചു.40 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്കായി ലേബർ കോഡിൻ്റെ ഭാഗമായുള്ള വാർഷിക ആരോഗ്യ പരിശോധനാ ക്യാമ്പുകൾക്ക് തുടക്കമായി. തൊഴിൽ സംബന്ധമായ രോഗങ്ങൾ നേരത്തെ കണ്ടെത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.കൂട്ടായ പ്രവർത്തനത്തിലൂടെ ഇ.എസ്.ഐ.സിയെ ലോകത്തിന് തന്നെ മാതൃകയാക്കാമെന്ന ആഹ്വാനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

ചടങ്ങിൽ,ഇ.എസ്.ഐ.സി (ESIC) സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.ഇ.എസ്.ഐ സ്കീമിനെ ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുമായി (AB PM-JAY) സംയോജിപ്പിക്കുന്നതിനായി നാഷണൽ ഹെൽത്ത് അതോറിറ്റിയുമായി (NHA) ധാരണാപത്രം ഒപ്പിട്ടു. എൻ.എച്ച്.എ ജോയിൻ്റ് സെക്രട്ടറി സഞ്ജയ് മെഹ്‌റിഷിയും ഇ.എസ്.ഐ.സി ഡയറക്ടർ ജനറൽ അശോക് കുമാറും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത് . ഇത് ഗുണമേന്മയുള്ള ചികിത്സാ സൗകര്യങ്ങൾ കൂടുതൽ തൊഴിലാളികളിലേക്ക് എത്തിക്കാൻ സഹായിക്കും.
ഇ.എസ്.ഐ.സിയും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസുമായും(എൻ.എബി.എൽ) മറ്റൊരു ധാരണാപത്രം ഒപ്പുവച്ചു.
എൻ.എ.ബി.എൽ സി.ഇ.ഒ ഡോ. രാമാനന്ദ് എൻ. ശുക്ലയും ഇ.എസ്.ഐ.സി മെഡിക്കൽ കമ്മീഷണർ ഡോ. ആർ. ശ്രീനിവാസനും കരാറിൽ ഒപ്പിട്ടു.ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ലബോറട്ടറി സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.
സേവനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഇ.എസ്.ഐ.സി ഫീൽഡ് ഓഫീസുകൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും ചടങ്ങിൽ 'ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ' വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള മികച്ച ഭരണനിർവഹണവും ചികിത്സാ സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുരസ്കാരങ്ങൾ നൽകിയത്.ഇ.എസ്.ഐ.സിയുടെ ഉത്ഭവവും കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലെ വളർച്ചയും വിവരിക്കുന്ന ഒരു പ്രദർശനവും ചടങ്ങിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു. തൊഴിലാളി ക്ഷേമത്തിൽ കോർപ്പറേഷൻ വഹിച്ച പങ്കും, പുതിയ ലേബർ കോഡുകൾക്ക് കീഴിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വരാനിരിക്കുന്ന മാറ്റങ്ങളും പ്രദർശനത്തിൽ എടുത്തുപറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രധാന വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു.“സാമൂഹ്യസുരക്ഷാ കോഡിന് കീഴിൽ 'അപ്രാപ്യമായവരിലേക്ക് എത്തുക-പുതിയ സാധ്യതകൾ” എന്നും “ആരോഗ്യപരിചരണത്തിൻ്റെ വ്യാപ്തിയും ലഭ്യതയും വർധിപ്പിക്കുന്ന പുതിയ മാതൃകകൾ” എന്നും ഉള്ള വിഷയങ്ങളിളിലാണ് പാനൽ ചർച്ചകൾ സംഘടിപ്പിച്ചത് .സോഷ്യൽ സെക്യൂരിറ്റി കോഡിന് കീഴിലുള്ള പുതിയ സാധ്യതകളെക്കുറിച്ച് അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO), വി.വി. ഗിരി നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട്, ഇ.പി.എഫ്.ഒ എന്നിവയിലെ വിദഗ്ധർ ചർച്ച ചെയ്തു.ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ഇ.എസ്.ഐ.സി, ലോകാരോഗ്യ സംഘടന (WHO) എന്നിവയിലെ പ്രമുഖർ പങ്കെടുത്ത രണ്ടാമത്തെ സെഷൻ, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള നൂതന മാതൃകകളെക്കുറിച്ച് ചർച്ച ചെയ്തു .
75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ഇ.എസ്.ഐ.സി ഓഫീസുകളിലും ആശുപത്രികളിലും 2026 ഫെബ്രുവരി 24 മുതൽ മാർച്ച് 10 വരെ 'പ്രത്യേക സേവന പക്ഷാചരണം' (Special Services Fortnight) ആചരിക്കും.ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ-ക്ഷേമ സേവനങ്ങൾ എന്നിവ ഇൻഷ്വർ ചെയ്ത തൊഴിലാളികളിലേക്ക് അടുപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സെമിനാറുകൾ, അവബോധ, ശുചിത്വ ക്യാമ്പുകൾ, അടിസ്ഥാന ലൈഫ് സപ്പോർട്ട് പരിശീലനം, ശുചിത്വ ഡ്രൈവുകൾ, 40 വയസ്സിനും അതിനുമുകളിലും പ്രായമുള്ള ഇൻഷ്വർ ചെയ്ത വ്യക്തികൾക്കായി തൊഴിൽ നിയമ വ്യവസ്ഥകൾക്കനുസൃതമായി തൊഴിൽ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനായി ദിവസേനയുള്ള ആരോഗ്യ പരിശോധന ക്യാമ്പുകൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
സേവന വിതരണവും ഗുണഭോക്തൃ സംതൃപ്തിയും ശക്തിപ്പെടുത്തുന്നതിനായി പ്രിവൻ്റീവ് സ്ക്രീനിംഗുകൾ, യോഗ, ആയുഷ് ക്യാമ്പുകൾ, പരാതി പരിഹാര സെഷനുകൾ, തീർപ്പാക്കാത്ത ക്ലെയിമുകളുടെയും ബില്ലുകളുടെയും വേഗത്തിലുള്ള തീർപ്പാക്കലിനുള്ള പ്രത്യേക ഡ്രൈവുകൾ എന്നിവയും ഏറ്റെടുക്കും.തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങളും മികച്ച ചികിത്സയും തടസ്സമില്ലാതെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ടാഴ്ചത്തെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.
എല്ലാ വർഷവും ഫെബ്രുവരി 24-നാണ് ഇ.എസ്.ഐ.സി. സ്ഥാപക ദിനമായി ആചരിക്കുന്നത്. 1952-ൽ ഇന്ത്യയിലെ ആദ്യത്തെ സുപ്രധാന സാമൂഹിക സുരക്ഷാ നിയമങ്ങളിലൊന്നായ 'എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്റ്റ്' പ്രകാരമാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. കാൺപൂരിലും ഡൽഹിയിലുമായി ആരംഭിച്ച ഈ പദ്ധതി ഇന്ന് രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 713 ജില്ലകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.
75 വർഷത്തെ പ്രധാന സേവനങ്ങൾ:
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി കോടിക്കണക്കിന് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും താഴെ പറയുന്ന ആനുകൂല്യങ്ങൾ ഇ.എസ്.ഐ.സി ഉറപ്പാക്കുന്നു:
* സമഗ്ര ചികിത്സാ സൗകര്യങ്ങൾ: ലോകനിലവാരമുള്ള ആശുപത്രി സേവനങ്ങൾ.
* സാമ്പത്തിക സുരക്ഷ: അസുഖം, പ്രസവാവധി, വൈകല്യം എന്നിവയുണ്ടാകുമ്പോൾ ലഭിക്കുന്ന ധനസഹായം.
* പെൻഷനും തൊഴിലില്ലായ്മ വേതനവും: ജോലി സംബന്ധമായ അപകടങ്ങൾക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലും നൽകുന്ന കൈത്താങ്ങ്.
വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പ്
ഭാരതത്തിൻ്റെ തൊഴിൽ മേഖലയെ ശാക്തീകരിക്കുന്നതിലും സാമൂഹിക സുരക്ഷാ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിലും ഇ.എസ്.ഐ.സി നിർണ്ണായക പങ്ക് വഹിച്ചു. ആരോഗ്യവും സുരക്ഷിതത്വവുമുള്ള ഒരു തൊഴിലാളി സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഈ സ്ഥാപനം ഒരു വലിയ കരുത്തായി മാറുകയാണ്.
***
( റിലീസ് ഐ.ഡി: 2232457)
സന്ദര്‍ശക കൗണ്ടര്‍ : 7