രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവനിൽ രാജാജി ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചക്രവർത്തി രാജഗോപാലാചാരിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
23 FEB 2026 6:16PM by PIB Thiruvananthpuram
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെയും ഇന്ത്യക്കാരനായ ഏക ഗവർണർ ജനറലുമായ ചക്രവർത്തി രാജഗോപാലാചാരിയുടെ അർദ്ധകായ പ്രതിമ ഇന്ന് (ഫെബ്രുവരി 23, 2026) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് എതിർവശത്തുള്ള അശോക മണ്ഡപത്തിനടുത്തുള്ള ഗ്രാൻഡ് ഓപ്പൺ സ്റ്റെയർകേസിൽ, എഡ്വിൻ ലൂട്ട്യൻസിൻ്റെ അർദ്ധകായ പ്രതിമയ്ക്ക് പകരമായാണ് സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കൊളോണിയൽ മാനസികാവസ്ഥയുടെ ബാക്കി പത്രങ്ങൾ ഇല്ലാതാക്കുന്നതിനും ഇന്ത്യയുടെ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും കാലാതീതമായ പാരമ്പര്യങ്ങളുടെയും സമ്പന്നത അഭിമാനത്തോടെ ചേർത്തുപിടിക്കുന്നതനുമായി സ്വീകരിച്ചുവരുന്ന ഏതാനും നടപടികളുടെ ഭാഗമാണിത്.

ശേഷം, രാഷ്ട്രപതി ഭവൻ്റെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന രാജാജി ഉത്സവിൽ പങ്കെടുത്ത രാഷ്ട്രപതി, അദ്ദേഹത്തിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ആസ്പദമാക്കിയുള്ള ഫോട്ടോ, പുസ്തക പ്രദർശനവും വീക്ഷിച്ചു. രാജാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയും പ്രദർശിപ്പിച്ചു. രാഷ്ട്രപതിയും മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക പ്രകടനങ്ങളും വീക്ഷിച്ചു.

രാജാജി, ഇപ്പോൾ രാഷ്ട്രപതി ഭവൻ എന്നറിയപ്പെടുന്ന ഗവൺമെൻ്റ് ഹൗസിൽ എത്തിയപ്പോൾ തൻ്റെ മുറിയിൽ രാമകൃഷ്ണ പരമഹംസരുടെയും മഹാത്മാഗാന്ധിയുടെയും ഛായാചിത്രങ്ങൾ സ്ഥാപിച്ചുവെന്നും ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ഔപചാരികമായി ഒരു സ്വയംഭരണ അധികാരമുള്ള രാജ്യം ആയിരുന്നപ്പോഴും, സ്വരാജ് ഭാരതീയരുടെ ഹൃദയങ്ങളിൽ പൂർണ്ണമായും സ്ഥാപിക്കപ്പെട്ടിരുന്നു എന്ന വ്യക്തമായ സന്ദേശം രാജാജി നൽകി. ആയതിനാൽ, മാനസിക അപകോളനീകരണത്തിൻ്റെ പ്രചോദനാത്മകമായ ഒരു മാതൃകയാണ് രാജാജി കാഴ്ചവെച്ചത്. ഇന്ത്യയുടെ പൈതൃകത്തിൽ അഭിമാനിക്കാനും കൊളോണിയൽ ചിന്താഗതിയുടെ അവശേഷിപ്പുകൾ ഇല്ലാതാക്കാനും ഇന്ത്യയിലെ ജനങ്ങൾ ഏറ്റെടുത്ത ദേശീയ പ്രചാരണത്തിൽ അദ്ദേഹത്തിൻ്റെ ആദർശങ്ങൾ പ്രതിഫലിക്കുന്നു. ഇന്ത്യയെക്കുറിച്ചുള്ള ബോധവും, എല്ലാ ഇന്ത്യക്കാരുമായും, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളുമായുള്ള ബന്ധവും രാജാജിയുടെ ചിന്തകളിലും പ്രവർത്തികളിലും പ്രകടമാണ്.

ഇന്ത്യയെ ചൂഷണം ചെയ്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ഉദ്യോഗസ്ഥരുടെ ഛായാചിത്രങ്ങൾ മുമ്പ് രാഷ്ട്രപതി ഭവൻ്റെ ഇടനാഴികളിൽ തൂക്കിയിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇപ്പോൾ, 'പരം വീർ ദിർഘ' എന്ന ഗാലറി, പരം വീർ ചക്ര പുരസ്‌ക്കാര ജേതാക്കളുടെ ഛായാചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളുടെ കൈയെഴുത്തുപ്രതികളിലും ഗ്രന്ഥങ്ങളിലും ശേഖരിച്ചിരിക്കുന്ന അറിവിൻ്റെ മഹത്തായ പാരമ്പര്യം സംരക്ഷിക്കുന്നതിനായി രാഷ്ട്രപതി ഭവനിൽ 'ഗ്രന്ഥ കുടിർ' സ്ഥാപിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവൻ "രാഷ്ട്രത്തിൻ്റെ ഭവൻ" ആണെന്ന് രാഷ്ട്രപതി പറഞ്ഞു; അത് രാജ്യത്തെ പൗരന്മാർക്കുള്ളതാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പാരമ്പര്യങ്ങളെയും അതിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതിനായി രാഷ്ട്രപതി ഭവനും, ഷിംല, ഹൈദരാബാദ്, ഡെറാഡൂൺ എന്നിവിടങ്ങളിലെ മറ്റ് രാഷ്ട്രപതി എസ്റ്റേറ്റുകളും തുറന്നു നൽകിയിരിക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ജനങ്ങൾ പലതവണ വരൾച്ചയുടെയും ക്ഷാമത്തിൻ്റെയും കെടുതികൾ അനുഭവിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പോലും നമ്മുടെ പൗരന്മാർ ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. സഹപൗരന്മാരോടുള്ള കരുണയാലും കർഷകർക്ക് പ്രചോദനം നൽകുന്നതിനുമായി രാജാജി രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽ ധാന്യകൃഷി ആരംഭിച്ചു. അദ്ദേഹം സ്വയം നിലം ഉഴുതുകൊണ്ട് ഏവർക്കും മാതൃകയായി.
ബഹുമുഖ സർഗ്ഗാത്മകതയാലും, നിരവധി മാനങ്ങളാലും അനുഗ്രഹീതനായിരുന്നു രാജാജി എന്ന് രാഷ്ട്രപതി പറഞ്ഞു. നിയമരംഗം, സ്വാതന്ത്ര്യസമരം, സാമൂഹിക-സാമ്പത്തിക പരിഷ്കാരങ്ങൾ, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ, തമിഴ്-ഇംഗ്ലീഷ് രചനകൾ, കവിതയും സംഗീതവും, രാഷ്ട്രീയം, ഭരണം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഈ മേഖലകളെ വളരെയധികം സമ്പന്നമാക്കി. സ്വദേശീയതയ്ക്കും സ്വയംപര്യാപ്തതയ്ക്കും നമ്മുടെ രാജ്യം നൽകുന്ന ഊന്നൽ രാജാജി വിഭാവനം ചെയ്ത 'സ്വരാജ്' എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്നു എന്ന് രാഷ്‌ട്രപതി അടിവരയിട്ടു പറഞ്ഞു. 2047-ഓടെ 'വികസിത ഭാരതം' എന്നതിലേക്ക് നാം നടന്നടുക്കുമ്പോൾ, രാജാജിയെപ്പോലെയുള്ള മഹദ്‌വ്യക്തികൾ അവരുടെ ആശയങ്ങളിലൂടെയും ആദർശങ്ങളിലൂടെയും നമുക്ക് പ്രചോദനമേകുന്നു. രാജാജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പികാനായി പ്രതിജ്ഞയെടുക്കാൻ അവർ ഏവരോടും അഭ്യർത്ഥിച്ചു. രാജാജിയുടെ വ്യക്തിത്വത്തിലും പ്രവർത്തനത്തിലും നിന്ന് പ്രചോദനം ഉൾക്കൊണ്ട്, "രാഷ്ട്രം ആദ്യം" എന്ന മനോഭാവത്തോടെ ഇന്ത്യയിലെ ജനങ്ങൾ മുന്നോട്ട് പോകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ്, കേന്ദ്ര നിയമ-നീതിന്യായ, പാർലമെൻ്റ്റി കാര്യ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ തുടങ്ങിയ പ്രമുഖർ രാജാജി ഉത്സവിൽ പങ്കെടുത്തു.
ഇന്ന് രാജാജി ഉത്സവ് ആഘോഷിക്കുന്നതിലൂടെ കൊളോണിയൽ പാരമ്പര്യത്തിൽ നിന്ന് മുക്തരാകാനുള്ള നമ്മുടെ യാത്രയിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നുവന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. കൊളോണിയൽ സ്വാധീനത്തിൽ നിന്നും ഭാരതം അകലുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല; അത് ഭരണം, നിയമം, വിദ്യാഭ്യാസം, സംസ്കാരം, ദേശീയ സ്വത്വം എന്നിവയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനമാണ്. രാജ്ഭവനുകൾ ലോക് ഭവനുകളായി മാറി, പ്രധാനമന്ത്രിയുടെ ഓഫീസ് സേവാ തീർത്ഥമായി മാറി, സെൻട്രൽ സെക്രട്ടേറിയറ്റ് കർത്തവ്യ ഭവനായി രൂപാന്തരപ്പെട്ടു, കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾ മാറ്റിസ്ഥാപിക്കപ്പെട്ടു, ഇന്ത്യ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമ സ്ഥാപിക്കൽ, ദേശീയ യുദ്ധസ്മാരകം നിർമ്മിക്കൽ. ഈ മാറ്റങ്ങൾ വെറും പ്രതീകാത്മകമല്ല; അവ സർക്കാരിൻ്റെ 'സേവാ ഭാവന'യുടെ പ്രതിഫലനമാണ്.
ഇന്ത്യയുടെ മഹാനായ പുത്രനുള്ള ഉചിതമായ അംഗീകാരവും ആദരവുമാണ് രാജാജി ഉത്സവ് എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭാരതചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനം രാജാജി നേടിയെടുത്തിട്ടുണ്ട്. അസാധാരണ ബുദ്ധിവെെഭവമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്വാതന്ത്ര്യത്തിനായി അദ്ദേഹം നിരന്തരം വാദിക്കുകയും, ഇന്ത്യയുടെ സാമ്പത്തിക നയം സ്വതന്ത്രവും ഉദാരവുമായിരിക്കണമെന്ന് വിശ്വസിക്കുകയും ചെയ്തു. യഥാർത്ഥ മഹത്വം ഉണ്ടാകുന്നത് പദവികളിൽ നിന്നോ അധികാരത്തിൽ നിന്നോ അല്ല, മറിച്ച് ആന്തരികമായ ശുദ്ധിയിൽ നിന്നും ധാർമ്മിക കരുത്തിൽ നിന്നും മൂല്യങ്ങളോടുള്ള ഉറച്ച പ്രതിബദ്ധതയിൽ നിന്നുമാണ് എന്ന് അദ്ദേഹത്തിൻ്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ ചടങ്ങിലേക്ക് അയച്ച സന്ദേശം സാംസ്കാരിക മന്ത്രി സദസ്സിന് മുന്നിൽ വായിച്ചു.
പ്രധാനമന്ത്രി തൻ്റെ സന്ദേശത്തിൽ ഇപ്രകാരം കുറിച്ചു :''രാഷ്ട്രപതി ഭവനിലെ ചരിത്രപ്രധാനമായ സെൻട്രൽ കോർട്ട്യാർഡിൽ രാജാജി എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീ ചക്രവർത്തി രാജഗോപാലാചാരി ജിയുടെ അർദ്ധകായ പ്രതിമ ബഹുമാനപ്പെട്ട രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാന നിമിഷമാണ്.”
മഹാത്മാഗാന്ധിയും രാജാജിയും തമ്മിൽ ആഴത്തിലുള്ള പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ അടുത്ത ബന്ധം ഏവർക്കും അറിവുള്ളതാണ്. ആയതിനാൽ, മഹാത്മാഗാന്ധിയുടെ പ്രതിമയുടെ എതിർവശത്തായി രാജാജിയുടെ അർദ്ധകായ പ്രതിമ സ്ഥാപിക്കുന്നത് തികച്ചും ഉചിതമാണ്. കൂടാതെ, എഡ്വിൻ ലൂട്ടിയൻസിൻ്റെ പ്രതിമ നിന്നിരുന്ന സ്ഥാനത്ത് തന്നെ രാജാജിയുടെ പ്രതിമ സ്ഥാപിക്കുന്നു എന്നത് ഒരു സുപ്രധാന കാര്യമാണ്; ഇത് മാനസികമായ അപകോളനീകരണത്തിൻ്റെ നിർണ്ണായകമായ ഒരു നടപടിയായി മാറുന്നു.
ഇന്ന്, രാഷ്ട്രപതി ഭവൻ വെറുമൊരു അധികാര കേന്ദ്രമായല്ല, മറിച്ച് ഭാരതീയ സംസ്കാരത്തിൽ വേരൂന്നിയ ജനാധിപത്യപരമായ ആത്മവിശ്വാസത്തിൻ്റെ ദൃശ്യരൂപമായാണ് നിലകൊള്ളുന്നത്. ‘രാജാജി ഉത്സവ്’, ശ്രീ സി. രാജഗോപാലാചാരി ജിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം മുതലായ സംരംഭങ്ങൾ ഈ ദിശയിലുള്ള പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അവ രാഷ്ട്രത്തെ രൂപപ്പെടുത്തിയ നേതാക്കളെ ആദരിക്കുകയും, അവരുടെ സ്മരണകൾ ആഘോഷിക്കുന്നതിലൂടെയാണ് സ്വാതന്ത്ര്യം നിലനിർത്തപ്പെടുന്നത് എന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു."
കൊളോണിയൽ മനോഭാവത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചുവടുവയ്പുകളിൽ ഒന്നാണ് രാജാജിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തതെന്ന് ഇന്നലെ 'മൻ കി ബാത്ത്' പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജാജി ഉത്സവത്തിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള പ്രദർശനം 2026 ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ അമൃത് ഉദ്യാനിൽ സംഘടിപ്പിക്കും.
( റിലീസ് ഐ.ഡി: 2231989)
സന്ദര്‍ശക കൗണ്ടര്‍ : 10