ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കൊളോണിയൽ സ്വാധീനത്തിൻ്റെ അവശേഷിപ്പുകൾ നീക്കം ചെയ്യുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണ് രാജാജിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനമെന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ‘രാജാജി ഉത്സവത്തിൽ’ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ

പോസ്റ്റഡ് ഓണ്‍: 23 FEB 2026 2:08PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ‘രാജാജി ഉത്സവത്തിൽ’ പങ്കെടുത്തു. ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, എഡ്വിൻ ലൂട്ടിയൻസിൻ്റെ പ്രതിമയ്ക്ക് പകരമായി സ്ഥാപിച്ച സി. രാജഗോപാലാചാരിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു.

രാജാജി പ്രതിമയുടെ അനാച്ഛാദനം കൊളോണിയൽ സ്വാധീനത്തിൻ്റെ അവശേഷിപ്പുകൾ നീക്കം ചെയ്യുന്നതിലെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കൊളോണിയൽ സ്വാധീനത്തിൽ നിന്നുള്ള ഇന്ത്യയുടെ മോചനം എന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് ഭരണനിർവ്വഹണം, നിയമം, വിദ്യാഭ്യാസം, സംസ്കാരം, ദേശീയ സ്വത്വം എന്നിവയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന മാറ്റമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപനങ്ങളേയും മനോഭാവങ്ങളേയും രൂപപ്പെടുത്തിയ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചനം നേടണമെന്ന് നിരന്തരം ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഈ പരിഷ്കാരങ്ങളുടെ കേന്ദ്രബിന്ദുവെന്ന് അദ്ദേഹം പറഞ്ഞു.

“അടിമത്ത മനോഭാവത്തിൽ നിന്നുള്ള മോചനം" എന്ന ദർശനം വിവിധ സംരംഭങ്ങളിലൂടെ പ്രവൃത്തിപഥത്തിൽ എത്തിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. രാജ്ഭവനുകളെ ലോക് ഭവനുകളായി മാറ്റിയത്, പ്രധാനമന്ത്രിയുടെ ഓഫീസ് സേവാ തീർത്ഥമായി പരിണമിച്ചത്, സെൻട്രൽ സെക്രട്ടേറിയറ്റിനെ കർത്തവ്യ ഭവൻ എന്ന് പുനർനാമകരണം ചെയ്തത്, കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾ മാറ്റിസ്ഥാപിച്ചത്, ഇന്ത്യ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമ സ്ഥാപിച്ചത്, ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചത് തുടങ്ങിയവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

“ഈ മാറ്റങ്ങൾ കേവലം പ്രതീകാത്മകമല്ല; അവ സർക്കാരിൻ്റെ ‘സേവാ ഭാവന’ എന്ന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിൽ നടപ്പിലാക്കിയ വിവിധ സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. പൂന്തോട്ടം അമൃത് ഉദ്യാനമായി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്, ദർബാർ ഹാളിനെ ഗണതന്ത്ര മണ്ഡപം എന്ന് പുനർനാമകരണം ചെയ്തത്, ബ്രിട്ടീഷ് എഡിസിമാരുടെ ചിത്രങ്ങൾക്ക് പകരം പരംവീർ ചക്ര ജേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിച്ചത്, ഇന്ത്യൻ ക്ലാസിക്കൽ ഭാഷകളുടെ സമർപ്പിത ലൈബ്രറിയും ശേഖരണശാലയുമായ ‘ഗ്രന്ഥ കുടിർ’ ഉദ്ഘാടനം ചെയ്തത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം നടപടികൾ പൊതുബോധത്തിൽ നിന്ന് കൊളോണിയൽ മുദ്രകൾ മായ്ച്ചു കളയാനും ഇന്ത്യയുടെ സാംസ്കാരികമായ ആത്മവിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജാജി ഉത്സവത്തെ ഇന്ത്യയുടെ മഹാനായ പുത്രന് ലഭിച്ച അർഹമായ അംഗീകാരമെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, സി. രാജഗോപാലാചാരി രാഷ്ട്രത്തിൻ്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം നേടിയ വ്യക്തിയാണെന്ന് പറഞ്ഞു.

അഭിഭാഷകൻ, സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ എന്നീ നിലകളിൽ രാജാജിയുടെ ബഹുമുഖ പ്രതിഭയെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, അദ്ദേഹത്തിന് അസാധാരണമായ കഴിവുകൾ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു.  സാമ്പത്തിക സ്വാതന്ത്ര്യത്തിനായി രാജാജി നിരന്തരം വാദിച്ചിരുന്നുവെന്നും ഇന്ത്യയുടെ സാമ്പത്തിക നയം സ്വതന്ത്രവും ഉദാരവുമായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരന്മാർ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ തങ്ങളുടെ സ്വഭാവശുദ്ധി ഉയർത്താനും, സ്ഥാനമാനങ്ങൾ വർദ്ധിക്കുമ്പോൾ തങ്ങളുടെ ബോധ്യങ്ങൾ ശക്തിപ്പെടുത്താനും, എല്ലായ്‌പ്പോഴും  വ്യക്തിയേക്കാൾ ഉപരിയായി രാഷ്ട്രത്തെ പ്രതിഷ്ഠിക്കാനും രാജാജിയുടെ ജീവിതം പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി തൻ്റെ  പ്രസംഗം ഉപസംഹരിച്ചത്.
 
 
*****

( റിലീസ് ഐ.ഡി: 2231744) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Marathi , English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada