രാജ്യരക്ഷാ മന്ത്രാലയം
മിലൻ 2026: ഒമ്പത് ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള നാവികസേന മേധാവികളുമായും നാവിക പ്രതിനിധികളുമായും രക്ഷാ മന്ത്രി സംവദിച്ചു
പോസ്റ്റഡ് ഓണ്‍:
19 FEB 2026 3:43PM by PIB Thiruvananthpuram
മിലൻ 2026- നാവിക അഭ്യാസത്തോടനുബന്ധിച്ച്, 2026 ഫെബ്രുവരി 19 ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഒമ്പത് ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള നാവിക മേധാവികളുമായും നാവിക പ്രതിനിധികളുമായും രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആശയവിനിമയം നടത്തി. 'ആക്ട് ഈസ്റ്റ് പോളിസി'യോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി (മഹാസാഗർ) എന്ന ദർശനവും യോഗം ചൂണ്ടിക്കാട്ടി
മിലൻ 2026 ലെ ആസിയാൻ നാവികസേനകളുടെ ഗണ്യമായ പങ്കാളിത്തത്തെ രക്ഷാ മന്ത്രി സ്വാഗതം ചെയ്തു. 1995 ൽ നാല് വിദേശ നാവികസേനകളുമായി ആരംഭിച്ച ഈ പരിപാടി 2026 ഫെബ്രുവരിയിൽ 74 രാജ്യങ്ങൾ ഉൾപ്പെടുന്ന ഏറ്റവും വലിയ പതിപ്പായി വളർന്നതായി ചൂണ്ടിക്കാട്ടി. ഇന്തോ-പസഫിക് പങ്കാളികൾക്കിടയിൽ വിശ്വാസവും പ്രവർത്തന പരിചയവും വളർത്തുന്നതിൽ ഇന്ത്യൻ മഹാസമുദ്ര നാവിക സിമ്പോസിയം (ഐഒഎൻഎസ്) - മേധാവിമാരുടെ സമ്മേളനത്തിൻ്റെയും 2026 ലെ അന്താരാഷ്ട്ര കപ്പൽവ്യൂഹപരേഡിൻ്റെയും പ്രാധാന്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്തർവാഹിനികൾ (എഎസ്ഡബ്ല്യു), വ്യോമ പ്രതിരോധം, തിരച്ചിൽ- രക്ഷ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ സങ്കീർണ്ണമായ സമുദ്രാഭ്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മിലൻ 2026 ൻ്റെ നടന്നുകൊണ്ടിരിക്കുന്ന സമുദ്ര ഘട്ടത്തെക്കുറിച്ചും ചർച്ചയായി
ഇന്ത്യയുടെ ഇന്തോ-പസഫിക് തന്ത്രത്തിൻ്റെ കേന്ദ്ര സ്തംഭമായി ശ്രീ രാജ്‌നാഥ് സിംഗ് ആസിയാനെ വിശേഷിപ്പിച്ചു.പൊതുവായ സുരക്ഷയാണ് പ്രാദേശിക അഭിവൃദ്ധിയുടെ അടിത്തറയെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെൻ്റിൻ്റെ 'ആത്മനിർഭർ ഭാരത്' ശ്രമങ്ങൾ കാരണം വളർച്ചകൈവരിച്ച ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക സംവിധാനത്തിൽ നിന്ന് പ്രയോജനം നേടാൻ അദ്ദേഹം ആസിയാൻ പങ്കാളികളെ ക്ഷണിച്ചു. ഇന്ത്യ 'നിർമാണ നാവികസേന 'ആയി മാറുന്നതിൻ്റെ പ്രതീകങ്ങളായി ഐഎൻഎസ് വിക്രാന്ത്, വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകൾ എന്നിവ അദ്ദേഹം എടുത്തുകാട്ടി.
2025 അവസാനത്തിൽ നടന്ന ഇന്ത്യ-ആസിയാൻ അനൗപചാരിക യോഗത്തിലെ അഭിപ്രായങ്ങൾ ആവർത്തിച്ചുകൊണ്ട്, മേഖലയിലെ ആദ്യ പ്രതികരണ രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ആസിയാൻ പ്രതിനിധികൾ പ്രശംസിച്ചു. ദീർഘകാല സമുദ്ര സ്ഥിരത ഉറപ്പാക്കുന്നതിനായി ആസിയാൻ-ഇന്ത്യ പ്രതിരോധ വിദഗ്ധ ഇടപെടലിലൂടെയും യുവതലമുറ നാവിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സംരംഭങ്ങളിലൂടെയും സംയുക്ത പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ രക്ഷാ മന്ത്രി നിർദ്ദേശിച്ചു.
'സൗഹൃദം, സഹകരണം, കൂട്ടായ്മ ' എന്ന മിലൻ 2026 ൻ്റെ ഔദ്യോഗിക പ്രമേയത്തിൽ അധിഷ്ഠിതമായി സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയിലേക്കുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയോടെയാണ് സംവാദം അവസാനിച്ചത്.
***
( റിലീസ് ഐ.ഡി: 2230343)
സന്ദര്‍ശക കൗണ്ടര്‍ : 6