റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ പാതയോരങ്ങളിൽ ആദ്യമായി 'തേനീച്ച ഇടനാഴികൾ' വികസിപ്പിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി

പോസ്റ്റഡ് ഓണ്‍: 17 FEB 2026 3:10PM by PIB Thiruvananthpuram

സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിക്കൊണ്ട്  ദേശീയ പാത അതോറിറ്റി (എൻ.എച്ച്.എ.ഐ) ദേശീയ പാതയോരങ്ങളിൽ 'പരാഗണ ഇടനാഴികൾ' അല്ലെങ്കിൽ 'തേനീച്ച ഇടനാഴികൾ' വികസിപ്പിക്കുന്നതിന് അത്തരത്തിലുള്ള പ്രഥമ സംരംഭം പ്രഖ്യാപിച്ചു.

 

അലങ്കാര തോട്ടങ്ങളിൽ നിന്ന് പാരിസ്ഥിതിക തോട്ടങ്ങളിലേക്കുള്ള വ്യതിയാനം അടയാളപ്പെടുത്തിക്കൊണ്ട്, 'തേനീച്ച ഇടനാഴി'യിൽ വർഷം മുഴുവനും തേനീച്ചയ്ക്ക് അനുയോജ്യമായ സസ്യജാലങ്ങളുടെ തുടർച്ചയായ ഒരു രേഖീയ വിസ്തൃതി ഉണ്ടായിരിക്കും. പൂക്കുന്ന മരങ്ങളും സസ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ഇടങ്ങൾ വർഷം മുഴുവനും പൂന്തേനിന്റെയും പൂമ്പൊടിയുടെയും ലഭ്യത ഉറപ്പാക്കും. പരാഗണ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സവിശേഷ അവസരം ദേശീയ പാതകളിലെ നടീലുകൾ നൽകുന്നു. പരാഗണ സേവനങ്ങൾ, കാർഷിക, ഹോർട്ടികൾച്ചറൽ ഉല്പാദനക്ഷമത, മൊത്തത്തിലുള്ള പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന തേനീച്ചകളും മറ്റ് പരാഗണകാരികളും നേരിടുന്ന വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക സമ്മർദ്ദം കുറയ്ക്കാൻ ഈ സംരംഭം സഹായിക്കും.

 

ഒരു സമർപ്പിത പരാഗണസ്ഥലം അല്ലെങ്കിൽ 'തേനീച്ച ഇടനാഴികൾ' സൃഷ്ടിക്കുന്നതിലേക്ക് എൻ.എച്ച്.എ.ഐ അതിന്റെ തോട്ടം പ്രവർത്തനങ്ങളെ വിന്യസിക്കും. പൂന്തേനും പരാഗവും ധാരാളമുള്ള ചെടികൾ നട്ടുപിടിപ്പിച്ചും, പൂക്കുന്ന കളകളെ വിരിയാൻ അനുവദിച്ചും, ഒപ്പം പരാഗണകാരികൾക്ക് പ്രയോജനകരമായ ഉണങ്ങിയ മരത്തടികളും പൊള്ളയായ മരത്തടികളും നിലനിർത്തിക്കൊണ്ടും വന്യമായ മൂലകങ്ങളെ നിലനിർത്തുന്ന മരങ്ങൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ, പുല്ലുകൾ എന്നിവ ചേർന്ന സവിശേഷ സംരംഭമാണിത്.

 

വർഷം മുഴുവനും തുടർച്ചയായി പൂവിടുന്ന ആവൃത്തി നിലനിർത്തുന്നതിന്, വ്യത്യസ്ത ഋതുഭേദങ്ങളിൽ ഇടയ്ക്കിടെ പൂവിടുന്നത് ഉറപ്പാക്കാൻ സസ്യ ഇനങ്ങളുടെ തിരഞ്ഞെടുപ്പ് സഹായിക്കും. വേപ്പ്, കരഞ്ച്, മഹുവ, പലാഷ്, ബോട്ടിൽ ബ്രഷ്, ജാമുൻ, സിരിസ് എന്നിവയുൾപ്പെടെയുള്ള തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും ദേശീയപാതയോരങ്ങളിൽ നട്ടുപിടിപ്പിക്കും.

 

കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങളും പ്രാദേശിക അനുയോജ്യതയും അനുസരിച്ച്, അത്തരം ഇടനാഴികൾ ദേശീയപാതാ ഭാഗങ്ങളിലും എൻ.എച്ച്.എ.ഐയുടെ കീഴിലുള്ള മറ്റ് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും വികസിപ്പിക്കും. തേനീച്ചകളുടെയും കാട്ടുതേനീച്ചകളുടെയും ശരാശരി തീറ്റതേടൽ ദൂരത്തിന് അനുസൃതമായി, ഏകദേശം 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ഇടവിട്ട് പൂച്ചെടികളുടെ കൂട്ടങ്ങൾ നടാൻ കഴിയുന്ന ദേശീയ പാത ഭാഗങ്ങൾ രാജ്യത്തുടനീളമുള്ള എൻ.എച്ച്.എ.ഐ മേഖലാ കാര്യാലയ (ഫീൽഡ് ഓഫീസ്) അധികൃതർ കണ്ടെത്തും.

 

 2026-27 കാലയളവിൽ എൻ.എച്ച്.എ.ഐ മേഖലാ കാര്യാലയങ്ങൾ കുറഞ്ഞത് മൂന്ന് പരാഗണ (പോളിനേറ്റർ) ഇടനാഴികളെങ്കിലും ആസൂത്രണം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. 2026-27 വർഷത്തിൽ ദേശീയപാതയോരങ്ങളിൽ ഏകദേശം 40 ലക്ഷം മരങ്ങൾ നടാൻ എൻ.എച്ച്.എ.ഐ പദ്ധതിയിടുന്നു, അതിൽ 60 ശതമാനവും 'ബീ കോറിഡോർ' സംരംഭത്തിന് കീഴിലാണ് നടുക.

 

'തേനീച്ച ഇടനാഴി' എന്ന സവിശേഷ സംരംഭം പാരിസ്ഥിതിക പരിണിത ഫലങ്ങൾ വർദ്ധിപ്പിക്കാനും, പരാഗണകാരികളുടെ സംരക്ഷണത്തിന് സംഭാവനയേകാനും, പാരിസ്ഥിതിക പ്രതിബദ്ധതയുള്ള ദേശീയപാതാ വികസനത്തിനായുള്ള ദേശീയപാത അതോറിറ്റിയുടെ പ്രതിബദ്ധതയെ കൂടുതൽ ശാക്തീകരിക്കാനും സഹായിക്കും.

 

SKY

*****


( റിലീസ് ഐ.ഡി: 2229161) സന്ദര്‍ശക കൗണ്ടര്‍ : 25
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil , Telugu