ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
" നൂതനാശയത്തിൽ നിന്ന് സ്വാധീനത്തിലേക്ക് : പൊതുജനാരോഗ്യ രംഗത്തെ നൂതന സംവിധാനമായി എഐ " എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ പങ്കെടുത്തു.
പോസ്റ്റഡ് ഓണ്‍:
17 FEB 2026 12:53PM by PIB Thiruvananthpuram
ഭാരത് മണ്ഡപത്തിൽ നടന്ന 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ, "നൂതനാശയത്തിൽ നിന്ന് സ്വാധീനത്തിലേക്ക് : പൊതുജനാരോഗ്യ രംഗത്തെ നൂതന സംവിധാനമായി എഐ" എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ പങ്കെടുത്തു. പൊതുജനാരോഗ്യ മുന്നേറ്റത്തെ നയിക്കുന്നതിലും ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും നിർമിത ബുദ്ധിയുടെ പരിവർത്തനാത്മക പങ്കിനെ സെഷൻ എടുത്തുകാട്ടി.
ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി. നയരൂപകർത്താക്കൾ, ആരോഗ്യ സംരക്ഷകർ , സാങ്കേതിക വിദഗ്ധർ, ഗവേഷകർ, വ്യവസായ പങ്കാളികൾ എന്നിവരെ അഭിസംബോധന ചെയ്തു. "നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നതുപോലെ ഇന്ത്യയ്‌ക്കായുള്ള എഐ കേവലം നിർമിത ബുദ്ധി മാത്രമല്ല, എല്ലാവരെയും ഉൾകൊള്ളുന്ന സമഗ്ര ബുദ്ധിയാണ്" എന്ന് എടുത്തുപറഞ്ഞു. ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യ AI-യെ കുറിച്ച് സംസാരിക്കുമ്പോൾ, അത് സങ്കീർണ്ണമായ അൽഗോരിതങ്ങളിലോ കൃത്യതയുടെ വാഗ്ദാനങ്ങളിലോ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സാങ്കേതികവിദ്യ ജീവിതങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നുംം രാജ്യത്തുടനീളമുള്ള ആരോഗ്യ അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്നും അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു.

2047 ആകുമ്പോഴേക്കും വികസിത ഭാരതം എന്ന ദർശനത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, വികസനത്തിന്റെ ഏറ്റവും നിർണായകമായ സ്തംഭങ്ങളിലൊന്നാണ് ആരോഗ്യം എന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ വിശാലവും വ്യത്യസ്തവുമായ ജനവിഭാഗങ്ങൾ , ഗ്രാമ-നഗര വേർതിരിവ് , സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളുടെ ഇരട്ട ഭാരം എന്നിവ വെല്ലുവിളികൾ ഉയർത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ, സാങ്കേതികവിദ്യ - പ്രത്യേകിച്ച് AI - ഒരു അനിവാര്യ സഹായിയായി മാറുന്നു എന്ന് അവർ എടുത്തു പറഞ്ഞു
രോഗ നിരീക്ഷണം,പ്രതിരോധം, രോഗനിർണയം,ചികിത്സ തുടങ്ങി ആരോഗ്യ സംരക്ഷണത്തിന്റെ എല്ലാ മേഖലയിലും AI സംയോജിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രോഗ പ്രവണതകൾ നിരീക്ഷിക്കുകയും 13 ഭാഷകളിൽ തത്സമയ മുന്നറിയിപ്പുകൾ സൃഷ്ടിക്കുകയും രോഗവ്യാപന പ്രതിരോധ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ചെയ്യുന്ന AI- അധിഷ്ഠിത സംവിധാനമായ ' മീഡിയ ഡിസീസ് സർവൈലൻസ് സിസ്റ്റം' അവർ എടുത്തുകാട്ടി. ഇന്ത്യയുടെ രോഗ നിയന്ത്രണ ശ്രമങ്ങളും നിരീക്ഷണ ശേഷിയും വർദ്ധിപ്പിക്കുന്നതിൽ AI-യുടെ ശക്തി ഈ സംവിധാനം പ്രകടമാക്കുന്നുവെന്ന് അവർ പറഞ്ഞു.

ഏകആരോഗ്യ ദൗത്യത്തിന്റെ കീഴിൽ, ജീനോമിക് നിരീക്ഷണത്തിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് AI- അധിഷ്ഠിത സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് മുമ്പുതന്നെ സാധ്യമായ ജന്തുജന്യ സാംക്രമിക രോഗങ്ങൾ പ്രവചിക്കാൻ ഇവയ്ക്ക് കഴിയുമെന്നും അവർ അറിയിച്ചു. അത്തരം പ്രവചന ശേഷി , പൊതുജനാരോഗ്യ മേഖലയിൽ രോഗ പ്രതിരോധത്തെ അടിസ്ഥാനമാക്കി ഒരു മാതൃകാപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവർ ഊന്നിപ്പറഞ്ഞു.
ക്ഷയരോഗ നിർണയത്തിനായി AI- അധിഷ്ഠിത ഹാൻഡ്‌ഹെൽഡ് എക്സ്-റേ മെഷീനുകളുടെയും കമ്പ്യൂട്ടർ-സഹായത്തോടെയുള്ള ഡിറ്റക്ഷൻ ടൂളുകളുടെയും (CA-TB) വിന്യാസവും അവർ എടുത്തുപറഞ്ഞു.ഇത് നൂതന രോഗനിർണയ രീതികൾ സമൂഹങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കി. ഈ നൂതന കണ്ടുപിടുത്തങ്ങൾ ഏകദേശം 16 ശതമാനം അധികമായി ടിബി കേസ് കണ്ടെത്തലിന് കാരണമായി. കൂടാതെ, പ്രതികൂല ടിബി ചികിത്സാ ഫലങ്ങൾ പ്രവചിക്കുന്ന AI- അധിഷ്ഠിത ഉപകരണങ്ങൾ, ചികിത്സാ ഫലങ്ങളിലെ ന്യൂനത 27 ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചു. ഇത് ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തി.
വിപുലതയും താങ്ങാനാവുന്ന വിലയും ഊന്നിപ്പറഞ്ഞ ശ്രീമതി. പട്ടേൽ ഇന്ത്യ പോലെ വലിയ ജനസംഖ്യയുള്ള, വിഭവ പരിമിതമായ രാജ്യത്ത് , പരിഹാരങ്ങൾ വിപുലവും ചുരുങ്ങിയ ചെലവിലും വ്യവസ്ഥാപരമായ വിടവുകൾ പരിഹരിക്കാൻ കഴിവുള്ളതുമായിരിക്കണം എന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിൽ ശക്തമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ഗവൺമെന്റ് സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു, ഇതിൽ എയിംസ് ഡൽഹി, പിജിഐഎംഇആർ ചണ്ഡീഗഡ്, എയിംസ് ഋഷികേശ് എന്നിവിടങ്ങളിൽ മൂന്ന് എഐ മികവ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. പൊതുജനാരോഗ്യ സംരക്ഷണ വിതരണത്തിൽ ലോകോത്തര AI വൈദഗ്ധ്യം സംയോജിപ്പിക്കുന്നതിന് ഇത് സഹായിക്കും.

സാങ്കേതികവിദ്യയുടെ പങ്ക് വ്യക്തമാക്കി, ക്ലിനിക്കൽ വിദഗ്ധർക്ക് പകരമല്ല, മറിച്ച് ക്ലിനിക്കൽ നിരീക്ഷണങ്ങളെ വർദ്ധിപ്പിക്കാനും സഹായിക്കാനുമാണ് AI പ്രയോജനപ്പെടുത്തുന്നത് എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. പതിവ് ജോലി ഭാരം കുറയ്ക്കുന്നതിലൂടെ, സങ്കീർണ്ണമായ കേസുകൾക്കും നിർണായകമായ ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിനും കൂടുതൽ സമയം ചെലവഴിക്കാൻ ഡോക്ടർമാരെ AI പ്രാപ്തരാക്കുന്നു.
"വൈദ്യശാസ്ത്രം ഒരു ശാസ്ത്രം മാത്രമല്ല; അതൊരു കല കൂടിയാണ്," അവർ അഭിപ്രായപ്പെട്ടു. ആരോഗ്യ സംരക്ഷണം അൽഗോരിതങ്ങളിൽ മാത്രമല്ല, മനുഷ്യരുടെ കരസ്പർശം, സഹാനുഭൂതി, അനുകമ്പ, ആശയവിനിമയം എന്നിവയിലും ഉൾചേർന്നിരിക്കുന്നു -അവ യന്ത്രങ്ങൾക്ക് പകർത്താൻ കഴിയാത്ത ഗുണങ്ങളാണ്.

ഭാവിസജ്ജമായ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ AI-സാക്ഷരരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള ഡോക്ടർമാരെ അത്യാവശ്യ ഡിജിറ്റൽ ശേഷിയിൽ സജ്ജരാക്കുന്നതിനായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അടുത്തിടെ ആരോഗ്യ സംരക്ഷണ മേഖലയിൽ AI- എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലന പരിപാടി ആരംഭിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ മെഡിക്കൽ കർമ്മ സേനയെ സാങ്കേതികവിദ്യാധിഷ്ഠിത ഭാവിക്ക് സജ്ജമാണെന്ന് ഉറപ്പാക്കുന്നു.

ഉത്തരവാദിത്വത്തോടെയും, ധാർമ്മികമായും, ഗുണപരമായും വിന്യസിച്ചാൽ പൊതുജനാരോഗ്യത്തിൽ നിർമിത ബുദ്ധി ഒരു പരിവർത്തന ശക്തിയായി മാറുമെന്ന് ചർച്ച എടുത്തുകാണിച്ചു. പരസ്പര പ്രവർത്തനക്ഷമമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യം , ഗുണനിലവാരമുള്ള ഡാറ്റ, ശക്തമായ നിയന്ത്രണ ചട്ടക്കൂടുകൾ, പൊതു-സ്വകാര്യ സഹകരണം എന്നിവയുടെ പിന്തുണയോടെ, പൈലറ്റ് പ്രോജക്ടുകൾക്ക് ഉപരിയായി സംവിധാന തല സംയോജനത്തിലേക്ക് AI മുന്നേറണമെന്ന് പ്രഭാഷകർ ഏകകണ്ഠേന ഊന്നിപ്പറഞ്ഞു. രോഗ നിരീക്ഷണം, നിർണയം, ക്ലിനിക്കൽ തീരുമാനമെടുക്കൽ, ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവയെ ഗണ്യമായി മെച്ചപ്പെടുത്താൻ നിർമിത ബുദ്ധിക്ക് കഴിയുമെങ്കിലും, അത് ആത്യന്തികമായി ക്ലിനിക്കുകളെ പ്രതിസ്ഥാപിക്കാനല്ല, വർദ്ധിപ്പിക്കാനുള്ള ഒരു ഉപകരണമാണെന്ന് ചർച്ചകൾ എടുത്തുപറഞ്ഞു . ഇന്ത്യയുടെ സങ്കീർണ്ണമായ ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ നേരിടുന്നതിനും ആഗോള ആരോഗ്യ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഉൾക്കൊള്ളുന്നതും, വിപുലവും , രോഗി കേന്ദ്രീകൃതവുമായ ഒരു പരിഹാരമായി AI ഉപയോഗപ്പെടുത്തുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയോടെയാണ് സെഷൻ അവസാനിച്ചത്.
SKY
******
( റിലീസ് ഐ.ഡി: 2229150)
സന്ദര്‍ശക കൗണ്ടര്‍ : 10