ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അധിഷ്ഠിത പൊതുവിതരണ സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 15 FEB 2026 3:51PM by PIB Thiruvananthpuram

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സുതാര്യവും ആധുനികവും ലളിതവുമായ പൊതുവിതരണ സംവിധാനം  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

 

CR3_1752.JPG.jpeg

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചോദനത്താല്‍ ഡിജിറ്റൽ ഇന്ത്യ  ഭക്ഷ്യ-വിതരണ സംവിധാനത്തിലേക്കും വ്യാപിക്കുകയാണെന്ന് ശ്രീ അമിത് ഷാ അഭിസംബോധനയില്‍ പറഞ്ഞു. രാജ്യത്തെ വിഭവങ്ങളുടെ പ്രഥമ അവകാശം ദരിദ്രർക്കും ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും പ്രധാനമന്ത്രി മോദി നൽകിയതായി അദ്ദേഹം പറഞ്ഞു. നേരത്തെ രാജ്യത്തെ  60 കോടി ജനങ്ങളുടെ കുടുംബങ്ങളിൽ ഒരു ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ലെന്നും എന്നാൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇപ്പോള്‍ ലോകത്തെ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയും  ഇന്ത്യയിലാണെന്നും  അദ്ദേഹം വ്യക്തമാക്കി.  ഇതേ ഡിജിറ്റൽ ഇന്ത്യ  രാജ്യത്തെ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന മേഖലയിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ടവർക്ക് റേഷൻ നൽകുന്ന സംവിധാനത്തിൽ നിന്ന് അഴിമതി പൂർണമായി  ഇല്ലാതാക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് ശ്രീ ഷാ വിശദീകരിച്ചു.  

രാജ്യത്തുടനീളം ഇന്റര്‍നെറ്റ് സേവനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും വ്യാപിക്കുന്നതോടെ  പാവപ്പെട്ടവർക്ക് ഡിജിറ്റൽ മാർഗങ്ങളിലൂടെ ഭക്ഷ്യധാന്യങ്ങൾ നേരിട്ട് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) രാജ്യത്തെ തട്ടിപ്പുകളും അഴിമതികളും ഇല്ലാതാക്കിയപോലെ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ഈ ഉദ്യമം വരും ദിവസങ്ങളിൽ സുതാര്യ വിതരണ സംവിധാനം ഉറപ്പാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ 'കുറഞ്ഞ ഭരണകൂട ഇടപെടലും പരമാവധി ഭരണനിർവഹണവും' എന്ന മന്ത്രം ഇന്ന്  പുതിയൊരു മേഖലയില്‍കൂടി പ്രായോഗികമായി നടപ്പാക്കുകയാണെന്ന് ശ്രീ ഷാ പറഞ്ഞു.

 

CR5_3094.JPG.jpeg

 

സാങ്കേതികവിദ്യയുടെയും  പാവപ്പെട്ടവരോട് പ്രധാനമന്ത്രി മോദി കാണിക്കുന്ന കരുണാർദ്ര സമീപനത്തിന്റെയും അപൂർവ സംഗമമായ ഈ വിതരണ സംവിധാനം ദരിദ്രരുടെ അവകാശങ്ങൾ സുരക്ഷിതവും സുതാര്യവുമായി  സംരക്ഷിക്കുന്ന മാർഗമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.  35 സെക്കൻഡില്‍ 25 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന 'അന്നപൂർണ' യന്ത്രവും  ഉദ്ഘാടനം ചെയ്തതായി അദ്ദേഹം പരാമർശിച്ചു. അടുത്ത മൂന്നോ നാലോ വർഷത്തിനകം ഈ സംവിധാനം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ശ്രീ ഷാ അറിയിച്ചു. ഈ ഭക്ഷ്യധാന്യ വിതരണ സംവിധാനം പൂർണമായും സുതാര്യമായിരിക്കുമെന്നും ഇതുവഴി രാജ്യത്തെ പാവപ്പെട്ട ഓരോ പൗരനും 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. മികച്ച ഗുണനിലവാരവും കൃത്യമായ അളവും സുതാര്യമായ വിതരണവും  ഉറപ്പാക്കാൻ 'അന്നപൂർണ' യന്ത്രം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  കശ്മീർ മുതൽ കന്യാകുമാരി വരെയും ദ്വാരക മുതൽ കാമാഖ്യ വരെയും  വിശാലമായ രാജ്യത്തുടനീളം ഘട്ടംഘട്ടമായി ഈ സംവിധാനം നടപ്പാക്കേണ്ടതുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.

 

CR5_3186.JPG.jpeg

 

ഭക്ഷ്യവിതരണത്തിലും ഭക്ഷ്യസുരക്ഷയിലും അഴിമതിയും സുതാര്യതയില്ലായ്മയും തുടച്ചുനീക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇടനിലക്കാർക്ക് ഇടമില്ലാത്തവിധം  പാവപ്പെട്ട ഓരോ പൗരന്റെയും ഭക്ഷണത്തിന്റെ അവകാശം ഇതുവഴി സുരക്ഷിതമാകുമെന്ന് ശ്രീ അമിത് ഷാ അഭിപ്രായപ്പെട്ടു.  

 

***


( റിലീസ് ഐ.ഡി: 2228515) സന്ദര്‍ശക കൗണ്ടര്‍ : 10