റെയില്‍വേ മന്ത്രാലയം
"മികച്ച ഓൺ-ബോർഡ് സേവനങ്ങൾ", "ഗതി ശക്തി കാർഗോ ടെർമിനലുകളിലൂടെയും കാർഗോ അനുബന്ധ സൗകര്യങ്ങളിലൂടെയും റെയിൽ അധിഷ്ഠിത ചരക്ക് നീക്കം" എന്നീ പരിഷ്കരണങ്ങളുമായി റെയിൽവേയുടെ കുതിപ്പ്
പോസ്റ്റഡ് ഓണ്‍:
14 FEB 2026 6:52PM by PIB Thiruvananthpuram
2026-ൽ "52 ആഴ്ചയ്ക്കുള്ളിൽ 52 പരിഷ്കാരങ്ങൾ" ഏറ്റെടുക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ദൃഢനിശ്ചയത്തിന് അനുസൃതമായി, രണ്ട് പുതിയ പരിഷ്കാരങ്ങൾക്ക് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകുകയും അവ ഉടൻ നടപ്പിലാക്കാൻ തുടങ്ങുകയും ചെയ്യുമെന്ന് കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് പ്രഖ്യാപിച്ചു. റെയിൽവെയിലെ പരിഷ്കരണങ്ങൾ ഒറ്റത്തവണയുള്ള സംഭവങ്ങളല്ല, മറിച്ച് തുടർ പ്രക്രിയയാണെന്ന് അദ്ദേഹം പറഞ്ഞു.

പുതുതലമുറ ട്രെയിനുകളും പുതിയ പ്രവർത്തന രീതികളും രൂപപ്പെടുന്നതിൻ്റെയും ഫലമായി ഇന്ന് ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് വാഹകരായി മാറിയതിൻ്റെ സ്വാധീനം ദൃശ്യമാണെന്ന് ശ്രീ വൈഷ്ണവ് പറഞ്ഞു.
മെച്ചപ്പെട്ട ഓൺ-ബോർഡ് സേവനങ്ങൾക്കായുള്ള പരിഷ്കാരങ്ങൾ
അംഗീകാരം നൽകിയ ആദ്യ പരിഷ്കരണം വിശദീകരിച്ചുകൊണ്ട്, 2026 മുതൽ ഇന്ത്യൻ റെയിൽവേ ട്രെയിനുകളുടെ, പ്രത്യേകിച്ച് ദീർഘദൂര ട്രെയിനുകളുടെ സമഗ്രവും സമ്പൂർണ്ണവുമായ ശുചീകരണം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലവിലുള്ള സംവിധാനം പ്രകാരം, പ്രധാനമായും റിസർവ് ചെയ്ത കോച്ചുകളിൽ മാത്രമായി ശുചീകരണ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ റെയിൽവേ ചരിത്രത്തിൽ ആദ്യമായി, ജനറൽ കോച്ചുകളുടെ ശുചീകരണവും പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിശ്ചിത സ്റ്റേഷനുകളിൽ മാത്രം സമഗ്രമായ ശുചീകരണം നടത്തിയിരുന്ന മുൻകാല "ക്ലീൻ ട്രെയിൻ സ്റ്റേഷൻ" എന്ന രീതിക്ക് മാറ്റം വരുത്തി. ഇപ്പോൾ ട്രെയിനിൻ്റെ ഉത്ഭവ സ്ഥാനം മുതൽ ലക്ഷ്യസ്ഥാനം വരെ തുടർച്ചയായ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ശുചിമുറികൾ, മാലിന്യകുട്ടകൾ, ക്യാബിൻ ഇൻ്റീരിയറുകൾ, ജലലഭ്യത, വിളക്കുകൾ തെളിയാത്തത് പോലുള്ള ചെറിയ വൈദ്യുത അല്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾ എന്നിവ യാത്രയ്ക്കിടെ തുടർച്ചയായി പരിഹരിക്കപ്പെടും. അതുവഴി യാത്രക്കാർക്ക് ഗണ്യമായി മെച്ചപ്പെട്ട യാത്രാ അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ യാത്രാനുഭവം പൂർണ്ണമായും മെച്ചപ്പെടുത്തുക എന്ന ചിന്താഗതിയോടെയാണ് ഈ പരിഷ്കരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രീ വൈഷ്ണവ് പറഞ്ഞു. മേഖലാതല റെയിൽവേകളുമായി കൂടിയാലോചിച്ച്, അടുത്ത ആറ് മാസത്തിനുള്ളിൽ ഓരോ മേഖലയിലും പ്രധാനമായും ദീർഘദൂര ട്രെയിനുകളും യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള ട്രെയിനുകളും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട നാലോ അഞ്ചോ ട്രെയിനുകളിൽ അടുത്ത ആറുമാസത്തേക്ക് പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടത്തിൽ വിവിധ മേഖലകളിലായി ആകെ 80 ട്രെയിനുകൾ ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേയുടെ എല്ലാ ട്രെയിനുകളിലും പരിഷ്കരണം നടപ്പിലാക്കും. ഫീൽഡ് തല വിവരങ്ങളുടെയും പ്രവർത്തന മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ മാനേജീരിയൽ തലത്തിലാണ് ട്രെയിനുകളുടെ തിരഞ്ഞെടുപ്പ് നടത്തിയത്.
വ്യക്തമായി നിർവചിക്കപ്പെട്ട സേവന കരാറുകൾക്ക് കീഴിൽ പൂർണ്ണമായും സാങ്കേതികവിദ്യ അധിഷ്ഠിതമാക്കിയുള്ള പ്രൊഫഷണൽ ടീമിനെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയമിക്കും. തിരക്ക് കൂടിയ സമയങ്ങളിൽ കൂടുതലായും അല്ലാത്ത സമയങ്ങളിൽ താരതമ്യേന കുറഞ്ഞ തവണയും ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ശുചിമുറി വൃത്തിയാക്കൽ, മാലിന്യങ്ങൾ നീക്കം ചെയ്യൽ, കാബിനറ്റ് വൃത്തിയാക്കൽ, ലിനൻ കൈകാര്യം ചെയ്യൽ, അനുബന്ധ സേവനങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ലിനൻ വിതരണം, ലിനൻ ശേഖരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നേരത്തെ പ്രത്യേകം ഏജൻസികൾക്കാണ് നൽകിയിരുന്നതെങ്കിൽ, ഇനി അവയെല്ലാം സംയോജിപ്പിച്ച് ഒരൊറ്റ ഏജൻസിക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നിയുക്ത സ്റ്റേഷനുകളിൽ, റിസർവ് ചെയ്ത കോച്ചുകളിൽ വിന്യസിച്ചിരിക്കുന്ന ജീവനക്കാർ എല്ലാ കോച്ചുകളിലും തുല്യമായ ശുചീകരണ നിലവാരം ഉറപ്പാക്കാൻ ജനറൽ കോച്ചുകളിലും ശുചീകരണം നടത്തും. റെയിൽവേയുടെ ചരിത്രത്തിലെ വളരെ വലിയ മാറ്റമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജനറൽ കോച്ച് ശുചിത്വത്തിന് ഇത്രയധികം ഗണ്യമായ ശ്രദ്ധ നൽകുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.
ശുചീകരണ പ്രവർത്തനങ്ങളുടെ എഐ പകർത്തുന്ന ചിത്രങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന വാർ റൂം കൺട്രോൾ സെൻ്ററുകൾ തുറക്കുന്നതും പരിഷ്കരണത്തിൽ ഉൾപ്പെടുന്നു. എഐ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ വഴി ശുചീകരണം ശരിയായി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. ദീർഘകാല പ്രവർത്തന പരിചയത്തെ അടിസ്ഥാനമാക്കി റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുടെ വിശദമായ പഠനത്തിന് ശേഷം റൂട്ട്-നിർദ്ദിഷ്ട ടീമുകൾ രൂപീകരിക്കും. ശുചീകരണത്തിന് പുറമേ ചെറിയ മെക്കാനിക്കൽ, വൈദ്യുത അറ്റകുറ്റപ്പണികൾ പരിഹരിക്കാൻ കഴിവുള്ള മൾട്ടി-ടാസ്കിംഗ് ഉദ്യോഗസ്ഥരും ഈ ടീമുകളിൽ ഭാഗമായിരിക്കും. അതുവഴി സംയോജിത ഓൺ-ബോർഡ് സേവനം നൽകാനാവും.
ചരക്ക് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മികച്ച സൗകര്യങ്ങളുള്ള കൂടുതൽ ഗതി ശക്തി കാർഗോ ടെർമിനലുകൾ
2022 ൽ അവതരിപ്പിച്ച ഗതി ശക്തി കാർഗോ ടെർമിനൽ (ജിസിടി) നയത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാമത്തെ പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഈ നയം കാർഗോ ടെർമിനൽ അംഗീകാര പ്രക്രിയയെ ഗണ്യമായി ലളിതമാക്കി. മുമ്പ് ആറ് വർഷമെടുത്ത ജോലികൾ ഏകദേശം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകാൻ തുടങ്ങി. എഞ്ചിനീയറിംഗ് ഡ്രോയിംഗുകൾ, സിഗ്നലിംഗ് പ്ലാനുകൾ, ഇലക്ട്രിക്കൽ പ്ലാനുകൾ എന്നിവയ്ക്കുള്ള അംഗീകാരങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. തൽഫലമായി, ഏകദേശം 200 ദശലക്ഷം ടൺ ചരക്ക് നീക്ക സാധ്യതയും പ്രതിവർഷം ഏകദേശം 20,000 കോടി രൂപയുടെ വരുമാന സാധ്യതയുമുള്ള 124 ബഹുമാതൃകാ കാർഗോ ടെർമിനലുകൾ വികസിപ്പിച്ചെടുത്തു.
മൂന്ന് വർഷത്തെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ, വിവിധ പങ്കാളികളുമായി നാല് മാസത്തെ കൂടിയാലോചനകൾക്ക് ശേഷം, ഈ മെച്ചപ്പെട്ട പരിഷ്കരണത്തിന് അംഗീകാരം ലഭിച്ചതായി ശ്രീ വൈഷ്ണവ് പറഞ്ഞു. ഈ പരിഷ്കരണത്തോടെ, നിലവിലുള്ള 124 ഗതി ശക്തി കാർഗോ ടെർമിനലുകൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500ൽ കൂടുതലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ലെ പരിഷ്കരണത്തേക്കാൾ ഉയർന്ന തലത്തിലുള്ള അടിസ്ഥാന പരിഷ്കരണമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണം കാർഗോ ടെർമിനലുകളിലെ വിവിധ പ്രവർത്തനങ്ങളുടെ സംയോജനമാണ്. അത് അവയെ "കാർഗോ പ്ലസ് പ്രോസസ്സിംഗ്" ഹബ്ബുകളാക്കി മാറ്റുന്നു. സിമൻ്റ് ക്ലിങ്കർ ജിസിടിയിലേക്ക് കൊണ്ടുപോകാനും ടെർമിനലിനുള്ളിൽ തന്നെ സിമൻ്റായി പൊടിക്കാനും തുടർന്ന് റെഡി-മിക്സ് കോൺക്രീറ്റ് വാഹനങ്ങൾ വഴി വിതരണം ചെയ്യാനും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. അതുപോലെ, ഭക്ഷ്യധാന്യ സംസ്കരണം, സ്റ്റഫിംഗ്, ഡീസ്റ്റഫിംഗ്, മറ്റ് മൂല്യവർദ്ധന പ്രവർത്തനങ്ങൾ എന്നിവ ഇനി മുതൽ ടെർമിനൽ പരിസരത്ത് നടത്താൻ കഴിയും. ടെർമിനലിലേക്ക് എത്തിക്കുന്നതിന് മുമ്പ് മറ്റെവിടെയെങ്കിലും വസ്തുക്കൾ സംസ്കരിച്ച് കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത ഇത് ഇല്ലാതാക്കുന്നു. കൃത്രിമ തടസ്സങ്ങൾ നീക്കംചെയ്യുന്നു. ഇത് റെയിൽവേയിലേക്ക് അധിക ചരക്ക് ഗതാഗത സേവനത്തെ ആകർഷിക്കുന്നു.
ഉപയോഗശൂന്യമായ നിരവധി ഗുഡ്സ് ഷെഡുകൾ ജിസിടികളായും കാർഗോ സൗകര്യങ്ങളായും വികസിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മുൻ നയങ്ങൾ പ്രകാരം വികസിപ്പിച്ച ട്രാക്ക് സൈഡിംഗുകൾ മാറ്റി ലളിതമായ ജിസിടി ചട്ടക്കൂടിലേക്ക് പരിവർത്തനം ചെയ്യാനാകും. ഉയർന്ന ഉപകരണ ചെലവ് കാരണം സ്വകാര്യ ഓപ്പറേറ്റർമാർക്ക് ട്രാക്കുകളും ഇലക്ട്രിക്കൽ സംവിധാനങ്ങളും പരിപാലിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതിന് പരിഹാരമായി, ടെർമിനലുകൾക്കും പ്രധാന ലൈനുകൾക്കുമിടയിലുള്ള ചെറിയ കണക്റ്റിംഗ് സ്ട്രെച്ചുകൾക്ക്, റെയിൽവേ ഇപ്പോൾ ആവശ്യമെങ്കിൽ പേയ്‌മെൻ്റ് അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് നടപ്പാക്കും. ഇത് സുരക്ഷ മെച്ചപ്പെടുത്തുകയും അറ്റകുറ്റപ്പണികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ നടപ്പാക്കുകയും ചെയ്യും.
ഈ പരിഷ്കരണം, വൈ-കണക്ഷനുകളും റെയിൽ-ഓവർ-റെയിൽ ഘടനകളും ഉൾപ്പെടെയുള്ള വിപുലമായ പൊതു ഉപയോക്തൃ സൗകര്യങ്ങൾ പ്രാപ്തമാക്കുന്നു. നിലവിലുള്ള ഒരു ഭാഗത്തിനു അനുബന്ധമായി ഒരു പുതിയ ടെർമിനൽ വികസിപ്പിച്ചാൽ, കണക്റ്റിവിറ്റി നിഷേധിക്കാൻ കഴിയാത്ത വിധത്തിൽ മൾട്ടി-ജിസിടി കണക്റ്റിവിറ്റി ഔപചാരികമാക്കിയിട്ടുണ്ട്. മുമ്പ് വ്യവഹാരത്തിലേക്ക് നയിച്ച തർക്കങ്ങൾ ഒഴിവാക്കുന്നതിന് ഇതിലൂടെ സാധിക്കും. ടെർമിനൽ ഡെവലപ്പർമാരും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിൽ പ്രതിമാസം അല്ലെങ്കിൽ ഓരോ നിശ്ചിത പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയുള്ള സംയുക്ത യോഗങ്ങൾ "തർക്കരഹിത സർട്ടിഫിക്കറ്റ്" നൽകുന്നതിലേക്ക് നയിക്കുന്നു. ഇത് കോടതി കേസുകളുടെ ആവശ്യകത കുറയ്ക്കുന്നു.
ഏകീകൃത ലേഔട്ടുകൾ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഏകീകൃത രൂപകല്പനകൾ സ്വീകരിക്കുന്ന അപേക്ഷകർക്ക് ടെലികോം പരിഷ്കരണ മാതൃകയ്ക്ക് സമാനമായി, ഓട്ടോമാറ്റിക് രീതിയിൽ അംഗീകാരങ്ങൾ ലഭിക്കും. ഇത് അംഗീകാര സമയപരിധികൾ ഗണ്യമായി കുറയ്ക്കും. ജിസിടികൾക്കും കാർഗോയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾക്കുമുള്ള കരാർ കാലാവധി 35 വർഷത്തിൽ നിന്ന് 50 വർഷമായി നീട്ടിയിട്ടുണ്ട്. ഇത് ദീർഘകാല നിക്ഷേപങ്ങളും ആവാസവ്യവസ്ഥ വികസനവും സാധ്യമാക്കുന്നു.
മെച്ചപ്പെടുത്തിയ കാർഗോ നീക്കത്തിലൂടെ മൂന്ന് വർഷത്തെ കാലയളവിൽ ഏകദേശം ₹30,000 കോടി അധിക വരുമാനം നേടാൻ ഈ പരിഷ്കരണത്തിലൂടെ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. നവംബർ-ഡിസംബർ മാസങ്ങളിൽ ആരംഭിച്ച സിമൻ്റ് ഗതാഗത പരിഷ്കരണത്തിൻ്റെ ഉദാഹരണം അദ്ദേഹം എടുത്തുപറഞ്ഞു. സിമൻ്റ് നീക്കം ഇരട്ടിയിലധികമായി. കഴിഞ്ഞ വർഷത്തെ ഏകദേശം 40,000 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിലെ കണക്കുകൾ ഏകദേശം 95,000 ടണ്ണിലെത്തി. റെയിൽവേ അധിഷ്ഠിത സിമൻ്റ് നീക്കം ചെലവ് ഗണ്യമായി കുറച്ചിട്ടുണ്ടെന്നും ജമ്മു കശ്മീരിൽ 30% വരെയും മിസോറാമിൽ ഏകദേശം പകുതിയോളവും ചെലവ് കുറവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ ഗതാഗത രീതികൾ മലിനീകരണം കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടുതൽ പരിഷ്കാരങ്ങൾ വരുന്നു
ഏഴ് പരിഷ്കാരങ്ങൾ കൂടി നടന്നുവരികയാണെന്നും ഈ മാസം രണ്ടെണ്ണം കൂടി അനുവദിക്കുമെന്നും മാർച്ച് ആദ്യം മൂന്നെണ്ണം കൂടി പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ 30-40 പരിഷ്കാരങ്ങൾക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ശ്രീ വൈഷ്ണവ് കൂട്ടിച്ചേർത്തു. യാത്രാ സർവീസുകളിലും ചരക്ക് നീക്കത്തിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ട്, ഇന്ത്യൻ റെയിൽവേ ഒരു വർഷം നീണ്ടുനിൽക്കുന്ന അഭിലാഷകരമായ പരിവർത്തന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
*****
****
( റിലീസ് ഐ.ഡി: 2228294)
സന്ദര്‍ശക കൗണ്ടര്‍ : 4