വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന യൂറോപ്യന്‍ ഫിലിം മാര്‍ക്കറ്റ് (EFM) 2026ല്‍ ഭാരത് പവിലിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യ ശക്തമായ സാന്നിധ്യം അറിയിച്ചു. സിനിമ, സംസ്‌കാരം, ക്രിയേറ്റീവ് ടെക്‌നോളജി എന്നീ മേഖലകളില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനം വ്യക്തമാക്കുന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോമാണ് ഭാരത് പവിലിയന്‍

പോസ്റ്റഡ് ഓണ്‍: 13 FEB 2026 5:30PM by PIB Thiruvananthpuram
ജര്‍മ്മനിയിലെ ഇന്ത്യന്‍ അംബാസഡര്‍  അജിത് വിനായക് ഗുപ്ത പവിലിയന്‍ ഉദ്ഘാടനം ചെയ്തു.  അന്താരാഷ്ട്ര വിപണിയിലെ  പ്രമുഖര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഇന്ത്യന്‍ ചലച്ചിത്രസാങ്കേതിക പ്രതിനിധി സംഘം തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.

 

സൃഷ്ടിയുടെ(creative) മേഖലകളിലും സാംസ്‌കാരിക തലത്തിലും ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള സഹകരണം എത്രത്തോളം ആഴത്തിലുള്ളതാണെന്ന്  വിളിച്ചോതുന്നതായിരുന്നു. ഉദ്ഘാടന ചടങ്ങ്.    
 


 ബെര്‍ലിനേല്‍ പ്രോ ഡയറക്ടറും യൂറോപ്യന്‍ ഫിലിം മാര്‍ക്കറ്റിന്റെ  തലവനുമായ തന്യ മെയ്‌സ്‌നര്‍ (Ms. Tanja Meissner)  ഇ.എഫ്.എം സെയില്‍സ് ആന്‍ഡ് ഡിസൈന്‍ മേധാവി പീറ്റര്‍ ഡോംഷ് (Mr. Peter Domsch) എന്നിവര്‍ക്കൊപ്പം ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള കലാപരമായ സംഭാഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍  പ്രധാന പങ്ക് വഹിക്കുന്ന  ടാഗോര്‍ സെന്റര്‍ ഡയറക്ടര്‍ ത്രിഷ സഖ്‌ലേച്ച (Ms. Trisha Sakhlecha) യും ചടങ്ങില്‍ പങ്കെടുത്തു.

കൂടാതെ, നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (NFDC) ഉന്നത ഉദ്യോഗസ്ഥര്‍, ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി അംഗങ്ങള്‍, ഇന്ത്യയുടെ വളരുന്ന സൃഷ്ടിപരമായ ആവാസവ്യവസ്ഥയെ  പ്രതിനിധീകരിക്കുന്ന പ്രതിനിധി സംഘം എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


 ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആഗോള പങ്കാളിത്തം വ്യാപിപ്പിക്കുന്നു

മികച്ച കഥാഖ്യാനവും നവീന സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള പങ്കാളിത്തമാണ് ഇത്തവണത്തെ ഇ.എഫ്.എം (EFM)-ല്‍ രാജ്യത്തിന്റെ സാന്നിധ്യത്തെ ശ്രദ്ധേയമാക്കുന്നത്. ഇതിലെ പ്രധാന സവിശേഷത ഒന്‍പത് ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പങ്കാളിത്തമാണ്. ഇവര്‍ അന്താരാഷ്ട്ര നിര്‍മ്മാതാക്കള്‍, സെയില്‍സ് ഏജന്റുമാര്‍, വിതരണക്കാര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാര്‍ എന്നിവരുമായി സജീവമായി ആശയവിനിമയം നടത്തുന്നു. ആഗോള സഹനിര്‍മ്മാണ ശൃംഖലകളുമായുള്ള (co-production networks) ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സഹകരണവും, വിവിധ ഭാഷകളിലും വിഭാഗങ്ങളിലുമുള്ള ഇന്ത്യന്‍ കഥകളോടുള്ള അന്താരാഷ്ട്ര താല്‍പര്യവുമാണ് ഇവരുടെ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നത്.  വിപണി ചര്‍ച്ചകളിലൂടെയും പ്രോജക്റ്റ് മീറ്റിംഗുകളിലൂടെയും, പരമ്പരാഗത ചലച്ചിത്ര വ്യാപാരത്തിന് അപ്പുറം  അതിര്‍ത്തി കടന്നുള്ള സഹകരണവും ദീര്‍ഘകാല ക്രിയേറ്റീവ് കൂട്ടുകെട്ടുകളും ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നു.
 
അതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്, ഇന്ത്യയിലെ അതിവേഗം വളരുന്ന മീഡിയ-ടെക്, ക്രിയേറ്റീവ്-ടെക് മേഖലകളെ പ്രതിനിധീകരിക്കുന്ന നാല് പുതിയ സംരംഭങ്ങളുടെ പങ്കാളിത്തം. കഥാഖ്യാനം, സാങ്കേതികവിദ്യ, ഡിജിറ്റല്‍ നിര്‍മ്മാണം എന്നിവയെ കോര്‍ത്തിണക്കുന്ന പരിഹാരങ്ങളാണ് ഈ കമ്പനികള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയില്‍ നൂതനത്വം  എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന് ഇത് തെളിയിക്കുന്നു. കേവലം  ഉള്ളടക്ക നിര്‍മ്മാണ രാഷ്ട്രം (content-producing nation) എന്നതിലുപരി, ആഗോള വിനോദ വ്യവസായത്തിലെ സാങ്കേതിക മുന്നേറ്റത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.


 യുവ പ്രതിഭകള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു

ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ച് (CIC) വിജയികളായ രണ്ട് യുവ സംരംഭകരും ഈ പ്രതിനിധി സംഘത്തിലുണ്ട്. നൂതന ആശയങ്ങളിലൂടെയും സാങ്കേതികവിദ്യയിലധിഷ്ഠിതമായ കഥാഖ്യാനത്തിലൂടെയും ശ്രദ്ധേയരായ ഇവരുടെ പങ്കാളിത്തം, പുതിയ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനും അവര്‍ക്ക് ആഗോളതലത്തില്‍ അവസരങ്ങള്‍ നല്‍കുന്നതിനും രാജ്യം നല്‍കുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്ള സാംസ്‌കാരിക പ്രതിനിധി സംഘവും മേളയില്‍ സജീവമാണ്. സിനിമാ നിര്‍മ്മാണത്തിനായുള്ള അനുകൂല നയങ്ങള്‍, ഫണ്ടിംഗ് സൗകര്യങ്ങള്‍, മറ്റ് വിഭവങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതിലൂടെ ആഗോള ചലച്ചിത്ര ഭൂപടത്തില്‍ മഹാരാഷ്ട്രയുടെ സ്ഥാനം അവര്‍ ഉറപ്പിക്കുന്നു. ഡല്‍ഹിയില്‍ നിന്നുള്ള സംഘമാകട്ടെ, ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്ര മേളയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, നഗരത്തിലെ മികച്ച ഷൂട്ടിംഗ് ലൊക്കേഷനുകളും സിനിമാ ചിത്രീകരണത്തിനുള്ള പ്രത്യേക ആനുകൂല്യങ്ങളും അനുമതിയ്ക്കുള്ള നടപടിക്രമങ്ങളും  ആഗോള സിനിമാ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.

പവിലിയനിലെ ചര്‍ച്ചകള്‍ക്കിടെ, രാജ്യത്ത്  വരാനിരിക്കുന്ന പ്രധാന ചലച്ചിത്ര മേളകളെക്കുറിച്ച് എന്‍.എഫ്.ഡി.സി  മാനേജ്‌മെന്റ് സംസാരിച്ചു:

2026 ജൂണ്‍ മാസത്തില്‍ നടക്കുന്ന  മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള (MIFF),എല്ലാ വര്‍ഷവും നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (IFFI)എന്നീ മേളകളെ  അന്താരാഷ്ട്ര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ചലച്ചിത്ര സഹനിര്‍മ്മാണത്തിനും വിപണി വിപുലീകരണത്തിനുമുള്ള പ്രധാന വേദികളായി അവര്‍ അവതരിപ്പിച്ചു.

അംബാസഡര്‍ അജിത് വിനായക് ഗുപ്ത തന്റെ  പ്രസംഗത്തില്‍, സിനിമയെയും സര്‍ഗ്ഗാത്മകതയെയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കാനുള്ള കരുത്തുറ്റ ആയുധങ്ങളായി വിശേഷിപ്പിച്ചു. ഇ.എഫ്.എം (EFM)ലെ ഇന്ത്യയുടെ സാന്നിധ്യം രാജ്യത്തിന്റെ പുരാതനമായ കഥാഖ്യാന പാരമ്പര്യത്തെ മാത്രമല്ല, ആഗോള ക്രിയേറ്റീവ് വ്യവസായത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമ, സംസ്‌കാരം, നവീകരണം എന്നീ മേഖലകളില്‍ ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സഹകരണത്തെ അദ്ദേഹം പ്രശംസിക്കുകയും സാമ്പത്തികവും സൃഷ്ടിപരവുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതില്‍ ഇത്തരം വേദികളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.


ഭാരത് പവിലിയന്‍: സര്‍ഗ്ഗാത്മക പങ്കാളികളുടെ സംഗമവേദി

എന്‍.എഫ്.ഡി.സി (NFDC) സംഘടിപ്പിക്കുന്ന ഭാരത് പവിലിയന്‍, അന്താരാഷ്ട്ര ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കായി സജീവ സംഗമവേദിയായി പ്രവര്‍ത്തിക്കുന്നു. ബിസിനസ് മീറ്റിംഗുകള്‍, സഹനിര്‍മ്മാണ ചര്‍ച്ചകള്‍, നെറ്റ്‌വര്‍ക്കിംഗ് സംവാദങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇന്ത്യയെ ഒരു മികച്ച ഷൂട്ടിംഗ് ലൊക്കേഷനായും ഉള്ളടക്ക നിര്‍മ്മാണത്തിലെ (content partner) വിശ്വസ്ത പങ്കാളിയായും പവിലിയന്‍ അവതരിപ്പിക്കുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, സാംസ്‌കാരിക പ്രതിനിധികള്‍ എന്നിവര്‍ക്ക് പരസ്പരം സഹകരിക്കാനുള്ള കേന്ദ്രമായി ഇത് മാറുന്നു.

ഇത്തവണത്തെ പങ്കാളിത്തത്തിലെ ഒരു പ്രധാന ഘടകം ഇ.എഫ്.എം ഇന്നൊവേഷന്‍ ഹബ്ബിലെ (EFM Innovation Hub) ഇന്ത്യയുടെ സാന്നിധ്യമാണ്. നാല് ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ഇമ്മേഴ്‌സീവ് സ്‌റ്റോറിടെല്ലിംഗ് തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. AVGC-XR (ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്  എക്സ്റ്റന്‍ഡഡ് റിയാലിറ്റി) മേഖലയില്‍ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയും, കഥാഖ്യാനത്തിന്റെ  ഭാവിയില്‍ സാങ്കേതിക സംരംഭകത്വത്തിനുള്ള പങ്കും ഇത് വ്യക്തമാക്കുന്നു. സംരംഭങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനായുള്ള രാജ്യത്തിന്റെ വിപുലമായ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

ചുരുക്കത്തില്‍, ഇ.എഫ്.എം 2026ലെ ഇന്ത്യയുടെ പങ്കാളിത്തം കേവലം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. കണ്ടന്റ് ക്രിയേഷന്‍, ക്രിയേറ്റീവ് സംരംഭകത്വം, സാംസ്‌കാരിക വിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയില്‍ ഇന്ത്യയെ  ആഗോള നേതൃത്വത്തിലേക്ക്  ഉയര്‍ത്തുക എന്ന വ്യക്തമായ  കാഴ്ചപ്പാടാണ് ഇതിന് പിന്നിലുള്ളത്. ചലച്ചിത്ര പ്രവര്‍ത്തകരെയും സ്റ്റാര്‍ട്ടപ്പുകളെയും അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഭാരത് പവിലിയന്‍, ആഗോള വിനോദ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ രാജ്യത്തിന്റെ  വര്‍ദ്ധിച്ചുവരുന്ന പങ്ക് വിളിച്ചോതുന്നു.
***
 

( റിലീസ് ഐ.ഡി: 2227872) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Telugu