വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

തപാൽ ശൃംഖലയിലൂടെ മ്യൂച്വൽ ഫണ്ട് സേവനങ്ങൾ വ്യാപിപ്പിക്കാൻ തപാൽ വകുപ്പും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 10 FEB 2026 3:50PM by PIB Thiruvananthpuram
ഇന്ത്യൻ തപാൽ വകുപ്പും (DoP) രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (NSE) തമ്മിൽ തപാൽ ഓഫീസുകൾ വഴി മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.

രാജ്യത്തുടനീളമുള്ള 1.64 ലക്ഷത്തിലധികം തപാൽ ഓഫീസുകളുടെ വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തി, സെബി (SEBI) നിയമങ്ങൾക്കനുസൃതമായി മ്യൂച്വൽ ഫണ്ട് ഇടപാടുകൾ നടത്തുന്ന എൻഎസ്ഇയുടെ അത്യാധുനിക ഓൺലൈൻ സംവിധാനവുമായി തപാൽ വകുപ്പ് സഹകരിക്കും. ഗ്രാമീണ, അർദ്ധ-നഗര പ്രദേശങ്ങളിലുള്ളവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ കൂട്ടുകെട്ടിൻ്റെ പ്രധാന ലക്ഷ്യം.

ഇന്ത്യൻ പോസ്റ്റിൻ്റെ വിശ്വാസ്യതയും വൈപുല്യവും എൻഎസ്ഇയുടെ സാങ്കേതിക വൈദഗ്ധ്യവും ഒത്തുചേരുന്നതിലൂടെ സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ വ്യാപിപ്പിക്കുക എന്ന സർക്കാരിൻ്റെ കാഴ്ചപ്പാടിന് ഈ പങ്കാളിത്തം കരുത്തേകും. നിക്ഷേപകർക്കിടയിൽ അവബോധം വളർത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും മൂലധന വിപണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഉൽപ്പന്നങ്ങളിൽ കൂടുതൽ ജനങ്ങളെ പങ്കാളികളാക്കുന്നതിനും ഈ നീക്കം സഹായിക്കും.

 

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പിന് വേണ്ടി ജനറൽ മാനേജർ (സിറ്റിസൺ സെൻട്രിക് സർവീസസ്, റൂറൽ ബിസിനസ്) മനിഷ ബൻസാൽ ബാദലും, എൻഎസ്ഇക്ക് വേണ്ടി ചീഫ് ബിസിനസ് ഡെവലപ്‌മെൻ്റ്  ഓഫീസർ ശ്രീറാം കൃഷ്ണനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഇതിനുവേണ്ടി തപാൽ വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് മ്യൂച്വൽ ഫണ്ട് വിതരണക്കാരാകാൻ ആവശ്യമായ പരിശീലനം നൽകും. NISM സർട്ടിഫിക്കേഷൻ, EUIN രജിസ്ട്രേഷൻ തുടങ്ങിയ നിയമപരമായ നിബന്ധനകൾ പൂർത്തിയാക്കിയ ശേഷം ഇവർ എൻഎസ്ഇ പ്ലാറ്റ്‌ഫോം വഴി സേവനം നൽകും. മൂന്ന് വർഷത്തേക്കാണ് ഈ ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഉഭയസമ്മതപ്രകാരം ഇത് പുതുക്കാവുന്നതാണ്.

 "തപാൽ വകുപ്പ് എന്നും സാമ്പത്തിക ഉൾപ്പെടുത്തലിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. എൻഎസ്ഇയുമായുള്ള ഈ പങ്കാളിത്തം വഴി ആധുനിക നിക്ഷേപ മാർഗങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ സാധിക്കും." -തപാൽ വകുപ്പ് ജനറൽ മാനേജർ മനിഷ ബൻസാൽ ബാദൽ പറഞ്ഞു.

 "ഇന്ത്യൻ പോസ്റ്റിൻ്റെ  ഭൗതിക സാന്നിധ്യവും എൻഎസ്ഇയുടെ ഡിജിറ്റൽ സംവിധാനവും ചേരുന്നത് രാജ്യത്തിൻ്റെ  മുക്കിലും മൂലയിലും മൂലധന വിപണി സേവനങ്ങൾ എത്തിക്കാൻ സഹായിക്കും."-എൻഎസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെൻ്റ്  ഓഫീസർ ശ്രീറാം കൃഷ്ണൻ പറഞ്ഞു.

ടയർ-2, ടയർ-3 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മ്യൂച്വൽ ഫണ്ട് നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയെ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹമാക്കി മാറ്റുന്നതിനും ഈ സംരംഭം വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സാമ്പത്തിക സാക്ഷരത, നിക്ഷേപക സംരക്ഷണം, രാജ്യത്തുടനീളമുള്ള സാമ്പത്തിക സേവനങ്ങളിലേക്കുള്ള സമഗ്രമായ പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ തുടർച്ചയായ ശ്രമങ്ങളുമായി ഭാഗമാണ് ഈ സംരഭം.
*******

( റിലീസ് ഐ.ഡി: 2226035) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi