രാജ്യരക്ഷാ മന്ത്രാലയം
വിമുക്തഭടന്മാർ (കേന്ദ്ര സിവിൽ സർവീസുകളിലേയും തസ്തികകളിലേയും പുനർനിയമനം) ഭേദഗതി ചട്ടങ്ങൾ 2026 സർക്കാർ വിജ്ഞാപനം ചെയ്തു
മിലിട്ടറി നഴ്സിംഗ് സർവീസ് (MNS) ഉദ്യോഗസ്ഥരെ പുനർനിയമന ചട്ടങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി; പുനരധിവാസവും രണ്ടാം ഘട്ട ഔദ്യോഗിക ജീവിതത്തിനുള്ള അവസരങ്ങളും ശക്തിപ്പെടുത്തുന്നു
പോസ്റ്റഡ് ഓണ്‍:
10 FEB 2026 3:04PM by PIB Thiruvananthpuram
ഭരണഘടനയുടെ 309-ാം അനുച്ഛേദം അനുസരിച്ച്, വിമുക്തഭടന്മാർ (കേന്ദ്ര സിവിൽ സർവീസുകളിലേയും തസ്തികകളിലേയും പുനർനിയമനം) ഭേദഗതി ചട്ടങ്ങൾ 2026 സർക്കാർ വിജ്ഞാപനം ചെയ്തു. ചട്ടം 2(c)(i)-ൽ വരുത്തിയ പ്രധാന മാറ്റം, കരസേന, നാവികസേന അല്ലെങ്കിൽ വ്യോമസേന എന്നിവയിൽ യുദ്ധസേനാംഗമായോ യുദ്ധേതര സേനാംഗമായോ ഏതു റാങ്കിലും സേവനം അനുഷ്ഠിച്ചവരേയും, അതുപോലെ ഇന്ത്യൻ യൂണിയൻ്റെ മിലിട്ടറി നഴ്സിംഗ് സർവീസിലെ (MNS) ഉദ്യോഗസ്ഥരേയും കേന്ദ്ര സിവിൽ സർവീസുകളിലെ വിമുക്തഭടന്മാരുടെ പുനർനിയമനത്തിനായുള്ള നിർവ്വചന പരിധിയിൽ വ്യക്തമായി ഉൾപ്പെടുത്തി പരിഷ്കരിച്ചു.
കമ്മീഷൻഡ് ഓഫീസർമാരായ എംഎൻഎസ് ഉദ്യോഗസ്ഥർക്ക് മറ്റ് വിമുക്തഭടന്മാരെപ്പോലെ തന്നെ പുനർനിയമന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടോ എന്ന കാര്യത്തിൽ നേരത്തെ നിലനിന്നിരുന്ന അവ്യക്തത ഈ നീക്കം ഇല്ലാതാക്കുന്നു. ഈ ഭേദഗതി എംഎൻഎസ് ഉദ്യോഗസ്ഥരെ പുനർനിയമന ചട്ടങ്ങൾക്ക് കീഴിൽ ഔദ്യോഗികമായി അംഗീകരിക്കുകയും മുൻ പ്രതിരോധ ഉദ്യോഗസ്ഥരിലെ ഒരു വലിയ വിഭാഗത്തിന് പുനരധിവാസത്തിനും രണ്ടാം ഘട്ട തൊഴിൽ അവസരങ്ങൾക്കും വേണ്ടിയുള്ള പിന്തുണ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ചട്ടം 2, ക്ലോസ് (c) ഭേദഗതി പ്രകാരം, 'വിമുക്തഭടന്മാർ' എന്നതിൻ്റെ നിർവ്വചനത്തിൽ റെഗുലർ ആർമി, നാവികസേന, വ്യോമസേന എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ യൂണിയൻ്റെ മിലിട്ടറി നഴ്സിംഗ് സർവീസ് കൂടി ഇപ്പോൾ വ്യക്തമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധസേനാംഗമായോ യുദ്ധേതര സേനാംഗമായോ ആയി ഏതെങ്കിലും റാങ്കിൽ സേവനമനുഷ്ഠിച്ച ഏതൊരാൾക്കും ഈ ചട്ടം ബാധകമാണ്. 2026 ഫെബ്രുവരി 9-ന് പ്രസിദ്ധീകരിച്ച ഉടൻ തന്നെ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു.
ഈ ഭേദഗതി എംഎൻഎസ് ഉദ്യോഗസ്ഥർക്ക് താഴെപ്പറയുന്നവയിലേക്ക് ഔദ്യോഗികമായി പ്രവേശനം നല്കുന്നു:
- സംവരണ ക്വാട്ടകൾ: കേന്ദ്ര സർക്കാർ തസ്തികകളിൽ ഗ്രൂപ്പ് 'സി'-യിൽ 10 ശതമാനവും ഗ്രൂപ്പ് 'ഡി'-യിൽ 20 ശതമാനവും.
- പ്രായപരിധിയിൽ ഇളവ്: സിവിൽ ജോലിക്കുള്ള യോഗ്യതയ്ക്കായി അവരുടെ യഥാർത്ഥ പ്രായത്തിൽ നിന്ന് സൈനിക സേവനത്തിൻ്റെ വർഷങ്ങളും ഒപ്പം 3 വർഷവും കുറയ്ക്കാനുള്ള സൗകര്യം.
- തൊഴിൽ മുൻഗണന: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റേയും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റേയും മുന്നിൽ മറ്റ് വിമുക്തഭടന്മാർക്ക് തുല്യമായ പരിഗണന.
*************
( റിലീസ് ഐ.ഡി: 2226031)
സന്ദര്‍ശക കൗണ്ടര്‍ : 12