പ്രധാനമന്ത്രിയുടെ ഓഫീസ്
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള പ്രതിനിധിതല ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
08 FEB 2026 11:41AM by PIB Thiruvananthpuram
എന്റെ പ്രിയ സുഹൃത്തേ, പ്രധാനമന്ത്രി, താങ്കളോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എനിക്കും എന്റെ പ്രതിനിധി സംഘത്തിനും ലഭിച്ച സ്വീകരണവും, പാരമ്പര്യങ്ങൾക്കും അപ്പുറം മലേഷ്യൻ ജീവിതത്തിന്റെ സത്ത വെറും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്ര മനോഹരമായി താങ്കൾ അവതരിപ്പിച്ച രീതിയും എന്റെ ഓർമ്മയിൽ എന്നും നിലനിൽക്കും. ഇതിനായി ഞാൻ എന്റെ ആഴമായ നന്ദി പ്രകടിപ്പിക്കുന്നു. സൗഹൃദത്തിന്റെ അർത്ഥവും അതിന്റെ ആഴവും പരപ്പും ഞാൻ യഥാർത്ഥത്തിൽ അനുഭവിച്ചറിഞ്ഞു, അതിന് ഞാൻ താങ്കളോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
ആദരണീയ പ്രധാനമന്ത്രി ,
പ്രധാനമന്ത്രി എന്ന നിലയിൽ മൂന്നാം തവണ മലേഷ്യ സന്ദർശിക്കാനും, താങ്കളുടെ ഭരണകാലയളവിൽ ഇത് നാലാം തവണ താങ്കളെ കാണാനും സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇത് നമ്മുടെ ബന്ധത്തിന്റെ വേഗതയെയും ചടുലതയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ കൈവരിച്ച വേഗതയും ആഴവും തീർച്ചയായും പ്രചോദനാത്മകമാണ്. ഇതിൽ താങ്കൾ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഇന്ന്, കൃഷി, ഉൽപ്പാദനം മുതൽ ക്ലീൻ എനർജി (ശുദ്ധമായ ഊർജ്ജം), സെമികണ്ടക്ടറുകൾ വരെ നമ്മുടെ സഹകരണം വ്യാപിച്ചുകിടക്കുന്നു. നൈപുണ്യ വികസനത്തിലും ശേഷി വർദ്ധിപ്പിക്കലിലും നമ്മൾ പ്രധാന പങ്കാളികളാണ്. നമ്മുടെ പ്രതിരോധ-സുരക്ഷാ സഹകരണം കൂടുതൽ കരുത്താർജ്ജിച്ചു വരികയുമാണ്.
ആദരണീയ പ്രധാനമന്ത്രി ,
ആസിയാന്റെ (ASEAN) വിജയകരമായ അധ്യക്ഷപദവിക്ക് ഞാൻ താങ്കളെ ഒരിക്കൽ കൂടി ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. മലേഷ്യയുടെ പിന്തുണയോടെ ആസിയാനുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും അതിന്റെ വ്യാപ്തി വർദ്ധിക്കുമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
ആദരണീയ പ്രധാനമന്ത്രി ,
നമ്മുടെ ബന്ധത്തിന്റെ യഥാർത്ഥ കരുത്ത് ജനങ്ങൾ തമ്മിലുള്ള ബന്ധമാണ്.ഇന്ത്യൻ വംശജരായ ഏതാണ്ട് മുപ്പത് ലക്ഷത്തോളം വരുന്ന മലേഷ്യൻ പൗരന്മാർ നമ്മുടെ രാജ്യങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു പാലമായി നിലകൊള്ളുന്നു. ഇന്നലെ, താങ്കളോടൊപ്പം പ്രവാസികളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അത് സവിശേഷമായ ഒരു അനുഭവമായിരുന്നു. അവർക്ക് താങ്കളോടുള്ള ആഴമായ ബഹുമാനവും സ്നേഹവും ഞാൻ കണ്ടു, അത് എന്നിൽ അഭിമാനം നിറച്ചു. ഭീകരവാദത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ, സുഹൃദ് രാഷ്ട്രങ്ങളുടെ പിന്തുണയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ആദരണീയ പ്രധാനമന്ത്രി
ഇന്ത്യയുടെയും മലേഷ്യയുടെയും അഭിവൃദ്ധി പരസ്പരബന്ധിതമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അസ്ഥിരത നിറഞ്ഞ ഇന്നത്തെ ആഗോള സാഹചര്യത്തിൽ, സമുദ്ര അയൽക്കാർ എന്ന നിലയിൽ ഇന്ത്യയും മലേഷ്യയും തങ്ങളുടെ ബന്ധത്തിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ന് എന്റെ സന്ദർശനത്തിന്റെ പ്രധാന സന്ദേശം വളരെ വ്യക്തമാണ്: മലേഷ്യയുമായുള്ള പങ്കാളിത്തം എല്ലാ മേഖലകളിലും വിപുലീകരിച്ചും ആഴത്തിലാക്കിയും പുതിയ ഉയരങ്ങളിലെത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളവും ഗംഭീരവുമായ സ്വീകരണത്തിന് താങ്കളോടും താങ്കളുടെ മുഴുവൻ ടീമിനോടും ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
-NK-
( റിലീസ് ഐ.ഡി: 2225716)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada