ആഭ്യന്തരകാര്യ മന്ത്രാലയം
ഛത്തീസ്ഗഢിലെ റായ്പൂരിൽ ഇടതുപക്ഷ തീവ്രവാദം സംബന്ധിച്ച സുരക്ഷാ അവലോകന യോഗത്തിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു
പോസ്റ്റഡ് ഓണ്‍:
08 FEB 2026 7:51PM by PIB Thiruvananthpuram
ഛത്തീസ്ഗഢിലെ റായ്പൂരിൽ ഇടതുപക്ഷ തീവ്രവാദം (LWE) സംബന്ധിച്ച സുരക്ഷാ അവലോകന യോഗത്തിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. തുടർന്ന്, സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഈ യോഗങ്ങളിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായ്, ഉപമുഖ്യമന്ത്രി ശ്രീ വിജയ് ശർമ്മ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ (IB) ഡയറക്ടർ, ആഭ്യന്തര മന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷയ്ക്കായുള്ള സ്പെഷ്യൽ സെക്രട്ടറി, ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു. സെൻട്രൽ റിസർവ് പോലീസ് സേന (CRPF), ദേശീയ അന്വേഷണ ഏജൻസി (NIA), അതിർത്തി സുരക്ഷാ സേന (BSF), ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് (ITBP) എന്നിവയുടെ ഡയറക്ടർ ജനറൽമാരും ഛത്തീസ്ഗഡ്, തെലങ്കാന, ജാർഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും പോലീസ് ഡയറക്ടർ ജനറൽമാരും യോഗങ്ങളിൽ സന്നിഹിതരായിരുന്നു.
കേന്ദ്ര–ഛത്തീസ്ഗഢ് സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷാ കേന്ദ്രീകൃത തന്ത്രം, അടിസ്ഥാന സൗകര്യ വികസനം, നക്സൽ സാമ്പത്തിക ശൃംഖലയെ ലക്ഷ്യമാക്കി സ്വീകരിച്ച ശക്തമായ നടപടികൾ, കീഴടങ്ങൽ നയം എന്നിവ മികച്ച ഫലങ്ങൾ ഉളവാക്കുകയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. വരുന്ന മാർച്ച് 31-നുമുമ്പ് നക്സലിസം പൂർണ്ണമായും തുടച്ചുനീക്കാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഒരു കാലത്ത് നക്സൽ അക്രമങ്ങളുടെ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഛത്തീസ്ഗഢ്, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാരുകളുടെ പരിശ്രമഫലമായി വികസനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ യുവാക്കൾ കായിക രംഗം, ഫോറൻസിക് ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കുകയോടൊപ്പം സ്വന്തം സംസ്കാരവും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നിന്ന് നക്സലിസമെന്ന വിപത്തിനെ പൂർണ്ണമായും തുടച്ചുനീക്കുന്നതിന് ഇരട്ട എഞ്ചിൻ സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും ശക്തമായി നടത്തിവരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലയളവിൽ നക്സലിസം അതിന്റെ അന്ത്യത്തിലേക്ക് അടുക്കുകയാണെന്നും 2026 മാർച്ച് 31-നുമുമ്പ് രാജ്യം പൂർണ്ണമായും നക്സൽ വിമുക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും അന്ധകാരത്തിലേക്ക് നിരവധി തലമുറകളെ തള്ളിവിട്ട നക്സലിസത്തിൽ നിന്ന് രാജ്യം ഉടൻ മോചിതമാകുമെന്നും അദ്ദേഹം പറഞ്ഞു. നക്സലുകൾക്കെതിരായ പോരാട്ടം ചിതറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ച ശ്രീ ഷാ, വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഏജൻസികളും തമ്മിലുള്ള സുഗമവും ശക്തവുമായ ഏകോപനം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന നക്സലുകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ ഒരുതരത്തിലും അനുവദിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
സുരക്ഷാ രംഗത്തും വികസന രംഗത്തും ഛത്തീസ്ഗഢ് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നക്സൽ ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കും വികസനത്തിന്റെ പ്രയോജനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
****
( റിലീസ് ഐ.ഡി: 2225301)
സന്ദര്‍ശക കൗണ്ടര്‍ : 15