പ്രധാനമന്ത്രിയുടെ ഓഫീസ്
മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
പോസ്റ്റഡ് ഓണ്‍:
07 FEB 2026 5:42PM by PIB Thiruvananthpuram
ആദരണീയ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം,
എന്റെ പ്രിയ സുഹൃത്തുക്കളെ, സഹോദരീ സഹോദരന്മാരെ,
सलामत पतांग!
वणक्कम्!
सुखमाणो?
सत श्री अकाल!
बागुन्नारा?
केम-छो?
നിങ്ങളുടെ ഈ ഊഷ്മളമായ സ്വീകരണം നമ്മുടെ പങ്കിട്ട സംസ്കാരത്തിന്റെ മനോഹരമായ വൈവിധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
മാത്രമല്ല, എന്നെ സ്വീകരിക്കാൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തുകയും, സ്വന്തം കാറിൽ എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അദ്ദേഹത്തിന്റെ കാറിൽ മാത്രമല്ല, തന്റെ സീറ്റിലും അദ്ദേഹം എനിക്ക് ഇടം നൽകി. ഈ സവിശേഷമായ കരുതലുകൾ ഇന്ത്യയോടും നിങ്ങളോരോരുത്തരോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമാണ്.
നിങ്ങളുടെ ഹൃദ്യമായ വാക്കുകൾക്കും സ്വീകരണത്തിനും ഈ ബന്ധത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
റെക്കോർഡുകൾ ഭേദിച്ച ഒരു സാംസ്കാരിക പ്രകടനം നാം ഇപ്പോൾ കണ്ടുകഴിഞ്ഞു. 800-ലധികം നർത്തകർ തികഞ്ഞ ഐക്യത്തോടെയാണ് അത് അവതരിപ്പിച്ചത്. ഈ പ്രകടനം വരും വർഷങ്ങളിൽ നമ്മുടെ ജനങ്ങൾ ഓർത്തിരിക്കും. നിങ്ങളെ ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു. ഇതിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആ പദവിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഞങ്ങൾ സുഹൃത്തുക്കളാണ്. പരിഷ്കാരങ്ങളിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും, മികച്ച ബുദ്ധിശക്തിയും, 2025-ലെ ആസിയാൻ (ASEAN) ഉച്ചകോടിയുടെ കാര്യക്ഷമമായ അധ്യക്ഷപദവിയും പ്രശംസനീയമാണ്.
കഴിഞ്ഞ വർഷം ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മലേഷ്യയിലേക്ക് ഉടൻ എത്തുമെന്ന് എന്റെ സുഹൃത്തിന് ഞാൻ വാക്ക് നൽകിയിരുന്നു. ആ വാഗ്ദാനം പാലിച്ചുകൊണ്ട് ഞാൻ ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നു.
2026-ലെ എന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഈ ഉത്സവകാലത്ത് നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. മകരസംക്രാന്തിയും പൊങ്കലും തൈപ്പൂയവും എല്ലാവരും വലിയ സന്തോഷത്തോടെ ആഘോഷിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. വൈകാതെ ശിവരാത്രി വരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ റമദാൻ ആരംഭിക്കും, തുടർന്ന് ഹരി രായ (Hari Raya) ഭക്തിപൂർവ്വം ആഘോഷിക്കപ്പെടും. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേരുന്നു.
സുഹൃത്തുക്കളേ,
ലോകത്ത് ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് മലേഷ്യ. ഇന്ത്യക്കാരുടെയും മലേഷ്യക്കാരുടെയും ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഞാനും പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും അല്പം മുമ്പ് കണ്ട ആ പ്രദർശനം ഈ ബന്ധങ്ങളെ മനോഹരമായി വരച്ചുകാട്ടുന്നു. നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന സജീവമായ ഒരു പാലമാണ് നിങ്ങൾ.
നിങ്ങൾ 'റൊട്ടി ചനായി'യെ നമ്മുടെ 'മലബാർ പൊറോട്ട'യുമായി ബന്ധിപ്പിച്ചിരിക്കുന്നു.
തേങ്ങ, സുഗന്ധവ്യഞ്ജനങ്ങൾ, പിന്നെ തീർച്ചയായും തേഹ് താരിക്....
കോലാലംപൂരിലായാലും കൊച്ചിയിലായാലും, ഈ രുചികൾക്കെല്ലാം ഒരേ പരിചിതഭാവമാണ്. നമ്മൾ പരസ്പരം നന്നായി മനസ്സിലാക്കുന്നു. നമ്മുടെ ഭാഷകളും മലായ് ഭാഷയും തമ്മിലുള്ള ഒട്ടേറെ സമാന പദങ്ങൾ കൊണ്ടാകാം ഇത്.
ഇന്ത്യൻ സിനിമകൾക്കും സംഗീതത്തിനും മലേഷ്യയിൽ വലിയ പ്രചാരമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വളരെ നന്നായി പാടുമെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്നാൽ നാട്ടിലെ പല ഇന്ത്യക്കാർക്കും അത് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ സന്ദർശന വേളയിൽ അവർ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ഒരു പഴയ ഹിന്ദി ഗാനം ആലപിക്കുന്ന വീഡിയോ ഇന്ത്യയിൽ വൈറലായിരുന്നു! ഇതിഹാസ താരം എം.ജി.ആറിന്റെ തമിഴ് പാട്ടുകളെ അദ്ദേഹം സ്നേഹിക്കുന്നു എന്നത് അതിശയകരമാണ്.
സുഹൃത്തുക്കളേ,
നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് എനിക്കറിയാം. 2001-ലെ ഒരു സംഭവം ഞാൻ വ്യക്തമായി ഓർക്കുന്നു. എന്റെ ജന്മനാടായ ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ, നിങ്ങളിൽ പലരും സഹായഹസ്തവുമായി മുന്നോട്ടുവന്നു. അതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു.
അതിനും എത്രയോ മുമ്പ്, ഇന്ത്യയെ ഒരു സ്വതന്ത്ര രാജ്യമാക്കാൻ നിങ്ങളുടെ പൂർവ്വികരിൽ ആയിരക്കണക്കിന് ആളുകൾ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അവരിൽ പലരും ഇന്ത്യ കണ്ടിട്ടുപോലുമില്ലായിരുന്നു. എങ്കിലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) ആദ്യമായി ചേർന്നവരിൽ അവരും ഉണ്ടായിരുന്നു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി മലേഷ്യയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന് നാം 'നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ കൾച്ചറൽ സെന്റർ' എന്ന് പുനർനാമകരണം ചെയ്തു. മലേഷ്യയിലെ നേതാജി സർവീസ് സെന്ററിന്റെയും നേതാജി വെൽഫെയർ ഫൗണ്ടേഷന്റെയും പരിശ്രമങ്ങളെയും ഈ അവസരത്തിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളേ,
നൂറ്റാണ്ടുകളായി നിങ്ങൾ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്ന രീതി ശ്രദ്ധേയമാണ്. അടുത്തയിടെ എന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ' ഞാൻ നിങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. മലേഷ്യയിലെ 500-ലധികം സ്കൂളുകളിൽ കുട്ടികളെ ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നുണ്ടെന്ന കാര്യം 140 കോടി ഇന്ത്യക്കാരുമായി ഞാൻ പങ്കുവെച്ചു.
തിരുവള്ളുവർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാന്മാരായ സന്യാസിമാരുടെ സ്വാധീനം ഇവിടെയും അനുഭവിക്കാൻ കഴിയും. കഴിഞ്ഞ ആഴ്ച ബാതു ഗുഹകളിൽ നടന്ന തൈപ്പൂയം പഴനിയിലെ ആഘോഷങ്ങളെപ്പോലെ അത്രമേൽ ഭക്തിനിർഭരമായിരുന്നു. ബഗാൻ ദാതോഹിലുള്ള ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ സാംസ്കാരിക ആഘോഷങ്ങളും അതുപോലെതന്നെ ഗംഭീരമാണ്.
ഇവിടെ 'ഗർബ' നൃത്തം വളരെ ജനപ്രിയമാണെന്ന് ഞാൻ അറിഞ്ഞു. ഇവിടെ ജീവിക്കുന്ന നമ്മുടെ സിഖ് സഹോദരങ്ങളുമായുള്ള സാംസ്കാരിക ബന്ധങ്ങളെയും നമ്മൾ ആഴത്തിൽ വിലമതിക്കുന്നു. 'നാം ജപോ, കിരത് കരോ, വണ്ട് ചക്കോ' എന്ന ശ്രീ ഗുരുനാനക് ദേവ് ജിയുടെ വചനങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് നിങ്ങൾ ഇന്നും ആ ആശയങ്ങൾ പിന്തുടരുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെയുണ്ട്. സാംസ്കാരിക ഐക്യത്തിന്റെ ചരടുകൾ നമ്മെ ശക്തമായി ബന്ധിപ്പിക്കുന്നു. നാനാത്വത്തിലെ ഏകത്വം മനസ്സിലാക്കുന്നു എന്നതാണ് നമ്മുടെ കരുത്ത്.
സുഹൃത്തുക്കളേ,
തമിഴ് ഭാഷ ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ്. തമിഴ് സാഹിത്യം അനശ്വരവും തമിഴ് സംസ്കാരം ആഗോളവുമാണ്. അതേപോലെ തന്നെ, തമിഴ് ജനതയും തങ്ങളുടെ കഴിവുകൾ കൊണ്ട് മനുഷ്യരാശിയെ സേവിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജി, ഇന്ന് നമ്മോടൊപ്പമുള്ള വിദേശകാര്യ മന്ത്രി ജയശങ്കർ ജി, ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ ജി, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. മുരുകൻ എന്നിവരെല്ലാം തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു.
അതുപോലെ തന്നെ, മലേഷ്യയിലെ തമിഴ് പ്രവാസികളും വിവിധ മേഖലകളിൽ സമൂഹത്തെ സേവിക്കുന്നു. വാസ്തവത്തിൽ, തമിഴ് പ്രവാസികൾ നൂറ്റാണ്ടുകളായി ഇവിടെയുണ്ട്. ഈ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മലായ സർവ്വകലാശാലയിൽ തിരുവള്ളുവർ ചെയർ സ്ഥാപിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നമ്മുടെ പങ്കിട്ട പൈതൃകത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ ഇനി ഒരു തിരുവള്ളുവർ സെന്റർ കൂടി സ്ഥാപിക്കും.
സുഹൃത്തുക്കളേ,
മലേഷ്യയുമായുള്ള നമ്മുടെ ബന്ധം ഓരോ വർഷവും പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. 2024-ൽ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ, നമ്മുടെ ബന്ധത്തെ നമ്മൾ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി.
ഇന്ന്, പുരോഗതിയിലേക്കും സമൃദ്ധിയിലേക്കുമുള്ള പാതയിൽ പങ്കാളികളായി നമ്മൾ കൈകോർത്ത് മുന്നോട്ടു പോകുന്നു. നമ്മുടെ സ്വന്തം വിജയം എന്നപോലെ ഓരോ വിജയവും പരസ്പരം നമ്മൾ ആഘോഷിക്കുന്നു. ചന്ദ്രയാൻ-3ന്റെ ചരിത്രപരമായ വിജയത്തിൽ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ച ആശംസകൾ എന്നെ സ്പർശിച്ചു. എന്റെ പ്രിയ സുഹൃത്തേ, ഞാൻ നിങ്ങളോട് യോജിക്കുന്നു. ഇന്ത്യയുടെ വിജയം മലേഷ്യയുടെ വിജയമാണ്, അത് ഏഷ്യയുടെ വിജയമാണ്.
അതുകൊണ്ടാണ് നമ്മുടെ ബന്ധത്തെ നയിക്കുന്ന വാക്ക് 'IMPACT' ആണെന്ന് ഞാൻ പറയുന്നത്. IMPACT എന്നാൽ കൂട്ടായ സാമൂഹിക പരിവർത്തനത്തിന് വേണ്ടിയുള്ള ഇന്ത്യ-മലേഷ്യ പങ്കാളിത്തം എന്നാണ് അർത്ഥമാക്കുന്നത്.
നമ്മുടെ ബന്ധത്തിന്റെ വേഗതയിലുള്ള സ്വാധീനം (IMPACT)
നമ്മുടെ ലക്ഷ്യങ്ങളുടെ വ്യാപ്തിയിലുള്ള സ്വാധീനം (IMPACT)
നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായുള്ള സ്വാധീനം (IMPACT)
ഒത്തൊരുമിച്ച് നമുക്ക് മനുഷ്യരാശിക്കു മുഴുവൻ ഗുണമുണ്ടാക്കാൻ സാധിക്കും!
സുഹൃത്തുക്കളേ,
മലേഷ്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യൻ കമ്പനികൾ എന്നും താല്പര്യം കാണിച്ചിട്ടുണ്ട്. മലേഷ്യയിലെ ആദ്യത്തെയും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇൻസുലിൻ ഉൽപ്പാദന കേന്ദ്രം നിർമ്മിക്കുന്നതിൽ പങ്കാളികളാകാൻ കഴിഞ്ഞത് ഭാഗ്യമായി ഞങ്ങൾ കരുതുന്നു.
ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നൂറിലധികം ഇന്ത്യൻ ഐടി കമ്പനികൾ മലേഷ്യയിൽ പ്രവർത്തിക്കുന്നുണ്ട്. മലേഷ്യ-ഇന്ത്യ ഡിജിറ്റൽ കൗൺസിൽ നമ്മുടെ ഡിജിറ്റൽ സഹകരണത്തിന് പുതിയ പാതകൾ തുറക്കുകയാണ്. ഇന്ത്യയുടെ യുപിഐ സംവിധാനം ഉടൻ തന്നെ മലേഷ്യയിൽ എത്തുമെന്ന വിവരം നിങ്ങളുമായി പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യൻ മഹാസമുദ്രത്തിന്റെ നീലിമ നമ്മൾ ഒരുപോലെ പങ്കിടുന്നു. സമുദ്രത്തിന് അക്കരെയും ഇക്കരെയുമുള്ള നമ്മൾ പരസ്പരം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ ഞാൻ നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും ഇന്ത്യ അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. ഒരു പതിറ്റാണ്ടിനിടെ നമ്മുടെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. റെക്കോർഡ് വേഗത്തിലാണ് ദേശീയ പാതകൾ നിർമ്മിക്കപ്പെടുന്നത്. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ അന്താരാഷ്ട്ര തലത്തിൽ പ്രശംസ പിടിച്ചുപറ്റുന്നു. 'ഇൻക്രെഡിബിൾ ഇന്ത്യ' (അവിശ്വസനീയ ഭാരതം) നേരിട്ട് അനുഭവിച്ചറിയാൻ കൂടുതൽ ആളുകൾ അങ്ങോട്ടേയ്ക്ക് യാത്ര ചെയ്യണമെന്ന് ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
നിങ്ങൾ വരുമ്പോൾ തനിച്ച് വരാതെ നിങ്ങളുടെ മലായ് സുഹൃത്തുക്കളെയും കൂടെ കൂട്ടണം. കാരണം, ജനങ്ങൾ തമ്മിലുള്ള ബന്ധമാണ് നമ്മുടെ സൗഹൃദത്തിന്റെ അടിസ്ഥാനശില.
സുഹൃത്തുക്കളേ,
നമ്മൾ 2015-ൽ കണ്ടുമുട്ടിയപ്പോൾ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചാണ് ഞാൻ നിങ്ങളോട് സംസാരിച്ചത്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത്. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു.
അന്ന് നമ്മൾ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ന് നമ്മൾ ലോകത്തിലെ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ കൂടിയാണ് ഇന്ത്യ.
അന്ന് 'മേക്ക് ഇൻ ഇന്ത്യ' എന്നത് നട്ടുപിടിപ്പിച്ച ഒരു തൈ മാത്രമായിരുന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ്. നമ്മുടെ പ്രതിരോധ കയറ്റുമതി 2014-ന് ശേഷം ഏകദേശം 30 മടങ്ങ് വർദ്ധിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ്ബായും ഇന്ത്യ മാറി.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് ആവാസവ്യവസ്ഥയും നമ്മൾ കെട്ടിപ്പടുത്തു. നമ്മുടെ യുപിഐ പ്ലാറ്റ്‌ഫോമിന് നന്ദി, ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ പകുതിയോളം നടക്കുന്നത് ഇന്ത്യയിലാണ്.
അതിവേഗം വളരുമ്പോഴും നമ്മുടെ വളർച്ച സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാണെന്ന് നമ്മൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു പതിറ്റാണ്ടിനിടെ നമ്മുടെ സൗരോർജ്ജ ഉൽപ്പാദനം ഏകദേശം 40 മടങ്ങ് വർദ്ധിച്ചു.
സുഹൃത്തുക്കളേ,
മുമ്പ് ഇന്ത്യയെ ഒരു വലിയ വിപണിയായി മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മൾ നിക്ഷേപത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമാണ്. വളർച്ചയുടെ കാര്യത്തിൽ വിശ്വസിക്കാവുന്ന ഒരു പങ്കാളിയായാണ് ഇന്ത്യയെ ഇന്ന് ലോകം കാണുന്നത്. യുകെ, യുഎഇ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഒമാൻ, യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യുഎസ്എ എന്നിങ്ങനെ ഏത് രാജ്യമാകട്ടെ, അവരെല്ലാം ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നു. വിശ്വാസ്യത എന്നത് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യ നിങ്ങളെ എപ്പോഴും ഇരുകൈകളും നീട്ടി സ്വീകരിക്കും. അതുകൊണ്ടാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മൾ ചരിത്രപരമായ ഒരു തീരുമാനമെടുത്തത്. ആറാം തലമുറയിൽപ്പെട്ട ഇന്ത്യൻ വംശജരായ മലേഷ്യൻ പൗരന്മാർക്കും ഒസിഐ (OCI) കാർഡിനുള്ള അർഹത നമ്മൾ നീട്ടി നൽകി.
ഇന്ത്യൻ സ്കോളർഷിപ്പ് ട്രസ്റ്റ് ഫണ്ടിനെ നമ്മൾ പിന്തുണച്ചുവരുന്നു. ഇനി മുതൽ ഇന്ത്യയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി നമ്മൾ തിരുവള്ളുവർ സ്കോളർഷിപ്പും നൽകാൻ പോകുന്നു. ഇന്ത്യയെ അറിയുക (Know India) പരിപാടിയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
മലേഷ്യയിൽ ഇന്ത്യയുടെ പുതിയൊരു കോൺസുലേറ്റ് ഉടൻ തന്നെ തുറക്കാൻ പോകുന്നു എന്ന വിവരം നിങ്ങളിൽ സന്തോഷമുണ്ടാക്കുമെന്ന് എനിക്കറിയാം. ഇത് നമ്മെ തമ്മിൽ കൂടുതൽ അടുപ്പത്തിലേയ്ക്ക് നയിക്കും.
സുഹൃത്തുക്കളേ,
2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനാണ് 140 കോടി ഇന്ത്യക്കാർ ആഗ്രഹിക്കുന്നത്.
വികസിത ഭാരതം നിർമ്മിക്കണ്ടേ? (വികസിത് ഭാരത് ബനാനാ ഹേ നാ?)
വികസിത ഭാരതം നമ്മൾ നിർമ്മിക്കില്ലേ? (വികസിത് ഭാരത് ബനാകെ രഹേംഗേ കി നഹി രഹേംഗേ?)
നമ്മുടെ സ്വപ്നങ്ങൾ നമ്മൾ സാക്ഷാത്കരിക്കില്ലേ? (ഹം അപ്‌നെ സപ്‌നോ കോ സാകാർ കരേംഗേ കി നഹി കരേംഗേ?)
നമ്മൾ സ്വപ്നങ്ങളെ ദൃഢനിശ്ചയമാക്കി മാറ്റില്ലേ? (ഹം സപ്‌നോ കോ സങ്കല്പ് മേം ബദലേംഗേ കി നഹി ബദലേംഗേ?)
നമ്മൾ ആ ലക്ഷ്യം നേടിയെടുക്കില്ലേ? (ഹം സങ്കല്പ് കോ സിദ്ധ് കർക്കെ രഹേംഗേ കി നഹി രഹേംഗേ?)
ഈ യാത്രയിൽ, നമ്മുടെ പ്രവാസി ഭാരതീയർ വിലപ്പെട്ട പങ്കാളികളാണ്. നിങ്ങൾ ജനിച്ചത് കോലാലംപൂരിലായാലും കൊൽക്കത്തയിലായാലും, നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യ ജീവിക്കുന്നു. മലേഷ്യയുടെയും ഇന്ത്യയുടെയും പുരോഗതിയുടെ സജീവ ഭാഗമാണ് നിങ്ങൾ. സമൃദ്ധമായ മലേഷ്യയുടെയും വികസിത ഭാരതത്തിന്റെയും കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കാൻ നിങ്ങൾ സഹായിക്കും.
ജയ് ഹിന്ദ്!
-NK-
( റിലീസ് ഐ.ഡി: 2225028)
സന്ദര്‍ശക കൗണ്ടര്‍ : 6