റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻസെറ്റുകളുടെ 260 റേക്ക് നിർമ്മിക്കാൻ പദ്ധതി: അശ്വിനി വൈഷ്ണവ്

प्रविष्टि तिथि: 04 FEB 2026 4:59PM by PIB Thiruvananthpuram

സുരക്ഷിതവും വിശ്വസനീയവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിന് വന്ദേ സ്ലീപ്പർ പോലുള്ള പുതിയ റോളിംഗ് സ്റ്റോക്കുകളുടെ നിർമാണ പ്രക്രിയയ്ക്ക് സാങ്കേതിക നവീകരണം, തന്ത്രപരമായ ആസൂത്രണം, നിർമ്മാണം എന്നിവ സംയോജിപ്പിച്ച് ഒരു സമഗ്ര സമീപനം ആവശ്യമാണ്. ഇതിൽ ആദ്യ മാതൃകാ വികസനം, വിപുലമായ പരിശോധന, പരീക്ഷണങ്ങൾ, കോച്ച് നിർമാണം എന്നിവ ഉൾപ്പെടുന്നു.

 

ബെമൽ, ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി, മറ്റ് സാങ്കേതിക പങ്കാളികൾ എന്നിവ ചേർന്ന് ഘട്ടം ഘട്ടമായി ആദ്യ മാതൃകാ വികസനം, പരീക്ഷണങ്ങൾ, ഉൽപ്പാദനം എന്നിവയിലൂടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മാണ പരിപാടി നടപ്പിലാക്കുന്നു.

 

ആവശ്യകതയും പ്രവർത്തന തയ്യാറെടുപ്പും അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി ഈ ട്രെയിൻ സെറ്റുകളെ സാധാരണ പാസഞ്ചർ സർവീസിൻ്റെ ഭാഗമായി ഉൾപ്പെടുത്തും. ആകെ 260 റേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻസെറ്റുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

 

 യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സുഖകരവുമായ യാത്രയുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനും ഈ ട്രെയിൻ സെറ്റുകളിൽ താഴെ പറയുന്ന നൂതന സുരക്ഷാ സവിശേഷതകളും സൗകര്യങ്ങളുമുള്ള ആധുനിക കോച്ചുകൾ ഒരുക്കിയിട്ടുണ്ട്, 

  • കുലുക്കം കുറഞ്ഞ സെമി പെർമനൻ്റ് കപ്ലറുകളും ആൻ്റി ക്ലൈംബറുകളും
  • കവച് സംവിധാനം ഘടിപ്പിച്ചിരിക്കുന്നു. 
  • മണിക്കൂറിൽ 180/160 കിലോമീറ്റർ എന്ന ഡിസൈൻ/ഓപ്പറേറ്റിംഗ് വേഗതയിൽ ഉയർന്ന കുതിപ്പ്.
  • യൂറോപ്യൻ നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന കാർ ബോഡിയുടെ സംരക്ഷിത രൂപകൽപ്പന.
  • അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഓരോ കോച്ചിൻ്റെയും അവസാനം അഗ്നി പ്രതിരോധ വാതിലുകൾ.
  • മെച്ചപ്പെട്ട അഗ്നി സുരക്ഷ - വൈദ്യുത കാബിനറ്റുകളിലും ശുചി മുറികളിലും എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്നി തിരിച്ചറിയൽ, അഗ്നി ശമന സംവിധാനം.
  • ഊർജ്ജ കാര്യക്ഷമതയ്ക്കായി പുനരുൽപ്പാദന ശേഷിയുള്ള ബ്രേക്കിംഗ് സംവിധാനം.
  • പാസഞ്ചർ മേഖലയിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിന്, വായുവിൽ നിന്ന് ഹാനികരമായ 99% ബാക്ടീരിയകളെയും നിർജ്ജീവമാക്കുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച യുവി -സി ലാമ്പ് അടിസ്ഥാനമാക്കിയുള്ള അണുനാശിനി സംവിധാനം എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ നൽകിയിരിക്കുന്നു.
  • കേന്ദ്രീകൃതമായി നിയന്ത്രിത ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും പൂർണ്ണമായി സീൽ ചെയ്ത് സംരക്ഷിച്ചിരിക്കുന്ന വിശാലമായ ഗാംഗ്‌വേകളും.
  • എല്ലാ കോച്ചുകളിലും സിസിടിവികൾ.
  • അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരനും ട്രെയിൻ മാനേജരും/ലോക്കോ പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിനുള്ള അടിയന്തര ടോക്ക്-ബാക്ക് യൂണിറ്റ്.
  • ദിവ്യാംഗജ യാത്രക്കാർക്ക്, ഓരോ അറ്റത്തും ഡ്രൈവിംഗ് കോച്ചുകളിൽ പ്രത്യേക ശുചി മുറി.
  • എയർ കണ്ടീഷനിംഗ്, നൂതന പ്രകാശ സംവിധാനം തുടങ്ങി യാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ സ്ഥിതി നിരീക്ഷിക്കുന്നതിനായി കേന്ദ്രീകൃത കോച്ച് നിരീക്ഷണ സംവിധാനം.
  • മുകളിലെ ബെർത്തിൽ കയറുന്നത് സുഗമമാക്കുന്നതിന് പ്രത്യേക വിധത്തിൽ രൂപകൽപ്പന ചെയ്ത ഗോവണി.

 

ലോക്‌സഭയിൽ ഇന്ന് ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവാണ് ഈ വിവരങ്ങൾ നൽകിയത്.

 

***


(रिलीज़ आईडी: 2223467) आगंतुक पटल : 47
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Urdu , Marathi , Gujarati , Odia , Tamil , Kannada