പരിസ്ഥിതി, വനം മന്ത്രാലയം
ഇന്ത്യയുടെ റാംസർ പട്ടികയിലേക്ക് 2 പുതിയ തണ്ണീർത്തടങ്ങൾ കൂടി ഉൾപ്പെടുത്തിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, പ്രഖ്യാപനം 2026 ലെ ലോക തണ്ണീർത്തട ദിനത്തിന് മുന്നോടിയായി
प्रविष्टि तिथि:
31 JAN 2026 10:11AM by PIB Thiruvananthpuram
ഇന്ത്യയുടെ റാംസർ ശൃംഖലയിലേക്ക് രണ്ട് പുതിയ തണ്ണീർത്തടങ്ങൾ കൂടി ചേർത്തതായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി രണ്ടിന് ലോക തണ്ണീർത്തട ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.
ഉത്തർപ്രദേശിലെ എറ്റാ ജില്ലയിലെ പട്ന പക്ഷിസങ്കേതവും ഗുജറാത്തിലെ കച്ച് ജില്ലയിലെ ഛരി-ധണ്ടും റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലെ ഒരു കുറിപ്പിൽ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ റാംസർ ശൃംഖല 276% ത്തിലധികം വികസിച്ചു. 2014 ലെ 26 സൈറ്റുകളിൽ നിന്ന് നിലവിൽ 98 സൈറ്റുകളായി. പരിസ്ഥിതിയും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിജ്ഞാബദ്ധതയാണ് ഈ അന്താരാഷ്ട്ര അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് തണ്ണീർത്തടങ്ങളും നൂറുകണക്കിന് ദേശാടന, സ്ഥിരവാസികളായ പക്ഷികൾക്ക് ആവാസ വ്യവസ്ഥ നൽകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന പക്ഷികൾക്ക് പുറമെ, ചിങ്കാര മാൻ, ചെന്നായ്ക്കൾ, കാരക്കൽ പൂച്ച, മരുഭൂമി പൂച്ചകൾ, മരുഭൂമി കുറുക്കൻ തുടങ്ങിയ വന്യജീവികളുടെയും ആവാസ കേന്ദ്രമാണിത്.
1971-ൽ ഇറാനിലെ റാംസറിൽ ഒപ്പുവച്ച റാംസർ കൺവെൻഷൻ എന്നറിയപ്പെടുന്ന 'തണ്ണീർത്തട കൺവെൻഷനിലെ' കരാർ കക്ഷിരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1982 ഫെബ്രുവരി 1-ന് ഇന്ത്യ ഈ കൺവെൻഷനിൽ ഒപ്പുവച്ചു.
പ്രത്യേക സംരക്ഷണ പ്രാധാന്യവും സവിശേഷതകളുമുള്ള തണ്ണീർത്തടങ്ങളെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളായി നിയോഗിക്കാം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ചട്ടക്കൂടുകൾക്ക് കീഴിൽ പ്രകൃതി ആവാസ വ്യൂഹങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞാബദ്ധതയുടെ മാതൃകകളായി ഇവ വർത്തിക്കും.
****
(रिलीज़ आईडी: 2221155)
आगंतुक पटल : 10