പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സന്ത് ഗുരു രവിദാസ്​ജിയുടെ 649-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഫെബ്രുവരി ഒന്നിന് പഞ്ചാബ് സന്ദർശിക്കും


ആദരണീയനായ സന്ന്യാസിയും സാമൂഹ്യപരിഷ്കർത്താവുമായ ഗുരുവിനോടുള്ള ആദരസൂചകമായി ആദംപുർ വിമാനത്താവളത്തിന്റെ പേര് 'ശ്രീ ഗുരു രവിദാസ്​ജി വിമാനത്താവളം, ആദംപുർ' എന്ന് പുനർനാമകരണം ചെയ്യും

ലുധിയാനയിലെ ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 31 JAN 2026 10:48AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി ഒന്നിനു പഞ്ചാബ് സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 3.45-നു പ്രധാനമന്ത്രി ആദംപുർ വിമാനത്താവളം സന്ദർശിക്കും. വിമാനത്താവളത്തിന്റെ പുതിയ പേരായ 'ശ്രീ ഗുരു രവിദാസ്​ജി വിമാനത്താവളം, ആദംപുർ' അ‌ദ്ദേഹം അനാച്ഛാദനം ചെയ്യും. പഞ്ചാബിലെ ലുധിയാനയിലെ ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ മന്ദിരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

സന്ത് ഗുരു രവിദാസ്​ജിയുടെ 649-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ ശുഭവേളയിൽ, ആദംപുർ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരു നൽകുന്നത് ആദരണീയനായ സന്ന്യാസിയും സാമൂഹ്യപരിഷ്കർത്താവുമായ ഗുരുവിനോടുള്ള വലിയ ആദരമാണ്. സമത്വം, കരുണ, മാനവികത എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ ഇന്നും ഇന്ത്യയുടെ സാമൂഹ്യമൂല്യങ്ങൾക്കു പ്രചോദനം നൽകുന്നു.

പഞ്ചാബിലെ വ്യോമയാന അ‌ടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി ഹൽവാര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുന്ന പുതിയ ടെർമിനൽ കെട്ടിടം സംസ്ഥാനത്തിന്റെ പുതിയ കവാടമായി മാറും. ഇതു ലുധിയാനയ്ക്കും പരിസരത്തുള്ള വ്യവസായ-കാർഷിക മേഖലകൾക്കും വലിയ ഗുണമേകും. ലുധിയാന ജില്ലയിൽ സ്ഥിതിചെയ്യുന്ന ഹൽവാര തന്ത്രപ്രധാനമായ ഇന്ത്യൻ വ്യോമസേനാതാവളം കൂടിയാണ്.

ലുധിയാനയിലെ പഴയ വിമാനത്താവളത്തിന്, ചെറുവിമാനങ്ങൾക്കുമാത്രം അനുയോജ്യമായ താരതമ്യേന ചെറിയ റൺവേയാണുണ്ടായിരുന്നത്. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വലിയ വിമാനങ്ങൾക്ക് എത്തിച്ചേരുന്നതിനും, ഹൽവാരയിൽ പുതിയ സിവിൽ എൻക്ലേവ് വികസിപ്പിച്ചു. A320 വിഭാഗത്തിൽപ്പെട്ട വലിയ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ദൈർഘ്യമേറിയ റൺവേയാണ് ഇവിടെയുള്ളത്.

സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ വികസനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി, LED പ്രകാശവിതാനം, ഇൻസുലേറ്റഡ് മേൽക്കൂര, മഴവെള്ള സംഭരണസംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റുകൾ, ഭൂസൗന്ദര്യവൽക്കരണത്തിനായി പുനഃചംക്രമണംചെയ്ത വെള്ളം എന്നിവയുൾപ്പെടെ നിരവധി ഹരിത-ഊർജകാര്യക്ഷമ സൗകര്യങ്ങൾ ഈ ടെർമിനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ഇതിന്റെ വാസ്തുവിദ്യ രൂപകൽപ്പന. ഇതു യാത്രക്കാർക്കു സവിശേഷവും പ്രാദേശികത്തനിമയുള്ളതുമായ യാത്രാനുഭവം പ്രദാനം ചെയ്യും.

****

NK


(रिलीज़ आईडी: 2221150) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Tamil