ധനകാര്യ മന്ത്രാലയം
2026-27 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ഇന്ത്യയിലുടനീളമുള്ള യുവജനങ്ങളുമായി സംവദിക്കും.
प्रविष्टि तिथि:
30 JAN 2026 7:07PM by PIB Thiruvananthpuram
2026-27 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം കോളേജ് വിദ്യാർത്ഥികളുമായി കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ സംവദിക്കും.
ഈ സംരംഭത്തിൻ്റെ ഭാഗമായി, കോളേജ് വിദ്യാർത്ഥികൾക്ക് ലോക്സഭാ ഗാലറിയിൽ ഇരുന്ന് കേന്ദ്ര ബജറ്റിൻ്റെ തത്സമയ അവതരണത്തിന് സാക്ഷ്യം വഹിക്കാൻ കഴിയും. വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാർലമെൻ്ററി നടപടിക്രമങ്ങളിലൊന്ന് നേരിട്ട് കാണാനുള്ള അവസരം ഇതിലൂടെ അവർക്ക് ലഭിക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മെഡിക്കൽ വിദ്യാഭ്യാസം, വൊക്കേഷണൽ കോഴ്‌സുകൾ തുടങ്ങിയ വൈവിധ്യമാർന്ന അക്കാദമിക് മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുക്കുന്നത്.
കർത്തവ്യ ഭവൻ -1 ൽ സ്ഥിതി ചെയ്യുന്ന ധനകാര്യ മന്ത്രാലയവും വിദ്യാർത്ഥികൾ സന്ദർശിക്കും. മന്ത്രാലയത്തിൻ്റെ പ്രവർത്തനം, നയരൂപീകരണ പ്രക്രിയകൾ, രാഷ്ട്രനിർമ്മാണത്തിൽ വിവിധ സ്ഥാപനങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി അവർ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും.
തുടർന്ന് വൈകുന്നേരം, ശ്രീമതി നിർമല സീതാരാമൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും ബജറ്റിലെ പ്രധാന മുൻഗണനകൾ, ഇന്ത്യയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ, യുവാക്കളിൽ ഇത് ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് സ്വതന്ത്രമായ ചർച്ചയിൽ ഏർപ്പെടുകയും ചെയ്യും. ചർച്ചയ്ക്കിടെ വിദ്യാർത്ഥികൾ തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും പങ്കുവെയ്ക്കുകയും യുവജനങ്ങളേയും രാജ്യത്തേയും സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്യും.
ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ഭരണനിർവ്വഹണം, ജനാധിപത്യ പ്രക്രിയകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ അവബോധം വളർത്തുന്നതിനും ഇന്ത്യയുടെ സാമ്പത്തിക, പാർലമെൻ്ററി നടപടിക്രമങ്ങളിൽ യുവജനങ്ങളുടെ അറിവോടെയുള്ളതും ക്രിയാത്മകവുമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ബജറ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ, വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ യുവജനങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരിൽ നിന്ന് നിരവധി നിർദ്ദേശങ്ങൾ തേടിയിരുന്നു. ഇവ വരാനിരിക്കുന്ന 2026-27 കേന്ദ്ര ബജറ്റിൽ പ്രതിഫലിക്കും.
****
(रिलीज़ आईडी: 2221098)
आगंतुक पटल : 10