പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ആഗോള ഊർജ്ജ മേഖലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യ എനർജി വീക്ക് 2026 സമാപിച്ചു
प्रविष्टि तिथि:
30 JAN 2026 2:33PM by PIB Thiruvananthpuram
ആഗോള ഊർജ്ജ വിപണികളിലെ ഭൗമരാഷ്ട്രീയ അസ്ഥിരതകളെ മറികടക്കാൻ ഇന്ത്യ ശക്തമായ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അന്താരാഷ്ട്ര ഊർജ്ജ സംവാദത്തിൽ കേന്ദ്ര സ്ഥാനം നിലനിർത്തുമെന്നും ഇന്ത്യ എനർജി വീക്ക് 2026-ന്റെ സമാപന ചടങ്ങിൽ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. 2026 ജനുവരി 27 മുതൽ ജനുവരി 30 വരെ ഗോവയിലാണ് പരിപാടി സംഘടിപ്പിച്ചത്.
വൈവിധ്യവൽക്കരണം, പ്രതിരോധശേഷി, ഭാവിയിലേക്കുള്ള പരിവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യയുടെ ഊർജ്ജ തന്ത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി സമാപന ചർച്ചയിൽ സംസാരിച്ച ശ്രീ പുരി ഊന്നിപ്പറഞ്ഞു. “തുടർച്ചയായ ഭൗമരാഷ്ട്രീയ ആഘാതങ്ങളെ ഞങ്ങൾ വളരെ മികച്ച രീതിയിൽ നേരിട്ടു. വിതരണ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിലൂടെയും ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള ദ്രുതഗതിയിലുള്ള പരിവർത്തനത്തിലൂടെയും ഓരോ വെല്ലുവിളിയും ഒരു അവസരമാക്കി മാറ്റി,” കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ആഗോള നില ഉയർത്തിക്കാട്ടിക്കൊണ്ട്, ഇന്ന് മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോക്താവ്, നാലാമത്തെ വലിയ ശുദ്ധീകരണ കമ്പനി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ മുൻനിര കയറ്റുമതി രാജ്യം എന്നീ നിലകളിൽ ഇന്ത്യയുടെ പങ്കു ശ്രദ്ധേയമാണ് എന്ന് ശ്രീ പുരി പറഞ്ഞു. "ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ ഊർജ്ജ ലഭ്യത, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നത് തുടരും," ശ്രീ പുരി കൂട്ടിച്ചേർത്തു.
പരമ്പരാഗത ഇന്ധനങ്ങളിലെ തുടർച്ചയായ നിക്ഷേപങ്ങൾക്കൊപ്പം, കംപ്രസ്ഡ് ബയോഗ്യാസ് (CBG), ഹരിത ഹൈഡ്രജൻ, തദ്ദേശീയ ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ എന്നിവയിലേക്കുള്ള ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളും കേന്ദ്ര മന്ത്രി ഊന്നിപ്പറഞ്ഞു. "പരമ്പരാഗത ഊർജ്ജം അനിവാര്യമായി തുടരും. എന്നാൽ എഥനോൾ മിശ്രിതം മുതൽ CBG, ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ വരെയുള്ള നമ്മുടെ മുന്നേറ്റങ്ങൾ- ഹരിത ഇന്ധന ഉപയോഗത്തിൽ നമ്മുടെ പങ്കു വർധിക്കുമെന്ന് നമുക്ക് ആത്മവിശ്വാസം നൽകുന്നു," അദ്ദേഹം പറഞ്ഞു.
ആഗോള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള ഉപഭോക്തൃ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ധനവില അസ്ഥിരതയിൽ നിന്ന് ഇന്ത്യ, പൗരന്മാരെ വിജയകരമായി സംരക്ഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. "ആഗോള പ്രതിസന്ധി ഒരിക്കലും ഉപഭോക്താവിലേക്ക് എത്തിച്ചിട്ടില്ല. ഇന്ന് ലോകത്തിലെ ഏറ്റവും കുറഞ്ഞവിലയ്ക്ക് ഊർജ്ജം ലഭ്യമാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.പ്രതിസന്ധി ഘട്ടങ്ങളിൽ പോലും തടസ്സമില്ലാത്ത വിതരണം നിലനിർത്തിയിട്ടുണ്ട്," എൽപിജി ഉൾപ്പെടെയുള്ള ഇന്ധന വിലകൾ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന രീതിയിൽ നിലനിർത്തുന്നതിൽ എണ്ണ വിപണന കമ്പനികളുടെ സമയോചിതമായ ഇടപെടലുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വളർച്ചാ പാതയെ പിന്തുണയ്ക്കുന്നതിനുള്ള ഗവൺമെന്റിന്റെ ബ്ലൂപ്രിന്റ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ അവതരിപ്പിച്ചു. “7 ശതമാനത്തിലധികം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നതോടെ, ഊർജ്ജ ആവശ്യകത കുത്തനെ ഉയരും. രണ്ട് സ്തംഭങ്ങളിലാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: ആഭ്യന്തര പര്യവേക്ഷണവും ഉൽപാദനവും ശക്തിപ്പെടുത്തുക; ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ വിശ്വസനീയ വിതരണക്കാരനായി ലോകത്തിന് മുന്നിൽ ഇന്ത്യയെ സ്ഥാപിക്കുക,” സെക്രട്ടറി പറഞ്ഞു.
സ്വയം പര്യാപ്തത വർദ്ധിപ്പിക്കുന്നതിനായി ഖനനവും പര്യവേക്ഷണവും ഉൾപ്പെടെ അപ്‌സ്ട്രീം പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള അഭിലാഷകരമായ പദ്ധതികൾ ഡോ. മിത്തൽ വിശദീകരിച്ചു. മൂല്യവർദ്ധന പരമാവധിയാക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ശുദ്ധീകരണത്തിന്റെയും പെട്രോകെമിക്കലുകളുടെയും സംയോജനത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. “ആഗോളതലത്തിൽ മത്സരക്ഷമത നിലനിർത്തിക്കൊണ്ട് ഞങ്ങൾ ആഭ്യന്തര തലത്തിൽ വിപുലീകരിക്കുകയാണ് " അദ്ദേഹം കൂട്ടിച്ചേർത്തു.
ഊർജ്ജ പരിവർത്തനത്തിൽ സാങ്കേതികവിദ്യയുടെയും ഡിജിറ്റലൈസേഷന്റെയും പ്രാധാന്യം ഡോ. മിത്തൽ എടുത്തുപറഞ്ഞു. “ലോജിസ്റ്റിക്സ് കൈകാര്യം മുതൽ AI-അധിഷ്ഠിത കാര്യക്ഷമത വരെ, ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനപരമായ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ കേന്ദ്ര ഘടകമായി മാറുകയാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്കും 5 ശതമാനം മിശ്രണം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, സിബിജി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തം, കർഷകരുടെ നേതൃത്വത്തിലുള്ള ബയോമാസ് വിതരണ ശൃംഖലകളുടെ പിന്തുണ എന്നിവ ഇതിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഊർജ്ജ സുരക്ഷ, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഇന്ത്യ എനർജി വീക്ക് 2026 ന്റെ പങ്കിനെ സമാപന സെഷൻ അടയാളപ്പെടുത്തി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഊർജ്ജ മേഖലയിൽ ഇന്ത്യയെ സ്ഥിരതയുള്ളതും വിശ്വസനീയവും പ്രായോഗിക ശേഷിയുള്ളതുമായ ഒരു നേതൃ രാജ്യമായി ഇത് സ്ഥാപിക്കുന്നു.
ഇന്ത്യ എനർജി വീക്കിനെക്കുറിച്ച്:
സുരക്ഷിതവും സുസ്ഥിരവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവിയിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിന് ഗവൺമെന്റ് മേധാവികളെയും വ്യവസായ എക്സിക്യൂട്ടീവുകളെയും നൂതനാശയ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന രാജ്യത്തിന്റെ മുൻനിര ആഗോള ഊർജ്ജ വേദിയാണ് ഇന്ത്യ എനർജി വീക്ക്. ഒരു നിഷ്പക്ഷ അന്താരാഷ്ട്ര ഫോറം എന്ന നിലയിൽ, ആഗോള ഊർജ്ജ ഭൂമികയെ രൂപപ്പെടുത്തുന്നതിൽ നിക്ഷേപം, നയ വിന്യാസം, സാങ്കേതിക സഹകരണം എന്നിവയ്ക്ക് IEW ഊന്നൽ നൽകുന്നു
****
(रिलीज़ आईडी: 2220936)
आगंतुक पटल : 7