ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025 സാമ്പത്തിക വർഷത്തിൽ 135.4 ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തോടെ ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണ്യ സ്വീകർത്താവായി ഇന്ത്യ തുടരുന്നു

प्रविष्टि तिथि: 29 JAN 2026 2:05PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2025-26 ലെ സാമ്പത്തിക സർവേ അവതരിപ്പിച്ചു. സാമ്പത്തിക സർവേ പ്രകാരം, "ശക്തമായ കയറ്റുമതി, സ്ഥിരതയുള്ള സേവന വ്യാപാരം, വികസിക്കുന്ന ആഗോള വ്യാപാര ശൃംഖലകൾ എന്നിവയിലൂടെ ഇന്ത്യയുടെ ബാഹ്യ മേഖല ശക്തമായി തുടരുകയാണ്. ഇത് വർദ്ധിച്ച മത്സരശേഷി, വ്യാപാര വൈവിധ്യവത്ക്കരണം, ആഗോള ആവശ്യകതയുമായി അനുപൂരകത്വം എന്നിവയെ പ്രതിഫലിപ്പിക്കുന്നു


കറന്റ് അക്കൗണ്ട്

സേവനങ്ങളിലെയും സ്വകാര്യ കൈമാറ്റങ്ങളിലെയും വർദ്ധിച്ചുവരുന്ന മിച്ചം മൂലം ഇറക്കുമതി ചെയ്യുന്നതിന് ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ വിദേശനാണ്യം ഇന്ത്യയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിൽ കറന്റ് അക്കൗണ്ട് ഘടനയിൽ വ്യാപാരക്കമ്മി (CAD) കുറഞ്ഞതായി കാണപ്പെടുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കറന്റ് അക്കൗണ്ട് കമ്മി 15 ബില്യൺ യുഎസ് ഡോളർ ആണ് (ജിഡിപിയുടെ 0.8%).  2025 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിലെ 25.3 ബില്യൺ യുഎസ് ഡോളർ (ജിഡിപിയുടെ 1.3%) എന്ന നിലയേക്കാൾ ഗണ്യമായി കുറവാണിത്. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ, ന്യൂസിലാൻഡ്, ബ്രസീൽ, ഓസ്‌ട്രേലിയ, യുകെ, കാനഡ തുടങ്ങിയ സമാന കമ്മിയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം നടത്തി.

2025 സാമ്പത്തിക വർഷത്തിൽ 135.4 ബില്യൺ യുഎസ് ഡോളർ വിദേശ നിക്ഷേപം ഇന്ത്യ സ്വീകരിച്ചതോടെ, വിദേശ അക്കൗണ്ടിൽ  സ്ഥിരത നിലനിർത്തുന്നതും ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിക്കുന്നതുമായ രാജ്യമായി ഇന്ത്യ തുടരുന്നതായി സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. ഇതിൽ വികസിത സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നിക്ഷേപത്തിന്റെ പങ്ക് കൂടുതലാണ്.  വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെയും വിദഗ്ധ തൊഴിലാളികളുടെയും വർദ്ധിച്ച സംഭാവന ഇതിൽ പ്രതിഫലിക്കുന്നു.
 
കാപിറ്റൽ അക്കൗണ്ട്

2025 സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കഠിനമായിരുന്നിട്ടും, ഇന്ത്യ സ്ഥിരതയാർന്നതും ഗണ്യവുമായ നിക്ഷേപ പ്രവാഹം (FDI) ആകർഷിച്ചു, ഇത് ജിഡിപിയുടെ 18.5% എന്ന നിലയിലാണ്. യുഎൻസിടിഎഡി (UNCTAD) ഡാറ്റ പ്രകാരം, ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ എഫ്ഡിഐ ലഭിച്ച രാജ്യമായി ഇന്ത്യ തുടരുന്നു, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ പ്രധാന ഏഷ്യൻ രാജ്യങ്ങളെ പിന്നിലാക്കിയാണ് ഈ നേട്ടം.

2024-ൽ ഗ്രീൻഫീൽഡ് നിക്ഷേപ പ്രഖ്യാപനങ്ങളിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. 1,000-ലധികം പദ്ധതികൾ അവതരിപ്പിച്ചു. 2020-24 കാലയളവിൽ ഗ്രീൻഫീൽഡ് ഡിജിറ്റൽ നിക്ഷേപങ്ങൾക്കുള്ള ഇന്ത്യയുടെ ലക്ഷ്യം 114 ബില്യൺ യുഎസ് ഡോളർ ആയിരുന്നു. ഇത് ആഗോള തലത്തിൽ ഏറ്റവും വലിയ ലക്ഷ്യമായി മാറി. 2025 ഏപ്രിൽ-നവംബർ മാസങ്ങളിൽ മൊത്ത എഫ്ഡിഐ 64.7 ബില്യൺ യുഎസ് ഡോളർ ആയിരുന്നു. മുൻ വർഷം (2024 ഏപ്രിൽ-നവംബർ) ഇത് 55.8 ബില്യൺ യുഎസ് ഡോളർ ആയിരുന്നു. ആഗോള സാമ്പത്തിക അന്തരീക്ഷം വെല്ലുവിളികൾ നിറഞ്ഞതായിട്ടും, നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്താനും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെ പ്രതിഫലിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഇന്ത്യയുടെ എഫ്‌പി‌ഐ പാറ്റേൺ ആവർത്തിച്ചുള്ള വരവുകളുടെയും പുറത്തേക്കുള്ള ഒഴുക്കുകളുടെയും വ്യത്യസ്ത പ്രവണതകൾ കാണിക്കുന്നു, പലപ്പോഴും ആഗോള സാമ്പത്തിക ചലനങ്ങളുമായി ബന്ധപ്പെട്ടാണ്  ഗണ്യമായ മാറ്റങ്ങൾ കാണപ്പെടുന്നത്. ആറ് മാസത്തെ അറ്റ പിൻവലിക്കലും മൂന്ന് മാസത്തെ അറ്റ നിക്ഷേപവും ഉൾപ്പെടെ, ഈ വർഷം ഇതുവരെയുള്ള കാലയളവിൽ മിതമായ അറ്റ നിക്ഷേപ ബാലൻസാണ് ലഭ്യമായതെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. ഈ കാലയളവുകളിലെ  വരുമാനം, വിദേശ നിക്ഷേപകരുടെ ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണം പോസിറ്റീവായി തുടരുന്നു എന്ന് കാണിക്കുന്നു. അതേസമയം ഇന്ത്യൻ ഓഹരികളുടെ ഉയർന്ന മൂല്യനിർണ്ണയം ആഗോള അനിശ്ചിതത്വത്തെ ചെറിയ തോതിൽ സ്വാധീനിക്കുന്നു.



 വിദേശനാണ്യ കരുതൽ ശേഖരം

2026 ജനുവരി 16 ആയപ്പോൾ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 701.4 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു. 2025 മാർച്ച് അവസാനത്തിൽ ഇത് 668 ബില്യൺ യുഎസ് ഡോളറായിരുന്നു.  2025 സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 11 മാസത്തെ ചരക്ക് ഇറക്കുമതിക്കും വിദേശ കടത്തിന്റെ ഏകദേശം 94 ശതമാനം വീട്ടാനും ഈ കരുതൽ ശേഖരം പര്യാപ്തമാണ്. സൗകര്യപ്രദമായ  ലിക്വിഡിറ്റി ബഫർ ഇത് ഉറപ്പാക്കുന്നു.

 
വിനിമയ നിരക്ക്

2025 ഏപ്രിൽ 1 നും 2026 ജനുവരി 15 നും ഇടയിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ (INR) മൂല്യം ഏകദേശം 5.4 ശതമാനം ഇടിഞ്ഞു. ആഭ്യന്തര സമ്പാദ്യം സൃഷ്ടിക്കുന്നതിനും, ബാഹ്യ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും, സ്ഥിരമായ എഫ്ഡിഐ ആകർഷിക്കുന്നതിനും, നൂതനാശയങ്ങൾ, ഉത്പാദനക്ഷമത, ഗുണനിലവാരം എന്നിവയിൽ വേരൂന്നിയ കയറ്റുമതി മത്സരക്ഷമത വളർത്തുന്നതിനുമുള്ള സമ്പദ്‌വ്യവസ്ഥയുടെ ശേഷിയാണ് കറൻസിയുടെ സ്ഥിരത  നിർണ്ണയിക്കുന്നതെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു.


 
വിദേശ കടം

2025 സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയുടെ വിദേശ കടം 746 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. 2025 മാർച്ച് അവസാനത്തിൽ  ഇത് 736.3 ബില്യൺ യുഎസ് ഡോളറായിരുന്നു, 2025 സെപ്റ്റംബർ അവസാനത്തിൽ വിദേശ വായ്പ-ജിഡിപി അനുപാതം 19.2 ശതമാനമായിരുന്നു. ഇന്ത്യയുടെ മൊത്തം കടത്തിന്റെ 5 ശതമാനത്തിൽ താഴെയാണ് വിദേശ കടം. ഇത് മേഖലയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നു.

2024 ഡിസംബർ അവസാനത്തോടെ, ആഗോള വിദേശ കടത്തിന്റെ 0.69 ശതമാനം മാത്രമാണ് ഇന്ത്യ വഹിക്കുന്നത്, ഇത് ആഗോള കടബാധ്യതയിൽ താരതമ്യേന ചെറിയ സംഭാവനയാണ്.

വീക്ഷണം

ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കാൻ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിന് ഏകീകൃത ശ്രമം അനിവാര്യമാണെന്ന് സാമ്പത്തിക സർവേ ഊന്നിപ്പറയുന്നു. അച്ചടക്കമുള്ളതും ഉത്പാദനക്ഷമതാധിഷ്ഠിതവുമായ വ്യാവസായിക നയം, മൂല്യ ശൃംഖലകളിലുടനീളം ഉത്പാദന ചെലവുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യൽ, ഉയർന്ന മൂല്യമുള്ള സേവനങ്ങളുടെ വളർച്ച എന്നിവയുടെ പിന്തുണയോടെ, ഉൽപ്പാദന കയറ്റുമതി ശേഷി വർദ്ധിപ്പിക്കുമ്പോൾ ദീർഘകാല ബാഹ്യ പ്രതിരോധശേഷിയും കറൻസി വിശ്വാസ്യതയും ശക്തമാകുമെന്നാണ് സർവേ കാണിക്കുന്നത്. 

****


(रिलीज़ आईडी: 2220593) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Kannada