ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ടെലി -സാന്ദ്രത (Tele-density) 86.76 ശതമാനത്തിലെത്തി; രാജ്യത്തെ 99.9 ശതമാനം ജില്ലകളിലും ഇപ്പോൾ 5ജി (5G) സേവനങ്ങൾ ലഭ്യമാണ്


സ്വയം നിയന്ത്രിത ഉപഗ്രഹ ഡോക്കിംഗ് (Autonomous satellite docking) സാങ്കേതികവിദ്യ കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി

ജൽ ജീവൻ മിഷന് കീഴിൽ ഗ്രാമീണ മേഖലയിലെ 81 ശതമാനത്തിലധികം വീടുകളിൽ ഇപ്പോൾ പൈപ്പിലൂടെയുള്ള ശുദ്ധമായ വെള്ളം ലഭ്യമാണ്

प्रविष्टि तिथि: 29 JAN 2026 1:40PM by PIB Thiruvananthpuram

അടിസ്ഥാന സൗകര്യം എന്ന സങ്കൽപ്പം ഭൗതിക ശൃംഖലകൾക്കും അപ്പുറം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, ഹരിത ഊർജ്ജ സംവിധാനങ്ങൾ, പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള ജല മാനേജ്‌മെന്റ്, ഭാവിയിലേക്കുള്ള നൂതന സാങ്കേതികവിദ്യകൾ എന്നിവയെ കൂടി ഉൾക്കൊള്ളുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 11 വർഷങ്ങൾ, ഹൈവേകൾ, റെയിൽവേകൾ, തുറമുഖങ്ങൾ, ഊർജ്ജ സംവിധാനങ്ങൾ തുടങ്ങിയ പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങളുടെ ത്വരിത​ഗതിയിലുള്ള വികാസത്തിൽ മാത്രമല്ല ; മറിച്ച് ഭാവിയിലേക്ക് സജ്ജമാക്കിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI), ഡാറ്റാ സംവിധാനങ്ങൾ, പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട ആസ്തികൾ എന്നിവയുടെ വിപുലീകരണത്താലും അടയാളപ്പെടുത്തിയതാണെന്ന് കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2025-26 സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്നു

ഭാവിക്കായി സജ്ജമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ:

ടെലികമ്മ്യൂണിക്കേഷൻ:

 ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു രാഷ്ട്രം എന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാടിന്  അനുസൃതമായി ഇന്ത്യയുടെ ടെലികോം മേഖല വലിയ പരിവർത്തനങ്ങൾക്ക് വിധേയമായി. സമാവേശിത് (സമഗ്രമായ വളർച്ചയ്ക്ക് ഊർജ്ജമേകുന്ന കണക്റ്റിവിറ്റി), വികസിത് (പ്രകടനം, പരിഷ്കരണം, പരിവർത്തനം എന്ന ത്രയങ്ങളിലൂടെയുള്ള വികസിത ഭാരതം), ത്വരിത് (ത്വരിതപ്പെടുത്തിയ വികസനവും ദ്രുത​ഗതിയിലെ പരിഹാരങ്ങളും), സുരക്ഷിത് (ഭദ്രവും സുരക്ഷിതവും) എന്നിവ ഉൾപ്പെടുന്ന ഒരു ടെലികോം ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തൽഫലമായി, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ മേഖല അതിവേഗം വികസിച്ചു, ടെലി സാന്ദ്രത 75.23 ശതമാനത്തിൽ നിന്ന് 86.76 ശതമാനമായി ഉയരുകയും ഗ്രാമപ്രദേശങ്ങൾക്കും നഗരപ്രദേശങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ ലഭ്യതാ വിടവ് കുറയ്ക്കുകയും ചെയ്തു. വയർലെസ് ഡാറ്റ വിലകളിലെ കുത്തനെയുള്ള ഇടിവ് ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗത്തിലെ ഗണ്യമായ വർദ്ധനവിന് വഴി വെച്ചു.  ഡിജിറ്റൽ സാങ്കേതികവിദ്യ ജനകീയമാക്കുന്നതിൽ കുറഞ്ഞ ചിലവ് വഹിച്ച പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ടെലി-സാന്ദ്രത 86.76 ശതമാനത്തിലെത്തിയതായും, രാജ്യത്തെ 99.9 ശതമാനം ജില്ലകളിലും ഇപ്പോൾ 5G സേവനങ്ങൾ ലഭ്യമാണെന്നും 2025-26 ലെ സാമ്പത്തിക സർവേ പറയുന്നു.

വിവരസാങ്കേതികവിദ്യ:

ഡിജിറ്റൽ ഭരണം, സാമ്പത്തിക പ്രവർത്തനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയുടെ വികാസത്തിന് ഇന്ത്യയുടെ ഐടി അടിസ്ഥാന സൗകര്യങ്ങൾ കരുത്തേകുന്നു. വ്യവസായ കണക്കുകൾ പ്രകാരം, 2025 ജൂൺ വരെ, ഇന്ത്യയുടെ സ്ഥാപിത ഡാറ്റാ സെന്റർ ശേഷി ഏകദേശം 1,280 മെഗാവാട്ട് ആയിരുന്നു, കേന്ദ്ര, സംസ്ഥാന തലങ്ങളിൽ സ്വകാര്യമായി പ്രവർത്തിക്കുന്ന ഏകദേശം 130 ഡാറ്റാ സെന്ററുകളും ​ഗവൺമെന്റ് ഏജൻസികൾ നടത്തുന്ന 49 ഡാറ്റാ സെന്ററുകളും ഇതിൽ ഉൾപ്പെടുന്നു. ദ്രുതഗതിയിലുള്ള ഡിജിറ്റൽവത്ക്കരണവും ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഐഒടി (IoT), 5ജി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും കാരണം, ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷി 2030 ഓടെ  ഏകദേശം 4 ജിഗാവാട്ട് (GW) ആയി വികസിക്കുമെന്ന് 2025-26 ലെ സാമ്പത്തിക സർവേ പറയുന്നു.

സാമൂഹികവും വളർന്നുവരുന്നതുമായ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ

ഗ്രാമീണ കുടിവെള്ളവും ശുചിത്വവും:

ജൽ ജീവൻ മിഷന് കീഴിൽ ഇന്ത്യ നിർണ്ണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 2025 ഒക്ടോബറിലെ കണക്കനുസരിച്ച്, ഗ്രാമീണ മേഖലയിലെ 81 ശതമാനത്തിലധികം വീടുകളിലും ജൽ ജീവൻ മിഷൻ വഴി പൈപ്പിലൂടെയുള്ള ശുദ്ധജലം ലഭ്യമാണ്.

ജലവിഭവ മാനേജ്‌മെന്റ് മേഖല:

നമാമി ഗംഗ പ്രോഗ്രാം, മോഡേണൈസേഷൻ ഓഫ് കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് (M-CADWM), സി-ഫ്ലഡ് പ്ലാറ്റ്‌ഫോം (C-Flood Platform), നാഷണൽ രജിസ്റ്റർ ഓഫ് സ്പെസിഫൈഡ് ഡാംസ് 2025, റിവർ സിറ്റീസ് അലയൻസ് (RCA) – ആക്ഷൻ പ്ലാൻ 2025, ദേശീയ ജലവിഭവ സെൻസസ് എന്നിവ ജലവിഭവ മാനേജ്‌മെന്റ് മേഖലയിലെ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു.

വിനോദസഞ്ചാരം:

സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത ​ഗവൺമെന്റ് സ്വദേശ് ദർശൻ പദ്ധതിയെ സ്വദേശ് ദർശൻ 2.0 (SD 2.0) ആയി പരിഷ്കരിച്ചു. തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടന-പൈതൃക കേന്ദ്രങ്ങളുടെ സംയോജിത വികസനത്തിനായി പ്രസാദ് (PRASHAD) എന്ന പേരിൽ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

ബഹിരാകാശ മേഖല:

നിലവിൽ ഇന്ത്യയ്ക്ക് 56 സജീവ ബഹിരാകാശ ആസ്തികളുണ്ട്. ഇതിൽ 20 വാർത്താവിനിമയ ഉപഗ്രഹങ്ങൾ, 8 നാവിഗേഷൻ ഉപഗ്രഹങ്ങൾ, 4 ശാസ്ത്രീയ ഉപഗ്രഹങ്ങൾ, 21 ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ, 3 സാങ്കേതിക വിദ്യ പരീക്ഷണ ദൗത്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളോടെ, 2025-ൽ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി വലിയൊരു നേട്ടം കൈവരിച്ചു; ഓട്ടോണമസ് സാറ്റലൈറ്റ് ഡോക്കിംഗ് (SpaDeX) ചെയ്യുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ, സ്വദേശി ക്രയോജനിക് ഘട്ടം ഉപയോഗിച്ചുള്ള GSLV-F15, 2025 ജനുവരി 29-ന് NVS-02 ഉപഗ്രഹം വിക്ഷേപിച്ചു. ഇത് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 100-ാമത്തെ വിക്ഷേപണമായിരുന്നു.

***

SK


(रिलीज़ आईडी: 2220272) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Kannada