രാഷ്ട്രപതിയുടെ കാര്യാലയം
പാർലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ട് ബഹുമാനപ്പെട്ട രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ പ്രസംഗം
प्रविष्टि तिथि:
28 JAN 2026 12:57PM by PIB Thiruvananthpuram
ആദരണീയരായ അംഗങ്ങളെ,
ഒരുമിച്ച് കൂടിയിരിക്കുന്ന, പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനവും അതിന്റെ സമ്പന്നമായ പൈതൃകവും ആഘോഷിക്കപ്പെട്ട കഴിഞ്ഞ വർഷം അവിസ്മരണീയമായിരുന്നു. ഈ കാലഘട്ടം നിരവധി പ്രചോദനങ്ങൾ സൃഷ്ടിച്ചു. നിലവിൽ, ഇന്ത്യ വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുകയാണ്. പ്രചോദനത്തിന്റെ ഈ ആഴമേറിയ ഉറവിടത്തിന് ഇന്ത്യയിലെ ജനങ്ങൾ ഋഷി ബങ്കിം ചന്ദ്ര ചതോപാധ്യായയെ ആദരിക്കുന്നു. ഈ ശുഭകരമായ അവസരത്തിൽ പാർലമെന്റിൽ ഒരു പ്രത്യേക ചർച്ച സംഘടിപ്പിച്ചതിൽ ഞാൻ ബഹുമാനപ്പെട്ട അംഗങ്ങളെ അഭിനന്ദിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
ശ്രീ ഗുരു തേഗ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികം അടുത്തിടെ, പൗരന്മാർ ആദരവോടെ അനുസ്മരിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക വർഷത്തിൽ, രാഷ്ട്രം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ഗോത്ര സമൂഹത്തിന്റെ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾ "ഏക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്ന ആശയത്തെ ശക്തിപ്പെടുത്തി. ഭാരതരത്ന ഭൂപെൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ ദേശീയ ഐക്യത്തിന്റെ ചൈതന്യവും സംഗീതവും സമന്വയിച്ചതിന് എല്ലാ പൗരന്മാരും സാക്ഷ്യം വഹിച്ചു.
പൗരന്മാർ,അവരുടെ ഭൂതകാലത്തിലെ മഹത്തായ നാഴികക്കല്ലുകളും പൂർവ്വികരുടെ ശ്രദ്ധേയമായ സംഭാവനകളും സ്മരിക്കുമ്പോൾ, അത് പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നു. ഈ പ്രചോദനം 'വികസിത ഭാരതം' എന്നതിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ കൂടുതൽ ത്വരിതപ്പെടുത്തുന്നു.
ആദരണീയരായ അംഗങ്ങളെ,
2026 ആരംഭിച്ചതോടെ, രാജ്യം ഈ നൂറ്റാണ്ടിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ നൂറ്റാണ്ടിന്റെ ആദ്യ 25 വർഷങ്ങൾ നിരവധി വിജയങ്ങൾ, മഹത്തായ നേട്ടങ്ങൾ, അസാധാരണമായ അനുഭവങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 10–11 വർഷത്തിനിടയിൽ, ഇന്ത്യ എല്ലാ മേഖലകളിലും അതിന്റെ അടിത്തറ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2047 ഓടെ 'വികസിത ഭാരതം ' ആകാനുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള യാത്രയ്ക്ക് ഈ കാലഘട്ടം ശക്തമായ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
ബാബാ സാഹിബ് അംബേദ്കർ എല്ലായ്പ്പോഴും സമത്വത്തിനും സാമൂഹിക നീതിക്കും ഊന്നൽ നൽകിയിരുന്നു. നമ്മുടെ ഭരണഘടനയും അതേ മനോഭാവത്തിൽ നമ്മെ പ്രചോദിപ്പിക്കുന്നു. സാമൂഹിക നീതി എന്നാൽ ഓരോ പൗരനും വിവേചനമില്ലാതെ അവകാശങ്ങൾ പൂർണ്ണമായും വിനിയോഗിക്കാൻ കഴിയുക എന്നതാണ്. എന്റെ ഗവണ്മെന്റ് സാമൂഹിക നീതിക്ക്,അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഫലമായി, കഴിഞ്ഞ ദശകത്തിൽ 25 കോടി പൗരന്മാർ ദാരിദ്ര്യത്തിൽ. നിന്നും മുക്തരായി.എന്റെ ഗവണ്മെന്റിന്റെ മൂന്നാം കാലയളവിൽ, ദരിദ്രരെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോയി.
• കഴിഞ്ഞ ദശകത്തിൽ, ദരിദ്രർക്കായി നാല് കോടി ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു. കഴിഞ്ഞ വർഷം ദരിദ്രർക്കായി 32 ലക്ഷം പുതിയ വീടുകൾ നൽകി.
* ജൽ ജീവൻ മിഷന്റെ അഞ്ച് വർഷത്തിനിടയിൽ, 12.5 കോടി പുതിയ വീടുകൾക്ക് പൈപ്പ് വെള്ളകണക്ഷൻ നൽകി. കഴിഞ്ഞ വർഷം, ഏകദേശം ഒരു കോടി പുതിയ വീടുകളിൽ പൈപ്പ് വാട്ടർ കണക്ഷനുകൾ ലഭ്യമാക്കി.
* ഉജ്ജ്വല യോജനയിലൂടെ, ഇന്നുവരെ, 10 കോടിയിലധികം കുടുംബങ്ങൾക്ക് എൽപിജി കണക്ഷനുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ പരിപാടി അതിവേഗം പുരോഗമിച്ചു.
* എന്റെ ഗവണ്മെന്റ്, സംവിധാനങ്ങളിൽ സുതാര്യതയും സത്യസന്ധതയും സ്ഥാപനവൽക്കരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, എന്റെ ഗവണ്മെന്റ് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ 6.75 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കൾക്ക് നൽകി.
ആദരണീയരായ അംഗങ്ങളെ,
എന്റെ ഗവണ്മെന്റ് ഏവരോടും - ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ഗോത്ര സമൂഹങ്ങൾ എന്നിവർക്കായി പൂർണ്ണ സംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നു.ഏവർക്കുമൊപ്പം, ഏവരുടെയും വികസനം എന്ന ദർശനം രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. 2014 ന്റെ തുടക്കത്തിൽ, സാമൂഹിക സുരക്ഷാ പദ്ധതികൾ 25 കോടി പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കാൻ കഴിഞ്ഞുള്ളൂ. എന്റെ ഗവൺമെന്റിന്റെ നിരന്തരമായ ശ്രമങ്ങൾ കാരണം, ഇന്ന് ഏകദേശം 95 കോടി ഇന്ത്യക്കാർക്ക് സാമൂഹിക സുരക്ഷാ പരിരക്ഷയുണ്ട്.
* ദരിദ്ര രോഗികൾക്കായി ആരംഭിച്ച ആയുഷ്മാൻ ഭാരത് യോജന പ്രകാരം, കഴിഞ്ഞ വർഷം വരെ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ 11 കോടിയിലധികം സൗജന്യ വൈദ്യ ചികിത്സകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം, 2.5 കോടി ദരിദ്ര രോഗികൾക്ക് ഈ പദ്ധതി പ്രകാരം സൗജന്യ വൈദ്യചികിത്സ ലഭിച്ചു.
* കഴിഞ്ഞ ഒന്നര വർഷത്തിനിടെ, ഏകദേശം ഒരു കോടി മുതിർന്ന പൗരന്മാർക്ക് വയ വന്ദന കാർഡുകൾ വിതരണം ചെയ്തു. ഈ കാർഡുകളുടെ സഹായത്തോടെ, ഏകദേശം 8 ലക്ഷം മുതിർന്ന പൗരന്മാർക്ക് ആശുപത്രികളിൽ കിടത്തി ചികിത്സ ലഭിച്ചു.
* ഇന്ന്, രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ള 1,80,000 ആയുഷ്മാൻ ആരോഗ്യ മന്ദിറുകളുടെ സഹായത്തോടെ, രോഗികൾക്ക് അവരുടെ വീടുകൾക്ക് സമീപം വൈദ്യചികിത്സ ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.
ഗുരുതര രോഗങ്ങൾക്കെതിരെ എന്റെ ഗവൺമെന്റ് നിർണായക പോരാട്ടം നടത്തി. സിക്കിൾ സെൽ അനീമിയ നിർമാർജന ദൗത്യത്തിന് കീഴിൽ 6.5 കോടിയിലധികം പൗരന്മാരെ പരിശോധിച്ചു. നിരവധി ഗോത്ര മേഖലകളിൽ ഈ രോഗം നിയന്ത്രിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്.
ജാപ്പനീസ് എൻസെഫലൈറ്റിസ് പോലുള്ള രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ പ്രത്യേക ദൗത്യനിർവ്വഹണത്തിലൂടെകഴിഞ്ഞു. ഉത്തർപ്രദേശിലെ പല അവികസിത, ഗ്രാമപ്രദേശങ്ങളിലും ഈ രോഗത്തിന്റെ ഫലപ്രദമായ പ്രതിരോധം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയെ ട്രക്കോമ നേത്രരോഗ മുക്തമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് അഭിമാനകരമാണ്.
എല്ലാ പൗരന്മാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനും എന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയും പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയും ഈ ശ്രമത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ പദ്ധതികളിലൂടെ, സഹായം ആവശ്യമുള്ള കോടിക്കണക്കിന് പൗരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചു. ഈ പദ്ധതികൾക്ക് കീഴിൽ, 24,000 കോടി രൂപയിലധികം ക്ലെയിമുകൾ വിതരണം ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ കോടിക്കണക്കിന് ദരിദ്രർക്ക് ഈ പദ്ധതികൾ സഹായമേകിയിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
വികസിത ഭാരതം സൃഷ്ടിക്കുന്നതിനായി നമ്മുടെ രാജ്യത്തെ യുവാക്കൾ, കർഷകർ, തൊഴിലാളികൾ, സംരംഭകർ എന്നിവർ അവരുടെ ചുമതലകൾ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് കാണുന്നതിൽ എനിക്ക് സംതൃപ്തി തോന്നുന്നു. കഴിഞ്ഞ വർഷത്തെ പ്രോത്സാഹജനകമായ സ്ഥിതിവിവരക്കണക്കുകൾ ഇതിന് സാക്ഷ്യം വഹിക്കുന്നു.
* കഴിഞ്ഞ വർഷം ഇന്ത്യ 350 ദശലക്ഷം ടണ്ണിലധികം ഭക്ഷ്യധാന്യങ്ങളുടെ റെക്കോർഡ് ഉൽപ്പാദനം കൈവരിച്ചു.
* 150 ദശലക്ഷം ടൺ ഉൽപ്പാദനത്തോടെ, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അരി ഉൽപ്പാദന രാജ്യമായി മാറി.
* നമ്മുടെ രാജ്യം ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദന രാജ്യമായും മാറിയിരിക്കുന്നു. നീല സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ വിജയത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
* പാൽ ഉൽപാദന മേഖലയിലും, ലോകത്തിലെ ഏറ്റവും വിജയകരമായ രാജ്യമായി ഇന്ത്യ അറിയപ്പെടുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിയുടെ ഫലമാണിത്.
* ഈ കാലയളവിൽ രാജ്യത്തിന്റെ ഉൽപ്പാദന മേഖലയും റെക്കോർഡ് വളർച്ച കൈവരിച്ചു. മൊബൈൽ ഉൽപ്പാദന മേഖലയിൽ, ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി മാറിയിരിക്കുന്നു. 2025–26 ലെ ആദ്യ അഞ്ച് മാസങ്ങളിൽ, ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി ഒരു ലക്ഷം കോടി രൂപ മൂല്യം കവിഞ്ഞു. ഈ വർഷം ഇന്ത്യ 100-ലധികം രാജ്യങ്ങളിലേക്ക് വൈദ്യുത വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങി.
ആദരണീയരായ അംഗങ്ങളെ,
അഴിമതിയിൽ നിന്നും തട്ടിപ്പിൽ നിന്നും മുക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിൽ എന്റെ ഗവണ്മെന്റ് വിജയിച്ചുവരികയാണ്. തൽഫലമായി, നികുതിദായകരുടെ ഓരോ രൂപയും രാജ്യത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുന്നു.
ഇന്ന്, ഇന്ത്യ ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ അഭൂതപൂർവമായ നിക്ഷേപം നടത്തുന്നു. കര, കടൽ, വ്യോമ മേഖല എന്നിവയിലൂടെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ഇപ്പോൾ ആഗോള ചർച്ചാ വിഷയമാണ്.
* അടൽ ജിയുടെ ഭരണകാലത്താണ് പ്രധാനമന്ത്രി ഗ്രാം സഡക് യോജന ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, ഇന്ത്യ ഏകദേശം 18, 000 കിലോമീറ്റർ പുതിയ ഗ്രാമീണ റോഡുകൾ കൂട്ടിച്ചേർത്തു. ഇപ്പോൾ, ഇന്ത്യയിലെ ഏതാണ്ട് മുഴുവൻ ഗ്രാമീണ മേഖലയും റോഡ് മാർഗം ബന്ധിപ്പിച്ചിരിക്കുന്നു.
* ദരിദ്രരെയും ഇടത്തരക്കാരെയും സേവിക്കുന്ന ഇന്ത്യൻ റെയിൽവേ, 100% വൈദ്യുതീകരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുകയാണ്.
* മിസോറാമിലെ ഐസ്വാളും ന്യൂഡൽഹിയും നേരിട്ടുള്ള റെയിൽ പാതയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം, രാജധാനി എക്സ്പ്രസ് ആദ്യമായി ഐസ്വാൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ, തദ്ദേശവാസികൾക്കുണ്ടായ ആവേശം രാജ്യത്തിനാകെ സന്തോഷം പകർന്നു.
* ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലവും തമിഴ്‌നാട്ടിൽ പുതിയ പാമ്പൻ പാലവും നിർമ്മിച്ചുകൊണ്ട് അടിസ്ഥാന സൗകര്യ മേഖലയിൽ ഇന്ത്യ ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചു.
* ഇന്ന്, ജമ്മു കശ്മീർ മുതൽ കേരളം വരെ, 150-ലധികം വന്ദേ ഭാരത് ട്രെയിനുകളുടെ ഒരു ശൃംഖല സ്ഥാപിക്കപ്പെട്ടു.
* ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വന്ദേ ഭാരത് ട്രെയിനുകളുടെ ഒരു പുതിയ തലമുറ ആരംഭിച്ചു. ബംഗാളിനും അസമിനും ഇടയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിച്ചത് ഇന്ത്യയിലെ റെയിൽവേയുടെ പുരോഗതിയിലെ ഒരു പുതിയ നേട്ടമാണ്.
* ഇന്ത്യയുടെ മെട്രോ ശൃംഖലയിൽ പൗരന്മാരും അഭിമാനിക്കുന്നു. 2025 ൽ, ഇന്ത്യയുടെ മൊത്തം മെട്രോ ശൃംഖല ആയിരം കിലോമീറ്റർ എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖല ഇന്ത്യയ്ക്കുണ്ട്.
* ഉൾനാടൻ ജലപാതകളുടെ വികസനത്തിനായി എന്റെ ഗവണ്മെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുമ്പ്, ഇന്ത്യയിൽ അഞ്ച് ദേശീയ ജലപാതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ അവയുടെ എണ്ണം 100 കവിഞ്ഞു. ഇതോടെ, ഉത്തർപ്രദേശ്, ബംഗാൾ, ബീഹാർ എന്നിവയുൾപ്പെടെ കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ചരക്കുനീക്കത്തിന്റെ ഹബ്ബുകളായി ഉയർന്നുവരുന്നു.
* നദികൾക്കും തീരങ്ങൾക്കും സമീപമുള്ള പ്രദേശങ്ങളിലെ ക്രൂസ് ടൂറിസം വിനോദസഞ്ചാര മേഖലയിൽ ഉണർവ്വിന് കാരണമാകുകയും, അതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ആദരണീയരായ അംഗങ്ങളെ,
ഇപ്പോൾ, ബഹിരാകാശ ടൂറിസം ഇന്ത്യയുടെ പ്രാപ്യതയ്ക്കപ്പുറമല്ല. ഇന്ത്യയുടെ യുവ ബഹിരാകാശ സഞ്ചാരി ശുഭാoശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സന്ദർശനം ഒരു ചരിത്ര യാത്രയുടെ തുടക്കം കുറിച്ചു. വരും വർഷങ്ങളിൽ, ബഹിരാകാശത്ത് ഒരു ഇന്ത്യൻ സ്റ്റേഷൻ സ്ഥാപിക്കുന്ന വിധത്തിൽ നമ്മുടെ രാജ്യം മുന്നോട്ട് പോകുന്നു. ഗഗൻയാൻ ദൗത്യത്തിലും രാജ്യം ഉത്സാഹപൂർവ്വം പ്രവർത്തിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും ഓരോ ഗുണഭോക്താവിനും പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുമായി, എന്റെ ഗവണ്മെന്റ് 'പ്രഗതി' എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചു. 2025 ഡിസംബറിൽ, പ്രഗതിയുടെ 50-ാമത് യോഗമെന്ന ചരിത്രപരമായ നാഴികക്കല്ലും കൈവരിച്ചു.കഴിഞ്ഞ വർഷങ്ങളായി, പ്രഗതി വഴി ഏകദേശം 85 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ത്വരിതപ്പെടുത്തുകയും ലക്ഷക്കണക്കിന് കോടി രൂപയുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്തു. പരിഷ്കരണം-പ്രകടനം-പരിവർത്തനം എന്ന രാജ്യത്തിന്റെ വിജയമന്ത്രത്തിന് ഈ പ്രഗതി യോഗങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
കഴിഞ്ഞ 11 വർഷത്തിനിടയിൽ, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഗണ്യമായി ശക്തമായി. വിവിധ ആഗോള പ്രതിസന്ധികൾക്കിടയിലും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിൽ ഇന്ത്യ അതിന്റെ റെക്കോർഡ് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് നേരിട്ട് പ്രയോജനം ചെയ്യുന്നു. എന്റെ ഗവണ്മെന്റിന്റെ നയങ്ങളുടെ ഫലമായി, പൗരന്മാരുടെ വരുമാനം വർദ്ധിച്ചു, അവരുടെ സമ്പാദ്യം വളർന്നു, അവരുടെ വാങ്ങൽ ശേഷിയും മെച്ചപ്പെട്ടു.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വിജയകരമാക്കിയതിൽ എല്ലാ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് ഇന്ത്യയിലെ ഉൽപ്പാദന, സേവന മേഖലകൾക്ക് പ്രചോദനം നൽകുകയും ഇന്ത്യയിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ആദരണീയരായ അംഗങ്ങളെ,
ഇന്ന്, എന്റെ ഗവണ്മെന്റ് 'പരിഷ്കാരങ്ങളുടെ എക്സ്പ്രസി'ന്റെ പാതയിൽ മുന്നോട്ട് പോകുകയാണ്. ഭാവി ആവശ്യങ്ങൾക്കനുസരിച്ച് പഴയ നിയമങ്ങളും വ്യവസ്ഥകളും തുടർച്ചയായി പുതുക്കപ്പെടുന്നു.
ജിഎസ്ടിയിലെ ചരിത്രപരമായ പുതു തലമുറ പരിഷ്കരണം പൗരന്മാരിൽ ആവേശം നിറയ്ക്കുന്നതിന് എല്ലാവരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പരിഷ്കരണം പൗരന്മാർക്ക് ഒരു ലക്ഷം കോടി രൂപ ലാഭിക്കുന്നത് ഉറപ്പാക്കി. 2025-ൽ ജിഎസ്ടി കുറച്ചതിനെത്തുടർന്ന്, ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ രണ്ട് കോടി കവിഞ്ഞു, ഇത് തന്നെ ഒരു പുതിയ റെക്കോർഡാണ്.
ആദായനികുതി നിയമവും പരിഷ്കരിച്ചു. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ നികുതിയിൽ നിന്ന് ഒഴിവാക്കാൻ ചരിത്രപരമായ തീരുമാനം എടുത്തിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് അഭൂതപൂർവമായ ആനുകൂല്യങ്ങൾ നൽകുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയൊരു ഉത്തേജനം നൽകുകയും ചെയ്തു.
ആദരണീയരായ അംഗങ്ങളെ,
രാജ്യത്ത് നിരവധി പുതിയ മേഖലകൾ ഉയർന്നുവന്നതോടെ, തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും ഒരുപോലെ പ്രധാനമാണ്. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനു പിന്നിലെ പ്രാഥമിക ലക്ഷ്യവും ഇതാണ്. വളരെക്കാലമായി, രാജ്യത്തെ തൊഴിൽ ശക്തി ഡസൻ കണക്കിന് തൊഴിൽ നിയമങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവ ഇപ്പോൾ നാല് കോഡുകളായി ഏകീകരിച്ചിരിക്കുന്നു, ഇത് തൊഴിലാളികൾക്ക് ന്യായമായ വേതനവും അലവൻസുകളും മറ്റ് ക്ഷേമ ആനുകൂല്യങ്ങളും ലഭിക്കുന്നത് എളുപ്പമാക്കുന്നു. ഈ പരിഷ്കാരങ്ങളിൽ നിന്ന്, പ്രത്യേകിച്ച് രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും ഗണ്യമായി പ്രയോജനം ലഭിക്കും.
ആദരണീയരായ അംഗങ്ങളെ,
ഹരിത വളർച്ചയുടെയും ആധുനിക സാങ്കേതികവിദ്യയുടെയും ശക്തികേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിൽ എന്റെ ഗവണ്മെന്റ് ശ്രദ്ധ നൽകിയിരിക്കുന്നു. അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നിർമിത ബുദ്ധി, ഡാറ്റാ സെന്ററുകൾ എന്നിവയിൽ നിക്ഷേപങ്ങൾവർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുതിയ രൂപത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ഊർജ്ജ ആവശ്യകതകളുമുണ്ട്. ഈ ദിശയിൽ ആണവോർജത്തിന് ഒരു പ്രധാന പങ്കുണ്ട്. അടുത്തിടെ നടപ്പിലാക്കിയ ശാന്തി (SHANTI) നിയമം, 2047-ഓടെ 100 ജിഗാവാട്ട് ആണവോർജം എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും. ചരിത്രപരമായ ഈ പരിഷ്കാരത്തിന് നിങ്ങളെ ഏവരെയും ഞാൻ അഭിനന്ദിക്കുന്നു.
ആണവോർജത്തിന് പുറമേ, ഇന്ത്യ സൗരോർജ മേഖലയിലും അതിവേഗം മുന്നേറുകയാണ്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയിലൂടെ, സാധാരണ ഉപഭോക്താക്കൾ ഇപ്പോൾ വൈദ്യുതി ഉൽപ്പാദകരായി മാറുകയാണ്. ഇതുവരെ ഏകദേശം 20 ലക്ഷം പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും ലക്ഷക്കണക്കിന് വീടുകളുടെ വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനും കാരണമായി.
ഈ ശ്രമങ്ങളെല്ലാം ഉപയോഗിച്ച്, ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി എന്ന ലക്ഷ്യം തീർച്ചയായും കൈവരിക്കും.
ആദരണീയരായ അംഗങ്ങളെ,
ഏതൊരു നീതിന്യായ വ്യവസ്ഥയുടേയും യഥാർത്ഥ വിജയം അളക്കുന്നത് പൗരന്മാരിൽ ഭയത്തിന് പകരം സുരക്ഷിതത്വബോധവും, ആശ്വാസവും ശാക്തീകരണവും പകരാനുള്ള അതിൻ്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ്. ഈ തത്വം മനസ്സിൽ വെച്ചുകൊണ്ട്, ഭാരതീയ ന്യായ സംഹിത വേഗത്തിൽ നടപ്പിലാക്കി വരുന്നു. ഇതിനുപുറമെ, ജൻ-വിശ്വാസ് നിയമത്തിൻ്റെ ഒരു പുതിയ പതിപ്പും അവതരിപ്പിച്ചു. ഇതുവരെ, 300-ലധികം വ്യവസ്ഥകളെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
വികസിത ഭാരതം എന്ന ദർശനം പൂർത്തീകരിക്കുന്നതിനായി, എൻ്റെ സർക്കാർ ഈ പരിഷ്കരണ എക്സ്പ്രസിൻ്റെ വേഗത ത്വരിതപ്പെടുത്തുന്നത് തുടരും.
ആദരണീയരായ അംഗങ്ങളെ,
സ്വാതന്ത്ര്യത്തിന് ശേഷം, ഏതാനും നഗരങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും മാത്രമാണ് ഇന്ത്യയുടെ പുരോഗതിക്ക് വേഗത ലഭിച്ചത്. ഇന്ത്യയുടെ വലിയൊരു ഭാഗത്തിനും ജനസംഖ്യയിലെ ഗണ്യമായ ഒരു വിഭാഗത്തിനും മതിയായ അവസരങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ ഇന്ന്, എൻ്റെ സർക്കാർ വികസിത ഭാരതത്തിനായി, വികസനം കുറഞ്ഞ പ്രദേശങ്ങളുടേയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടേയും സാധ്യതകളെ രാജ്യത്തിൻ്റെ ചാലകശക്തിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
കിഴക്കൻ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് അഥവാ പൂർവ്വോദയയ്ക്ക് ഇപ്പോൾ പ്രത്യേക ഊന്നൽ നല്കുന്നു. ഇന്ന് പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും തീരദേശ മേഖലകളിൽ പുരോഗതിയുടെ പുതിയ വഴികൾ തെളിയുകയാണ്. ഇപ്പോൾ വടക്കുകിഴക്കൻ മേഖലയും വികസനത്തിൻ്റെ മുഖ്യധാരയുമായി സംയോജിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ അസം, ശ്രീമന്ത ശങ്കർദേവിനെപ്പോലുള്ള മഹാന്മാരുടെ നാടാണ്. താമസിയാതെ, അസമിൽ നിർമ്മിക്കുന്ന ഒരു സെമികണ്ടക്ടർ ചിപ്പ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ജീവനാഡിയായി മാറും. ഈ മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും അഭൂതപൂർവ്വമായ ശ്രദ്ധയാണ് നല്കിവരുന്നത്.
ആദരണീയരായ അംഗങ്ങളെ,
കഴിഞ്ഞ 11 വർഷത്തിനിടെ, വടക്കുകിഴക്കൻ മേഖലയിൽ 7,200 കിലോമീറ്ററിലധികം ദേശീയ പാതകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് ഉൾനാടൻ, മലയോര, ഗോത്രവർഗ്ഗ, അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നത് കൂടുതൽ എളുപ്പമാക്കി.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ ഏകദേശം 50,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചു. ഇത് മാർക്കറ്റുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തി. കഴിഞ്ഞ 11 വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിലെ റെയിൽവേ വികസനത്തിനായി 80,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ്, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ഇപ്പോൾ ബ്രോഡ് ഗേജ് റെയിൽ പാതകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഈ പ്രദേശങ്ങളിലെ സാമ്പത്തിക പുരോഗതിക്കും തൊഴിലിനും വിനോദസഞ്ചാര മേഖലയ്ക്കും പുതിയ അവസരങ്ങൾ തുറന്നു നല്കി.
ഈ ദശകം വടക്കുകിഴക്കൻ മേഖലയിലെ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള സംരംഭങ്ങളുടെ ദശകം കൂടിയാണ്. ഇറ്റാനഗറിൽ സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും അസമിലെ ശിവസാഗറിൽ മെഡിക്കൽ കോളേജും സ്ഥാപിക്കുന്നത് കോടിക്കണക്കിന് കുടുംബങ്ങൾക്ക് ചികിത്സ ലഭിക്കാൻ സഹായിക്കും.
അതുപോലെ, സിക്കിമിലെ സിച്ചെയിൽ മെഡിക്കൽ കോളേജും അഗർത്തലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രിയും സ്ഥാപിക്കുന്നത് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടുത്തും. ഇത്തരത്തിലുള്ള ശ്രമങ്ങൾ വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
പിന്നാക്കം നിൽക്കുന്നവർക്കാണ് എൻ്റെ സർക്കാർ മുൻഗണന നല്കുന്നത്. പ്രധാനമന്ത്രി ജൻമാൻ പദ്ധതി ഈ മുൻഗണനയിൽ ഊന്നിയാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതി പ്രകാരം, ഗോത്രവർഗ്ഗ സമൂഹങ്ങളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ 20,000-ത്തിലധികം ഗ്രാമങ്ങൾ വികസിപ്പിച്ചുവരുന്നു. ഈ പദ്ധതിയിലൂടെ ഈ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്കായി ഏകദേശം 2.5 ലക്ഷം വീടുകൾ നിർമ്മിച്ചു കഴിഞ്ഞു. ധർത്തി ആബ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ, ഗോത്രമേഖലകളിലെ വികസനത്തിന് അഭൂതപൂർവ്വമായ വേഗത നല്കുന്നു. ഈ രണ്ട് പദ്ധതികൾക്കുമായി എൻ്റെ സർക്കാർ ഒരു ലക്ഷം കോടി രൂപയിലധികം ചെലവഴിക്കുന്നു.
കഴിഞ്ഞ 11 വർഷത്തിനിടെ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കായി 42,000 കോടിയിലധികം രൂപയുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ അനുവദിച്ചു. ഏകദേശം അഞ്ച് കോടി വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. ഗോത്രമേഖലകളിൽ 400-ലധികം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഗോത്രവർഗ്ഗ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട ഭാവിവും പ്രദാനം ചെയ്യുന്നു.
ആദരണീയരായ അംഗങ്ങളെ,
കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, സമൂഹത്തിൽ ഏത് തൊഴിൽ ചെയ്യുന്നവരായാലും, ഓരോ വ്യക്തിയുടേയും ജീവിതം കഠിനാധ്വാനിയായ ഒരു കർഷകൻ്റെ പ്രയത്നത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് മഹാനായ തിരുവള്ളുവർ പറഞ്ഞിട്ടുണ്ട്.
ഇത് കണക്കിലെടുത്ത്, എൻ്റെ സർക്കാരിനെ സംബന്ധിച്ചിടത്തോളം വികസിത ഭാരതത്തിനായുള്ള ആദ്യ മുൻഗണന സമൃദ്ധിയുള്ള കർഷകനാണ്. ഈ മനോഭാവത്തോടെയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പോലുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം ഇതുവരെ 4 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്.
എൻ്റെ സർക്കാരിൻ്റെ മികച്ച നയങ്ങളും ഇടപെടലുകളും രാജ്യത്തെ കാർഷിക ഉത്പാദനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമായി. 2024–25 വർഷത്തിൽ ഭക്ഷ്യധാന്യങ്ങളുടേയും പൂന്തോട്ട വിളകളുടേയും റെക്കോർഡ് ഉത്പാദനമാണ് ഉണ്ടായത്. നമ്മുടെ കാർഷിക മേഖലയ്ക്ക് പിന്നാക്കം നിൽക്കേണ്ടി വന്ന ചില വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും എൻ്റെ സർക്കാർ പരിശ്രമിക്കുന്നു.
കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്നതും സർക്കാരിൻ്റെ ലക്ഷ്യമാണ്. ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയറുവർഗ്ഗങ്ങൾ എന്നിവയ്ക്കായുള്ള ദേശീയ ദൗത്യങ്ങളിലൂടെ രാജ്യം ഈ മേഖലകളിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ഇതിൻ്റെ ഫലമായി 2024–25 വർഷത്തിൽ എണ്ണക്കുരു വിളകളുടെ ഉത്പാദനത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.
കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനായി, എൻ്റെ സർക്കാർ മില്ലറ്റുകൾ അഥവാ ശ്രീ-അന്ന ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു.
ആദരണീയരായ അംഗങ്ങളെ,
ഇന്ന്, ഭക്ഷ്യധാന്യ ഉത്പാദനത്തോടൊപ്പം കർഷകരെ സാമ്പത്തിക പുരോഗതിയുടെ പുതിയ വഴികളായ കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, തേനീച്ച വളർത്തൽ എന്നിവയുമായും ബന്ധിപ്പിക്കുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു പുതിയ നയം രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, ഉൾക്കടലിലെ വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കുന്നതിനായി മറ്റൊരു പുതിയ നയവും ആവിഷ്കരിച്ചിട്ടുണ്ട്. 2024–25 വർഷത്തിൽ രാജ്യത്തെ മത്സ്യ ഉത്പാദനം ഏകദേശം 200 ലക്ഷം ടണ്ണായി വർദ്ധിച്ചു. 2014-നെ അപേക്ഷിച്ച് 105 ശതമാനം വർദ്ധനവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ആദരണീയരായ അംഗങ്ങളെ,
കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിനും മികച്ച ലോജിസ്റ്റിക്സ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുമായി എൻ്റെ സർക്കാർ കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഈ സംരംഭം ഇതുവരെ 1.25 ലക്ഷം കോടിയിലധികം രൂപയുടെ സ്വകാര്യ നിക്ഷേപം ആകർഷിച്ചിട്ടുണ്ടെന്ന് നിങ്ങളുമായി പങ്കുവെയ്ക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് യുവജനങ്ങൾക്ക് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. എൻ്റെ സർക്കാരിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യത്തിൻ്റെ ഭക്ഷ്യ സംസ്കരണ ശേഷി ഇരുപത് മടങ്ങ് വർദ്ധിച്ചു. ഇത് കർഷകർക്ക് അവരുടെ വിളകൾക്ക് മികച്ച വില ലഭിക്കാൻ സഹായിച്ചു.
ആദരണീയരായ അംഗങ്ങളെ,
ഗ്രാമീണ മേഖലയിലെ തൊഴിലിനും വികസനത്തിനുമായി വികസിത് ഭാരത് ജി റാം ജി എന്ന പേരിൽ ഒരു നിയമം ആവിഷ്കരിച്ചിട്ടുണ്ട്. ഈ പുതിയ നിയമം ഗ്രാമങ്ങളിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കും. അതോടൊപ്പം തന്നെ, അഴിമതിയും ചോർച്ചയും തടയാനും ഇത് സഹായിക്കും, ഇതിനായി എൻ്റെ സർക്കാർ ദീർഘകാലമായി പരിശ്രമിച്ചുവരികയാണ്. ഈ പദ്ധതി ഗ്രാമവികസനത്തിന് പുതിയ ഉണർവ്വ് നല്കുകയും
കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും പുതിയ സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ആദരണീയരായ അംഗങ്ങളെ,
കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളിൽ സഹകരണ പ്രസ്ഥാനത്തെ എൻ്റെ സർക്കാർ ശക്തിപ്പെടുത്തി വരികയാണ്. ഇന്ന്, ത്രിഭുവൻ സഹകാരി സർവ്വകലാശാലയിലൂടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് പഠിക്കാനും മുന്നേറാനുമുള്ള അവസരങ്ങൾ ലഭിക്കുന്നു. കൂടാതെ, 10,000-ത്തിലധികം FPO-കളിലൂടെ കാർഷിക മേഖലയെ ശാക്തീകരിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
എല്ലാ പൗരന്മാർക്കും പുരോഗതിക്കായി തുല്യ അവസരങ്ങൾ നല്കുന്നതിലൂടെ മാത്രമേ രാജ്യത്തിൻ്റെ വികസനം സാധ്യമാകൂ എന്ന് എൻ്റെ സർക്കാർ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, സ്ത്രീകൾ നയിക്കുന്ന വികസനം എന്ന മന്ത്രവുമായാണ് രാജ്യം ഇന്ന് മുന്നോട്ട് പോകുന്നത്.
എൻ്റെ സർക്കാർ സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മറ്റ് പദ്ധതികളുടേയും കേന്ദ്രബിന്ദുവായി സ്ത്രീകളെ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന മുതൽ ജൽ ജീവൻ മിഷൻ വരെ, ഓരോ പദ്ധതിയിലും വനിതാ ഗുണഭോക്താക്കൾക്ക് ഉയർന്ന മുൻഗണന നല്കിയിട്ടുണ്ട്.
ദേശീയ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, എൻ്റെ സർക്കാർ 10 കോടി സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിച്ചു. ഇന്ന് രാജ്യത്തെ 'ലക്ഷപതി ദീദി'മാരുടെ എണ്ണം രണ്ട് കോടിയിലധികമാണ്. കഴിഞ്ഞ വർഷം മാത്രം 60 ലക്ഷത്തിലധികം സ്ത്രീകൾ ലക്ഷപതി ദീദിമാരായി മാറി. മൂന്ന് കോടി സ്ത്രീകളെ ലക്ഷപതി ദീദിമാരായി ശാക്തീകരിക്കുക എന്ന ലക്ഷ്യം സർക്കാർ ഉടൻ തന്നെ കൈവരിക്കും.
ആദരണീയരായ അംഗങ്ങളെ,
രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ “നമോ ഡ്രോൺ ദീദി” പദ്ധതി സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഈ ഡ്രോൺ ദീദിമാർ ആധുനിക സാങ്കേതികവിദ്യയിലൂടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു.
സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയോടൊപ്പം അവരുടെ പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും എന്റെ ഗവണ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2025 സെപ്റ്റംബറിൽ ആരംഭിച്ച “സ്വസ്ഥ് നാരി, സശക്ത് പരിവാർ” യജ്ഞത്തിൻ്റെ ഭാഗമായി ഏകദേശം ഏഴ് കോടി സ്ത്രീകളുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി. രോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ആരംഭിക്കാൻ ഈ യജ്ഞം സ്ത്രീകളെ വളരെയധികം സഹായിച്ചിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
എന്റെ ഗവൺമെൻ്റിൻ്റെ പുരോഗമനപരമായ കാഴ്ചപ്പാടുകളുടെയും നയങ്ങളുടെയും ഫലമായി, രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ഓരോ മേഖലയിലും സ്ത്രീകൾ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ ദിശയിൽ, ഏതാനും മാസങ്ങൾക്ക് മുമ്പ് രാജ്യം മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) നിന്നുള്ള വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് വിജയകരമായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. രാഷ്ട്രത്തിന്റെ വികസനത്തിന്റെയും ശാക്തീകരണത്തിന്റെയും മുൻനിരയിൽ ‘നാരീശക്തി’ നിലകൊള്ളുന്നു എന്ന വിശ്വാസത്തെ ഇത് കൂടുതൽ ദൃഢമാക്കിയിരിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
ശ്രീ ഗുരു തേഗ് ബഹാദുർ ജി നമ്മെ പഠിപ്പിച്ചത് ഇപ്രകാരമാണ് — “ഭയ് കഹു കോ ദേത് നൈ, നൈ ഭയ് മാനത് ആൻ” — അതായത്, നാം മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാനോ മറ്റുള്ളവരുടെ ഭയത്തിന് കീഴിൽ ജീവിക്കാനോ പാടില്ല.
ഈ നിർഭയത്വത്തിന്റെ കരുത്തിൽ മാത്രമേ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ. അധികാരം ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടി എങ്ങനെ ഉപയോഗിക്കാമെന്ന് ഇന്ത്യ തെളിയിച്ചു കഴിഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ ഇന്ത്യൻ പ്രതിരോധ സേനയുടെ വീര്യത്തിനും കരുത്തിനും ലോകം സാക്ഷ്യം വഹിച്ചു. സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് നമ്മുടെ രാജ്യം ഭീകരരുടെ താവളങ്ങൾ തകർത്തു. ഇന്ത്യക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും ശക്തവും നിർണ്ണായകവുമായ മറുപടി നൽകുമെന്ന ശക്തമായ സന്ദേശം എന്റെ ഗവണ്മെൻ്റ് നൽകിക്കഴിഞ്ഞു. സിന്ധു നദീജല കരാർ മരവിപ്പിച്ചതും ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘സുദർശൻ ചക്ര ദൗത്യം’ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആദരണീയരായ അംഗങ്ങളെ,
എന്റെ ഗവണ്മെന്റിന്റെ നയങ്ങൾക്കനുസൃതമായി, മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെയും സുരക്ഷാസേന നിർണ്ണായകമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വർഷങ്ങളായി രാജ്യത്തെ 126 ജില്ലകളിൽ അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പല തലമുറകളുടെയും ഭാവി ഇരുട്ടിലേക്ക് തള്ളിവിട്ടു. നമ്മുടെ യുവാക്കളും ഗോത്രവർഗ്ഗക്കാരും ദളിത് സഹോദരീസഹോദരന്മാരുമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിച്ചത്.
ഇന്ന്, മാവോയിസ്റ്റ് ഭീകരത ഉയർത്തുന്ന വെല്ലുവിളി 126 ജില്ലകളിൽ നിന്ന് വെറും എട്ട് ജില്ലകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇതിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് കാര്യമായി ബാധിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാവോയിസവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രണ്ടായിരത്തോളം വ്യക്തികൾ കീഴടങ്ങി. ഇത് ലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതത്തിലേക്ക് സമാധാനം തിരികെ കൊണ്ടുവന്നു.
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ നടക്കുന്ന മാറ്റങ്ങൾക്ക് രാജ്യം മുഴുവൻ സാക്ഷ്യം വഹിക്കുകയാണ്. 25 വർഷത്തിന് ശേഷം ബിജാപുരിലെ ഗ്രാമത്തിൽ ബസ് എത്തിയപ്പോൾ ഗ്രാമവാസികൾ അത് ഉത്സവമായി ആഘോഷിച്ചു. ബസ്തർ ഒളിമ്പിക്സിൽ യുവാക്കൾ ആവേശത്തോടെ പങ്കെടുക്കുന്നു. ആയുധം ഉപേക്ഷിച്ചവർ ഇപ്പോൾ ജഗ്ദൽപുരിലെ ‘പന്ദും കഫേ’യിൽ സേവനം അനുഷ്ഠിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
ആയുധം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയവർക്ക് സാധാരണവും മാന്യവുമായ ജീവിതം എന്റെ ഗവണ്മെന്റ് ഉറപ്പാക്കുന്നു. മാവോയിസ്റ്റ് ഭീകരതയുടെ സമ്പൂർണ്ണ ഉന്മൂലനത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്ന ആ ദിനം വിദൂരമല്ല.
ആദരണീയരായ അംഗങ്ങളെ,
സ്വയംപര്യാപ്തമായ ജീവിതമില്ലാതെ സ്വാതന്ത്ര്യം അപൂർണ്ണമായി തുടരുമെന്ന് ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനായി എന്റെ ഗവണ്മെന്റ് തുടർച്ചയായി പ്രായോഗിക നടപടികൾ സ്വീകരിച്ചു വരികയാണ്. ഇന്ന് “മേക്ക് ഇൻ ഇന്ത്യ” കാഴ്ചപ്പാടോടെ നിർമ്മിക്കപ്പെട്ട ഉൽപ്പന്നങ്ങൾ വിവിധ ആഗോള വിപണികളിൽ എത്തിച്ചേരുന്നു. ‘സ്വദേശി’ ഉൽപ്പന്നങ്ങളോട് പൗരന്മാർക്കിടയിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്.
ആദരണീയരായ അംഗങ്ങളെ,
PLI പദ്ധതിക്ക് കീഴിൽ ഇതുവരെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, 17 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉൽപ്പാദനവും നടന്നു കഴിഞ്ഞു. ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖല അഭൂതപൂർവമായ വേഗത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം ആറിരട്ടി വർദ്ധിച്ചു. ഇന്ന് അത് 11 ലക്ഷം കോടി രൂപ എന്ന നിലയിൽ എത്തിയിരിക്കുന്നു.
2025-ൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 1.5 ലക്ഷം കോടി രൂപ കടന്നു. പ്രതിരോധ കയറ്റുമതിയും 23,000 കോടി രൂപ എന്ന റെക്കോർഡ് മറികടന്നു. ‘ഓപ്പറേഷൻ സിന്ദൂറി’നു ശേഷം, ‘മെയ്ഡ്-ഇൻ-ഇന്ത്യ’ പ്രതിരോധ പ്ലാറ്റ്‌ഫോമുകളിലുള്ള വിശ്വാസം കൂടുതൽ ശക്തമായിരിക്കുകയാണ്.
ആദരണീയരായ അംഗങ്ങളെ,
ആഗോള നിക്ഷേപത്തിലും കയറ്റുമതിയിലുമുള്ള ഇന്ത്യയുടെ വിഹിതം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയ്ക്ക് ഏകദേശം 750 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ലഭിച്ചു.
എന്റെ ഗവണ്മെന്റ് ഇന്ത്യയിൽ പുതിയ മേഖലകളെ പ്രോത്സാഹിപ്പിക്കുകയാണ്. ആധുനിക നിർമ്മാണത്തിനും ഭാവി സാങ്കേതികവിദ്യകൾക്കും മൈക്രോചിപ്പുകളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. 2025-ൽ നാല് സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആകെ പത്തോളം ഫാക്ടറികൾ സമീപഭാവിയിൽ പ്രവർത്തനം ആരംഭിക്കും. നാനോ ചിപ്പുകളുടെ നിർമ്മാണത്തിനായും ഇന്ത്യ കൃത്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
ആദരണീയരായ അംഗങ്ങളെ,
ചിപ്പുകൾക്ക് പുറമെ, എന്റെ ഗവണ്മെന്റ് ദൗത്യം എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച മറ്റൊരു പ്രധാന മേഖല കൂടിയുണ്ട്. ‘ദേശീയ നിർണ്ണായക ധാതു ദൗത്യം’ വഴി അത്യാവശ്യ ധാതുക്കൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരികയാണ്.
ആദരണീയരായ അംഗങ്ങളെ,
പണ്ട് സമുദ്രവ്യാപാരത്തിൽ ലോകശക്തിയായിരുന്നു ഇന്ത്യ. എന്നാൽ അധിനിവേശാനന്തര കാലഘട്ടത്തിലെ പതിറ്റാണ്ടുകൾ നീണ്ട അവഗണന കാരണം, ഇന്ന് ഇന്ത്യയുടെ 95 ശതമാനം വ്യാപാരവും വിദേശ കപ്പലുകളിലാണ് നടക്കുന്നത്. ഇതിനായി പ്രതിവർഷം ആറ് ലക്ഷം കോടി രൂപയിലധികം ചെലവഴിക്കേണ്ടി വരുന്നു.
ഈ സാഹചര്യത്തിൽനിന്ന് രാജ്യത്തെ പുറത്തുകൊണ്ടുവരാൻ എന്റെ ഗവണ്മെന്റ് സജീവമായി ഇടപെടുന്നുണ്ട്. സമുദ്രവ്യാപാര മേഖലയ്ക്കായി ഏകദേശം 70,000 കോടി രൂപയുടെ ചരിത്രപരമായ പാക്കേജ് എന്റെ ഗവണ്മെന്റ് പ്രഖ്യാപിച്ചു. വലിയ കപ്പലുകൾക്ക് അടിസ്ഥാനസൗകര്യ പദവി നൽകി. കൂടാതെ, നിലവിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പഴയ സമുദ്രനിയമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
കേരളത്തിലെ മഹാനായ സന്ന്യാസിവര്യൻ ശ്രീനാരായണ ഗുരു പറഞ്ഞത് “വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക” എന്നാണ്. കാരണം, ഒരു രാഷ്ട്രം സ്വപ്നം കാണുമ്പോൾ, അത്തരം സ്വപ്നങ്ങൾ വിഭാവനം ചെയ്യുന്നതും അവ സാക്ഷാത്കരിക്കുന്നതും അവിടത്തെ യുവാക്കളാണ്.
കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ മാത്രം 25 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്ന് അറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകും. എന്റെ ഗവണ്മെന്റിന്റെ സഹായകരമായ നയങ്ങളാൽ രാജ്യത്ത് അനേകം പുതിയ മേഖലകളും ഉയർന്നുവരുന്നുണ്ട്. സെമികണ്ടക്ടറുകൾ, ഹരിതോർജം, ഹരിത ഹൈഡ്രജൻ തുടങ്ങിയ പുതിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
കഴിഞ്ഞ വർഷങ്ങളിൽ, ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിനായി എന്റെ ഗവണ്മെന്റ് 50 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചു. അടിസ്ഥാനസൗകര്യ മേഖലയിലെ ഈ നിക്ഷേപം യുവാക്കൾക്കായി വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
ആദരണീയരായ അംഗങ്ങളെ,
ഇന്ന് ഇന്ത്യയിലെ യുവമനസ്സുകളിൽ മറ്റൊരു ഗുണപരമായ മാറ്റത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. ‘ആത്മനിർഭർ ഭാരത്’, ‘സ്വദേശി’, ‘മേക്ക് ഇൻ ഇന്ത്യ’ എന്നിവയെ യുവാക്കൾ തങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുന്നു.
മുദ്ര യോജന പോലുള്ള പദ്ധതികൾ യുവാക്കൾക്കിടയിൽ സംരംഭകത്വവും സ്വയംതൊഴിൽ മനോഭാവവും വളർത്തുന്നു. ഈ പദ്ധതിക്ക് കീഴിൽ ചെറുകിട സംരംഭകർക്കായി 38 ലക്ഷം കോടി രൂപയിലധികം ലഭ്യമാക്കിയിട്ടുണ്ട്. ആദ്യമായി സ്വയംതൊഴിൽ ചെയ്യുന്നവർക്കായി ഏകദേശം 12 കോടി വായ്പ വിതരണം ചെയ്തു.
അതുപോലെ, പിഎം വിശ്വകർമ പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളമുള്ള 20 ലക്ഷത്തിലധികം കരകൗശല തൊഴിലാളികൾക്ക് പരിശീലനവും ബാങ്കിങ് സഹായവും നൽകിവരുന്നു. പിഎം സ്വനിധി പദ്ധതിക്ക് കീഴിൽ 72 ലക്ഷം തെരുവ് കച്ചവടക്കാർക്കായി 16,000 കോടി രൂപയുടെ സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
അടുത്തിടെ, സ്റ്റാർട്ടപ്പ് ഇന്ത്യ പരിപാടി 10 വർഷം പൂർത്തിയാക്കി. ഈ 10 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഭൂമികയായി ഇന്ത്യ മാറി. ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്ത് 500-ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഏകദേശം രണ്ട് ലക്ഷം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏകദേശം 50,000 പുതിയ സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തവയാണ്. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ശൃംഖലയിൽ 20 ലക്ഷത്തിലധികം യുവാക്കൾ ജോലി ചെയ്യുന്നു. ഈ സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്.
ആദരണീയരായ അംഗങ്ങളെ,
കഴിഞ്ഞ വർഷം, വിവിധ തൊഴിൽ മേളകളിലൂടെ എന്റെ ഗവണ്മെന്റ് ലക്ഷക്കണക്കിന് യുവാക്കൾക്ക് സ്ഥിരനിയമനം നൽകി. സ്വകാര്യമേഖലയിലും, ഒരു ലക്ഷം കോടി രൂപ ബജറ്റിൽ ‘പ്രൈം മിനിസ്റ്റർ വികസിത് ഭാരത് റോസ്ഗാർ യോജന’ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിൽ 3.5 കോടിയിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്റെ ഗവണ്മെന്റിന്റെ ശ്രമഫലമായി, IT സേവനങ്ങൾ, ഇലക്ട്രോണിക്സ് നിർമ്മാണം, ആഗോള ശേഷിവികസന കേന്ദ്രങ്ങൾ (GCC) എന്നിവയിലായി ഒരു കോടിയിലധികം യുവാക്കൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
കഴിഞ്ഞ ഒരു വർഷത്തിനിടെ, ഒരു ലക്ഷത്തിലധികം മൊബൈൽ ഫോൺ ടവറുകളിലൂടെ 4G, 5G സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ വിപുലീകരണം ആയിരക്കണക്കിന് കോടി രൂപ മൂല്യമുള്ള സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആഗോള കേന്ദ്രമായി ഇന്ത്യയെ അവതരിപ്പിച്ചു. സർഗാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ വേഗത നൽകുന്നതിനായി എന്റെ ഗവണ്മെന്റ് ‘WAVES’ എന്ന പേരിൽ പുതിയ പ്ലാറ്റ്‌ഫോമും ആരംഭിച്ചിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
ഇന്ന് സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി തൊഴിലുകളുടെ സ്വഭാവവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ, വർത്തമാനകാലത്തെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് ദേശീയ വിദ്യാഭ്യാസ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ന് സ്കൂൾതലത്തിൽതന്നെ കുട്ടികളിൽ സാങ്കേതികവിദ്യയോടും നൂതനാശയങ്ങളോടും താൽപ്പര്യമുള്ള മനോഭാവം വളർത്തിയെടുക്കുന്നു. അടൽ നൂതനാശയ ദൗത്യം ഇതിൽ ഫലപ്രദമായ പങ്ക് വഹിക്കുന്നുണ്ട്. ഇതുവരെ രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം വിദ്യാർത്ഥികൾ അടൽ ടിങ്കറിങ് ലാബുകളുടെ പ്രയോജനം നേടിയിട്ടുണ്ട്. കൂടാതെ, അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ വഴി ഗവേഷണ-വികസന സംസ്‌കാരവും പ്രോത്സാഹിപ്പിക്കപ്പെടുന്നു.
ആദരണീയരായ അംഗങ്ങളെ,
രാജ്യത്തെ ഐടിഐ ശൃംഖല നവീകരിക്കുന്നതിനായി ആയിരം ഐടിഐകൾ ഭാവിയിലേക്കായി സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പിഎം സേതു പദ്ധതിക്ക് കീഴിൽ 60,000 കോടി രൂപയാണ് ചിലവഴിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള, വ്യവസായ ലോകത്തിന് അനുയോജ്യമായ ഒരു തൊഴിൽസേനയെ എന്റെ ഗവണ്മെന്റ് വാർത്തെടുക്കുകയാണ്. ഇതുവരെ 60,000 യുവാക്കൾക്ക് സെമികണ്ടക്ടർ മേഖലയിൽ പരിശീലനം നൽകിക്കഴിഞ്ഞു. 10 ലക്ഷം യുവാക്കൾ നിർമ്മിതബുദ്ധി മേഖലയിൽ പരിശീലനം നേടിവരുന്നു.
ആദരണീയരായ അംഗങ്ങളെ,
ഇന്ന് എഐയുടെ ദുരുപയോഗം മൂലം ഉടലെടുക്കുന്ന അപകടങ്ങൾ കണക്കിലെടുത്ത്, ഈ വിഷയത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഡീപ്‌ഫേക്ക് , തെറ്റായ വിവരങ്ങൾ, വ്യാജ ഉള്ളടക്കങ്ങൾ എന്നിവ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും പൊതുവിശ്വാസത്തിനും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഗുരുതരമായ വിഷയത്തിൽ നിങ്ങളെല്ലാവരും ഗൗരവകരമായ ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
ആദരണീയരായ അംഗങ്ങളെ,
ഇന്ത്യയിലെ യുവാക്കളുടെയും എന്റെ ഗവൺമെന്റിന്റെയും സംയുക്ത പരിശ്രമത്തിലൂടെ കായിക രംഗത്തും രാജ്യം അഭൂതപൂർവമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു.
നമ്മുടെ പെൺമക്കളുടെയും ദിവ്യാംഗരായ സഹപൗരന്മാരുടെയും പ്രകടനം മെച്ചപ്പെട്ട രീതി തികച്ചും ശ്രദ്ധേയമാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് കിരീടം ചൂടി. സമാനമായി, അന്ധരായ വനിതകളുടെ ക്രിക്കറ്റ് ടീമും ലോകകപ്പ് വിജയിച്ചു. എന്റെ എല്ലാ പെൺമക്കൾക്കും ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
ആദരണീയരായ അംഗങ്ങളെ,
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ കായികരംഗവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവന്നു. എന്റെ ഗവണ്മെന്റ് ഖേലോ ഇന്ത്യ നയം രൂപീകരിക്കുകയും കായിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ തയ്യാറെടുപ്പുകളുടെയും ആത്മവിശ്വാസത്തിന്റെയും ഫലമായി, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയിൽ അർപ്പിച്ചിരിക്കുന്നു.
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തെ കഴിവുറ്റ യുവശക്തി നിർണ്ണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
യുവാക്കളെ രാഷ്ട്രനിർമ്മാണവുമായി ബന്ധിപ്പിക്കുന്നതിനായി എന്റെ ഗവണ്മെന്റ് 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്' പ്ലാറ്റ്‌ഫോമിന് രൂപം നൽകിയിട്ടുണ്ട്. ഈ വർഷം ഏകദേശം 50 ലക്ഷം യുവാക്കൾ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു. ഇതുവരെ ഏകദേശം രണ്ട് കോടി യുവാക്കൾ 'മൈ ഭാരത്' പ്ലാറ്റ്‌ഫോമിലും ചേർന്നിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
ലോകം സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാം. കാലങ്ങളായുള്ള ആഗോള സമവാക്യങ്ങളും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള സംഘർഷങ്ങളിൽ നിന്നുടലെടുക്കുന്ന അനിശ്ചിതാവസ്ഥകൾ ആഗോള സ്ഥിരതയെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഇന്ത്യ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ വിജയത്തിന് പിന്നിൽ എന്റെ ഗവണ്മെന്റിന്റെ സന്തുലിതമായ വിദേശനയവും ദീർഘവീക്ഷണവുമാണുള്ളത്.
ആദരണീയരായ അംഗങ്ങളെ,
നിലവിലുള്ള സങ്കീർണ്ണമായ ആഗോള സാഹചര്യങ്ങൾക്കിടയിൽ, ലോകത്തെ ബന്ധിപ്പിക്കുന്ന ഒരു പാലം എന്ന പങ്കാണ് ഇന്ത്യ വഹിക്കുന്നത്. സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങൾ പോലും പ്രധാന വിഷയങ്ങളിൽ ഇന്ത്യയിലുള്ള തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സന്തുലിതാവസ്ഥയ്ക്കും നിഷ്പക്ഷതയ്ക്കും മാനുഷിക പരിഗണനകൾക്കും ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നു എന്നത് സംതൃപ്തി നൽകുന്ന കാര്യമാണ്. അതേസമയം, 'ഇന്ത്യ ആദ്യം' എന്ന ദൃഢനിശ്ചയത്തിൽ രാജ്യം ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
ആദരണീയരായ അംഗങ്ങളെ,
ആഗോളതലത്തിൽ 'ഗ്ലോബൽ സൗത്തിന്റെ' ശബ്ദം ഇന്ത്യ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ പുതിയ പങ്കാളിത്തങ്ങൾ ഉണ്ടാക്കുകയും കാലങ്ങളായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. ബിംസ്റ്റെക് (BIMSTEC), ജി20 (G20), ബ്രിക്സ് (BRICS), എസ്സിഒ (SCO) തുടങ്ങിയ വിവിധ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ അതിന്റെ സാന്നിധ്യം നിരന്തരം ശക്തമാക്കിയിട്ടുണ്ട്.
ആദരണീയരായ അംഗങ്ങളെ,
മനുഷ്യരാശിക്കുള്ള സേവനമായിരിക്കണം ആഗോള രാഷ്ട്രീയത്തിന്റെയും സഹകരണത്തിന്റെയും പരമമായ ലക്ഷ്യമെന്ന് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നു. ഇന്ത്യ അതിന്റെ പ്രവർത്തനങ്ങളിലൂടെ ഇതിന് പ്രചോദനാത്മകമായ മാതൃകകളും അവതരിപ്പിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ, അയൽരാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ എപ്പോഴും മുന്നോട്ടുവന്നിട്ടുണ്ട്. 2025 നവംബറിൽ ശ്രീലങ്കയിലുണ്ടായ 'ദിത്വ' ചുഴലിക്കാറ്റ് സമയത്ത് എന്റെ ഗവണ്മെന്റ് 'ഓപ്പറേഷൻ സാഗർ ബന്ധു' നടപ്പിലാക്കി. മ്യാൻമറിലും അഫ്ഗാനിസ്ഥാനിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ആദ്യമായി പ്രതികരിച്ച രാജ്യവും ഇന്ത്യയായിരുന്നു.
ആദരണീയരായ അംഗങ്ങളെ,
ഇന്ന്, സജീവമായ ഇടപെടലുകളിലൂടെ നിരവധി ആഗോള സംഘടനകളിൽ പ്രധാന ഉത്തരവാദിത്തങ്ങൾ ഇന്ത്യ വഹിക്കുന്നു. ഈ വർഷം ഇന്ത്യ ബ്രിക്സിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നു, ലോകം അതിനെ വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ഭാവിയിലെ അവസരങ്ങളും വെല്ലുവിളികളും കണക്കിലെടുത്ത്, അന്താരാഷ്ട്ര സമൂഹത്തെ ഒരു പൊതുവേദിയിൽ എത്തിക്കുന്നതിനായി ഇന്ത്യ 'ഗ്ലോബൽ എഐ ഇംപാക്ട് സമിറ്റ്' സംഘടിപ്പിക്കാൻ പോകുന്നു. ഇതും ലോകത്തിന് ഒരു സുപ്രധാനമായ സംഭവമായി മാറും.
ആദരണീയരായ അംഗങ്ങളെ,
വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്താൻ ആധുനിക വികസനത്തിന് നൽകുന്ന അത്രതന്നെ പ്രാധാന്യം ദേശാഭിമാനത്തിനും സാംസ്കാരിക പൈതൃകത്തിനും നൽകേണ്ടതുണ്ട്. സാംസ്കാരിക വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ പൈതൃകത്തെ രാജ്യത്തിന്റെ ശക്തി സ്രോതസ്സാക്കി മാറ്റാനാണ് എന്റെ ഗവണ്മെന്റ് ശ്രമിക്കുന്നത്.
കൊളോണിയൽ കാലഘട്ടത്തിൽ മെക്കാളെയുടെ ഗൂഢതന്ത്രത്തിലൂടെ ഇന്ത്യയിലെ ജനങ്ങളിൽ ഒരുതരം അപകർഷതാബോധം വളർത്തിയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി, ഇതിനെതിരെ ആഞ്ഞടിക്കാനുള്ള ധൈര്യം എന്റെ ഗവണ്മെന്റ് കാട്ടിയിരിക്കുന്നു.
ആദരണീയരായ അംഗങ്ങളെ,
ഇന്ന് രാജ്യം സ്വന്തം സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സമ്പന്നമാക്കുന്നതിനുമായി എല്ലാ തലങ്ങളിലും പ്രവർത്തിക്കുകയാണ്. ഈ ദിശയിൽ, എന്റെ ഗവണ്മെന്റിന്റെ ശ്രമഫലമായി ഭഗവാൻ ബുദ്ധന്റെ പവിത്രമായ ശേഷിപ്പുകൾ 125 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഈ ശേഷിപ്പുകൾ ഇപ്പോൾ പൊതുദർശനത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
സൗരാഷ്ട്രയിലെ സോമനാഥ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ 75-ാം വാർഷികം കൂടിയാണ് ഈ വർഷം. സോമനാഥ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷമുള്ള ആയിരം വർഷത്തെ യാത്ര ഇന്ത്യയുടെ മതപരമായ ഭക്തിയുടെയും സനാതന സംസ്കാരത്തിന്റെയും നിലനിൽക്കുന്ന വിശ്വാസത്തിന്റെയും പ്രതീകമാണ്. രാജ്യത്തുടനീളമുള്ള ജനങ്ങൾ 'സോമനാഥ സ്വാഭിമാൻ പർവ്' ആഘോഷങ്ങളിൽ പങ്കെടുത്ത ആവേശം യഥാർത്ഥത്തിൽ സമാനതകളില്ലാത്തതാണ്.
രാജേന്ദ്ര ചോളൻ ഗംഗൈകൊണ്ട-ചോളപുരം സ്ഥാപിച്ചതിന്റെ ആയിരം വർഷങ്ങൾ തികഞ്ഞത് ഈ അടുത്തകാലത്താണ്. ഈ വേളയും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് തങ്ങളുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് അഭിമാനം കൊള്ളാൻ അവസരം നൽകി.
ആദരണീയരായ അംഗങ്ങളെ,
നമ്മുടെ രാജ്യം അറിവിന്റെ പുരാതന കേന്ദ്രമാണ്. ഈ വിജ്ഞാനശേഖരം ആയിരക്കണക്കിന് വർഷങ്ങളായി തലമുറകളിലൂടെ, പുരാതന കൈയെഴുത്തുപ്രതികളുടെ രൂപത്തിൽ സംരക്ഷിക്കപ്പെട്ടു പോന്നു. എന്നാൽ വിദേശ ആക്രമണങ്ങൾ മൂലവും സ്വാതന്ത്ര്യാനന്തരം വർഷങ്ങളായുള്ള അവഗണന മൂലവും ഈ അമൂല്യ പൈതൃകത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇപ്പോൾ ഈ വിപുലമായ വിജ്ഞാനശേഖരം സംരക്ഷിക്കാൻ എന്റെ ഗവണ്മെന്റ് നടപടികൾ സ്വീകരിക്കുകയാണ്. 'ജ്ഞാന ഭാരതം മിഷൻ' വഴി രാജ്യത്തുടനീളം പുരാതന കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൈസേഷൻ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ വിജ്ഞാന പാരമ്പര്യം സംരക്ഷിക്കുന്നതിനും ഭാവിയിൽ ജനങ്ങൾക്ക് അത് ലഭ്യമാക്കുന്നതിനും ഈ ശ്രമങ്ങൾ പ്രധാന പങ്ക് വഹിക്കും.
ആദരണീയരായ അംഗങ്ങളെ,
രാജ്യത്തെ സമ്പന്നമായ ഗോത്ര പൈതൃകം സംരക്ഷിക്കുന്നതിനായി എന്റെ ഗവണ്മെന്റ് ഗോത്ര മ്യൂസിയങ്ങളും സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ ഷഹീദ് വീർ നാരായൺ സിംഗ് ഗോത്ര സ്വാതന്ത്ര്യസമര സേനാനികളുടെ മ്യൂസിയം അടുത്തിടെ ഉദ്ഘാടനം ചെയ്തു. ഭരണഘടന സന്താലി ഭാഷയിലേക്ക് വിവർത്തനം ചെയ്തതിലൂടെ ഗോത്രവർഗ്ഗ സമൂഹത്തിന്റെ അഭിമാനം ഉയർത്താൻ എന്റെ ഗവൺമെന്റിന് സാധിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ആദരണീയരായ അംഗങ്ങളെ,
നമ്മുടെ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും നമ്മൾ ബഹുമാനിക്കുമ്പോൾ ലോകവും അവയെ ബഹുമാനിക്കുന്നു. കഴിഞ്ഞ വർഷം യുനെസ്കോ നമ്മുടെ ദീപാവലി ആഘോഷത്തെ 'മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക' പട്ടികയിൽ ഉൾപ്പെടുത്തി. ലോകമെമ്പാടും ദീപാവലിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് പുറമെ, യുനെസ്കോയുടെ ഈ അംഗീകാരം എല്ലാ ഇന്ത്യക്കാർക്കും വലിയ അഭിമാനമായി മാറി.
ആദരണീയരായ അംഗങ്ങളെ,
വിവിധ അഭിപ്രായങ്ങൾക്കും വ്യത്യസ്ത കാഴ്ചപ്പാടുകൾക്കുമിടയിൽ, രാഷ്ട്രത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന കാര്യത്തിൽ ഏകാഭിപ്രായം ഉണ്ടായിട്ടുണ്ട്. പ്രശ്നങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും എന്നാൽ ചില വിഷയങ്ങൾ എല്ലാ വ്യത്യാസങ്ങൾക്കും അപ്പുറമാണെന്നും മഹാത്മാഗാന്ധി, നെഹ്‌റു ജി, ബാബാസാഹേബ്, സർദാർ പട്ടേൽ, ജെ.പി ജി, ലോഹ്യ ജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, അടൽ ജി എന്നിവരെല്ലാം വിശ്വസിച്ചിരുന്നു. വികസിത ഭാരതം എന്ന ദൃഢനിശ്ചയം, ഇന്ത്യയുടെ സുരക്ഷ, ആത്മനിർഭരത, സ്വദേശി പ്രചാരണം, ദേശീയ ഐക്യത്തിനായുള്ള ശ്രമങ്ങൾ, ശുചിത്വം എന്നിവയിലും രാഷ്ട്രവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളിലും പാർലമെന്റ് അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. ഇതാണ് നമ്മുടെ ഭരണഘടനയുടെ അന്തസത്ത. അതിനാൽ, ഇന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു: ഓരോ പാർലമെന്റ് അംഗവും രാഷ്ട്രതാൽപ്പര്യമുള്ള വിഷയങ്ങളിൽ രാജ്യ വികസനത്തിലെ പങ്കാളികളായി ഏകീകൃത നിലപാട് സ്വീകരിക്കുകയും ഇന്ത്യയുടെ പുരോഗതിക്ക് പുതിയ ഊർജ്ജം പകരുകയും ചെയ്യുക.
ആദരണീയരായ അംഗങ്ങളെ,
ഇന്ത്യ അതിന്റെ ഭാവിയിലേക്കുള്ള യാത്രയിൽ സുപ്രധാനമായ ഒരു ഘട്ടത്തിലാണ് നിൽക്കുന്നതെന്ന് എല്ലാ പൗരന്മാർക്കും കാണാൻ കഴിയും. ഇന്ന് എടുക്കുന്ന തീരുമാനങ്ങളുടെ സ്വാധീനം വരും വർഷങ്ങളിൽ ദൃശ്യമാകും.
വികസിത ഭാരതം എന്ന ലക്ഷ്യം ഒരു ഗവണ്മെന്റിലോ ഒരു തലമുറയിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഇതൊരു തുടർച്ചയായ യാത്രയാണ്. ഈ യാത്രയിൽ നമ്മുടെയെല്ലാം പരിശ്രമവും അച്ചടക്കവും തുടർച്ചയും പ്രധാനമാണ്. വരും കാലങ്ങളിൽ രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുന്നത് അതിന്റെ കൂട്ടായ നിശ്ചയദാർഢ്യത്തിലൂടെയായിരിക്കും.
പാർലമെന്റും ഗവണ്മെന്റും പൗരന്മാരും ചേർന്ന് വികസിത ഭാരതം എന്ന ദൃഢനിശ്ചയം നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭാരതത്തിലെ പൗരന്മാർ ദേശീയ താൽപ്പര്യത്തിന് പരമമായ പ്രാധാന്യം നൽകിക്കൊണ്ടും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും മുന്നോട്ട് പോകും. എല്ലാ പൗരന്മാരും രാഷ്ട്രതാൽപ്പര്യത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനുമായി തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഈ വിശ്വാസത്തോടെ, വരാനിരിക്കുന്ന വിജയകരവും അർത്ഥവത്തുമായ സമ്മേളനത്തിനായി എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു.
നന്ദി!
ജയ് ഹിന്ദ്!
ജയ് ഭാരത്!
****
LPSS/SKY/SK
(रिलीज़ आईडी: 2219639)
आगंतुक पटल : 29