പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ആഗോള ഊർജ്ജ പരിവർത്തനത്തിൽ നിക്ഷേപം, പങ്കാളിത്തം, പ്രവർത്തനം എന്നിവയ്ക്കുള്ള ആഹ്വാനത്തോടെ 'ഇന്ത്യ എനർജി വീക്ക് 2026' ന് തുടക്കമായി
സുരക്ഷ, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിന് സുസ്ഥിര നിക്ഷേപത്തിലൂടെ ഊർജ്ജ പരിവർത്തനത്തെ പിന്തുണയ്ക്കണം: പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി
प्रविष्टि तिथि:
27 JAN 2026 3:14PM by PIB Thiruvananthpuram
ഇന്ത്യ എനർജി വീക്ക് 2026 ന് ഇന്ന് തുടക്കമായി. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വ്യവസായ, നൂതന സാങ്കേതികവകുപ്പ് മന്ത്രിയും ADNOC യുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ചടങ്ങിന് സ്വാഗതമേകി .
ഊർജ്ജ സംവാദത്തെ പ്രവർത്തനത്തിലേക്കും, നൂതനാശയങ്ങളെ നടപ്പാക്കലിലേക്കും,ഒപ്പം അഭിലാഷങ്ങളെ ഫലങ്ങളാക്കിയും മാറ്റുന്നതിനുള്ള പ്രധാന അന്താരാഷ്ട്ര വേദി എന്ന നിലയിൽ ഈ ആഗോള സമ്മേളനത്തിന്റെ പങ്ക് പ്രഭാഷകർ ആവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഊർജ്ജ സുരക്ഷ, സ്വയം പര്യാപ്തത, കാലാവസ്ഥാ നീതി എന്നിവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരതയാർന്ന പുരോഗതി, മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി പുരി എടുത്തുപറഞ്ഞു. ആഗോള ഊർജ്ജ സംവിധാനം അസ്ഥിരതയുടെയും അഭൂതപൂർവമായ പരിവർത്തനത്തിന്റെയും കാലഘട്ടത്തിലൂടെ കടന്നുപോകുന്ന അവസരത്തിൽ നയരൂപകർത്താക്കൾ, ഉൽപ്പാദകർ, ഉപഭോക്താക്കൾ, സാങ്കേതിക ദാതാക്കൾ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വിശ്വസനീയമായ ആഗോള വേദിയായി ഇന്ത്യ എനർജി വീക്ക് അതിവേഗം മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോള ഊർജ്ജ പരിവർത്തനമെന്നത് അടിസ്ഥാനപരമായി മാറ്റിസ്ഥാപിക്കലല്ല, മറിച്ച് "ഊർജ്ജ കൂട്ടിച്ചേർക്കലിനെ"യാണ് കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ പുരി ഊന്നിപ്പറഞ്ഞു, എണ്ണ, വാതകം, ജൈവ ഇന്ധനങ്ങൾ, ഹരിത ഹൈഡ്രജൻ, എൽഎൻജി, ശുദ്ധമായ പാചക ഇന്ധനം എന്നിവയിലുടനീളം സുസ്ഥിര നിക്ഷേപത്തിന്റെ ആവശ്യകതയെ അദ്ദേഹം അടിവരയിട്ടു. ലഭ്യത, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന പരിഷ്കരണ അധിഷ്ഠിത സമീപനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിൽഎൽപിജി ലഭ്യതയുടെ ദ്രുതഗതിയിലുള്ള വികാസം, ശുദ്ധമായ പാചക ലഭ്യത, വൈവിധ്യമാർന്ന ഊർജ്ജ മിശ്രിതം എന്നിവ സമഗ്ര വളർച്ചയ്ക്കും തുല്യമായ ഊർജ്ജ ലഭ്യതയ്ക്കുമുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ഊർജ്ജ ആവശ്യകത ഗണ്യമായ തോതിലുള്ള പരിവർത്തന ഘട്ടത്തിലേക്ക് കടക്കുന്നുണ്ടെന്നും, വളർന്നുവരുന്ന വിപണികൾ, ഡിജിറ്റലൈസേഷൻ, വൈവിധ്യമാർന്ന ഊർജ്ജ സംവിധാനങ്ങളുടെ സംയോജനം എന്നിവ ഇതിന് കാരണമാകുന്നതായും സമ്മേളനത്തെ അഭിസംബോധന ചെയ്ത യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വ്യവസായ-നൂതന സാങ്കേതികവിദ്യ വകുപ്പ് മന്ത്രിയും ADNOC യുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. ഈ പ്രവണതകളുടെ കേന്ദ്രബിന്ദുവായി ഇന്ത്യ സ്ഥിതിചെയ്യുന്നുവെന്നും വരും ദശകങ്ങളിൽ ആഗോള ഊർജ്ജ ആവശ്യകതയുടെ നിർണായക ചാലകശക്തിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോള ഊർജ്ജ സംവിധാനം നേരിടുന്ന ഏറ്റവും വലിയ അപകടസാധ്യത നിക്ഷേപത്തിന്റെ അഭാവമാണെന്ന് ഡോ. അൽ ജാബർ ഊന്നിപ്പറഞ്ഞു. സുരക്ഷ, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ ഉറപ്പാക്കാൻ എല്ലാത്തരം ഊർജ്ജ മേഖലകളിലും സന്തുലിത നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎഇ-ഇന്ത്യ ഊർജ്ജ പങ്കാളിത്തത്തിന്റെ ആഴം എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയ്ക്ക് അസംസ്കൃത ഇന്ധനം, എൽഎൻജി, എൽപിജി എന്നിവയുടെ വിശ്വസനീയമായ വിതരണ സ്ഥാപനം എന്ന നിലയിൽ ADNOC-ന്റെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ദ്രുത ഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഊർജ്ജ മേഖലയിൽ ഉറപ്പ്, പ്രതിരോധശേഷി, പൊതു മൂല്യങ്ങൾ എന്നിവ ഉറപ്പാക്കി ഇന്ത്യയുമായി ദീർഘകാല, വിശ്വാസാധിഷ്ഠിത പങ്കാളിത്തത്തിന് യുഎഇയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.
ആശയങ്ങൾ പ്രവർത്തനത്തിലേക്ക് മാറ്റുന്ന ഒരു ആഗോള വേദിയായി ഇന്ത്യ എനർജി വീക്ക് 2026 ഉയർന്നുവന്നിട്ടുണ്ടെന്ന് പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട്, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. ആതിഥേയ സംസ്ഥാനമെന്ന നിലയിൽ, 2050 ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിനുള്ള ദീർഘകാല കർമപദ്ധതി ഉൾപ്പെടെ, സുസ്ഥിര വികസനത്തിനായുള്ള കാഴ്ചപ്പാട് ഗോവയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമുദ്ര വിഭവങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തോടൊപ്പം പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട്, ഹരിത സമ്പദ്‌വ്യവസ്ഥയെ നീല സമ്പദ്‌വ്യവസ്ഥയുമായി സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
പ്രായോഗികവും വിപുലീകരിക്കാവുന്നതും സമഗ്രവുമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉത്തരവാദിത്വമുള്ള ആഗോള ഊർജ്ജ നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇന്ത്യ എനർജി വീക്ക് 2026 ഉദ്ഘാടനത്തിൽ എടുത്തു പറഞ്ഞു. ആഗോള ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് നിർണായക സഹായക ഘടകമായി അന്താരാഷ്ട്ര സഹകരണം, നൂതനാശയങ്ങൾ, നിക്ഷേപ സമാഹരണം എന്നിവയിൽ ശക്തമായ ഊന്നൽ നൽകി.
***
(रिलीज़ आईडी: 2219226)
आगंतुक पटल : 10