രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

യൂറോപ്യൻ യൂണിയൻ കമ്മീഷൻ്റെ ഉന്നത പ്രതിനിധി/വൈസ് പ്രസിഡൻ്റുമായി രക്ഷാമന്ത്രി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

ഇന്ത്യയുടേയും യൂറോപ്യൻ യൂണിയൻ്റേയും പ്രതിരോധ വ്യവസായങ്ങൾ വലിയ ആഗോള നന്മയ്ക്കായി അവരുടെ ശ്രമങ്ങളെ ഏകോപിപ്പിക്കണം : ശ്രീ രാജ്‌നാഥ് സിംഗ്

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇരുപക്ഷവും ഒന്നിച്ച് പ്രവർത്തിക്കുകയും സംയുക്ത അഭ്യാസങ്ങളിലൂടെ മികച്ച പ്രവർത്തനരീതികളിൽ നിന്ന് പരസ്പരം പഠിക്കുകയും വേണം: മിസ് കയ്യാ കാലസ്സ്

प्रविष्टि तिथि: 27 JAN 2026 1:33PM by PIB Thiruvananthpuram
രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് യൂറോപ്യൻ യൂണിയൻ (EU) കമ്മീഷൻ്റെ ഉന്നത പ്രതിനിധി/വൈസ് പ്രസിഡൻ്റ്  മിസ് കയ്യാ കാലസ്സുമായി 2026 ജനുവരി 27-ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ഉഭയകക്ഷി സുരക്ഷാ, പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്തു. ജനാധിപത്യം, ബഹുസ്വരത, നിയമവാഴ്ച എന്നീ തത്വങ്ങൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും പങ്കിടുന്നുവെന്നും ഇത് ക്രമാനുഗതമായി ആഴത്തിലുള്ള പങ്കാളിത്തത്തിന് അടിത്തറ പാകുമെന്നും രക്ഷാമന്ത്രി പറഞ്ഞു. ഈ മൂല്യങ്ങളെ ആഗോള സ്ഥിരതയ്ക്കും സുസ്ഥിര വളർച്ചയ്ക്കും എല്ലാവരേയും ഉൾക്കൊള്ളുന്ന സമൃദ്ധിയ്ക്കുമായി പ്രായോഗിക സഹകരണമാക്കി മാറ്റാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യയുടേയും യൂറോപ്യൻ യൂണിയൻ്റേയും പ്രതിരോധ വ്യവസായങ്ങൾ വലിയ ആഗോള നന്മയ്ക്കായി തങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കണമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. ഇത് യൂറോപ്യൻ യൂണിയൻ്റെ തന്ത്രപരമായ സ്വയംഭരണത്തിനായുള്ള പരിശ്രമങ്ങളുമായി പൊരുത്തപ്പെടുമ്പോൾ, ഇന്ത്യയുടെ ആത്മനിർഭർ ഭാരതം എന്ന ദർശനത്തിന് പൂരകമാവുകയും ചെയ്യുന്നു. വിശ്വസനീയമായ പ്രതിരോധ ആവാസവ്യവസ്ഥകളും ഭാവിയിലേക്ക് സജ്ജമായ കഴിവുകളും കെട്ടിപ്പടുക്കുന്നതിനായി വിതരണ ശൃംഖലകളെ സംയോജിപ്പിക്കുന്നതിലൂടെ ഈ പങ്കാളിത്തം വലിയൊരു ശക്തിയായി മാറും. യൂറോപ്യൻ യൂണിയൻ തങ്ങളുടെ വിതരണക്കാരെ വേഗത്തിൽ വൈവിധ്യവത്കരിക്കാനും ആശ്രിതത്വത്തിൻ്റെ അപകടസാധ്യതകൾ കുറയ്ക്കാനും ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ, യൂറോപ്യൻ യൂണിയൻ്റെ  'റീ-ആം സംരംഭത്തിൽ' ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിന് അർത്ഥവത്തായ പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മിസ് കാലസ്സ് ഇന്ത്യ സന്ദർശിക്കുന്നത് സവിശേഷമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ, പ്രത്യേകിച്ച് കർത്തവ്യ പഥിലെ പരേഡിൽ യൂറോപ്യൻ യൂണിയൻ്റെ സാന്നിധ്യമുണ്ടായതിലും, മിസ് കയ്യാ കാലസ്സ് നന്ദി രേഖപ്പെടുത്തി. ഇന്ത്യയും യൂറോപ്യൻ യൂണിയനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കണമെന്നും സംയുക്ത അഭ്യാസങ്ങളിലൂടെ പരസ്പരം മികച്ച പ്രവർത്തനരീതികൾ പഠിക്കണമെന്നും അവർ പറഞ്ഞു. ഗുരുഗ്രാമിലെ ഇന്ത്യൻ നാവികസേനയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ- ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IFC-IOR) ഒരു ലെയ്‌സൺ ഓഫീസറെ (LO) നിയമിക്കാനുള്ള യൂറോപ്യൻ യൂണിയൻ്റെ നിർദ്ദേശത്തെ രക്ഷാ മന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽക്കൊള്ളയെ ചെറുക്കുന്നതിലും ഭീഷണികൾ വിലയിരുത്തുന്നതിലും ഇന്ത്യൻ നാവികസേനയുമായുള്ള പ്രവർത്തന ഏകോപനം വർദ്ധിപ്പിക്കുന്നതിന് IFC-IOR-ലെ  യൂറോപ്യൻ യൂണിയൻ ലെയ്സൺ ഓഫീസർ സഹായിക്കും.
 
*****

(रिलीज़ आईडी: 2219116) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil , Telugu