റെയില്‍വേ മന്ത്രാലയം
കശ്മീർ താഴ്‌വരയിലേക്ക് എല്ലാ കാലാവസ്ഥയിലും ഇന്ത്യൻ റെയിൽവേയുടെ ഗതാഗത സൗകര്യം; വിശ്വസനീയ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കുകയും പ്രതികൂല കാലാവസ്ഥയില്‍ പോലും ചരക്കുനീക്ക ചെലവ് കുറയ്ക്കുകയും ചെയ്യുന്നു
प्रविष्टि तिथि:
24 JAN 2026 5:56PM by PIB Thiruvananthpuram
കശ്മീർ താഴ്‌വരയിലേക്കുള്ള ചരക്ക് ഗതാഗതത്തിൽ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഭക്ഷ്യധാന്യം (അരി) കയറ്റിയ സമ്പൂർണ്ണ ചരക്ക് ട്രെയിന്‍ 2026 ജനുവരി 22-ന് അനന്ത്‌നാഗിലെത്തി. ഈ മേഖലയിലേക്ക് എല്ലാ കാലാവസ്ഥയിലും ലഭ്യമായ റെയിൽ ഗതാഗത സൗകര്യത്തിന്റെ കരുത്ത് ഇതിലൂടെ പ്രകടമാകുന്നു. ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കാന്‍ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി നടത്തിയ നിരന്തര ഏകോപനത്തിലൂടെ ചരിത്രത്തിലാദ്യമായി 2,768 മെട്രിക് ടൺ അരി കയറ്റിയ 42 വാഗണുകളടങ്ങുന്ന വലിയ ചരക്കു ട്രെയിനാണ് റെയിൽ മാർഗം അനന്ത്‌നാഗ് ഗുഡ്സ് ഷെഡിലെത്തിച്ചത്.
നേരത്തെ 21 വാഗണുകളിൽ 1,384 മെട്രിക് ടൺ ഭക്ഷ്യധാന്യം വഹിക്കുന്ന ചെറിയ ചരക്കുവണ്ടികള്‍ മാത്രമാണ് റെയിൽ മാർഗം ചരക്കുനീക്കം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ജനുവരി 21-ന് പഞ്ചാബിലെ സംഗ്രൂർ റെയിൽ ടെർമിനലിൽ നിന്ന് ചരക്കുകള്‍ കയറ്റിയ വലിയ ചരക്ക് ട്രെയിന്‍ 24 മണിക്കൂറിനകം വിജയകരമായി അനന്ത്‌നാഗിലെത്തിച്ചു. ഒരു ദിവസം മുന്‍പ് ചരക്കിറക്കുന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയ പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നെങ്കിലും ഇത് വിജയകരമായി കൈകാര്യം ചെയ്യാനായി. താഴ്‌വരയിലെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയ്ക്കും വിതരണ സംവിധാനത്തിനും ഇത് വലിയ കരുത്ത് പകരുന്നു.

കശ്മീർ താഴ്‌വരയിലെ ഭക്ഷ്യധാന്യ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന തുടക്കമാണ് ഈ നാഴികക്കല്ല്. ചെറിയ ചരക്കുവണ്ടികളില്‍ നിന്നും റോഡ് അധിഷ്ഠിത ഗതാഗതത്തിൽ നിന്നും പൂർണ ശേഷിയുള്ള റെയിൽവേ വാഗണുകളിലേക്ക് മാറിയത് ചരക്കുനീക്കത്തിന്റെ ചെലവില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നും അവശ്യസാധനങ്ങളുടെ അതിവേഗവും വിശ്വസനീയവുമായ നീക്കം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് പ്രതികൂല കാലാവസ്ഥയിൽ പോലും താഴ്‌വരയിൽ ആവശ്യമായ ഭക്ഷ്യശേഖരം നിലനിർത്താനും പ്രാദേശത്തെ വീടുകളിലേക്ക് ഭക്ഷ്യധാന്യ ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും.
ദേശീയപാതകളിലെ ഭാരമേറിയ ട്രക്ക് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയുന്നത് പരിസ്ഥിതി ഗുണങ്ങൾക്കും കാര്യക്ഷമത വർധിപ്പിക്കാനും വഴിയൊരുക്കും. ആപ്പിൾ, സിമന്റ്, വളം എന്നിവയുടെ വിജയകരമായ നീക്കത്തിന് പിന്നാലെ ഭക്ഷ്യധാന്യങ്ങളും എത്തിയതോടെ റെയിൽ അധിഷ്ഠിത ചരക്കുനീക്കം ഈ മേഖലയിലെ സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങളെയും വിതരണ ശൃംഖലയുടെ സ്ഥിരതയെയും പിന്തുണയ്ക്കുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ എന്‍ജിനീയറിങ് പദ്ധതികളിലൊന്നായ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ വിപ്ലവകരമായ സ്വാധീനം ഈ സംഭവവികാസങ്ങൾ അടിവരയിടുന്നു. താഴ്‌വരയിൽ മഞ്ഞുവീഴ്ചയും വെല്ലുവിളിയേറിയ ശൈത്യകാല സാഹചര്യങ്ങളും അനുഭവപ്പെടുമ്പോഴും മെച്ചപ്പെട്ട റെയിൽ ഗതാഗത സൗകര്യം വ്യാപാരവും ചരക്കുനീക്കവും ശക്തിപ്പെടുത്തുന്നു. അവശ്യസാധനങ്ങൾ വിശ്വസനീയമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നത് കർഷകർക്കും വ്യാപാരികൾക്കും വീടുകൾക്കും നേരിട്ട് പ്രയോജനം ചെയ്യുന്നു.
****
(रिलीज़ आईडी: 2218279)
आगंतुक पटल : 9