പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇന്ത്യ ഊര്‍ജ്ജവാരം 2026-നോടനുബന്ധിച്ച് ആഗോള ഊർജ്ജ നേതൃത്വം ഗോവയിൽ ഒത്തുചേരുമെന്ന് കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരി
प्रविष्टि तिथि:
23 JAN 2026 6:05PM by PIB Thiruvananthpuram
2026 ജനുവരി 27 മുതൽ 30 വരെ ഗോവയിലെ ONGC ATI-യില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഊര്‍ജ്ജവാരം ആഗോള ഊർജ്ജ മേഖലയുടെ നിർണായക ഘട്ടത്തിൽ ലോകരാഷ്ട്രങ്ങളിലെ ഊർജ്ജ മന്ത്രിമാരെയും വ്യവസായ പ്രമുഖരെയും നയരൂപകർത്താക്കളെയും ധനകാര്യ സ്ഥാപനങ്ങളെയും അക്കാദമിക വിദഗ്ധരെയും സാങ്കേതികവിദ്യ ദാതാക്കളെയും ഒരുമിച്ചു ചേര്‍ക്കുമെന്ന് പരിപാടിയുടെ ആമുഖ വാര്‍ത്താസമ്മേളനത്തെ അഭിസംബോധന ചെയ്യവെ കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യ ഊര്‍ജ്ജവാരത്തെ ഈ വര്‍ഷത്തെ പ്രഥമ സുപ്രധാന അന്താരാഷ്ട്ര ഊർജ്ജ പരിപാടിയായി വിശേഷിപ്പിച്ച കേന്ദ്രമന്ത്രി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലും കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുന്നതിന് പ്രായോഗിക വഴികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും സമ്മേളന വേദി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കി.

പരിപാടിയുടെ വർധിച്ചുവരുന്ന ആഗോള പദവി എടുത്തുപറഞ്ഞ ശ്രീ പുരി തുടക്കം മുതൽ വർഷംതോറും ഇന്ത്യ ഊര്‍ജ്ജവാരം ഗണ്യമായി വിപുലീകരിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി. 2023-ലെ ഉദ്ഘാടന പതിപ്പിൽ ഏകദേശം 30,000 പ്രതിനിധികളും 316 പ്രദര്‍ശകരും പങ്കെടുത്തപ്പോൾ 2024-ൽ പങ്കാളിത്തം 45,000-ത്തിലെത്തുകയും 2025-ൽ 68,000-ത്തിലേക്ക് ഉയരുകയും ചെയ്തു. 75,000-ത്തിലേറെ പ്രതിനിധികളും 180 അന്താരാഷ്ട്ര പ്രദര്‍ശകരടക്കം 600-ലേറെ പ്രദര്‍ശകരും 500-ലധികം ആഗോള പ്രഭാഷകരും 120-ലേറെ സമ്മേളന സെഷനുകളും ഉൾപ്പെടുന്ന ഈ വര്‍ഷത്തെ ഇന്ത്യ ഊര്‍ജ്ജവാരം ഇതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും വലിയ പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കാളിത്തത്തിന്റെ വ്യാപ്തിയും വൈവിധ്യവും ആഗോള ഊർജ്ജ സംഭാഷണത്തിന് വേദിയൊരുക്കുന്നതില്‍ ഇന്ത്യയുടെ വർധിച്ചുവരുന്ന നേതൃത്വപരമായ പങ്കിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

യുഎഇ, കാനഡ, നെതർലാൻഡ്‌സ്, ഒമാൻ, ബ്രൂണൈ, മ്യാൻമർ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ 17 മന്ത്രിമാര്‍ക്കും ഉപമന്ത്രിമാര്‍ക്കും പുറമെ അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം, ബിംസ്‌റ്റെക്, യുറേഷ്യൻ സാമ്പത്തിക യൂണിയൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും പങ്കാളിത്തം സ്ഥിരീകരിച്ചതായി ശ്രീ പുരി അറിയിച്ചു. ഡിജിറ്റല്‍വല്‍ക്കരണം, നിര്‍മിതബുദ്ധി (എഐ), ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം, പെട്രോകെമിക്കൽസ്, ജൈവ ഇന്ധനങ്ങള്‍, എൽഎൻജി ആവാസവ്യവസ്ഥ, നഗര വാതക വിതരണം, മെയ്ക്ക് ഇൻ ഇന്ത്യ, നെറ്റ്-സീറോ പരിഹാരങ്ങള്‍ തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന 11 പ്രമേയാധിഷ്ഠിത മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയെന്നും ആണവോര്‍ജ്ജ മേഖലയും സുസ്ഥിര വ്യോമയാന ഇന്ധനവുമായി ബന്ധപ്പെട്ട മേഖലയും ഇതില്‍ പുതുതായി ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള മുൻഗണനകളെയും ഇന്ത്യയുടെ വികസിച്ചുവരുന്ന നേതൃത്വപരമായ പങ്കിനെയും പ്രതിഫലിപ്പിക്കുന്ന 10 തന്ത്രപ്രധാന പ്രമേയങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ഊര്‍ജ്ജവാരം-2026 വിഭാവനം ചെയ്തിരിക്കുന്നതെന്ന് തന്ത്രപരമായ സമ്മേളന പരിപാടിയെക്കുറിച്ച് പരാമർശിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു. ഊർജ്ജ മന്ത്രിമാരെയും മുതിർന്ന നയരൂപകർത്താക്കളെയും ഒന്നിപ്പിക്കുന്ന ഉദ്ഘാടന സെഷൻ ഉൾപ്പെടെ നാല് മന്ത്രിതല സെഷനുകളും ആഗോള വ്യവസായ പ്രമുഖരും വിദഗ്ധരും പങ്കെടുക്കുന്ന 47 നേതൃതല സ്പോട്ട്ലൈറ്റ് പാനൽ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടത്തും. കൂടാതെ ആഗോള ഊർജ്ജ നേതാക്കളുമായി സാങ്കേതികവിദ്യ, വിപണി, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ച് 'ഊര്‍ജ്ജ മുഖാമുഖങ്ങള്‍' സംഘടിപ്പിക്കും.
എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കുന്ന പ്രത്യേക 'മെയ്ക്ക് ഇൻ ഇന്ത്യ - തദ്ദേശവല്‍ക്കരണ പവലിയൻ' സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങളും വിതരണക്കാരും സ്റ്റാർട്ടപ്പുകളുമായി സഹകരണം പ്രോത്സാഹിപ്പിക്കുമെന്നും നിർണായക ഉപകരണങ്ങളുടെ പ്രാദേശികവൽക്കരണത്തിലൂടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുമെന്നും സ്വദേശിവൽക്കരണത്തിലെ സർക്കാരിന്റെ ശ്രദ്ധ പ്രത്യേകം പരാമര്‍ശിച്ച ശ്രീ പുരി പറഞ്ഞു. സാങ്കേതികവിദ്യയിലൂന്നിയ പരിവർത്തനവും സുസ്ഥിരതയും എടുത്തുപറയുന്ന ദൈനംദിന ഊര്‍ജ്ജ മുഖാമുഖ പരിപാടികള്‍ക്ക് പവലിയൻ ആതിഥേയത്വം വഹിക്കുമെന്നും ജപ്പാൻ, യുഎസ്, ജർമനി, യുകെ, നെതർലാൻഡ്‌സ്, നോർവേ, കാനഡ, റഷ്യ, ചൈന എന്നിവയുൾപ്പെടെ 11 രാജ്യങ്ങളുടെ പവലിയനുകള്‍ അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായ വ്യാപാര ഫലങ്ങള്‍ക്കും ഇന്ത്യ ഊര്‍ജ്ജവാരം-2026 വേദിയാകുമെന്നും നിരവധി സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും പരിപാടിയുടെ ഭാഗമായി ഒപ്പുവെയ്ക്കുമെന്നും ശ്രീ പുരി പറഞ്ഞു. ഒഎൻജിസി, ജപ്പാനിലെ മിത്സുയി ഒഎസ്കെ ലൈൻസ്, ദക്ഷിണ കൊറിയയിലെ സാംസങ് ഹെവി ഇൻഡസ്ട്രീസ് എന്നിവ ഉൾപ്പെടുന്ന കപ്പൽ നിർമാണ കരാറുകൾ; ബ്രസീലിയൻ ക്രൂഡ് ഓയിൽ വിതരണത്തിനായി ബിപിസിഎല്ലും പെട്രോബ്രാസും തമ്മിലെ ദീര്‍ഘകാല കരാർ; ആഗോള അപ്‌സ്ട്രീം അവസരങ്ങൾക്ക് ബിപിആർഎല്ലും ഷെല്ലും തമ്മില്‍ ഒപ്പുവെയ്ക്കുന്ന സഹകരണ കരാറുകൾ; എൽഎൻജി ഉറവിടങ്ങൾക്കായി ഓയിൽ ഇന്ത്യ ലിമിറ്റഡ്, എൻആർഎൽ, ടോട്ടൽ എനർജീസ് എന്നിവ ഉൾപ്പെടുന്ന ധാരണാപത്രങ്ങൾ; ഒഡീഷയിലെ പാരദ്വീപിൽ 200 കെടിപിഎ സുസ്ഥിര വ്യോമയാന ഇന്ധന പദ്ധതി സ്ഥാപിക്കുന്നതിന് എൻആർഎല്ലും ടോട്ടൽ എനർജീസും തമ്മിലെ സഹകരണം എന്നിവ ഇതിലുൾപ്പെടുന്നു.
ഉന്നതതല ഇടപെടലുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി പ്രധാന സമ്മേളനത്തിനൊപ്പം അനുബന്ധമായി മറ്റ് നിർണായക പരിപാടികളും വട്ടമേശ ചര്‍ച്ചകളും സംഘടിപ്പിക്കുമെന്നും അറിയിച്ചു. പ്രധാനമന്ത്രിയുടെ ഒമ്പതാമത് വട്ടമേശ ചര്‍ച്ചയും ഇതിലുള്‍പ്പെടുന്നു. ആഗോള സിഇഒമാരുമായും ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളുമായും ആഗോള ഊർജ്ജ സാങ്കേതിക കമ്പനികളിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിലെ നേതാക്കളുമായും പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി സംവദിക്കും. ഈ സുപ്രധാന ഇടപെടല്‍ ഊർജ്ജ മേഖലയിലെ തന്ത്രപരമായ പങ്കാളിത്തത്തിനും നിക്ഷേപത്തിലൂന്നിയ വളർച്ചയ്ക്കും വേണ്ടി ഇന്ത്യ കൈക്കൊള്ളുന്ന പ്രതിബദ്ധത അടയാളപ്പെടുത്തുന്നതായി ശ്രീ പുരി പറഞ്ഞു.
അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറത്തോടൊപ്പം മന്ത്രി സഹ-അധ്യക്ഷനാകുന്ന ഇന്ത്യ-അറബ് ഊര്‍ജ്ജസംവാദം; ടോക്കിയോ സെഷന്റെ തുടർച്ചയായി ഇന്ത്യ-ജപ്പാൻ ഊര്‍ജ്ജ വട്ടമേശ ചര്‍ച്ച; ഭൗമതാപ ഊർജ്ജത്തിലും കാർബൺ ശേഖരണം, ഉപയോഗം, സംഭരണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ-ഐസ്‌ലാൻഡ് വട്ടമേശ ചര്‍ച്ച; ഇന്ത്യ-നെതർലാൻഡ്‌സ് ഊര്‍ജ്ജ വട്ടമേശ ചര്‍ച്ച; ഊർജ്ജരംഗത്തെ ഇന്ത്യ-യുഎസ് വ്യാപാര നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് യുഎസ്ഐബിസി, യുഎസ്ഐഎസ്പിഎഫ് എന്നിവയുമായി നടത്തുന്ന വട്ടമേശ ചര്‍ച്ചകള്‍ എന്നിവ മറ്റ് പ്രധാന അനുബന്ധ പരിപാടികളില്‍ ഉൾപ്പെടുമെന്ന് ശ്രീ പുരി അറിയിച്ചു.
അവിന്യ 2026 – സ്റ്റാർട്ടപ്പ് ചലഞ്ച്, ആഗോള പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വസുധ 3.0, ഐഐടികൾ ഉൾപ്പെടുന്ന ഹാക്കത്തൺ ചലഞ്ച്-2026 എന്നിവയിലൂടെ നൂതനാശയങ്ങൾക്കും സ്റ്റാർട്ടപ്പ് പങ്കാളിത്തത്തിനും ഇന്ത്യ ഊര്‍ജ്ജവാരം ശക്തമായ ഊന്നൽ നൽകുമെന്ന് മന്ത്രി പറഞ്ഞു. എഐ അധിഷ്ഠിത പര്യവേക്ഷണം, ഊർജ്ജ കാര്യക്ഷമത, ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥ, പുനരുപയോഗാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ ഊർജ്ജ മേഖലയിലെ നിർണായക വെല്ലുവിളികളില്‍ ഹാക്കത്തൺ ശ്രദ്ധ കേന്ദ്രീകരിക്കും.
ജൈവ ഇന്ധന ധനസഹായം സംബന്ധിച്ച ധവളപത്രവും സുസ്ഥിര വ്യോമയാന ഇന്ധന മൈക്രോസൈറ്റും ഉൾപ്പെടെ സുപ്രധാന വിജ്ഞാനോല്പന്നങ്ങൾ ചടങ്ങിൽ പുറത്തിറക്കുമെന്നും ഐഇഎ, പിപിഎസി എന്നിവ ചേർന്ന് തയ്യാറാക്കിയ 'ഇന്ത്യ ബയോ എനർജി ഔട്ട്‌ലുക്ക് 2030' പരിപാടിയുടെ ഭാഗമായി പ്രകാശനം ചെയ്യുമെന്നും ശ്രീ പുരി കൂട്ടിച്ചേർത്തു. വളർന്നു വരുന്ന ഊർജ്ജ മേഖലകളിൽ കൃത്യമായ നയരൂപീകരണത്തിനും നിക്ഷേപ തീരുമാനങ്ങൾക്കും ഈ വിജ്ഞാന സംരംഭങ്ങൾ പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച, സുസ്ഥിരത എന്നിവ സന്തുലിതമാക്കാന്‍ ഇന്ത്യ കൈക്കൊള്ളുന്ന പ്രതിബദ്ധതയാണ് ഇന്ത്യ ഊര്‍ജ്ജവാരം - 2026 പ്രതിഫലിപ്പിക്കുന്നതെന്നും സുപ്രധാന ആഗോള ഊർജ്ജ കേന്ദ്രമായും ആഗോള ഊർജ്ജ പരിവർത്തനത്തിലെ വിശ്വസനീയ ശബ്ദമായും ഈ സംരംഭം ഇന്ത്യയെ മാറ്റുമെന്നും ശ്രീ ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
***
(रिलीज़ आईडी: 2218057)
आगंतुक पटल : 5