പരിസ്ഥിതി, വനം മന്ത്രാലയം
കാർബൺ കൂടുതൽ പുറന്തള്ളുന്ന 208 വ്യവസായ സ്ഥാപനങ്ങൾക്കുകൂടി ഹരിതഗൃഹ വാതക ബഹിർഗമന തീവ്രത ലക്ഷ്യങ്ങൾ നിശ്ചയിച്ച് കേന്ദ്ര സർക്കാർ
प्रविष्टि तिथि:
22 JAN 2026 3:04PM by PIB Thiruvananthpuram
കൂടുതൽ കാർബൺ പുറന്തള്ളുന്ന മേഖലകൾക്ക് കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിന് (സിസിടിഎസ്) കീഴിൽ കേന്ദ്ര സർക്കാർ ഹരിതഗൃഹ വാതക ബഹിർഗമന തീവ്രത കുറയ്ക്കൽ ലക്ഷ്യങ്ങള്‍ വിജ്ഞാപനം ചെയ്തു. 2026 ജനുവരി 13-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ പെട്രോളിയം സംസ്കരണ കേന്ദ്രങ്ങള്‍, പെട്രോകെമിക്കൽസ്, ടെക്സ്റ്റൈൽസ്, സെക്കൻഡറി അലുമിനിയം എന്നീ മേഖലകളെ ഇന്ത്യൻ കാർബൺ മാർക്കറ്റിന്റെ പരിധിയിൽ കൊണ്ടുവന്നു.
ഈ മേഖലകളിലുടനീളം ആകെ 208 സ്ഥാപനങ്ങൾക്ക് ഇനി മുതൽ ബഹിർഗമന തീവ്രത കുറയ്ക്കുന്നതിന് നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. ഈ വിപുലീകരണത്തോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വാതകങ്ങൾ പുറന്തള്ളുന്ന വ്യവസായങ്ങളിലെ 490 സ്ഥാപനങ്ങൾ ഇന്ത്യൻ കാർബൺ മാർക്കറ്റിന്റെ പരിധിയിൽ വരുന്നു. 2025 ഒക്ടോബറിൽ അലുമിനിയം, സിമന്റ്, ക്ലോർ-ആൽക്കലി, പൾപ്പ് ആൻഡ് പേപ്പർ എന്നീ മേഖലകളിലെ 282 സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ ആദ്യമായി ഹരിതഗൃഹവാതക ബഹിര്‍ഗമന തീവ്രതാ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരുന്നു.
2023-ൽ സർക്കാർ വിജ്ഞാപനം ചെയ്ത കാർബൺ ക്രെഡിറ്റ് ട്രേഡിങ് പദ്ധതി, ഇന്ത്യൻ കാർബൺ മാർക്കറ്റിന്റെ പ്രവർത്തനം സംബന്ധിച്ച സമഗ്ര ചട്ടക്കൂട് ലഭ്യമാക്കുന്നു. ബഹിർഗമനത്തിന് വില നിശ്ചയിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
കംപ്ലയൻസ് മെക്കാനിസം, ഓഫ്‌സെറ്റ് മെക്കാനിസം എന്നിങ്ങനെ രണ്ട് രീതികളിലാണ് സിസിടിഎസ് പ്രവർത്തിക്കുന്നത്. കംപ്ലയൻസ് മെക്കാനിസത്തിന് കീഴിൽ 'ബാധ്യസ്ഥ സ്ഥാപനങ്ങൾ' എന്ന നിലയില്‍ നിശ്ചയിച്ച വ്യവസായങ്ങൾ അവർക്ക് അനുവദിച്ച ഹരിതഗൃഹ വാതക ബഹിർഗമനത്തിലെ കുറഞ്ഞ തീവ്രതയുടെ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. നിശ്ചിത ലക്ഷ്യത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് കാർബൺ ക്രെഡിറ്റ് സാക്ഷ്യപത്രങ്ങള്‍ നല്‍കും. നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്ത സ്ഥാപനങ്ങളുമായി ഇവർക്ക് ഈ സാക്ഷ്യപത്രങ്ങള്‍ വില്പന നടത്താം.
വ്യവസായ മേഖലയുമായി വർഷങ്ങളായി നടത്തുന്ന ഇടപെടലുകളുടെയും സാങ്കേതിക വിലയിരുത്തലുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളികളുടെയും ഏകോപിത ശ്രമങ്ങളുടെയും ഫലമാണ് ഈ പുരോഗതി. കൂടുതൽ മേഖലകളെ ഉൾപ്പെടുത്തിയും നിയമപാലന സംവിധാനം ശക്തമാക്കിയും വ്യാവസായിക വളർച്ചയെ ഇന്ത്യയുടെ ദീർഘകാല കാലാവസ്ഥാ ലക്ഷ്യങ്ങളുമായും നെറ്റ്-സീറോ ലക്ഷ്യവുമായും സംയോജിപ്പിക്കുന്നതിൽ ഇന്ത്യൻ കാർബൺ മാർക്കറ്റ് നിർണായക പങ്കുവഹിക്കും.
***
(रिलीज़ आईडी: 2217444)
आगंतुक पटल : 6