സാംസ്‌കാരിക മന്ത്രാലയം
ഇന്ത്യയിലുടനീളമുള്ള 40 കേന്ദ്രങ്ങളിലും ഏഴ് ഭൂഖണ്ഡങ്ങളിലെ ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള അവതരണങ്ങളുമായി 25-ാമത് ഭാരത് രംഗ് മഹോത്സവ് 2026 എക്കാലത്തേയും വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു
प्रविष्टि तिथि:
22 JAN 2026 4:28PM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാടകോത്സവമായ ഭാരത് രംഗ് മഹോത്സവിൻ്റെ (BRM) 25-ാമത് പതിപ്പ്, 2026 ജനുവരി 27 മുതൽ ഫെബ്രുവരി 20 വരെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (NSD) സംഘടിപ്പിക്കും. ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വിപുലവും സമഗ്രവുമായ പതിപ്പായിരിക്കും ബിആർഎം 2026.

ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ഭാരത് രംഗ് മഹോത്സവ് 2026 രാജ്യത്തുടനീളമുള്ള 40 കേന്ദ്രങ്ങളിലായി അരങ്ങേറും. അതോടൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലേയും ഓരോ രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത് ഒരു നാടകമെങ്കിലും അവതരിപ്പിക്കും. ഇത് നാടകോത്സവത്തിൻ്റെ ആഗോള വ്യാപനത്തേയും സാംസ്കാരിക സ്വാധീനത്തേയും കൂടുതൽ ശക്തിപ്പെടുത്തും.


തിരഞ്ഞെടുത്ത 136 നാടകങ്ങളും ക്ഷണിക്കപ്പെട്ട അവതരണങ്ങളും ഉൾപ്പെടെ ആകെ 277 ഇന്ത്യൻ നാടകങ്ങളും, 12 അന്താരാഷ്ട്ര നാടകങ്ങളും മേളയിൽ അവതരിപ്പിക്കും. ഈ അവതരണങ്ങൾ 228 ഇന്ത്യൻ-വിദേശ ഭാഷകളിലും ഭാഷാഭേദങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ഇത് ഭാഷാപരമായ വൈവിധ്യത്തിൻ്റെ കാര്യത്തിൽ ഭാരത് രംഗ് മഹോത്സവത്തെ ലോകത്തിലെ ഏറ്റവും വലിയ നാടകോത്സവമാക്കി മാറ്റുന്നു.
817 ദേശീയ അപേക്ഷകളിൽ നിന്നും 34 അന്താരാഷ്ട്ര അപേക്ഷകളിൽ നിന്നും വളരെ കർശനമായ സ്ക്രീനിംഗ് പ്രക്രിയയിലൂടെയാണ് നാടകങ്ങൾ തെരഞ്ഞെടുത്തത്. കൂടാതെ, വിവിധ കേന്ദ്രങ്ങളിലായി 19 സർവ്വകലാശാലാ അവതരണങ്ങളും 14 പ്രാദേശിക അവതരണങ്ങളും മേളയുടെ ഭാഗമാകും.
ഭാരത് രംഗ് മഹോത്സവ് 2026, അതിൻ്റെ ഉദ്ദേശ്യത്തിൽ മാത്രമല്ല, വ്യാപ്തിയിലും നാടകകലയുടെ ജനാധിപത്യവൽക്കരണത്തിൻ്റേയും സാർവത്രികവൽക്കരണത്തിൻ്റേയും ഉത്തമ ഉദാഹരണമായി നിലകൊള്ളുന്നുവെന്ന് ഈ അവസരത്തിൽ സംസാരിച്ച എൻ.എസ്.ഡി വൈസ് ചെയർമാൻ പ്രൊഫ. ഭരത് ഗുപ്ത പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളിൽ നിന്നും പ്രായപരിധിയിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭാഷകൾ, ശൈലികൾ, നാടകീയ ആവിഷ്കാരങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ പങ്കിട്ട സൃഷ്ടിപരമായ തുടർച്ചയുടെ മൂല്യത്തെ ഈ ഉത്സവം പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൈഥിലി, ഭോജ്പുരി, തുളു, ഉറുദു, സംസ്കൃതം, തായ് ഖാംതി, നൈഷി എന്നിവയ്‌ക്കൊപ്പം ഏതാണ്ട് എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും നിരവധി ഗോത്രവർഗ്ഗഭാഷകളിലും വംശനാശ ഭീഷണി നേരിടുന്ന ഭാഷകളിലുമുള്ള അവതരണങ്ങളിലൂടെ ഈ പതിപ്പ് അതിൻ്റെ ഭാഷാപരവും സാംസ്കാരികവുമായ ക്യാൻവാസിനെ ഗണ്യമായി വിപുലീകരിക്കുന്നു.
ലഡാക്ക്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാമൻ & ദിയു, ഐസ്വാൾ (മിസോറാം), തുറ (മേഘാലയ), നാഗോൺ (അസം), മാണ്ഡി (ഹിമാചൽ പ്രദേശ്), റോഹ്തക് (ഹരിയാന) എന്നിവയുൾപ്പെടെ നിരവധി പുതിയ കേന്ദ്രങ്ങളെ ആദ്യമായി മേളയിൽ ഉൾപ്പെടുത്തി.
25-ാമത് ഭാരത് രംഗ് മഹോത്സവ് ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടിയുള്ള നാടകകലയുടെ ഒരു മഹാകുംഭ മേളയാണെന്ന് നാടകോത്സവത്തിൻ്റെ ആവേശം ഉയർത്തിക്കാട്ടിക്കൊണ്ട് എൻ.എസ്.ഡി ഡയറക്ടർ ശ്രീ ചിത്തരഞ്ജൻ ത്രിപാഠി പറഞ്ഞു. ഭാഷകൾ, പ്രദേശങ്ങൾ, സൗന്ദര്യശാസ്ത്രം, പ്രത്യയശാസ്ത്രങ്ങൾ എന്നിവ വൈവിധ്യമാർന്ന നാടകരൂപങ്ങളിലൂടെ സംഗമിക്കുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്നതും വരേണ്യതയില്ലാത്തതുമായ ഒരു അന്താരാഷ്ട്ര നാടകോത്സവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം അവസരങ്ങൾ അത്യന്തം പരിമിതമായിട്ടുള്ള, രാജ്യത്തിൻ്റെ ഏറ്റവും വിദൂര കോണുകളിൽ പോലും നാടകത്തെ എത്തിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് എൻ.എസ്.ഡി ഡയറക്ടർ എടുത്തുപറഞ്ഞു. സമ്പന്നമായ വാമൊഴി-വരമൊഴി പാരമ്പര്യങ്ങളുള്ള, എന്നാൽ വേണ്ടത്ര പ്രതിനിധീകരിക്കപ്പെടാത്ത ഭാഷകൾക്കും ഭാരത് രംഗ് മഹോത്സവ് വേദി ഒരുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദിരംഗ് മഹോത്സവം (ഗോത്രവർഗ്ഗ നാടകം, നൃത്തം, കരകൗശലം), ജഷ്നെ ബച്ച്പൻ (കുട്ടികളുടെ നാടകം), ബാല സംഗം (കുട്ടികളുടെ നാടോടി നൃത്തവും നാടകവും), പൂർവോത്തർ നാട്യ സമാരോഹ് (വടക്കുകിഴക്കൻ നാടകം), പപ്പറ്റ് തിയറ്റർ ഫെസ്റ്റിവൽ, ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ, ക്ലാസിക്കൽ സംസ്‌കൃത നാടകോത്സവം, മൈക്രോ ഡ്രാമ ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ, ക്യൂറേറ്റ് ചെയ്തതും അനുബന്ധവുമായ വൈവിധ്യമാർന്ന നാടകോത്സവങ്ങൾ ബി.ആർ.എം 2026-ൽ അവതരിപ്പിക്കും.
ഇതാദ്യമായി ട്രാൻസ്‌ജെൻഡർ സമൂഹങ്ങൾ, ലൈംഗികത്തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ നാടകാവതരണങ്ങളും മേളയിൽ ഉൾപ്പെടുത്തും.
ഭഗവാൻ ബിർസ മുണ്ട, ലോക് മാതാ അഹല്യ ബായി, ഡോ. ശ്യാമ പ്രസാദ് മുഖർജി തുടങ്ങിയ പ്രമുഖ ചരിത്ര വ്യക്തിത്വങ്ങളെ ഈ ഉത്സവം അനുസ്മരിക്കും. അതോടൊപ്പം നാടക രംഗത്തെ പ്രമുഖരായ രത്തൻ തിയാം, ദയാ പ്രകാശ് സിൻഹ, ബൻസി കൗൾ, അലോക് ചാറ്റർജി എന്നിവർക്ക് ആദരമർപ്പിക്കുകയും ചെയ്യും. ഇബ്രാഹിം അൽകാസിയെ ആദരിച്ചുകൊണ്ട് എൻ.എസ്.ഡി ഡൽഹി കാമ്പസിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കും. ക്യാൻസറിനെ അതിജീവിച്ച വ്യക്തിയും എൻ.എസ്.ഡി പൂർവ്വ വിദ്യാർത്ഥിയുമായ ഒരാൾ എഴുതി അവതരിപ്പിക്കുന്ന സവിശേഷമായ ഒരു നാടകവും അരങ്ങേറും.
നാടൻ കലാപ്രകടനങ്ങൾ, തെരുവ് നാടകങ്ങൾ, സെമിനാറുകൾ, മാസ്റ്റർ ക്ലാസുകൾ, ശിൽപ്പശാലകൾ എന്നിവ നാടകോത്സവത്തിൻ്റെ അവിഭാജ്യ ഘടകമായിരിക്കും. എൻ.എസ്.ഡി സ്റ്റുഡൻ്റ്സ് യൂണിയൻ്റെ നേതൃത്വത്തിലുള്ള അദ്വിതീയ വിഭാഗം എൻ.എസ്.ഡി കാമ്പസിൽ സംവാദങ്ങളും തെരുവ് നാടക പ്രകടനങ്ങളും സംഘടിപ്പിക്കും.
പുതുതായി എഴുതപ്പെട്ട നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി തിയേറ്റർ ബസാർ ഒരുക്കും. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് അവാർഡ് നല്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും. ‘ശ്രുതി’ സംരംഭത്തിന് കീഴിൽ 17 പുസ്തകങ്ങൾ പ്രകാശനം ചെയ്യും. സ്ത്രീകൾ സംവിധാനം ചെയ്ത 33 നാടകങ്ങൾ മേളയിൽ പ്രദർശിപ്പിക്കുമെന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, പ്രമുഖ നാടക പ്രവർത്തകർ എന്നിവരെ ആദരിച്ചുകൊണ്ടുള്ള പ്രത്യേക പ്രകടനങ്ങളും അവതരിപ്പിക്കും.
ഇന്ത്യയുടെ വൈവിധ്യമാർന്ന പാചക പാരമ്പര്യങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന പ്രത്യേക കൗണ്ടറുകൾ നാടകോത്സവത്തിൻ്റെ സാംസ്കാരിക അനുഭവത്തിന് മാറ്റുകൂട്ടും.
ഭാരത് രംഗ് മഹോത്സവ് 2026-ൻ്റെ ഈ ബൃഹത്തായ വിപുലീകരണത്തിന് മൈഥിലി-ഭോജ്പുരി അക്കാദമി, ഹിന്ദി അക്കാദമി, ഗർവാലി-കുമാവോണി-ജൗൻസാരി അക്കാദമി, ഉറുദു അക്കാദമി (ഡൽഹി സർക്കാർ) തുടങ്ങി പ്രമുഖ ദേശീയ-അന്തർദേശീയ സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ട്. നാഷണൽ പോളിഷ് തിയേറ്റർ അക്കാദമി (വാഴ്‌സോ), നാഷണൽ അക്കാദമി ഓഫ് തിയേറ്റർ ആൻഡ് ഫിലിം ആർട്സ് (മാഡ്രിഡ്), റഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയറ്റർ ആർട്സ് – GITIS (മോസ്കോ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളികളോടൊപ്പം നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളുടേയും സാംസ്കാരിക സ്ഥാപനങ്ങളുടേയും പിന്തുണയും ഇതിനുണ്ട്.
***
(रिलीज़ आईडी: 2217421)
आगंतुक पटल : 7