പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനുവരി 23 ന് കേരളം സന്ദർശിക്കും


തിരുവനന്തപുരത്ത് വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ, ഉദ്ഘാടനം ഫ്ലാഗ് ഓഫ് എന്നിവ പ്രധാനമന്ത്രി നിർവഹിക്കും

റെയിൽ കണക്റ്റിവിറ്റി, നഗര ഉപജീവനമാർഗ്ഗം, ശാസ്ത്ര-നവീകരണം, പൗര കേന്ദ്രീകൃത സേവനങ്ങൾ, നൂതന ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കും

പ്രധാനമന്ത്രി പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പുറത്തിറക്കും; ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി സ്വാനിധി വായ്പകൾ വിതരണം ചെയ്യും

കേരളത്തിലുടനീളം റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരത്ത് CSIR–NIIST ഇന്നൊവേഷൻ, ടെക്നോളജി എന്റർപ്രണർഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി തറക്കല്ലിടും

प्रविष्टि तिथि: 22 JAN 2026 2:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 23-ന് കേരളം സന്ദർശിക്കും. അന്നേ ദിവസം രാവിലെ 10:45-ഓടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

റെയിൽവേ കണക്റ്റിവിറ്റി, നഗര ഉപജീവന മാർഗങ്ങൾ, ശാസ്ത്രം - നവീന സാങ്കേതികവിദ്യകൾ, പൗരകേന്ദ്രീകൃത സേവനങ്ങൾ, നൂതന ആരോഗ്യ പരിരക്ഷ തുടങ്ങി നിർണ്ണായക മേഖലകളിലെ പദ്ധതികളാണ് അദ്ദേഹം നാടിന് സമർപ്പിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സാങ്കേതിക മുന്നേറ്റം, പൗരന്മാരുടെ മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയിൽ പ്രധാനമന്ത്രി തു‌ടർച്ച‌യായി ചെലുത്തുന്ന ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതികൾ.

റെയിൽവേ കണക്റ്റിവിറ്റിക്ക് വലിയ കരുത്തേകിക്കൊണ്ട്, മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം - താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം - ചർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, തൃശൂർ - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എന്നിവയാണ് പുതിയ സർവീസുകൾ. ഈ സർവീസുകൾ ആരംഭിക്കുന്നതോടെ കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘദൂര-പ്രാദേശിക ബന്ധം ഗണ്യമായി മെച്ചപ്പെടും. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായും കൃത്യസമയത്തും യാത്ര ചെയ്യാൻ ഇത് സഹായകമാകും. മെച്ചപ്പെട്ട ഈ കണക്റ്റിവിറ്റി, മേഖലയിലെ ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, തൊഴിൽ, സാംസ്‌കാരിക വിനിമയം എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകും.

നഗരങ്ങളിലെ ഉപജീവന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, തെരുവ് കച്ചവടക്കാരുടെ സാമ്പത്തിക ഉൾച്ചേർക്കലിന്റെ അടുത്ത ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പുറത്തിറക്കും. യുപിഐ ബന്ധിതവും പലിശരഹിതവുമായ ഈ റിവോൾവിംഗ് വായ്‌പാ  സൗകര്യം കച്ചവടക്കാർക്ക് അടിയന്തര പണലഭ്യത ഉറപ്പാക്കുകയും ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഗുണഭോക്താക്കൾക്ക് ഔദ്യോഗികമായ ഒരു ക്രെഡിറ്റ് ഹിസ്റ്ററി കെട്ടിപ്പടുക്കാൻ സഹായകമാകും. കേരളത്തിൽ നിന്നുള്ള തെരുവ് കച്ചവടക്കാർ ഉൾപ്പെടെ ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള പിഎം സ്വാനിധി വായ്പകളും ചടങ്ങിൽ പ്രധാനമന്ത്രി വിതരണം ചെയ്യും. 2020-ൽ ആരംഭിച്ചത് മുതൽ, ഭൂരിഭാഗം ഗുണഭോക്താക്കൾക്കും ആദ്യമായി ബാങ്കിംഗ് വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ പിഎം സ്വാനിധി പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നഗരങ്ങളിലെ അസംഘടിത മേഖലയിലുള്ള തൊഴിലാളികളുടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിലും ഈ പദ്ധതി നിർണ്ണായകമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.

ശാസ്ത്രം, നവീകരണം എന്നീ മേഖലകളിൽ മുന്നേറ്റം ലക്ഷ്യമിട്ട്, തിരുവനന്തപുരത്തെ CSIR-NIIST ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എൻ്റർപ്രണർഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി തറക്കല്ലിടും. ലൈഫ് സയൻസസ്, ബയോ-ഇക്കണോമി എന്നീ മേഖലകളിലായിരിക്കും ഈ ഹബ്ബ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയുർവേദം പോലുള്ള പരമ്പരാഗത ജ്ഞാന ശാഖകളെ ആധുനിക ബയോടെക്നോളജി, സുസ്ഥിര പാക്കേജിംഗ്, ഗ്രീൻ ഹൈഡ്രജൻ എന്നിവയുമായി സംയോജിപ്പിക്കുക, സ്റ്റാർട്ടപ്പുകളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക കൈമാറ്റം ഉറപ്പാക്കുക, ആഗോള സഹകരണം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. ഗവേഷണ ഫലങ്ങളെ വിപണിക്ക് അനുയോജ്യമായ പരിഹാരങ്ങളായും സംരംഭങ്ങളായും മാറ്റുന്നതിനുള്ള ഒരു വേദിയായി ഈ കേന്ദ്രം പ്രവർത്തിക്കും.

ആരോഗ്യ പരിരക്ഷാ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിന്റെ മറ്റൊരു സുപ്രധാന ലക്ഷ്യമാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അത്യാധുനികമായ ഒരു റേഡിയോ സർജറി സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിടും. സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യങ്ങൾക്ക് അതീവ കൃത്യതയോടെയും ശരീരത്തിന് മുറിവുകൾ ഏൽപ്പിക്കാതെയും ചികിത്സ നൽകാൻ ഈ സംവിധാനം സഹായിക്കും. ഇത് മേഖലയിലെ തൃതീയ ആരോഗ്യ പരിരക്ഷാ ശേഷി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കും.

തിരുവനന്തപുരത്തെ പുതിയ പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം തപാൽ, ബാങ്കിംഗ്, ഇൻഷുറൻസ്, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി സമഗ്രമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പൗരകേന്ദ്രീകൃതമായ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

***

SK


(रिलीज़ आईडी: 2217242) आगंतुक पटल : 55
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Tamil , Telugu , Kannada