ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
നിർമ്മിതബുദ്ധി വ്യാപനത്തിലും നിക്ഷേപ വരുമാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യ എഐ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നതായി ലോക സാമ്പത്തിക ഫോറത്തിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
നിർമ്മിതബുദ്ധിയുടെ ശക്തി കുടികൊള്ളുന്നത് മോഡലിൻ്റെ വലുപ്പത്തിലല്ല, സാമ്പത്തികക്ഷമതയിലും പ്രായോഗിക വിന്യാസത്തിലുമാണെന്നും ദാവോസിൽ മന്ത്രി വ്യക്തമാക്കി
प्रविष्टि तिथि:
21 JAN 2026 4:05PM by PIB Thiruvananthpuram
2026 ജനുവരി 20-ന് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ (WEF) "എഐ പവർ പ്ലേ, നോ റഫറീസ്" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ, കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, വൻ തോതിലുള്ള എഐ വിന്യാസം, സാമ്പത്തിക സ്ഥിരത, സാങ്കേതിക-നിയമ ഭരണം എന്നിവയെ ആധാരമാക്കി നിർമ്മിതബുദ്ധിയോടുള്ള ഇന്ത്യയുടെ സമീപനം വിശദീകരിച്ചു.

ആഗോള എഐ വിന്യാസങ്ങളെയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി, ഇന്ത്യ മുൻനിര എഐ രാജ്യങ്ങളുടെ കൂട്ടത്തിൽപ്പെടുന്നുവെന്നത് സുവ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. ആപ്ലിക്കേഷൻ, മോഡൽ, ചിപ്പ്, അടിസ്ഥാന സൗകര്യം, ഊർജ്ജം എന്നീ അഞ്ച് ലെയറുകൾ എഐ ആർക്കിടെക്ചറിലുണ്ടെന്നും എല്ലാ മേഖലകളിലും ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ആപ്ലിക്കേഷൻ ലെയറിൽ, ലോകത്തിന് സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ വിതരണക്കാരാകാൻ ഇന്ത്യക്ക് കഴിയും,” അദ്ദേഹം പറഞ്ഞു. എഐ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വളരെ വലിയ മോഡലുകൾ വികസിപ്പിക്കുന്നതിൽ നിന്ന് മാത്രമല്ല, എൻ്റർപ്രൈസ് തലത്തിലുള്ള വിന്യാസങ്ങളിലൂടെയും ഉത്പാദനക്ഷമതയിലൂടെയുമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 മുതൽ 50 ബില്യൺ പാരാമീറ്റർ ശ്രേണിയിലുള്ള മോഡലുകൾ ഉപയോഗിച്ച് എഐ ഉപയോഗവുമായി ബന്ധപ്പെട്ട 95 ശതമാനം കേസുകൾ പരിഹരിക്കാനാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം മോഡലുകളിൽ പലതും ഇന്ത്യ ഇതിനോടകം വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ടെന്നും, വിന്യാസം ഇപ്പോഴും തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഭൗമരാഷ്ട്രീയത്തിൽ എഐയുടെ പങ്കിനെക്കുറിച്ച് സംസാരിക്കവേ, വമ്പൻ എഐ മോഡലുകളുടെ ഉടമസ്ഥതയെ ഭൗമരാഷ്ട്രീയ ശക്തിയുമായി സന്തുലനം ചെയ്യുന്നതിനെതിരെ ശ്രീ വൈഷ്ണവ് മുന്നറിയിപ്പ് നൽകി. അത്തരം മോഡലുകൾ ഓഫ് ചെയ്യാൻ കഴിയുമെന്നും, അവ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് മേൽ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞാൻ അഞ്ചാമത്തെ വ്യാവസായിക വിപ്ലവം എന്ന് വിളിക്കുന്നതിൻ്റെ സാമ്പത്തികശാസ്ത്രം നിക്ഷേപ വരുമാനത്തിൽ നിന്നാണ് രൂപപ്പെടുന്നത് — ഏറ്റവും കുറഞ്ഞ ചെലവിൽ, ഏറ്റവും ഉയർന്ന വരുമാനം നൽകുന്ന പരിഹാരങ്ങൾ വിന്യസിക്കുന്നതിലാണ് അതിൻ്റെ ശക്തി,” എന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രദമായ എഐ വിന്യാസം സിപിയുകൾ, ചെറിയ മോഡലുകൾ, എമേർജിങ് കസ്റ്റം സിലിക്കൺ തുടങ്ങിയവയെ കൂടുതൽ ആശ്രയിക്കുന്നുവെന്നും, ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്ന പ്രവണത കുറഞ്ഞു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. വൈപുല്യത്തിലൂടെ എഐ ആധിപത്യം നേടാമെന്ന ധാരണയെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു.

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിജയത്തിന് ശേഷം, അടുത്ത ഘട്ടമായി, ജീവിതത്തിൻ്റെ സമസ്ത മേഖലകളിലേക്കും സമ്പദ്‌വ്യവസ്ഥയിലേക്കും എഐയെ വ്യവസ്ഥാപിതമായി വ്യാപിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജിപിയുകളുടെ ലഭ്യത ഒരു പ്രധാന തടസ്സമാണെന്ന് തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ, ഇന്ത്യ പൊതു–സ്വകാര്യ പങ്കാളിത്ത മാതൃക സ്വീകരിച്ചിട്ടുണ്ടെന്നും, ഏകദേശം 38,000 ജിപിയുകളെ ഒരു പൊതു ദേശീയ കമ്പ്യൂട്ട് സൗകര്യവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ലഭ്യമാക്കുന്നതും സബ്‌സിഡിയോടുകൂടിയതുമായ ഈ സൗകര്യം, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും നൂതനാശയക്കാർക്കും ആഗോള നിരക്കുകളുടെ മൂന്നിലൊന്ന് ചെലവിൽ എഐ കംപ്യൂട്ടിംഗിലേക്ക് പ്രവേശനം നൽകുന്നു. തുടർന്ന്, ഇന്ത്യയുടെ എഐ തന്ത്രം നാല് പ്രധാന സ്തംഭങ്ങളിലൂന്നിയാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വിശദീകരിച്ചു:
- പൊതു–സ്വകാര്യ പങ്കാളിത്തത്തിലൂടെ രൂപീകരിച്ച പൊതു ദേശീയ കമ്പ്യൂട്ട് സൗകര്യം
- ഏറ്റവും പ്രായോഗികവും ഉയർന്ന പ്രഭാവമുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന എഐ മോഡലുകളുടെ സൗജന്യ ശേഖരം
- 10 ദശലക്ഷം പേർക്ക് എഐയിൽ പരിശീലനം നല്കാൻ ലക്ഷ്യമിട്ട് വൻതോതിലുള്ള നൈപുണ്യ വികസന പരിപാടികൾ
- ആഭ്യന്തരവും ആഗോളവുമായ സംരംഭങ്ങൾക്ക് ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്ന എഐ പരിഹാരങ്ങൾ നൽകാൻ ഇന്ത്യയുടെ ഐടി വ്യവസായത്തെ പ്രാപ്തമാക്കൽ
നിയന്ത്രണത്തെയും ഭരണരീതികളെയും കുറിച്ച് വിശദീകരിക്കുമ്പോൾ, എഐ നിയന്ത്രണത്തിന് വ്യക്തമായ സാങ്കേതിക–നിയമ സമീപനം അനിവാര്യമാണെന്ന് ശ്രീ വൈഷ്ണവ് പറഞ്ഞു. നിയന്ത്രണം നിയമങ്ങളിലേക്കു മാത്രം ചുരുക്കാനാകില്ലെന്നും, പക്ഷപാതം, ഡീപ്പ്ഫേക്കുകൾ തുടങ്ങിയ ദോഷങ്ങൾ ലഘൂകരിക്കാൻ ശക്തമായ സാങ്കേതിക ഉപകരണങ്ങൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. “ഉദാഹരണമായി, ഡീപ്പ്ഫേക്ക് കണ്ടെത്തൽ സംവിധാനങ്ങൾക്ക് കോടതികളിലെ അതിസൂക്ഷ്മ പരിശോധനകളെ നേരിടാൻ കഴിയുംവിധമുള്ള കൃത്യത ഉണ്ടായിരിക്കണം,"അദ്ദേഹം പറഞ്ഞു. ഡീപ്പ്ഫേക്കുകൾ കണ്ടെത്തുന്നതിനും പക്ഷപാതം ഒഴിവാക്കുന്നതിനും, എൻ്റർപ്രൈസ് തലത്തിലുള്ള വിന്യാസത്തിന് മുമ്പ് മോഡലുകളുടെ സാധൂകരണവും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുമുള്ള സാങ്കേതികവിദ്യകൾ ഇന്ത്യ സജീവമായി വികസിപ്പിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇയാൻ ബ്രെമ്മർ (യുറേഷ്യ ഗ്രൂപ്പിൻ്റെ പ്രസിഡൻ്റും സ്ഥാപകനും) പാനൽ ചർച്ചയിൽ മോഡറേറ്ററായി. ബ്രാഡ് സ്മിത്ത് (മൈക്രോസോഫ്റ്റ് വൈസ് ചെയർമാനും പ്രസിഡൻ്റും), ക്രിസ്റ്റലിന ജോർജിയേവ (ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ), ഖാലിദ് അൽ-ഫാലിഹ് (സൗദി അറേബ്യയുടെ നിക്ഷേപ മന്ത്രി) എന്നിവരായിരുന്നു സഹ പാനലിസ്റ്റുകൾ.
***
(रिलीज़ आईडी: 2217117)
आगंतुक पटल : 4