രാജ്യരക്ഷാ മന്ത്രാലയം
2026-ലെ റിപ്പബ്ലിക് ദിന പരേഡ് സംബന്ധിച്ച് ഇന്ത്യൻ നാവികസേനയുടെ വാർത്താസമ്മേളനം
प्रविष्टि तिथि:
20 JAN 2026 5:46PM by PIB Thiruvananthpuram
റിപ്പബ്ലിക് ദിന പരേഡ് സംബന്ധിച്ച് 2026 ജനുവരി 20-ന് ഇന്ത്യൻ നാവികസേന വാർത്താസമ്മേളനം നടത്തി. കർത്തവ്യ പാതയിലെ ദേശീയ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന നാവികസേനയുടെ മാർച്ചിംഗ് സംഘം, ടാബ്ലോ, ബാൻഡ് എന്നിവയുടെ വിശദാംശങ്ങൾ പങ്കുവച്ചു.
രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ ദർപ്പണമായ റിപ്പബ്ലിക് ദിന പരേഡ്, രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യം, സൈനിക ശേഷി, സാങ്കേതിക പുരോഗതി എന്നിവ പ്രതിഫലിപ്പിക്കുമെന്ന് കണ്ടിജന്റ് കമാൻഡർ ലെഫ്റ്റനന്റ് കരൺ നാഗ്യാൽ മാധ്യമങ്ങളെ അറിയിച്ചു. പോരാട്ടസജ്ജമായ, ഒത്തൊരുമയുള്ള, സ്വയംപര്യാപ്തമായ നാവികസേന, 'വികസിതവും സമൃദ്ധവുമായ ഭാരതത്തിനായി സമുദ്രങ്ങളെ സംരക്ഷിക്കുക' എന്ന ഇന്ത്യൻ നാവികസേനയുടെ ദർശനത്തിന് അനുസൃതമായി റിപ്പബ്ലിക് ദിന പരേഡിലും വർത്തിക്കും. ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിലും പരേഡിലെ എല്ലാ ഘടകങ്ങളിലും ദേശീയ സുരക്ഷയോടുള്ള പ്രതിജ്ഞാബദ്ധതയെ നാവികസേന പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാർച്ചിംഗ് കണ്ടിജന്റ്
ഈ വർഷം ഇന്ത്യൻ നാവികസേനയുടെ മാർച്ചിംഗ് സംഘത്തിൽ 144 യുവ നാവിക ഉദ്യോഗസ്ഥർ പങ്കെടുക്കും. നാവികസേനയെ ആധുനികവും ശക്തവുമായ ഒരു സമുദ്രസേനയായി പ്രതീകപ്പെടുത്തിക്കൊണ്ട് ചരിത്രപ്രസിദ്ധമായ കർത്തവ്യ പാതയിൽ അവർ തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത നാവിക സേനാംഗങ്ങളെ ഉൾക്കൊള്ളുന്ന ഈ സംഘം ഒരു മിനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ശരാശരി 25 വയസ്സ് പ്രായമുള്ള ഈ ഉദ്യോഗസ്ഥർ പരേഡിനായി രണ്ട് മാസത്തിലധികം പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.
കണ്ടിജന്റ് കമാൻഡറായി ലെഫ്റ്റനന്റ് കരൺ നാഗ്യാൽ ഈ സംഘത്തെ നയിക്കും. ലെഫ്റ്റനന്റ് പവൻ കുമാർ ഗണ്ഡി, ലെഫ്റ്റനന്റ് പ്രീതി കുമാരി, ലെഫ്റ്റനന്റ് വരുൺ ഡ്രെവേരിയ എന്നിവർ പ്ലാറ്റൂൺ കമാൻഡർമാരായി സേവനമനുഷ്ഠിക്കും.
നാവികസേനാ ടാബ്ലോ
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ അഗാധ ചരിത്രമുള്ള ഇന്ത്യൻ നാവികസേന 2026-ലെ റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോയിൽ ശക്തമായ ഒരു രാഷ്ട്രത്തിനായി ശക്തമായ നാവികസേന എന്ന പ്രമേയത്തിന്റെ വ്യക്തമായ ദർശനം അവതരിപ്പിക്കുന്നു. ഐഎൻഎസ്‌വി കൗണ്ഡിന്യ എന്ന് ഇപ്പോൾ നാമകരണം ചെയ്തിരിക്കുന്ന എ.ഡി അഞ്ചാം നൂറ്റാണ്ടിലെ ഒരു തടിക്കപ്പൽ, മറാഠ നാവികസേനയുടെ ഗുരാബ് ക്ലാസ് കപ്പലുകൾ, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, പ്രോജക്റ്റ് 17 എ നീലഗിരി-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളായ ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി, കൽവാരി-ക്ലാസ് അന്തർവാഹിനി, ജിഎസ്‌എടി-7ആർ (പ്രൊജക്റ്റ് രോഹിണി) ആശയവിനിമയ ഉപഗ്രഹം എന്നിവ ഉൾപ്പെടെയുള്ള മുൻനിര തദ്ദേശീയ സംവിധാനങ്ങൾ ടാബ്ലോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നാവിക സാഗർ പരിക്രമ-II പര്യവേക്ഷണത്തിന്റെ ഭാഗമായി ഐഎൻഎസ്‌വി താരിണി പരിക്രമണ പാതയുടെ ചിത്രീകരണവും ടാബ്ലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവിക ഉദ്യോഗസ്ഥർക്ക് പുറമേ, മുംബൈയിലെ യുവാക്കൾക്ക് അടിസ്ഥാന നാവിക കഴിവുകൾ പകർന്നു നൽകുന്ന ഗവൺമെന്റ് ഇതര സംഘടനയായ സീ കേഡറ്റ്സ് കോർപ്സിലെ യുവ കേഡറ്റുകളും ടാബ്ലോയ്‌ക്കൊപ്പം മാർച്ച് ചെയ്യും. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ രൂപകല്പനാ ബ്യൂറോയിലെ കമാൻഡർ സുബൈർ സിദ്ദിഖിയും ലെഫ്റ്റനന്റ് ലക്ഷ്മി കെ രവിയും ചേർന്നാണ് ടാബ്ലോയുടെ ആശയം വിഭാവനം ചെയ്ത് രൂപകൽപ്പന നടത്തിയത്.
നാവികസേന ബാൻഡ്
80 സംഗീതജ്ഞർ ഉൾപ്പെടുന്ന ഇന്ത്യൻ നാവികസേന ബാൻഡിനെ എംസിപിഒ ഫസ്റ്റ് ക്ലാസ് മ്യൂസിഷ്യൻ എം ആന്റണി രാജ് നയിക്കും. 2026 ജനുവരി 29 -ന് നടക്കുന്ന ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ, ആവേശവും ആനന്ദവും പകരുന്ന വ്യത്യസ്ത രീതികളിലുള്ള സംഗീതവിരുന്ന് ബാൻഡ് അവതരിപ്പിക്കും. ബാൻഡിൽ ആറ് വനിതാ അഗ്നിവീർ സംഗീതജ്ഞരും ഉൾപ്പെടുന്നു.
ഇന്ത്യൻ നാവികസേനയുടെ റിപ്പബ്ലിക് ദിന പരേഡിലെ പങ്കാളിത്തം സൈനിക ശേഷിയുടെ പ്രകടനം മാത്രമല്ല, ആത്മനിർഭർ ഭാരതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് കൺട്രോളർ പേഴ്‌സണൽ സർവീസസ് വൈസ് അഡ്മിറൽ പ്രവീൺ നായർ പറഞ്ഞു. 'പാരമ്പര്യത്തിൽ നങ്കൂരമിട്ടു, സ്വയം പര്യാപ്തതയിലേക്കും നൂതനാശയങ്ങളിലേക്കുമുള്ള നാവിക യാത്ര ' എന്ന പ്രമേയമുള്ള നാവികസേനയുടെ ടാബ്ലോ, പ്രധാനമന്ത്രിയുടെ 'സമുദ്രത്തിൽ നിന്നും സമൃദ്ധി' എന്ന ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്ത്യയുടെ പുരാതന കപ്പൽ നിർമ്മാണ പാരമ്പര്യങ്ങളിൽ നിന്ന് ഭാവിസജ്ജമായ തദ്ദേശീയ ശക്തിയിലേക്കുള്ള പരിണാമത്തെ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഐഎൻഎസ്‌വി തരിണിയിലെ ലെഫ്റ്റനന്റ് കമാൻഡർ ദിൽനയും ലെഫ്റ്റനന്റ് കമാൻഡർ രൂപയും ഭാഗമായ നാവിക സാഗർ പരിക്രമ-II സംഘത്തിന്റെ പരിക്രമണ പാതയുടെ ചിത്രീകരണത്തിലൂടെയും റിപ്പബ്ലിക് ദിന പരേഡിൽ അവസാനമായി 1980 കളിൽ പങ്കെടുത്തതിന് ശേഷം ഇപ്പോൾ ഭാഗമാകുന്ന സീ കേഡറ്റ്സ് കോർപ്സിലെ പെൺകുട്ടികളുടെ പങ്കാളിത്തത്തിലൂടെയും നാവിക പ്രവർത്തനങ്ങളിലെ വനിതാ ശാക്തീകരണത്തെയും ടാബ്ലോ പ്രതിനിധാനം ചെയ്യുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിന്റെ വാർത്താസമ്മേളനത്തിന് ഇന്ത്യൻ നാവികസേന തുടക്കം കുറിച്ചതായും മൂന്ന് സേന വിഭാഗങ്ങളുടെയും മറ്റ് വകുപ്പുകളുടെയും റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകൾ അടുത്ത ഏതാനും ദിവസങ്ങളിൽ മാധ്യമങ്ങളുമായി പങ്കുവെക്കും എന്നും പ്രതിരോധ മന്ത്രാലയ വക്താവ് ശ്രീ വിജയ് കുമാർ പറഞ്ഞു. ഇന്ത്യൻ വ്യോമസേന 2026 ജനുവരി 22 ന് രാവിലെയും മറ്റു വകുപ്പുകൾ ഉച്ചകഴിഞ്ഞും വാർത്താസമ്മേളനം നടത്തും. തുടർന്ന് 2026 ജനുവരി 23-ന് ഇന്ത്യൻ കരസേനയുടെ റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകളെ കുറിച്ചുള്ള വാർത്ത സമ്മേളനം ഉണ്ടായിരിക്കും.
KWX0.jpeg)
QVFT.jpeg)
NZUB.jpg)
****
(रिलीज़ आईडी: 2216762)
आगंतुक पटल : 39