ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചുള്ള പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.

प्रविष्टि तिथि: 20 JAN 2026 6:59PM by PIB Thiruvananthpuram

കേന്ദ്ര സർക്കാരിൻ്റെ മുൻ സെക്രട്ടറി ശ്രീ സുരേന്ദ്ര കുമാർ പച്ചൗരി രചിച്ച "ചാലിസ് ഓഫ് അംബ്രോസിയ: രാമജന്മഭൂമി - ചലഞ്ച് ആൻഡ് റെസ്പോൺസ്” എന്ന പുസ്തകം ന്യൂഡൽഹിയിലെ വൈസ് പ്രസിഡൻ്റിൻ്റെ  എൻക്ലേവിൽ വെച്ച് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പ്രകാശനം ചെയ്തു.

ശ്രീരാമൻ്റെ ജന്മസ്ഥലം വീണ്ടെടുക്കുന്നതിനായുള്ള നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തെ ഈ പുസ്തകം ഒപ്പിയെടുക്കുന്നുവെന്നും, ചരിത്രപരമായ വിവരണങ്ങൾ സന്തുലിതമായും സഹാനുഭൂതിയോടെയും പണ്ഡിതോചിതമായ സംയമനത്തോടെയുമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണം ഇന്ത്യയുടെ സാംസ്കാരിക പ്രയാണത്തിലെ നിർണ്ണായക നിമിഷത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിശ്വാസം, ചരിത്രം, നിയമം, ജനാധിപത്യം എന്നിവ അന്തസ്സോടെ ഒത്തുചേർന്ന മുഹൂർത്തമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മറ്റെവിടെയൊക്കെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പണിതാലും, ശ്രീരാമൻ്റെ ജന്മസ്ഥലത്തുള്ള ക്ഷേത്രത്തിൻ്റെ  പ്രാധാന്യത്തിന് അവയൊന്നും തുല്യമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ശ്രീരാമൻ രാഷ്ട്രത്തിൻ്റെ ആത്മാവും ഭാരതീയ ധർമ്മത്തിൻ്റെ ആത്മാവുമാണെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ധർമ്മത്തെ ഒരിക്കലും പരാജയപ്പെടുത്താൻ കഴിയില്ലെന്നും സത്യം എപ്പോഴും വിജയിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മഹാത്മാഗാന്ധിയുടെ രാമരാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അത് എല്ലാവർക്കും നീതിയും സമത്വവും അന്തസ്സും ഉറപ്പാക്കുന്നതിനെയാണ് പ്രതീകപ്പെടുത്തുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു

ശ്രീരാമൻ്റെ ജന്മസ്ഥലം സ്ഥാപിച്ചെടുക്കുന്നതിന് ആവശ്യമായി വന്ന ദീർഘകാല പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് വേദനാജനകമാണെന്നും, മറ്റ് മിക്ക രാജ്യങ്ങളിലും അത്തരമൊരു സാഹചര്യം സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഒരു രാജ്യത്തിൻ്റെ  മുഴുവൻ വിശ്വാസവും ഉണ്ടായിരുന്നിട്ടും, ശരിയായ നിയമ നടപടിക്രമങ്ങൾക്കും തെളിവുകൾക്കും ശേഷം മാത്രമാണ് ഭൂമി അനുവദിക്കപ്പെട്ടത് എന്നത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്താണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഇന്ത്യയെ ജനാധിപത്യത്തിൻ്റെ  മാതാവ് എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019-ലെ സുപ്രീം കോടതി വിധിയെക്കുറിച്ച് പരാമർശിക്കവെ, ആ വിധി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ദീർഘകാലത്തെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റിയെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറിയെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം ഇന്ത്യക്കാരുടെ ആത്മാഭിമാനം വീണ്ടെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രരചന എന്നത് സാഹിത്യപ്രവർത്തനത്തിൻ്റെ ഏറ്റവും ശ്രമകരമായ രൂപങ്ങളിൽ ഒന്നാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. കാരണം അതിന് വൈകാരികമായ സന്തുലിതാവസ്ഥയും സത്യത്തോടുള്ള കൂറും ആവശ്യമാണ്. ആവേശമുളവാക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളോ വസ്തുതാപരമായ വളച്ചൊടിക്കലോ ഇല്ലാതെ രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ  സത്തയെ വിജയകരമായി പുറത്തുകൊണ്ടുവരാൻ ശ്രീ പച്ചൗരിക്ക് സാധിച്ചുവെന്ന് ഗ്രന്ഥകർത്താവിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു

ചരിത്രപരമായ രേഖകളിലെ വിടവുകൾ നീതിക്കുവേണ്ടിയുള്ള ദീർഘകാല പോരാട്ടത്തിന് കാരണമായതായി ഉപരാഷ്ട്രപതി  ചൂണ്ടിക്കാട്ടി. ഈ ചരിത്ര പ്രസ്ഥാനത്തിൻ്റെ ആധുനിക ഘട്ടത്തെക്കുറിച്ച്   പുസ്തകം രേഖപ്പെടുത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദേശീയ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനായി നടത്തിയ ത്യാഗങ്ങളേയും പോരാട്ടങ്ങളേയും കുറിച്ച് ഭാവിതലമുറ ബോധവാന്മാരായിരിക്കുമെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്ന എ.എസ്.ഐ കണ്ടെത്തലുകൾ പരാമർശിച്ചുകൊണ്ട്, അവിടെ മുൻപേ നിലനിന്നിരുന്ന ഒരു നിർമ്മിതിയുടെ തെളിവുകളിലേക്ക് ഉപരാഷ്ട്രപതി വിരൽ ചൂണ്ടുകയും, കോടതി വിധിക്ക് ആധാരമായ പുരാവസ്തു അടിത്തറയെ അടിവരയിട്ട് കാട്ടുകയും ചെയ്തു.

വിധിയെത്തുടർന്നുണ്ടായ പൊതുജന പ്രതികരണത്തെ അസാധാരണമെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന ജനകീയ ധനസഹായ പ്രചാരണത്തെ അനുസ്മരിച്ചു. രാമക്ഷേത്ര നിർമ്മാണത്തിനായി ലോകമെമ്പാടുമുള്ള ഭക്തരിൽ നിന്ന് 3,000 കോടിയിലധികം രൂപയാണ് ഇതിലൂടെ സമാഹരിച്ചത്. 1990-കളിൽ തൻ്റെ മാതാവ് ശിലാപൂജയിൽ പങ്കെടുത്തതിൻ്റെ വ്യക്തിപരമായ ഓർമ്മയും അദ്ദേഹം പങ്കുവെച്ചു.

പുണ്യഭൂമിയുടെ പുനരുജ്ജീവനം ഇന്ത്യയുടെ പക്വതയാർന്ന ജനാധിപത്യത്തിൻ്റേയും സാംസ്കാരിക ആത്മവിശ്വാസത്തിൻ്റേയും പ്രകടനമായി ഉയർന്നുവന്നുവെന്ന് ഉറപ്പാക്കിയതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ശ്രീ സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു. 2025 നവംബർ 25-ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന ചരിത്രപരമായ ധ്വജാരോഹണ ചടങ്ങ് ഉപരാഷ്ട്രപതി അനുസ്മരിച്ചു, ഇത് രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ച അങ്ങേയറ്റം വൈകാരികമായ നിമിഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമ ഭഗവാൻ്റെ സാർവത്രികമായ സ്വാധീനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, ശ്രീരാമനിലുള്ള വിശ്വാസം ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾക്ക് അതീതമാണെന്നും, അത് അയോധ്യയിലും രാമേശ്വരത്തും മാത്രമല്ല ഫിജിയിലും കംബോഡിയയിലെ അങ്കോർവാട്ടിലും വരെ പ്രകടമാണെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

ശ്രീരാമൻ്റെ  ജീവിതവും ആദർശങ്ങളും മനുഷ്യരാശിയെ പഠിപ്പിക്കുന്നത് യഥാർത്ഥ മഹത്വം കുടികൊള്ളുന്നത് സദ്ഗുണങ്ങളിലാണെന്നും, രാജ്യങ്ങൾ ഭരിക്കുന്നതിനേക്കാൾ ഹൃദയങ്ങൾ കീഴടക്കുന്നതിലാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഈ നിത്യഹരിതമായ ആദർശങ്ങൾ ജീവിതത്തിൽ പിന്തുടരാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.

ശ്രീ സുരേന്ദ്ര കുമാർ പച്ചൗരിയുടെ പ്രവർത്തനത്തെ ശ്രീ സി.പി. രാധാകൃഷ്ണൻ അഭിനന്ദിക്കുകയും ഈ പുസ്തകം വിശാലമായ വായനക്കാരിലേക്ക് എത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം തൻ്റെ പ്രസംഗം ഉപസംഹരിച്ചു.

ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിർമ്മാണ സമിതിയുടെ അധ്യക്ഷനും പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശ്രീ നൃപേന്ദ്ര മിശ്ര, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ശ്രീ വിനോദ് റായ്, യു.പി.എസ്.സി  മുൻ ചെയർപേഴ്സൺ ശ്രീ ദീപക് ഗുപ്ത, ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ശ്രീ അമിത്  ഖാരെ, ഹർ ആനന്ദ് പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിലെ ശ്രീ ആശിഷ് ഗോസൈൻ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

***
 

 

 


(रिलीज़ आईडी: 2216615) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil