റെയില്‍വേ മന്ത്രാലയം
ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് കരുത്തേകി ‘മെയ്ക്ക് ഇൻ ഇന്ത്യ’
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ റെയില്‍ വൈദ്യുതീകരണ തൂണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്
प्रविष्टि तिथि:
19 JAN 2026 8:03PM by PIB Thiruvananthpuram
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പാതയില്‍ റെയില്‍ വൈദ്യുതീകരണ തൂണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി സുസ്ഥിര പുരോഗതി കൈവരിക്കുകയാണ്. ഇന്ത്യയിലെ പ്രഥമ അതിവേഗ റെയിൽ സംവിധാനത്തിനായി വൈദ്യുതി വിതരണം സജ്ജീകരിക്കുന്ന സുപ്രധാന ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ഈ പുരോഗതി 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിലെ സുസ്ഥിര അടിസ്ഥാനതല പദ്ധതി നിർവഹണത്തിൻ്റെ പ്രതിഫലനമാണ്. ആഗോളതലത്തിൽ തെളിയിക്കപ്പെട്ട അതിവേഗ റെയിൽ സാങ്കേതികവിദ്യ സ്വീകരിക്കുമ്പോഴും ആഭ്യന്തര നിർമാണ ശേഷിയെ ഇത് ശക്തിപ്പെടുത്തുന്നു.
അതിവേഗ ട്രെയിനുകളുടെ സുരക്ഷിതവും സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിനായി വയാഡക്റ്റ് ഭാഗങ്ങളടക്കം പദ്ധതി മേഖലയിലെ പ്രധാന ഭാഗങ്ങളില്‍ റെയില്‍ വൈദ്യുതീകരണ തൂണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഈ പാതയിലൂടെ ഓടുന്ന ബുള്ളറ്റ് ട്രെയിനുകൾക്ക് വിശ്വസനീയ വൈദ്യുതി വിതരണം ഉറപ്പാക്കാനാവശ്യമായ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങളുടെ നിർണായക ഭാഗമാണ് ഈ തൂണുകള്‍.
ഭൂനിരപ്പിൽ നിന്ന് ഏറെ ഉയരത്തില്‍ നിര്‍മിച്ച വയഡക്ടുകളിലാണ് ഈ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്നത്. പാതയിലൂടനീളം 9.5 മുതൽ 14.5 മീറ്റർ വരെ ഉയരത്തില്‍ ആകെ 20,000-ത്തിലേറെ തൂണുകള്‍ സ്ഥാപിക്കും. ബുള്ളറ്റ് ട്രെയിൻ പ്രവർത്തനങ്ങൾക്കാവശ്യമായ പാളത്തിന് മുകളിലെ വൈദ്യുതക്കമ്പികള്‍, എർത്തിങ് ക്രമീകരണങ്ങൾ, മറ്റ് ഉപകരണങ്ങള്‍ എന്നിവയുൾപ്പെടെ പൂർണമായ 2×25 കെ.വി. വൈദ്യുതി സംവിധാനത്തിൻ്റെ പ്രവര്‍ത്തനത്തിനാണ് ഈ തൂണുകള്‍.
ട്രെയിനുകളുടെ ചലനത്തിന് തടസരഹിതമായ വൈദ്യുതി ഉറപ്പാക്കാന്‍ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പാതയിലുടനീളം വൈദ്യുതി സബ്സ്റ്റേഷനുകളുടെയും വൈദ്യുതി വിതരണ കേന്ദ്രങ്ങളുടെയും ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
റെയിൽപാളങ്ങളുടെ വശങ്ങളില്‍ ലംബമായി സ്ഥാപിക്കുന്ന ഉരുക്ക് നിർമിതികളാണ് ഈ വൈദ്യുതീകരണ തൂണുകള്‍. പാളത്തിന് മുകളിലൂടെ നീളുന്ന ഇലക്ട്രിക് വയറുകളെ ഇവ താങ്ങിനിർത്തുന്നു. വൈദ്യുതിക്കമ്പികളുടെ കൃത്യമായ ഉയരവും വിന്യാസവും വലിച്ചിലും നിലനിർത്തുകയും ഇലക്ട്രിക് ട്രെയിനുകൾക്ക് തുടർച്ചയായി സുരക്ഷിത വൈദ്യുതി വിതരണം സാധ്യമാക്കുകയും ചെയ്യുന്നു.
പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇരു നഗരങ്ങൾക്കിടയിലെ യാത്ര വേഗമേറിയതും സൗകര്യപ്രദവുമാക്കും. ഒപ്പം ഈ മേഖലയിലുടനീളം യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. യാത്രക്കാർക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉല്പാദനം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി രാജ്യത്തെ വ്യാവസായിക മേഖലയ്ക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അത്യാധുനിക റെയിൽ സാങ്കേതികവിദ്യ അവലംബിക്കുന്നതിലേക്കും ലോകോത്തര റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലേക്കും രാജ്യം നടത്തുന്ന സുപ്രധാന ചുവടുവെപ്പിനെ ഈ പദ്ധതി അടയാളപ്പെടുത്തുന്നു.
****
(रिलीज़ आईडी: 2216392)
आगंतुक पटल : 5