സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിലെ ദില്ലി ഹാട്ടിൽ 2026 ജനുവരി 18 മുതൽ 31 വരെ പ്രധാനമന്ത്രി വിശ്വകർമ്മ ഹാട്ട് സംഘടിപ്പിക്കും

प्रविष्टि तिथि: 17 JAN 2026 12:51PM by PIB Thiruvananthpuram

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം (MSME), പ്രധാനമന്ത്രി വിശ്വകർമ്മ ഹാട്ട്  2026  സംഘടിപ്പിക്കുന്നു. പിഎം വിശ്വകർമ്മ പദ്ധതിക്ക് കീഴിലുള്ള കരകൗശല വിദഗ്ധർക്കും ശില്പികൾക്കും മാത്രമായി സമർപ്പിക്കപ്പെട്ടിട്ടുള്ള ഒരു പ്രദർശനമാണിത്. 2026 ജനുവരി 18 മുതൽ 31 വരെ ന്യൂഡൽഹി  ഐ. എൻ. എ. -യിലെ ദില്ലി ഹാട്ടിൽ നടക്കുന്ന ഈ പ്രദർശന പരിപാടിയിലേക്ക് രാവിലെ 10.30 മുതൽ രാത്രി 10 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി പ്രദർശനം ഉദ്ഘാടനം ചെയ്യും. എംഎസ്എംഇ സഹമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെ ചടങ്ങിൽ സന്നിഹിതയായിരിക്കും.

ഇന്ത്യയുടെ പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിൻ്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കാനും പ്രദർശിപ്പിക്കാനും ലക്ഷ്യമിടുന്ന പിഎം വിശ്വകർമ്മ ഹാട്ട്  2026, കരകൗശല വിദഗ്ധർക്ക് അവരുടെ കരകൗശല ഉൽപ്പന്നങ്ങൾ ദേശീയ, അന്തർദേശീയ വാങ്ങലുകാർക്കും, പങ്കാളികൾക്കും, പൊതുജനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും ഒരു പ്രധാന വേദിയൊരുക്കുന്നു.

രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 117-ലധികം കരകൗശല വിദഗ്ധർ ഈ പരിപാടിയിൽ പങ്കെടുക്കും. ഇത് വൈവിധ്യമാർന്ന പരമ്പരാഗത നൈപുണ്യങ്ങളുടേയും കരകൗശല വിദ്യകളുടേയും അഖിലേന്ത്യാ തലത്തിലുള്ള പ്രതിനിധ്യമായി മാറുന്നു. വിപണിയിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കാനും, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭ്യമാക്കാനും, പിഎം വിശ്വകർമ്മ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സുസ്ഥിരമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കാനും ഈ ഹാട്ട് ലക്ഷ്യമിടുന്നു. വിദേശ നയതന്ത്ര കാര്യാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളേയും പിഎം വിശ്വകർമ്മ ഹാട്ട്  2026-ലേക്ക് ക്ഷണിച്ചിട്ടുണ്ട്.

"വിശ്വകർമ്മജരുടെ മുന്നേറ്റം, വികസിത ഭാരതത്തിൻ്റെ  നിർമ്മാണം" എന്ന സന്ദേശത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പരമ്പരാഗത കരകൗശല വസ്തുക്കളുടെ വിപുലമായ ശ്രേണി, തത്സമയ കരകൗശല നിർമ്മാണ പ്രദർശനങ്ങൾ , സാംസ്കാരിക അനുഭവങ്ങൾ എന്നിവ ഈ പ്രദർശനത്തിൽ ഉൾപ്പെടും. കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനും, പരമ്പരാഗത കഴിവുകൾ സംരക്ഷിക്കുന്നതിനും, എംഎസ്എംഇ  ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധതയെ പിഎം വിശ്വകർമ്മ ഹാട്ട്  2026 വീണ്ടും ഉറപ്പിക്കുന്നു.

***
 


(रिलीज़ आईडी: 2215572) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada