ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
प्रविष्टि तिथि:
16 JAN 2026 2:37PM by PIB Thiruvananthpuram
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി-ടോക്കികൾ (പേഴ്‌സണൽ മൊബൈൽ റേഡിയോകൾ – PMR) നിയമവിരുദ്ധമായി ലിസ്റ്റ് ചെയ്യുകയും വിൽക്കുകയും ചെയ്തതായി വ്യാപകമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA ) സ്വമേധയാ കേസെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ടെലികോം ചട്ടങ്ങളുടെയും ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, പ്രമുഖ ഓൺലൈൻ വിപണികൾക്ക് എതിരെ സാമ്പത്തിക പിഴ ചുമത്തുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വിവിധ പ്ലാറ്റ്‌ഫോമുകളിലായി വാക്കി-ടോക്കിയുമായി ബന്ധപ്പെട്ട 16,970-ലധികം ലിസ്റ്റിംഗുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ, ജിയോമാർട്ട്, മെറ്റ (ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ്), ടോക്ക് പ്രോ, ചിമിയ, മാസ്‌ക്മാൻ ടോയ്‌സ്, ഇന്ത്യ മാർട്ട്, ട്രേഡ് ഇന്ത്യ, ആന്റിക്‌ഷ് ടെക്‌നോളജീസ്, വർദാൻമാർട്ട്, കൃഷ്ണ മാർട്ട് എന്നിവ ഉൾപ്പെടെ 13 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
നിയമപരമായ നിർബന്ധിത അംഗീകാരങ്ങളോ ആവശ്യമായ സത്യപ്രസ്താവനകളോ ഇല്ലാതെ, നിയന്ത്രിതവും അത്യന്തം സംവേദനാത്മകവുമായ റേഡിയോ ഫ്രീക്വൻസി ബാൻഡുകളിൽ പ്രവർത്തിക്കുന്ന വാക്കി-ടോക്കികളുടെ വിൽപ്പനയ്ക്ക് ഒട്ടേറെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ സൗകര്യമൊരുക്കുന്നതായി അതോറിറ്റി കണ്ടെത്തി. കൂടാതെ, ഈ ഉപകരണങ്ങൾ ഉപഭോക്താക്കളെ താഴെപ്പറയുന്ന കാര്യങ്ങളെക്കുറിച്ച് മതിയായ രീതിയിൽ അറിയിക്കാതെയാണ് വിപണനം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്
ഉപകരണം പ്രവർത്തിക്കുന്ന റേഡിയോ ഫ്രീക്വൻസി പരിധി
ഉപകരണത്തിന് സർക്കാർ ലൈസൻസ് ആവശ്യമുണ്ടോ എന്ന വിവരം
ഇന്ത്യയിൽ വയർലെസ് ഉപകരണങ്ങൾ നിയമാനുസൃതമായും സുരക്ഷിതമായും ഉപയോഗിക്കാനുള്ള അനുമതി ഉറപ്പാക്കുന്നതിനായി വാർത്താവിനിമയ വകുപ്പിന് (DoT) കീഴിലുള്ള വയർലെസ് പ്ലാനിംഗ് ആൻഡ് കോ-ഓർഡിനേഷൻ (WPC) വിംഗ് നൽകുന്ന നിർബന്ധിത സാങ്കേതിക അംഗീകാരമായ ഇക്വിപ്പ്മെന്റ് ടൈപ്പ് അപ്രൂവൽ (ETA) ഉപകരണത്തിന് ലഭിച്ചിട്ടുണ്ടോ എന്ന വിവരം
ഈ ഉപകരണങ്ങളിൽ പലതും അൾട്രാ ഹൈ ഫ്രീക്വൻസി (UHF) ബാൻഡിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ്, അടിയന്തര സേവനങ്ങൾ, ദുരന്തനിവാരണ ഏജൻസികൾ തുടങ്ങി, നിർണായക ആശയവിനിമയ ശൃംഖലകൾ എന്നിവ ഉപയോഗിക്കുന്ന നിയന്ത്രിത സ്പെക്ട്രമാണിത്. എന്നിരുന്നാലും, നിരവധി ഉത്പന്നങ്ങൾ “ലൈസൻസ്-ഫ്രീ” അഥവാ “100% നിയമപരമായത്” എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്തിരുന്നു. യാഥാർത്ഥത്തിൽ അവ ഉപയോഗിക്കാൻ സർക്കാർ അംഗീകാരം നിർബന്ധമാണ്. ചില സംഭവങ്ങളിൽ, വാക്കി-ടോക്കികൾ കളിപ്പാട്ടങ്ങളെന്ന പേരിൽ വിൽപ്പനയ്‌ക്കെത്തിച്ചിരുന്നുവെങ്കിലും, അവയ്ക്ക് 30 കിലോമീറ്റർ വരെ ആശയവിനിമയ ശേഷിയുണ്ടായിരുന്നു. കൂടാതെ, പ്രവർത്തന ആവൃത്തി, ഉപകരണത്തിന് ഇക്വിപ്പ്മെന്റ് ടൈപ്പ് അപ്രൂവൽ (ETA) ലഭിച്ചിട്ടുണ്ടോ എന്നിവയടക്കമുള്ള നിർണായക വിവരങ്ങൾ പല ഉത്പന്ന ലിസ്റ്റിംഗുകളിലും വ്യക്തമായി ഉൾപ്പെടുത്തിയിരുന്നില്ല. ഇതുവഴി, ഉത്പന്നം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിയമപരമാണോ എന്ന് ഉപഭോക്താക്കൾക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
ഇന്ത്യയിൽ വാക്കി-ടോക്കികളുടെ വിൽപ്പന, ഇറക്കുമതി, ഉപയോഗം എന്നിവ ചുവടെപ്പറയുന്ന നിയമങ്ങൾ പ്രകാരമാണ് നിയന്ത്രിക്കുന്നത്:
ഇന്ത്യൻ ടെലിഗ്രാഫ് നിയമം 1885
ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം 1933
കുറഞ്ഞ പവറും വളരെ കുറഞ്ഞ പവറും ഉള്ള ഷോർട്ട് റേഞ്ച് റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങളുടെ ഉപയോഗത്തിനുള്ള (ലൈസൻസിംഗ് ആവശ്യകതയിൽ നിന്ന് ഒഴിവാക്കൽ) ചട്ടങ്ങൾ, 2018
മേൽപ്പറഞ്ഞ നിയമങ്ങൾ പ്രകാരം, 446.0–446.2 MHz ഫ്രീക്വൻസി ബാൻഡിനുള്ളിൽ കർശനമായി പ്രവർത്തിക്കുന്ന വാക്കി-ടോക്കികൾക്കു മാത്രമാണ് ലൈസൻസിംഗ് ആവശ്യകതയിൽ നിന്ന് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ലൈസൻസ് ഒഴിവാക്കപ്പെട്ട ഇത്തരം ഉപകരണങ്ങൾ പോലും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനോ വിൽപ്പനയ്‌ക്കെത്തിക്കുന്നതിനോ മുമ്പ് ETA സർട്ടിഫിക്കേഷൻ നിർബന്ധമായും നേടേണ്ടതാണ്. ഈ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അന്യായമായ വ്യാപാര രീതികൾ, സേവനത്തിലെ പോരായ്മകൾ എന്നിവയായി കണക്കാക്കപ്പെടുന്നു. 2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഇത്തരം ലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത് തടയുന്നതിനായി, വാർത്താവിനിമയ വകുപ്പും (DoT) ആഭ്യന്തര മന്ത്രാലയവുമായും (MHA) സംയുക്തമായി, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി-ടോക്കികൾ ഉൾപ്പെടെയുള്ള റേഡിയോ ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ലിസ്റ്റിംഗും വിൽപ്പനയും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ CCPA 2025-ൽ പുറത്തിറക്കിയിട്ടുണ്ട്.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നു:
ലിസ്റ്റിംഗുകൾ അനുവദിക്കുന്നതിന് മുമ്പ് ഫ്രീക്വൻസി അനുവർത്തനം സ്ഥിരീകരിക്കുക
വിൽപ്പനയ്ക്കു മുമ്പ് ETA സർട്ടിഫിക്കേഷൻ ഉറപ്പാക്കുക
ഉപഭോക്താക്കൾക്കായി ലൈസൻസിംഗ് ആവശ്യകതകൾ വ്യക്തമായി വെളിപ്പെടുത്തുക
“ലൈസൻസ്-ഫ്രീ” അഥവാ “100% നിയമപരമായത്” പോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കുക
നിയമവിരുദ്ധ ലിസ്റ്റിംഗുകൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനം നടപ്പിലാക്കുക
ചീഫ് കമ്മീഷണർ ശ്രീമതി നിധി ഖരെ, കമ്മീഷണർ ശ്രീ അനുപം മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള CCPA എട്ട് കേസുകളിൽ അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ചു, അവ:
മീഷോ (ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്)
ടോക്ക് പ്രോ (ഐക്കോനെറ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്)
മാസ്ക്മാൻ ടോയ്‌സ്
ചിമിയ
ജിയോമാർട്ട്
മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡ് (ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്)
ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്
ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്.
ആൻട്രിക്ഷ് ടെക്നോളജീസ്, ഇന്ത്യ മാർട്ട്, ട്രേഡ്ഇന്ത്യ, വർദാൻമാർട്ട്, കൃഷ്ണ മാർട്ട് എന്നിവയ്‌ക്കെതിരായ നടപടികൾ നിലവിൽ അന്വേഷണത്തിന്റെയോ വാദം കേൾക്കലിന്റെയോ വിവിധ ഘട്ടങ്ങളിലാണ്.
Chimiya.com സംബന്ധിച്ച കേസിൽ, UHF 400–470 MHz ബാൻഡിൽ പ്രവർത്തിക്കുന്ന റീചാർജ് ചെയ്യാവുന്ന ടു-വേ വാക്കി-ടോക്കി റേഡിയോകൾ പ്രസ്തുത പ്ലാറ്റ്‌ഫോമിൽ വിൽപ്പനയ്‌ക്കെത്തിച്ചതായി CCPA കണ്ടെത്തി. ഈ ഉപകരണങ്ങൾ ഇന്ത്യയിൽ അനുവദനീയമായ ലൈസൻസ്-രഹിത ബാൻഡുകളുടെ പരിധിയ്ക്ക് മുകളിൽ പ്രവർത്തിക്കുന്നതാണ്. അവ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌തിട്ടുള്ളതും, 446.0–446.2 MHz ബാൻഡിനുള്ളിൽ നിർബന്ധമായുള്ള ഇക്വിപ്പ്മെന്റ് ടൈപ്പ് അപ്രൂവൽ (ETA) സർട്ടിഫിക്കേഷനും പ്രവർത്തന പരിശോധനയും ഉൾപ്പെടുന്ന നിയമാനുസൃത വെളിപ്പെടുത്തലുകൾ ഇല്ലാതെ ലിസ്റ്റ് ചെയ്‌തിരിക്കുന്നതുമാണ്. ആവശ്യമായ നിയമപരമായ അംഗീകാരങ്ങൾ ഇല്ലാതെ ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും പരസ്യം ചെയ്യാനും വിൽക്കാനും കഴിയില്ല. പ്ലാറ്റ്‌ഫോം ഉചിതമായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടതായും, ഇതു 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും ബാധകമായ ടെലികോം ചട്ടങ്ങളും ലംഘിക്കുന്നതായും CCPA കണ്ടെത്തി.
ലൈസൻസിംഗ് ആവശ്യകതകളും നിയന്ത്രണങ്ങളുടെ പാലനവുമായി ബന്ധപ്പെട്ട നിർബന്ധിത വിവരങ്ങളും വ്യക്തമായ രീതിയിൽ വെളിപ്പെടുത്താതെ ജിയോമാർട്ട് (www.jiomart.com) വാക്കി-ടോക്കി ഉപകരണങ്ങൾ വിൽപ്പനയ്ക്ക് വച്ചതായി കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, പ്ലാറ്റ്‌ഫോമിലൂടെ അത്തരം ഉപകരണങ്ങളുടെ 58 യൂണിറ്റുകൾ വിറ്റുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിർബന്ധിത വിവരങ്ങൾ ഉപേക്ഷിക്കുന്നത് വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ അനധികൃത ഉപയോഗത്തിലൂടെ സൃഷ്ടിക്കാവുന്ന നിയമപരവും സാങ്കേതികവുമായ അപകടസാധ്യതകൾക്ക് ഉപഭോക്താക്കളെ വിധേയമാക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
UHF 400–1200 MHz ഉൾപ്പെടെയുള്ള വിശാലമായ ഫ്രീക്വൻസി ശ്രേണികളിൽ പ്രവർത്തിക്കുന്ന വാക്കി-ടോക്കി ഉപകരണങ്ങൾ Talk Pro (Iconet Services Pvt. Ltd.) പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്ത് വിൽപ്പന നടത്തിയതായി CCPA കണ്ടെത്തി. ഈ ഉപകരണങ്ങളെ “100% നിയമപരമായത്” എന്നും “ലൈസൻസ്-രഹിതം” എന്നും പ്ലാറ്റ്‌ഫോമിൽ തെറ്റായി പരസ്യപ്പെടുത്തി. ഉപകരണങ്ങളുടെ പ്രവർത്തന ശ്രേണിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും പരസ്പരവിരുദ്ധവുമായ അവകാശവാദങ്ങൾ കമ്പനി ഉന്നയിക്കുകയും, വെളിപ്പെടുത്തിയതിനെക്കാൾ വളരെ ഉയർന്ന ശ്രേണികൾ പരസ്യപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. ലൈസൻസിംഗ് ബാധ്യതകളും ETA ആവശ്യകതകളും വെളിപ്പെടുത്താതെ ഈ ഉപകരണങ്ങൾ വിറ്റു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അന്യായമായ വ്യാപാര രീതികളും രൂപപ്പെടുന്നതിനിടയാക്കിയതായി അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.
മീഷോ (ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) വിഷയത്തിൽ, നിർബന്ധിത ലൈസൻസിംഗ് അല്ലെങ്കിൽ സർട്ടിഫിക്കേഷൻ വിശദാംശങ്ങൾ നൽകാതെ ഒരേ സമയം ഒന്നിലധികം വിൽപ്പനക്കാർ വാക്കി-ടോക്കി ഉപകരണങ്ങൾ വൻതോതിൽ ലിസ്റ്റ് ചെയ്ത് വിൽക്കുന്നതായി CCPA നിരീക്ഷിച്ചു. നോട്ടീസിൽ ഉൾപ്പെടുത്തിയ ഒരു വിൽപ്പനക്കാരന്റെ വിശദാംശങ്ങൾ മാത്രമാണ് ലഭ്യമെന്നതും, ആ വിൽപ്പനക്കാരൻ 2,209 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചതെന്നും വ്യക്തമാക്കുന്നു. കൂടാതെ, പ്ലാറ്റ്‌ഫോമിലെ നിരവധി വാക്കി-ടോക്കി ലിസ്റ്റിംഗുകളിൽ ETA സർട്ടിഫിക്കേഷൻ, ഫ്രീക്വൻസി സ്പെസിഫിക്കേഷനുകൾ എന്നിവ വ്യക്തമാക്കിയിട്ടില്ല. ഫലപ്രദമായ സ്ഥിരീകരണ സംവിധാനങ്ങളോ, നിയന്ത്രണ അനുവർത്തന സംവിധാനങ്ങളോ പ്ലാറ്റ്‌ഫോം നടപ്പിലാക്കിയിരുന്നില്ല. ഈ അവഗണനകൾ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും 2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് CCPA കണ്ടെത്തി.
മാസ്‌ക്മാൻ ടോയ്‌സിന്റെ കാര്യത്തിൽ, 10, 20, 30 കിലോമീറ്റർ എന്നീ വ്യത്യസ്ത ആശയവിനിമയ ശ്രേണികളുള്ള വാക്കി-ടോക്കികൾ ഫ്രീക്വൻസി ശ്രേണി, ലൈസൻസിംഗ് ആവശ്യകതകൾ, ETA/WPC സർട്ടിഫിക്കേഷൻ നില എന്നിവ വ്യക്തമാക്കാതെ പട്ടികപ്പെടുത്തിയതായി CCPA നിരീക്ഷിച്ചു. കളിപ്പാട്ടങ്ങളായി വിപണനം ചെയ്ത ഈ ഉപകരണങ്ങളുടെ സാങ്കേതിക ശേഷി സാധാരണ കളിപ്പാട്ടങ്ങളുടെ പരിധിയെക്കാൾ ഏറെ കൂടുതലായിരുന്നു. അടിസ്ഥാന നിയന്ത്രണ വിവരങ്ങളുടെ അഭാവം ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങളുടെ നിയമാനുസൃത ഉപയോഗം ഉറപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ, ഇത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഗുരുതരമായ ലംഘനമായി പരിഗണിക്കപ്പെട്ടു.
ഫ്ലിപ്കാർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഫ്രീക്വൻസി ശ്രേണി, ലൈസൻസിംഗ് ആവശ്യകതകൾ, ETA/WPC സർട്ടിഫിക്കേഷൻ നില എന്നിവയുമായി ബന്ധപ്പെട്ട നിർബന്ധിത വെളിപ്പെടുത്തലുകൾ ഇല്ലാതെയാണ് വാക്കി-ടോക്കി ഉപകരണങ്ങൾ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്ത് വിൽക്കപ്പെട്ടത് എന്ന് CCPA കണ്ടെത്തി. നിരവധി വിൽപ്പനക്കാർ ഈ ഉപകരണങ്ങൾ ലിസ്റ്റ് ചെയ്തതിന്റെ ഫലമായി ഗണ്യമായ വിൽപ്പന നടത്തിയതായി കണ്ടെത്തി. നൽകിയ ഡാറ്റ പ്രകാരം, ലൈസൻസ്-ഒഴിവാക്കപ്പെട്ട ഫ്രീക്വൻസി ശ്രേണി വെളിപ്പെടുത്തിയ 42,275 യൂണിറ്റുകൾ വിറ്റഴിച്ചതായി രേഖപ്പെടുത്തിയപ്പോൾ, ഫ്രീക്വൻസി ശ്രേണി വ്യക്തമല്ലാത്തതോ അനുവദിച്ച പരിധിക്ക് പുറത്തുള്ളതോ ആയ 65,931 യൂണിറ്റുകൾ വിറ്റഴിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിർബന്ധിത വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ പരാജയപ്പെടുന്നത് ഉപഭോക്താക്കളെ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ തെറ്റിദ്ധരിപ്പിക്കുകയും, 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അന്യായമായ വ്യാപാര രീതിയും സൃഷ്ടിക്കുന്നതായും അതോറിറ്റി നിരീക്ഷിച്ചു.
ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിന്റെ കാര്യത്തിൽ, ലൈസൻസിംഗ് ആവശ്യകതകൾ, ഫ്രീക്വൻസി സ്പെസിഫിക്കേഷനുകൾ, ETA/WPC സർട്ടിഫിക്കേഷൻ എന്നിവ വ്യക്തമാക്കാതെ വാക്കി-ടോക്കി ഉപകരണങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതും ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതുമാണെന്ന് CCPA കണ്ടെത്തി. നോട്ടീസ് ലഭിച്ച ശേഷവും, പ്ലാറ്റ്‌ഫോം മതിയായ പ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ നിയന്ത്രിത റേഡിയോ ആശയവിനിമയ ഉപകരണങ്ങളുടെ ആവർത്തിച്ചുള്ള ലിസ്റ്റിംഗുകൾ നടത്തിയതായും കണ്ടെത്തി. അതോറിറ്റി അഭിപ്രായപ്പെട്ടതനുസരിച്ച്, ഇത്തരം ലിസ്റ്റിംഗുകൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളായി കണക്കാക്കപ്പെടുകയും, നിയന്ത്രിത ഉത്പന്നങ്ങളെ പൊതുജനങ്ങൾ കാണാനും ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, പ്ലാറ്റ്‌ഫോമുകൾ അവയുടെ ശേഷി, സാങ്കേതിക മികവ് എന്നിവ അനുസരിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. അതോറിറ്റിയുടെ ഇടപെടലിന്റെ ഫലമായി 710 ലിസ്റ്റിംഗുകൾ ഒഴിവാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആമസോൺ സെല്ലർ സർവിസസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട വിഷയത്തിൽ, പേഴ്‌സണൽ മൊബൈൽ റേഡിയോകൾ (PMRs) എന്നറിയപ്പെടുന്ന നിരവധി വാക്കി-ടോക്കികൾ ആവശ്യമായ നിയമപരമായ സത്യപ്രസ്താവനകൾ ഇല്ലാതെയാണ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്ത് വിൽപ്പനയ്‌ക്കെത്തിച്ചത് എന്ന് കണ്ട് CCPA സ്വമേധയാ കേസെടുക്കുകയായിരുന്നു. പരിശോധനയിൽ, വാക്കി-ടോക്കികൾക്കായി 467 ഉത്പന്ന ലിസ്റ്റിംഗുകൾ നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയപ്പോൾ, അവയിൽ മിക്കതും ഓപ്പറേറ്റിംഗ് ഫ്രീക്വൻസി ബാൻഡ്‌വിഡ്ത്ത് അഥവാ വാർത്താവിനിമയ വകുപ്പിൽ (DoT) നിന്നുള്ള സർട്ടിഫിക്കേഷൻ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. നൽകിയ ഡാറ്റ പ്രകാരം, 2023 ജനുവരിയിൽ നിന്ന് 2025 മെയ് വരെയുള്ള കാലയളവിൽ 2,602 യൂണിറ്റുകൾ വിറ്റഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്; ഇതിൽ ബന്ധപ്പെട്ട വിൽപ്പനക്കാരുടെ വിശദാംശങ്ങളും ഓർഡർ, ഇൻവോയിസ് വിവരങ്ങളും ഉൾപ്പെടുന്നു. നിർബന്ധിത വിവരങ്ങൾ വെളിപ്പെടുത്താത്തത് ഉപഭോക്താക്കളെ ഉത്പന്നത്തെ സംബന്ധിച്ച് നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ടിലാക്കി, 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അന്യായമായ വ്യാപാര രീതയും ആയി കണക്കാക്കപ്പെടുന്നുവെന്നും അതോറിറ്റി നിരീക്ഷിച്ചു.
പിഴകളും നിർദേശങ്ങളും
ചില ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തങ്ങൾ ഉത്പാദകരല്ല, മറിച്ച് ഇടനിലക്കാർ മാത്രമാണെന്നും, മൂന്നാം കക്ഷി വിൽപ്പനക്കാർ ലിസ്റ്റ് ചെയ്ത ഉത്പന്നങ്ങൾക്ക് ഉത്തരവാദികളല്ലെന്നും അവകാശപ്പെട്ടു. ഈ അവകാശവാദം നിരസിച്ച CCPA, നിയന്ത്രിത ഉത്പന്നങ്ങളുടെ ലിസ്റ്റിംഗ്, പരസ്യം, വിൽപ്പന എന്നിവ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകൾ ശരിയായ പരിശോധനകളും കൃത്യമായ ജാഗ്രതയും പുലർത്തിയാൽ മാത്രമേ അവർക്ക് ഇതു സംബന്ധിച്ച സംരക്ഷണം ലഭ്യമാകൂ.
മീഷോ, ഫ്ലിപ്കാർട്ട്, ആമസോൺ, മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതവും, ചിമിയ, ജിയോമാർട്ട്, ടോക്ക് പ്രോ, മാസ്‌ക്മാൻ ടോയ്‌സ് എന്നിവയ്ക്ക് 1 ലക്ഷം രൂപ വീതവും അതോറിറ്റി പിഴ ചുമത്തി. പല പ്ലാറ്റ്‌ഫോമുകളും ഇതിനോടകം പിഴ ഒടുക്കിയിട്ടുണ്ട്. ബാക്കി സ്ഥാപനങ്ങൾ ഉടനടി പിഴ ഒടുക്കി പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാക്കി-ടോക്കികളും മറ്റ് റേഡിയോ ഉപകരണങ്ങളും ആവശ്യമായ സർക്കാർ അനുമതികൾ ഇല്ലാതെ ലിസ്റ്റ് ചെയ്യപ്പെടുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ CCPA എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകൾ പതിവായി സ്വയം ഓഡിറ്റുകൾ നടത്തുകയും, അനുവർത്തന സർട്ടിഫിക്കറ്റുകൾ പ്രസിദ്ധീകരിക്കുകയും, നിയമം പൂർണ്ണമായി പാലിക്കപ്പെടുന്നില്ലെങ്കിൽ നിയന്ത്രിത വയർലെസ് ഉപകരണങ്ങളുടെ വില്പനയിൽ നിന്ന് വിട്ടുനിൽക്കേണമെന്നും അതിനായി കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജന സുരക്ഷയിലെയും ദേശസുരക്ഷയിലെയും പ്രത്യാഘാതങ്ങൾ
അനധികൃത റേഡിയോ ഉപകരണങ്ങൾ നിയമ നിർവ്വഹണ ഏജൻസികളുടെയോ, ദുരന്ത നിവാരണ ഏജൻസികളുടെയോ, അടിയന്തര സേവനങ്ങളുടെയോ ആശയവിനിമയ സംവിധാനങ്ങളിൽ ഹാനികരമായ ഇടപെടലുകൾ നടത്താൻ സാധ്യതയുള്ളതായി അതോറിറ്റി കണ്ടെത്തി. ഇത് പൊതു സുരക്ഷ, പൊതുചട്ടം, ദേശ സുരക്ഷ എന്നിവയ്ക്കു ഗുരുതരമായ പ്രത്യാഘാതങ്ങകൾ സൃഷ്ടിക്കുന്നതാണെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.
ഷോപ്പിംഗ് നടത്തുമ്പോൾ ഉപഭോക്താക്കൾ പ്രധാനമായും ഓൺലൈൻ വിവരണങ്ങളെയും ഉത്പന്ന വിരണങ്ങളേയും ആശ്രയിക്കുന്നുണ്ടെന്ന് CCPA വ്യക്തമാക്കി. നിലവാരമില്ലാത്ത വാക്കി-ടോക്കികളുടെ വിൽപ്പന ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം നിയമപരവും സാങ്കേതികവുമായ അപകടസാധ്യതകൾക്ക് വിധേയമാക്കുകയും, ഡിജിറ്റൽ വിപണികളിൽ ഉപഭോക്താക്കളുടെ വിശ്വാസം ദുർബലമാക്കുകയും ചെയ്യുന്നു.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും അന്യായമായ വ്യാപാര രീതികൾ തടയുകയും സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ വിപണി ഉറപ്പാക്കുകയും ചെയ്യാനുള്ള പ്രതിബദ്ധത അതോറിറ്റി ഊട്ടിയുറപ്പിച്ചു. റേഡിയോ ആശയവിനിമയ ഉപകരണങ്ങൾ ലിസ്റ്റുചെയ്യുമ്പോൾ എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും കർശനമായ നിയന്ത്രണങ്ങൾ പുലർത്തുകയും പരിശോധനകൾ നടത്തുകയും, നിയമാനുസൃതവും വിശദവുമായ പ്രസ്താവനകൾ ഉറപ്പാക്കുകയും ചെയ്യണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
****