പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനുവരി 17-18 തീയതികളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും
ജനുവരി 17-ന് മാൾഡയിൽ 3,250 കോടി രൂപയിലധികം വകയിരുത്തിയ വിവിധ റെയിൽ, റോഡ് പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും
ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, ദീർഘദൂര യാത്രക്കാർക്ക് ആധുനികവും സുഖകരവും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു
ഹൂഗ്ലിയിലെ സിംഗൂരിൽ 830 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവ്വഹിക്കും
ഉൾനാടൻ ജലഗതാഗതവും പ്രാദേശിക കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനായി ബാലാഗഡിൽ എക്സ്റ്റൻഡഡ് പോർട്ട് ഗേറ്റ് സിസ്റ്റത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിക്കും
പശ്ചിമ ബംഗാളിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 7 അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
प्रविष्टि तिथि:
16 JAN 2026 1:55PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 17-18 തീയതികളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും.
ജനുവരി 17-ന് ഉച്ചയ്ക്ക് 12:45-ഓടെ മാൾഡയിൽ എത്തുന്ന പ്രധാനമന്ത്രി, മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ, ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന്, ഉച്ചയ്ക്ക് 1:45-ന് മാൾഡയിൽ തന്നെ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.
ജനുവരി 18-ന് വൈകുന്നേരം 3 മണിയോടെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവ്വഹിക്കും.
പ്രധാനമന്ത്രി മാൾഡയിൽ
പശ്ചിമ ബംഗാളിലെയും വടക്കുകിഴക്കൻ മേഖലയിലെയും ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസനം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് മാൾഡ സന്ദർശിക്കുന്ന പ്രധാനമന്ത്രി 3,250 കോടി രൂപയുടെ വിവിധ റെയിൽ-റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.
പ്രധാനമന്ത്രി മാൾഡ ടൗൺ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയും ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. കൂടാതെ ഗുവാഹത്തി (കാമാഖ്യ) – ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അദ്ദേഹം വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും. ആധുനിക ഇന്ത്യയുടെ വളരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, വിമാനയാത്രയ്ക്ക് സമാനമായ അനുഭവം കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ദീർഘദൂര യാത്രകൾ കൂടുതൽ വേഗതയുള്ളതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂർ കുറയ്ക്കുന്നതിലൂടെ, തീർത്ഥാടന വിനോദസഞ്ചാര മേഖലകൾക്കും ഇത് വലിയ ആക്കം കൂട്ടും.
പശ്ചിമ ബംഗാളിലെ നാല് പ്രധാന റെയിൽവേ പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിക്കും. ബാലൂർഘട്ടിനും ഹിലിനും ഇടയിലുള്ള പുതിയ റെയിൽ പാത, ന്യൂ ജൽപായ്ഗുരിയിലെ അത്യാധുനിക ചരക്ക് പരിപാലന സംവിധാനങ്ങൾ, സിലിഗുരി ലോക്കോ ഷെഡിന്റെ നവീകരണം, ജൽപായ്ഗുരി ജില്ലയിലെ വന്ദേ ഭാരത് ട്രെയിൻ പരിപാലന സൗകര്യങ്ങളുടെ ആധുനികവൽക്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ യാത്രാ-ചരക്ക് നീക്കങ്ങൾ ശക്തിപ്പെടുത്തുകയും വടക്കൻ ബംഗാളിലെ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
കൂടാതെ, ന്യൂ കൂച്ച്ബെഹാർ-ബമൻഹട്ട്, ന്യൂ കൂച്ച്ബെഹാർ-ബോക്സിർഹട്ട് റെയിൽ പാതകളുടെ വൈദ്യുതീകരണം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത് കൂടുതൽ വേഗതയുള്ളതും പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ട്രെയിൻ ഗതാഗതം സാധ്യമാക്കും.
താഴെ പറയുന്ന 4 പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും:
ന്യൂ ജൽപായ്ഗുരി - നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്
ന്യൂ ജൽപായ്ഗുരി - തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്
അലിപുർദുവാർ - SMVT ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്
അലിപുർദുവാർ - മുംബൈ (പൻവേൽ) അമൃത് ഭാരത് എക്സ്പ്രസ്
താങ്ങാനാവുന്ന നിരക്കിലും വിശ്വസനീയവുമായ ദീർഘദൂര റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. സാധാരണ പൗരന്മാർ, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ സർവീസുകൾ ഉപകരിക്കും.
*LHB കോച്ചുകൾ ഘടിപ്പിച്ച രണ്ട് പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും: രാധികാപൂർ – SMVT ബെംഗളൂരു എക്സ്പ്രസ്, ബാലൂർഘട്ട് – SMVT ബെംഗളൂരു എക്സ്പ്രസ് എന്നിവയാണവ. ഈ ട്രെയിനുകൾ മേഖലയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും ബെംഗളൂരു പോലുള്ള പ്രധാന ഐടി-തൊഴിൽ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ളതും സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കും.
വടക്കൻ ബംഗാളിലെ പ്രാദേശിക റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യപ്രദമായ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും സഹായിക്കുന്ന പ്രധാന പദ്ധതിയായ നാഷണൽ ഹൈവേ-31D-ലെ ധുപ്ഗുരി-ഫലാകാറ്റ ഭാഗം നാലുവരിപ്പാതയാക്കി നവീകരിക്കുന്ന പ്രവർത്തനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും.
ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഈ പദ്ധതികൾ സുപ്രധാന പങ്ക് വഹിക്കും. ഇത് കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളെ രാജ്യത്തിന്റെ പ്രധാന വളർച്ചാ കേന്ദ്രങ്ങളായി ശക്തിപ്പെടുത്തുകയും ചെയ്യും.
പ്രധാനമന്ത്രി ഹൂഗ്ലിയിൽ
ഹൂഗ്ലിയിലെ സിംഗൂരിൽ 830 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവ്വഹിക്കും.
ഉൾനാടൻ ജലഗതാഗത (IWT) ടെർമിനലും റോഡ് ഓവർ ബ്രിഡ്ജും ഉൾപ്പെടുന്ന ബാലാഗഡിലെ എക്സ്റ്റൻഡഡ് പോർട്ട് ഗേറ്റ് സിസ്റ്റത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിക്കും. ഏകദേശം 900 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ബാലാഗഡ്, പ്രതിവർഷം 2.7 ദശലക്ഷം ടൺ (MTPA) ശേഷിയുള്ള ഒരു ആധുനിക കാർഗോ ഹാൻഡ്‌ലിംഗ് ടെർമിനലായാണ് വികസിപ്പിക്കുന്നത്. കണ്ടെയ്‌നറൈസ്ഡ് കാർഗോയ്ക്കും ഡ്രൈ ബൾക്ക് കാർഗോയ്ക്കുമായി രണ്ട് പ്രത്യേക ജെട്ടികളുടെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
തിരക്കേറിയ നഗരപാതകളിൽ നിന്നുള്ള വലിയ ചരക്ക് നീക്കം വഴിതിരിച്ചുവിട്ട് ചരക്ക് കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ബാലാഗഡ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും കൊൽക്കത്ത നഗരത്തിലെ വാഹനത്തിരക്കും മലിനീകരണവും കുറയ്ക്കുകയും നിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. മെച്ചപ്പെട്ട മൾട്ടിമോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക്സ് കാര്യക്ഷമതയും പ്രാദേശിക വ്യവസായങ്ങൾക്കും എം.എസ്.എം.ഇകൾക്കും (MSMEs) കർഷകർക്കും കുറഞ്ഞ ചിലവിൽ വിപണിയിലേക്ക് പ്രവേശനം നൽകും. ലോജിസ്റ്റിക്സ്, ടെർമിനൽ പ്രവർത്തനങ്ങൾ, ഗതാഗത സേവനങ്ങൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പ്രാദേശിക സമൂഹത്തിന് വലിയ രീതിയിലുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിൽ നേട്ടങ്ങൾ ഈ പദ്ധതി വഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൊൽക്കത്തയിൽ അത്യാധുനികമായ ഒരു ഇലക്ട്രിക് കാറ്റമറൻ പ്രധാനമന്ത്രി പുറത്തിറക്കും. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഉൾനാടൻ ജലഗതാഗതത്തിനായി തദ്ദേശീയമായി നിർമ്മിച്ച 6 ഇലക്ട്രിക് കാറ്റമറനുകളിൽ ഒന്നാണിത്. നൂതനമായ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും ലിഥിയം-ടൈറ്റനേറ്റ് ബാറ്ററി സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുള്ള ഈ ഹൈബ്രിഡ് ഇലക്ട്രിക് അലുമിനിയം കാറ്റമറന് 50 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇത് പൂർണ്ണമായും മലിനീകരണമില്ലാത്ത ഇലക്ട്രിക് മോഡിലും കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിൽ ഹൈബ്രിഡ് മോഡിലും പ്രവർത്തിപ്പിക്കാൻ സാധിക്കും. ഹൂഗ്ലി നദിയിലൂടെയുള്ള നഗര ജലഗതാഗതത്തിനും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും യാത്രക്കാരുടെ കണക്റ്റിവിറ്റിക്കും ഈ യാനം സഹായകമാകും.
ജയരാംബതി-ബരോഗോപിനാഥ്പൂർ-മയ്നാപൂർ പുതിയ റെയിൽ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. താരകേശ്വർ-ബിഷ്ണുപൂർ പുതിയ റെയിൽ പാത പദ്ധതിയുടെ സുപ്രധാന ഭാഗമാണിത്. പുതിയ റെയിൽ പാതയ്‌ക്കൊപ്പം, മയ്നാപൂരിനും ജയരാംബതിക്കും ഇടയിൽ ബരോഗോപിനാഥ്പൂരിൽ സ്റ്റോപ്പോടു കൂടിയ പുതിയ ട്രെയിൻ സർവീസും ഫ്ലാഗ് ഓഫ് ചെയ്യും. ഇത് ബങ്കുറ ജില്ലയിലെ നിവാസികൾക്ക് നേരിട്ടുള്ള റെയിൽ കണക്റ്റിവിറ്റി നൽകുകയും ദൈനംദിന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും തീർത്ഥാടകർക്കും യാത്ര കൂടുതൽ താങ്ങാനാവുന്നതും സൗകര്യപ്രദവുമാക്കുകയും ചെയ്യും.
താഴെ പറയുന്ന മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും:
കൊൽക്കത്ത (ഹൗറ) - ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്സ്പ്രസ്
കൊൽക്കത്ത (സീൽദ) - ബനാറസ് അമൃത് ഭാരത് എക്സ്പ്രസ്
കൊൽക്കത്ത (സന്ത്രാഗച്ചി) - താംബരം അമൃത് ഭാരത് എക്സ്പ്രസ്
***
SK
(रिलीज़ आईडी: 2215319)
आगंतुक पटल : 12