പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ സ്റ്റാർട്ടപ്പ് ദിനമായ ജനുവരി 16-ന് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഒരു പതിറ്റാണ്ട് ആഘോഷിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും
ഇന്ത്യയിലെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് മേഖലയിലെ അംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പ് പ്രതിനിധികൾ അവരുടെ സംരംഭകത്വ യാത്രയിൽ നിന്നുള്ള ഉൾക്കാഴ്ചകൾ പങ്കുവെക്കും
प्रविष्टि तिथि:
15 JAN 2026 8:50AM by PIB Thiruvananthpuram
ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് 2026 ജനുവരി 16-ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.
പരിപാടിയിൽ വെച്ച് ഇന്ത്യയിലെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് മേഖലയിലെ അംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പ് പ്രതിനിധികൾ തങ്ങളുടെ സംരംഭകത്വ യാത്രയിൽ നിന്നുള്ള അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവെക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ജോലി തേടുന്നവരുടെ രാജ്യമെന്നതിന് പകരം ഇന്ത്യയെ ജോലി നൽകുന്നവരുടെ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനും നിക്ഷേപാധിഷ്ഠിത വളർച്ച സാധ്യമാക്കുന്നതിനുമുള്ള ഒരു പരിവർത്തനാത്മക ദേശീയ പരിപാടിയെന്ന നിലയിൽ 2016 ജനുവരി 16-നായിരുന്നു പ്രധാനമന്ത്രി 'സ്റ്റാർട്ടപ്പ് ഇന്ത്യ'യ്ക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ഇന്ത്യയുടെ സാമ്പത്തിക-നവീന നിർമ്മിതിയുടെ ആണിക്കല്ലായി സ്റ്റാർട്ടപ്പ് ഇന്ത്യ മാറി. ഇത് വ്യവസ്ഥാപിത സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും മൂലധനത്തിലേക്കും മാർഗനിർദ്ദേശങ്ങളിലേക്കുമുള്ള പ്രവേശനം വിപുലമാക്കുകയും വിവിധ മേഖലകളിലും ഭൂപ്രദേശങ്ങളിലും സ്റ്റാർട്ടപ്പുകൾക്ക് വളരാനും വികസിക്കാനുമുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. ഈ കാലയളവിൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖല അഭൂതപൂർവമായ വികാസത്തിനാണ് സാക്ഷ്യം വഹിച്ചത്; രാജ്യത്തുടനീളം 2,00,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ അംഗീകരിക്കപ്പെട്ടു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നവീനാശയങ്ങളിലൂടെയുള്ള സാമ്പത്തിക വളർച്ചയിലും വിവിധ മേഖലകളിലെ ആഭ്യന്തര മൂല്യശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ഈ സംരംഭങ്ങൾ പ്രധാന ചാലകശക്തികളായി മാറിയിരിക്കുന്നു.
***
SK
(रिलीज़ आईडी: 2214779)
आगंतुक पटल : 8