കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2025: കോർപ്പറേറ്റ് കാര്യ മന്ത്രാലയം
# ചെറുകിട കമ്പനികളായി പരിഗണിക്കുന്നതിനുള്ള മൂലധനത്തിന്റെയും (Paid-up share capital) വിറ്റുവരവിന്റെയും (Turnover) പരിധി വർദ്ധിപ്പിച്ചു.
# 2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 248(2) പ്രകാരം, രജിസ്ട്രാർ C-PACE-ൽ അപേക്ഷ നൽകി ഗവൺമെൻറ് കമ്പനികൾ അടച്ചുപൂട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചുകൊണ്ട് 2025 ഡിസംബർ 31-ന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
# കമ്പനീസ് ആക്ട് പ്രകാരമുള്ള വാർഷിക KYC നടപടികൾക്ക് പകരം, മൂന്ന് വർഷത്തിലൊരിക്കൽ മാത്രം നൽകേണ്ട സംക്ഷിപ്ത KYC (Abridged KYC) രീതി നിലവിൽ വന്നു.
# കമ്പനികളുടെ ലയനവും ഏറ്റെടുക്കലുമായി (Merger and Acquisition) ബന്ധപ്പെട്ട ചട്ടക്കൂടുകളിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി.
# ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റി (IEPFA) സംയോജിത പോർട്ടലും പ്രത്യേക കോൾ സെന്ററും ആരംഭിച്ചു.
# MCA V3 പ്ലാറ്റ്‌ഫോമിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനും, അധിക ഫീസുകളിൽ ഇളവ് നൽകുന്നതിനും, അപേക്ഷാ കാലാവധി നീട്ടുന്നതിനും മന്ത്രാലയം സർക്കുലറുകൾ പുറപ്പെടുവിച്ചു. കൂടാതെ, വീഡിയോ കോൺഫറൻസിംഗ് (VC) വഴി വാർഷിക പൊതുയോഗങ്ങൾ (AGM/EGM,Annual General Meeting /Extraordinary General Meeting) നടത്താൻ സൗകര്യമൊരുക്കി.
# ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (IBC) പ്രകാരം 2025 സെപ്റ്റംബർ വരെ ആകെ 1300 കടബാധ്യത തീർപ്പാക്കൽ പ്ലാനുകൾക്ക് അംഗീകാരം നൽകി. കടം നൽകിയവർക്ക് (Creditors) ഇതിലൂടെ 3.99 ലക്ഷം കോടി രൂപ തിരിച്ചുപിടിക്കാനായി. ഇത് ലിക്വിഡേഷൻ മൂല്യത്തിന്റെ 170.09 ശതമാനവും ന്യായവിലയുടെ (Fair value) 93.79 ശതമാനവുമാണ്.
# 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ചണ്ഡീഗഡ്, നവി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ 03 പുതിയ റീജിയണൽ ഡയറക്ടറേറ്റുകളും (RDs); ഡൽഹി, മുംബൈ, കൊൽക്കത്ത, നോയിഡ, നാഗ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ 06 പുതിയ രജിസ്ട്രാർ ഓഫ് കമ്പനീസും (RoCs) സ്ഥാപിച്ചു.
പോസ്റ്റഡ് ഓണ്‍:
01 JAN 2026 2:13PM by PIB Thiruvananthpuram
2025-ൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം കൈക്കൊണ്ട പ്രധാന നടപടികളെയും കൈവരിച്ച നേട്ടങ്ങളെയും കുറിച്ചുള്ള വിവരണം താഴെ നൽകുന്നു:
ലയന-ഏറ്റെടുക്കൽ ചട്ടക്കൂടിലെ പരിഷ്കാരങ്ങൾ
2025–26 ലെ കേന്ദ്ര ബജറ്റിലെ 101-ാം ഖണ്ഡികയ്ക്ക് അനുസൃതമായി, 2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 233 പ്രകാരമുള്ള ഫാസ്റ്റ് ട്രാക്ക് ലയനങ്ങളുടെയും (Fast Track Mergers) വിഭജനങ്ങളുടെയും (Demergers) വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ഗവൺമെൻറ് നടപടി സ്വീകരിച്ചു. ഇതിനായി 2025 സെപ്റ്റംബർ 4-ന് കമ്പനീസ് (കോംപ്രമൈസ്, അറേഞ്ച്‌മെന്റ്‌സ് ആൻഡ് അമാൽഗമേഷൻസ്) റൂൾസ്, 2016-ൽ ഭേദഗതി വരുത്തി.
ഈ ഭേദഗതികൾ താഴെ പറയുന്ന അധിക വിഭാഗങ്ങളിൽപ്പെട്ട കമ്പനികൾക്ക് 'ഫാസ്റ്റ് ട്രാക്ക്' (വേഗത്തിലുള്ള) നടപടിക്രമങ്ങൾ പ്രയോജനപ്പെടുത്താൻ അനുമതി നൽകുന്നു:
*നിശ്ചിത പരിധിയിലുള്ള, ലിസ്റ്റ് ചെയ്യപ്പെടാത്ത (Unlisted) രണ്ടോ അതിലധികമോ കമ്പനികൾക്ക് (സെക്ഷൻ 8 കമ്പനികൾ ഒഴികെ).
*ഹോൾഡിംഗ് കമ്പനികൾക്കും അവയുടെ സബ്‌സിഡിയറി കമ്പനികൾക്കും; എന്നാൽ കൈമാറ്റം ചെയ്യുന്ന കമ്പനി (Transferor) ഒരു ലിസ്റ്റ് ചെയ്ത കമ്പനിയാവരുത്.
*ഒരേ ഹോൾഡിംഗ് കമ്പനിയുടെ കീഴിലുള്ള രണ്ടോ അതിലധികമോ സബ്‌സിഡിയറി കമ്പനികൾക്ക്; ഇവിടെയും കൈമാറ്റം ചെയ്യുന്ന കമ്പനി ഒരു ലിസ്റ്റ് ചെയ്ത കമ്പനിയാവരുത്.
ഈ മാറ്റങ്ങൾ കോർപ്പറേറ്റ് പുനഃസംഘടനയ്ക്കായി (Corporate Restructuring) വേണ്ടിവരുന്ന സമയവും ചിലവും ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്(ബിസിനസ് ചെയ്യുന്നതിലെ ലാഘവം) കീഴിലുള്ള നേട്ടങ്ങൾ
കമ്പനികളുടെ ചട്ടങ്ങൾ പാലിക്കൽ നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിനും, കോർപ്പറേറ്റ് ഗവേണൻസ് ശക്തിപ്പെടുത്തുന്നതിനും, ഇന്ത്യയിലെ ബിസിനസ്സ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) നയപരമായതും, നിയന്ത്രണപരവും, സ്ഥാപനപരവും, സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാന നേട്ടങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
1. നിയമങ്ങളുടെ വിജ്ഞാപനം
ചട്ടങ്ങൾ പാലിക്കുന്നതിലെ നടപടിക്രമങ്ങൾ യുക്തിസഹമാക്കുന്നതിനും സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി, 2013-ലെ കമ്പനീസ് ആക്ടിന് കീഴിലുള്ള ഒരുകൂട്ടം ഭേദഗതികൾ 2025-ൽ മന്ത്രാലയം പുനഃപരിശോധിക്കുകയും വിജ്ഞാപനം ചെയ്യുകയും ചെയ്തു.
2. പുറപ്പെടുവിച്ച സർക്കുലറുകൾ
MCA V3 പ്ലാറ്റ്‌ഫോമിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനും, അധിക ഫീസുകളിൽ ഇളവ് നൽകുന്നതിനും, അപേക്ഷാ കാലാവധി നീട്ടുന്നതിനും, വീഡിയോ കോൺഫറൻസിംഗ് (VC) അല്ലെങ്കിൽ മറ്റ് ഓഡിയോ വിഷ്വൽ മാർഗങ്ങളിലൂടെ (OAVM) വാർഷിക പൊതുയോഗങ്ങൾ (AGM/EGM) നടത്താൻ സൗകര്യമൊരുക്കുന്നതിനുമായി നിരവധി പൊതു സർക്കുലറുകൾ പുറപ്പെടുവിച്ചു. പരിവർത്തന ഘട്ടത്തിൽ കമ്പനികളുടെ മേലുള്ള ചട്ടങ്ങൾ പാലിക്കാനുള്ള ഭാരം കുറയ്ക്കാൻ ഈ നടപടികൾ സഹായിച്ചു.
3. ചെറുകിട കമ്പനികളുടെ പരിധി വർദ്ധിപ്പിച്ചു
01.12.2025-ലെ വിജ്ഞാപന നമ്പർ G.S.R. 880(E) പ്രകാരം, ചെറുകിട കമ്പനികളായി (Small Companies) പരിഗണിക്കുന്നതിനുള്ള മൂലധന പരിധി (Paid-up share capital) 10 കോടി രൂപയായും, വിറ്റുവരവ് (Turnover) പരിധി 100 കോടി രൂപയായും കോർപ്പറേറ്റ് കാര്യ മന്ത്രാലയം വർദ്ധിപ്പിച്ചു.
4. ഗവൺമെൻറ് കമ്പനികൾ നിർത്തലാക്കുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിച്ചു
2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 248(2) പ്രകാരം, രജിസ്ട്രാർ C-PACE-ൽ അപേക്ഷ നൽകി ഗവൺമെൻറ് കമ്പനികൾ അടച്ചുപൂട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചുകൊണ്ട് 2025 ഡിസംബർ 31-ന് കമ്പനീസ് (റിമൂവൽ ഓഫ് നെയിംസ് ഓഫ് കമ്പനീസ് ഫ്രം ദി രജിസ്റ്റർ ഓഫ് കമ്പനീസ്) റൂൾസ്, 2016-ൽ ഭേദഗതി വരുത്തി.
ഈ ഭേദഗതി പ്രകാരം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമിക്കുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്ത ഒന്നോ അതിലധികമോ ഡയറക്ടർമാർക്ക് പകരമായി, അതത് മന്ത്രാലയങ്ങളിലെയോ വകുപ്പുകളിലെയോ ഒരു അംഗീകൃത ഉദ്യോഗസ്ഥൻ (അണ്ടർ സെക്രട്ടറി റാങ്കിൽ കുറയാത്തയാൾ) കമ്പനിക്ക് വേണ്ടി നഷ്ടപരിഹാര ബോണ്ട് (Indemnity bond) നൽകിയാൽ മതിയാകും. 2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 248(2) പ്രകാരം പേര് നീക്കം ചെയ്യാൻ യോഗ്യതയുള്ള ഗവൺമെൻറ് കമ്പനികളെ വേഗത്തിൽ അടച്ചുപൂട്ടാൻ ഈ ഭേദഗതി ലക്ഷ്യമിടുന്നു.
5. ഡയറക്ടർമാരുടെ KYC നടപടികളിൽ ഇളവ്
2014-ലെ കമ്പനീസ് (അപ്പോയിന്റ്മെന്റ് ആൻഡ് ക്വാളിഫിക്കേഷൻ ഓഫ് ഡയറക്ടേഴ്സ്) റൂൾസ് 12A പ്രകാരം കമ്പനി ഡയറക്ടർമാർക്കുണ്ടായിരുന്ന വാർഷിക KYC (Know Your Customer) നിബന്ധനയിൽ മാറ്റം വരുത്തി. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ പരിശോധനകൾക്കും, നോൺ-ഫിനാൻഷ്യൽ റെഗുലേറ്ററി റിഫോംസ് ഹൈലെവൽ കമ്മിറ്റിയുടെ (HLC-NFRR) ശുപാർശകൾക്കും, വിവിധ പങ്കാളികളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും കൂടിയാലോചിച്ചാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഇതിനാവശ്യമായ ഭേദഗതികൾ വരുത്തിയത്.2025 ഡിസംബർ 31-ന് വിജ്ഞാപനം ചെയ്ത ഈ ഭേദഗതി പ്രകാരം (ഇത് 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരും), എല്ലാ വർഷവും സമർപ്പിക്കേണ്ടിയിരുന്ന KYC നടപടികൾക്ക് പകരം മൂന്ന് വർഷത്തിലൊരിക്കൽ മാത്രം സമർപ്പിക്കേണ്ട ലളിതമായ KYC വിവരം (KYC Intimation) മതിയാകും. എല്ലാ കമ്പനികളിലുമുള്ള ഡയറക്ടർമാർക്ക് ചട്ടങ്ങൾ പാലിക്കുന്നത് കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യം.
ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയുടെ (IEPFA) നേട്ടങ്ങൾ
ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും നിക്ഷേപകർക്ക് മികച്ച പിന്തുണ നൽകുന്നതിനുമായി 2025 ഓഗസ്റ്റിൽ IEPFA ഒരു സംയോജിത പോർട്ടലും (Integrated Portal) പ്രത്യേക കോൾ സെന്ററും ആരംഭിച്ചു.
@ ഈ പോർട്ടൽ MCA-21, NSDL/CDSL, PFMS എന്നിവയെ ഒരൊറ്റ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോയിലേക്ക് ബന്ധിപ്പിക്കുന്നു. ഇതിലൂടെ ഓഹരികളുടെയും ലാഭവിഹിതത്തിന്റെയും (Dividends) കൈമാറ്റത്തിന് അംഗീകാരം ലഭിച്ചതിന് ശേഷമെടുക്കുന്ന സമയം മാസങ്ങളിൽ നിന്ന് 1-2 ദിവസമായി കുറഞ്ഞു.
@ പോർട്ടൽ ആരംഭിച്ചതിന് ശേഷം 24,026-ലധികം ക്ലെയിമുകൾക്ക് അംഗീകാരം നൽകി. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിലെ ആകെ അംഗീകാരങ്ങളുടെ എണ്ണം 27,231 ആയി.
@ 2025 ഒക്ടോബർ 6 മുതൽ പുതുക്കിയ IEPF-5 ഫോമും ഇലക്ട്രോണിക് വെരിഫിക്കേഷൻ റിപ്പോർട്ടും (EVR) അവതരിപ്പിച്ചു. ഇത് ബാങ്ക് വിവരങ്ങൾ സ്വയം ശേഖരിക്കാനും (Auto-fetching) ഓഹരി വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കാനും (Pre-validation) സഹായിക്കുന്നു.
@ നിക്ഷേപകരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനുമായി ഒരു പ്രത്യേക കോൾ സെന്റർ ഇപ്പോൾ പ്രവർത്തിക്കുന്നു.
ഈ പരിഷ്കാരങ്ങൾ ക്ലെയിം തീർപ്പാക്കൽ പ്രക്രിയയെ പൂർണ്ണമായും ഡിജിറ്റലും സുതാര്യവും നിക്ഷേപകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാക്കി മാറ്റിയിരിക്കുന്നു.
ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (IBC), 2016-ന് കീഴിലുള്ള നേട്ടങ്ങളും പരിഷ്കാരങ്ങളും
നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം കുറയ്ക്കുന്നതിനും, ആസ്തികളുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനും, ഭരണനിർവ്വഹണം ശക്തമാക്കുന്നതിനുമായി ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (ഭേദഗതി) ബിൽ, 2025 ഓഗസ്റ്റ് 12-ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. കടം നൽകിയവർ മുൻകൈയെടുക്കുന്ന ഇൻസോൾവൻസി നടപടികൾ (Creditor-initiated insolvency), ഗ്രൂപ്പ് ഇൻസോൾവൻസി, അതിർത്തി കടന്നുള്ള (Cross-border) ഇൻസോൾവൻസി എന്നിവയ്ക്കായുള്ള ചട്ടക്കൂടുകളും ഈ ബിൽ നിർദ്ദേശിക്കുന്നു. നിലവിൽ ഇത് ലോക്‌സഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിശോധനയിലാണ്.
2025 സെപ്റ്റംബർ വരെ ഈ നിയമത്തിന് കീഴിൽ ആകെ 1300 കടബാധ്യത തീർപ്പാക്കൽ (Resolution) പ്ലാനുകൾ അംഗീകരിച്ചു. ഇതിലൂടെ കടം നൽകിയവർക്ക് (Creditors) 3.99 ലക്ഷം കോടി രൂപ തിരിച്ചുപിടിക്കാനായി. ഇത് ലിക്വിഡേഷൻ മൂല്യത്തിന്റെ (Liquidation Value) 170.09 ശതമാനവും, ന്യായവിലയുടെ 93.79 ശതമാനവുമാണ് (ന്യായവില കണക്കാക്കിയ 1177 കേസുകളെ അടിസ്ഥാനമാക്കി). ആസ്തികളുടെ ന്യായവിലയുമായി താരതമ്യം ചെയ്യുമ്പോൾ കടം നൽകിയവർക്ക് നേരിടേണ്ടി വന്ന നഷ്ടം (Haircut) ഏകദേശം 6% മാത്രമാണ്. എന്നാൽ അവർ അംഗീകരിച്ച ആകെ ക്ലെയിമുകളുമായി (Admitted Claims) താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 67% ആണ്.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു വലിയ പരിഷ്കാരം എന്ന നിലയിൽ, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (IBC) സംവിധാനത്തിനായി ഒരു സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസോൾവൻസി ചട്ടക്കൂടിന്റെ പ്രധാന തൂണുകളായ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT), ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി ബോർഡ് ഓഫ് ഇന്ത്യ (IBBI), ഇൻഫർമേഷൻ യൂട്ടിലിറ്റികൾ (IUs), ഇൻസോൾവൻസി പ്രൊഫഷണലുകൾ (IPs) തുടങ്ങിയ എല്ലാ പ്രധാന പങ്കാളികളെയും സ്ഥാപനങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.ഈ സംയോജിത സാങ്കേതിക പ്ലാറ്റ്‌ഫോം വഴി ഏകോപനം, സുതാര്യത, വിവരങ്ങളുടെ ലഭ്യത, നടപടിക്രമങ്ങളിലെ കാര്യക്ഷമത എന്നിവ ഗണ്യമായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാനും (Ease of Doing Business) കടം നൽകുന്നവരുടെ വിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും.
ഇക്കാര്യത്തിൽ, iPIE (integrated Platform for IBC Ecosystem) പദ്ധതിക്കായുള്ള പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിനെ (PMU) 2025 ഡിസംബർ 16-ന് നിയോഗിച്ചു. കൂടാതെ, സിസ്റ്റം ഇന്റഗ്രേറ്ററെ (System Integrator) തിരഞ്ഞെടുക്കുന്നതിനുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) പുറപ്പെടുവിക്കുകയും, അതിന് മറുപടിയായി ലഭിച്ച സാങ്കേതിക ബിഡുകളുടെ (Technical bids) മൂല്യനിർണ്ണയം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയുമാണ്.
ഇൻസോൾവൻസി സംവിധാനത്തിന്റെ ഡിജിറ്റൽ സംയോജനം ഉൾപ്പെടെയുള്ള ഈ പരിഷ്കാരങ്ങൾ ബിസിനസുകൾക്ക് വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കുമെന്നും, ഇടപാട് ചിലവുകൾ കുറയ്ക്കുമെന്നും, വേഗത്തിലുള്ളതും മുൻകൂട്ടി നിശ്ചയിക്കാവുന്നതുമായ ഫലങ്ങൾ ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സൗഹൃദ രാജ്യങ്ങളിലൊന്നായി മാറ്റാനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയാണ് ഈ നടപടികളിലൂടെ വീണ്ടും വ്യക്തമാകുന്നത്.
മത്സര നിയമത്തിന് കീഴിലുള്ള നേട്ടങ്ങൾ
*ആന്റിട്രസ്റ്റ് എൻഫോഴ്‌സ്‌മെന്റ് (Antitrust Enforcement): കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) 35 പുതിയ ആന്റിട്രസ്റ്റ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 19 കേസുകളിൽ തീർപ്പുകൽപ്പിക്കുകയും ചെയ്തു.
*ലയനങ്ങളും ഏറ്റെടുക്കലുകളും (Mergers and Acquisitions): ഈ കാലയളവിൽ 76 കോമ്പിനേഷൻ നോട്ടീസുകൾ ഫയൽ ചെയ്യുകയും 78 നോട്ടീസുകൾ തീർപ്പാക്കുകയും ചെയ്തു.
*ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള മാർക്കറ്റ് സ്റ്റഡി: 2025 ഒക്ടോബർ 6-ന് 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും മത്സരവും' എന്ന വിഷയത്തിൽ CCI ഒരു പഠന റിപ്പോർട്ട് പുറത്തിറക്കി. AI വിപണിയുടെ ഘടന, പ്രവണതകൾ, മത്സരരംഗത്തെ ആശങ്കകൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഇത് നൽകുന്നു.
*അഡ്വക്കസിയും ശേഷി വികസനവും: മത്സര നിയമത്തെക്കുറിച്ചും പൊതു സംഭരണത്തെക്കുറിച്ചും സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ വഴി 108 ബോധവൽക്കരണ പരിപാടികൾ (Outreach programmes) നടത്തി.
പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ (PMIS) നേട്ടങ്ങൾ
അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടിയിലധികം പേർക്ക് ഇന്റേൺഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2024-25 ബജറ്റിലാണ് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
പൈലറ്റ് ഘട്ടം(പ്രാരംഭ ഘട്ടം): 2024 ഒക്ടോബറിൽ പദ്ധതിയുടെ പൈലറ്റ് ഘട്ടം ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി 7.3 ലക്ഷം ഉദ്യോഗാർത്ഥികൾ പ്രൊഫൈലുകൾ സൃഷ്ടിച്ചത് ഇന്ത്യയിലെ യുവാക്കളുടെ ഭാഗത്തുനിന്നുണ്ടായ വലിയ പ്രതികരണത്തെ സൂചിപ്പിക്കുന്നു. ആകെ 1.65 ലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാക്കുകയും, ഏകദേശം 16,000 യുവാക്കൾ ഇന്റേൺഷിപ്പുകളിൽ ചേരുകയും ചെയ്തു.
സാമ്പത്തിക ആനുകൂല്യങ്ങൾ: ഡി.ബി.ടി (DBT) മാതൃകയിലൂടെ ഇന്റേണുകൾക്ക് പ്രതിമാസം ₹5,000 സ്റ്റൈപ്പന്റ് ലഭിക്കുന്നു. കൂടാതെ, ഇന്റേൺഷിപ്പിൽ ചേരുന്ന സമയത്ത് അനുബന്ധ ചിലവുകൾക്കായി ഒറ്റത്തവണ സഹായമായി ₹6,000 ഗ്രാന്റും നൽകുന്നു.
സാമൂഹിക സുരക്ഷ: പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയ്ക്ക് കീഴിൽ ഇന്റേണുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതി ഉറപ്പാക്കുന്നു.
സമഗ്രമായ പങ്കാളിത്തം: എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുള്ള ഈ പദ്ധതിയിലൂടെ ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, മാനുഫാക്ചറിംഗ്, എഫ്.എം.സി.ജി (FMCG) തുടങ്ങി 25 മേഖലകളിലായി 12 മാസത്തെ തൊഴിലധിഷ്ഠിത ഇന്റേൺഷിപ്പാണ് നൽകുന്നത്.
സ്ഥാപനപരമായ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നു
നിയന്ത്രണ പരിധി വർദ്ധിപ്പിക്കുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുമായി, 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ചണ്ഡീഗഡ്, നവി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ 03 പുതിയ റീജിയണൽ ഡയറക്ടറേറ്റുകളും (ആർഡി) ഡൽഹി, മുംബൈ, കൊൽക്കത്ത, നോയിഡ, നാഗ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ 06 പുതിയ രജിസ്ട്രാർ ഓഫ് കമ്പനീസും (ആർഒസി) മന്ത്രാലയം ആരംഭിക്കും. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ എണ്ണത്തിലെ ദ്രുതഗതിയിലുള്ള വളർച്ചയും ഭാവിയിലെ നിയന്ത്രണ ആവശ്യകതകളും കണക്കിലെടുത്താണ് ഈ ഓഫീസുകൾ സ്ഥാപിച്ചിരിക്കുന്നത്.
***
SK
( റിലീസ് ഐ.ഡി: 2214503)
സന്ദര്‍ശക കൗണ്ടര്‍ : 18