യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ISRO ബഹിരാകാശ സഞ്ചാരികളുമായി നടത്തിയ പ്രചോദനാത്മക സംവാദത്തോടെ വികസിത് ഭാരത് യുവനേതൃസംവാദത്തിൻ്റെ മൂന്നാം ദിവസത്തിന് തുടക്കം

प्रविष्टि तिथि: 11 JAN 2026 7:04PM by PIB Thiruvananthpuram

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിൻ്റെ   ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യുവ നേതൃസംവാദം 2026-ൻ്റെ മൂന്നാം ദിനത്തിന് ഭാരത് മണ്ഡപത്തിൽ അത്യാവേശപൂര്‍വം തുടക്കമായി.  കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ പ്രചോദനാത്മക അഭിസംബോധനയ്ക്കും ISRO ബഹിരാകാശ സഞ്ചാരികളുമായി നടത്തിയ ആകർഷകമായ സംവാദപരിപാടിയ്ക്കും രാജ്യത്തിൻ്റെ  സമ്പന്ന വൈവിധ്യം പ്രദര്‍ശിപ്പിച്ച സാംസ്‌കാരിക വിരുന്നിനുമടക്കം  വ്യത്യസ്ത പരിപാടികൾക്കാണ് പരിപാടിയുടെ മൂന്നാംദിനം സാക്ഷ്യം വഹിച്ചത്.

രാജ്യത്തുടനീളം ഏകദേശം 50 ലക്ഷം യുവജനങ്ങളില്‍ നിന്ന് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവപങ്കാളികളെ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവർണർമാരുമാണ് അവരെ അയച്ചതെന്നും  സംസ്ഥാനങ്ങളും രാജ്യവും അവരിലര്‍പ്പിക്കുന്ന ആത്മവിശ്വാസത്തിൻ്റെ  പ്രതിഫലനമാണിതെന്നും  അദ്ദേഹം പറഞ്ഞു.  വികസിത് ഭാരത് യുവ നേതൃസംവാദത്തിലൂടെ യുവജനങ്ങള്‍ കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുവെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍  ഉടൻ തന്നെ അവര്‍ ആശയങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഈ പരിപാടിയോടെ സംവാദം അവസാനിക്കുന്നില്ലെന്നും വികസിത ഭാരതമെന്ന കാഴ്ചപ്പാടിനെ യാഥാർത്ഥ്യമാക്കാന്‍ നടത്തുന്ന യാത്രയുടെ തുടക്കമാണിതെന്നും  അദ്ദേഹം പറഞ്ഞു.  

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ ശേഷവും ‘മൈ ഭാരത്’ പ്ലാറ്റ്‌ഫോമില്‍ സജീവമായി തുടരാനും ജില്ലാ യുവജന ഓഫീസർമാരുമായി ബന്ധം നിലനിർത്താനും കേന്ദ്രമന്ത്രി യുവനേതാക്കളോട് അഭ്യർത്ഥിച്ചു. ‘വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത’ ഉള്‍പ്പെടെ പ്രധാന ദേശീയ സംരംഭങ്ങൾക്ക് നേതൃത്വം നൽകാൻ യുവനേതാക്കളോട് ആഹ്വാനം ചെയ്ത അദ്ദേഹം ലഹരിവസ്തുക്കളുടെ ദുരുപയോഗം  ഗുരുതര വെല്ലുവിളിയാണെന്നും യുവ-കണക്ട് പോലുള്ള പരിപാടികളിലൂടെ സർവകലാശാലകളിലും സ്കൂളുകളിലും നിരന്തര സമ്പർക്കം അനിവാര്യമാണെന്നും വ്യക്തമാക്കി.  യുവജന പങ്കാളിത്തം ഉറപ്പാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വികസിത് ഭാരത് ആശയവുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ നടത്താനും  ഒരു കോടി യുവജനങ്ങളെ മൈ ഭാരത് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാനും വേണ്ടി പ്രവർത്തിക്കാന്‍ അദ്ദേഹം പങ്കാളികളെ പ്രോത്സാഹിപ്പിച്ചു. യുവാക്കളിലെ ആത്മവിശ്വാസം ആവര്‍ത്തിച്ച് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ആശയങ്ങളും കഴിവുകളും പ്രദർശിപ്പിക്കാൻ പരിപാടി യുവനേതാക്കളെ ശാക്തീകരിക്കുന്നതായി പ്രസ്താവിച്ചു,  അച്ചടക്കവും പ്രതിബദ്ധതയുമാണ് വിജയത്തിൻ്റെ അടിത്തറയെന്ന് വിശദീകരിച്ച അദ്ദേഹം കൂട്ടായ പരിശ്രമങ്ങൾ 2047-ലെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്ന്  ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വന്ദേമാതരത്തിൻ്റെ  150 വർഷങ്ങള്‍ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട്  യുവപ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ച കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഇതുസംബന്ധിച്ച് നടന്ന ചർച്ചകളെക്കുറിച്ച് കൂടുതലറിയാന്‍ അവരോട് അഭ്യർത്ഥിച്ചു.  കൂടുതൽ അവബോധത്തോടെ  സംവാദത്തിൽ പങ്കെടുക്കാൻ ഇത്  അവരെ സഹായിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ISRO ബഹിരാകാശ സഞ്ചാരികളും മൈ ഭാരത് സന്നദ്ധപ്രവര്‍ത്തകരും തമ്മിലെ സംഭാഷണത്തോടെയാണ് മൂന്നാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായത്.  നിയുക്ത ബഹിരാകാശ സഞ്ചാരികളായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരും രാജ്യത്തെ യുവ നേതാക്കളുമായി പ്രചോദനാത്മകമായി സംവദിച്ചു.  ഇന്ത്യയുടെ അഭിമാന മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയിലെ പ്രഗത്ഭരായ പൈലറ്റുമാരാണ് ഇരുവരും.  രാജ്യത്തെ മുന്‍നിര ബഹിരാകാശ വിദഗ്ധരുമായി നേരിട്ട് ഇടപഴകാനും അവരുടെ യാത്രകളിൽ നിന്നും വൈദഗ്ധ്യത്തില്‍നിന്നും രാജ്യത്തി ഭാവി കാഴ്ചപ്പാടിൽ നിന്നും പ്രചോദനമുൾക്കൊള്ളാനും അപൂർവ അവസരമാണ് ഇതിലൂടെ പങ്കാളികൾക്ക് ലഭിച്ചത്.

 

ഏറെ പ്രചോദനകരമായ  സംവാദത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല തൻ്റെ ബഹിരാകാശ യാത്രാനുഭവങ്ങൾ പങ്കുവെച്ചു.  ദിശ സംബന്ധിച്ച പരമ്പരാഗത ധാരണകൾ ഇല്ലാതാകുന്ന മൈക്രോ ഗ്രാവിറ്റിയുടെ അതീന്ദ്രിയ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഭ്രമണപഥത്തിൽ നിന്ന് പകര്‍ത്തിയ ഇന്ത്യയുടെ അപൂര്‍വ ചിത്രങ്ങൾ പ്രദർശിപ്പിച്ച അദ്ദേഹം സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നതിൻ്റെ  ജീവിക്കുന്ന തെളിവാണ് തൻ്റെ  യാത്രയെന്ന്  വിശദീകരിച്ചു.  അതിജീവനശേഷിയാണ് വിജയത്തിൻ്റെ  താക്കോലെന്ന് എടുത്തുപറഞ്ഞ അദ്ദേഹം പരാജയങ്ങളെ അതിജീവിക്കുന്നതിലും കൂടുതൽ കരുത്തോടെ തിരിച്ചുവരുന്നതിലും മുന്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഒതുങ്ങാതിരിക്കുന്നതിലുമാണ്   യഥാർത്ഥ വിജയമന്ത്രമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ യുവജനങ്ങളെ  ഭയരഹിതരും കരുത്തുറ്റവരുമായി വിശേഷിപ്പിച്ച അദ്ദേഹം നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാൻ യുവനേതാക്കളോട് ആഹ്വാനം ചെയ്തു.  

അതിരുകളില്ലാത്ത അഭിലാഷത്തിന് പ്രത്യേകം ഊന്നൽ നൽകിയ അദ്ദേഹം പറഞ്ഞു:  'ആകാശം ഒരിക്കലും ഒരു പരിധിയായിരുന്നില്ല, എനിക്കും നിങ്ങൾക്കും രാജ്യത്തിനും'. ധീരമായി സ്വപ്നം കാണാനും രാഷ്ട്രഭാവിയ്ക്ക് സംഭാവനകൾ നൽകി മികവ് പുലർത്താനും അദ്ദേഹം യുവതയ്ക്ക് പ്രോത്സാഹനമേകി.   


മൈ ഭാരത് സന്നദ്ധപ്രവര്‍‍ത്തകരിലൊരാള്‍  നിയന്ത്രിച്ച സംവാദ സെഷനിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ ഇന്ത്യയുടെ ബഹിരാകാശ യാത്രയുടെ വർധിച്ചുവരുന്ന ആഗോള പ്രാധാന്യം എടുത്തുപറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തിൽ ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളുടെ  പ്രതിനിധി ശബ്ദമായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും അചഞ്ചല പിന്തുണയും ഭഗവദ്ഗീത നല്‍കിയ പ്രചോദനവുമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് ആവേശം പകരുന്നതെന്ന്   അദ്ദേഹം പറഞ്ഞു.  ആഗോള അനുഭവങ്ങള്‍ പരാമര്‍ശിച്ച അദ്ദേഹം  ഇന്ത്യയുടെ കരുത്ത് അതിൻ്റെ  സവിശേഷ മൂല്യങ്ങളിലും സഹജമായ കഴിവുകളിലുമാണെന്ന്  അഭിപ്രായപ്പെട്ടു.  ആജീവനാന്തം പഠിതാക്കളായിരിക്കാന്‍  യുവതയെ പ്രോത്സാഹിപ്പിച്ച അദ്ദേഹം അവരോട്  വിദ്യാർത്ഥികളായി തുടരാനും  ആവശ്യപ്പെട്ടു.  

യുവജനങ്ങളുടെ സർഗാത്മകവും കലാപരവുമായ പ്രകടനങ്ങൾ ആഘോഷിക്കുന്ന സജീവ സാംസ്‌കാരിക വിഭാഗമായ 'കളേഴ്സ് ഓഫ് വികസിത് ഭാരത്'  പരിപാടിയും മൂന്നാംദിനം  അരങ്ങേറി. മികച്ച സംഗീത നൃത്ത കാവ്യ പ്രകടനങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു.  മികച്ച പ്രകടനങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായി  കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും കേന്ദ്ര സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖാഡ്സെയും വിജയികളെ ആദരിച്ചത് മികവിൻ്റെയും യുവാക്കൾ നയിക്കുന്ന രാഷ്ട്ര നിർമാണത്തിൻ്റെയും ചൈതന്യത്തിന് കരുത്തേകി.  

യുവപ്രതിനിധികള്‍ സംസ്ഥാന ടീമുകളായി ഒരുമിച്ചുചേര്‍ന്ന് അത്താഴ വിരുന്നുകൾക്ക് കേന്ദ്രമന്ത്രിമാരുടെയും പാർലമെൻ്റ്   അംഗങ്ങളുടെയും വസതികൾ സന്ദർശിച്ചു.  അർത്ഥപൂര്‍ണമായ സംഭാഷണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും  ഇത് അവസരമൊരുക്കി. പങ്കിട്ട ചിന്തകളും രാഷ്ട്രസേവനത്തോട് അർപ്പണബോധവും നിറഞ്ഞ  അന്തരീക്ഷത്തിലാണ്  കൂടിക്കാഴ്ചകൾ നടന്നത്

സ്വാമി വിവേകാനന്ദൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ദേശീയ യുവജന ദിനത്തിൽ വികസിത് ഭാരത് യുവ നേതൃസംവാദം 2026-ൻ്റെ  അവസാന ദിനം നാലുദിവസത്തെ യുവജന വിരുന്നിൻ്റെ  പരിസമാപ്തിയായി മാറും.  ഈ യുവവേദിയുടെ ദേശീയ പ്രാധാന്യവും യുവാക്കൾ നയിക്കുന്ന രാഷ്ട്ര നിർമാണത്തോട് സർക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചടങ്ങിൽ പങ്കുചേരും.  ടൗൺഹാൾ ശൈലിയില്‍ സംഘടിപ്പിക്കുന്ന സംവാദം ഉൾപ്പെടെ ഗ്രാൻഡ് പ്ലീനറി സെഷൻ പ്രധാനമന്ത്രിയുമായി  നേരിട്ട് ഇടപഴകാന്‍ യുവ നേതാക്കള്‍ക്ക് അവസരമൊരുക്കും.   ദേശീയ മുൻഗണനാ വിഷയങ്ങളുമായി ബന്ധപ്പെട്ട സ്വാധീനമേറിയ  പത്ത് ആശയങ്ങൾ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിക്കും.  രാജ്യത്തിൻ്റെ  ഭാവി രൂപപ്പെടുത്തുന്നതിൽ യുവ നേതാക്കളുടെ കേന്ദ്രപങ്ക് ആവര്‍ത്തിച്ചുറപ്പിക്കുന്ന സമാപന പരിപാടി  2047-ലെ വികസിത് ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നടത്തുന്ന പ്രയാണത്തിലേക്ക് സജീവമായി സംഭാവന നൽകാൻ യുവാക്കള്‍ക്ക് പ്രചോദനം പകരുമെന്നാണ്  പ്രതീക്ഷിക്കുന്നത്.  

***


(रिलीज़ आईडी: 2213506) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Tamil , Kannada