പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു


ആയിരം വർഷത്തിനുശേഷവും, സോമനാഥ് ക്ഷേത്രത്തിനു മുകളിൽ പതാക ഉയർന്നു പറക്കുന്നു; അത് ഇന്ത്യയുടെ കരുത്തിനെയും ചൈതന്യത്തെയും ലോകത്തെ ഓ​ർമിപ്പിക്കുന്നു: പ്രധാനമന്ത്രി

‘സോമനാഥ് സ്വാഭിമാൻ പർവ്’ ആയിരം വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്നു; ഇത് ഇന്ത്യയുടെ നിലനിൽപ്പിന്റെയും ആത്മാഭിമാനത്തിന്റെയും ആഘോഷമായി നിലകൊള്ളുന്നു: പ്രധാനമന്ത്രി

സോമനാഥിന്റെ ചരിത്രം നാശത്തിന്റെയോ പരാജയത്തിന്റെയോ അല്ല; വിജയത്തിന്റെയും നവീകരണത്തിന്റെയും ഗാഥയാണ്: പ്രധാനമന്ത്രി

സോമനാഥിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വന്നവർ ഇന്നു ചരിത്രത്തിന്റെ ഏതാനും താളുകളിൽ ഒതുങ്ങി; അതേസമയം, സോമനാഥക്ഷേത്രം ഇപ്പോഴും വിശാലമായ സമുദ്രതീരത്ത് ഉയർന്നുനിൽക്കുന്നു; അതിന്റെ വിശ്വാസത്തിന്റെ പതാക ഉയർന്നുപറക്കുന്നു: പ്രധാനമന്ത്രി

സൃഷ്ടിക്കു സമയമെടുക്കുമെങ്കിലും അതു മാത്രമേ ശാശ്വതമായി നിലനിൽക്കൂ എന്നു സോമനാഥ് കാട്ടിത്തരുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 11 JAN 2026 1:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു. ഈ സമയം അസാധാരണമാണെന്നും ഈ അന്തരീക്ഷവും ഈ ആഘോഷവും അതുല്യമാണെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരുവശത്തു ഭഗവാൻ മഹാദേവനും മറുവശത്തു സൂര്യരശ്മികൾക്കും മന്ത്രോച്ചാരണങ്ങൾക്കും ഭക്തിയുടെ പ്രവാഹത്തിനുമൊപ്പം സമുദ്രത്തിലെ വിശാലമായ തിരമാലകളും നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിവ്യമായ അന്തരീക്ഷത്തിൽ, ഭഗവാൻ സോമനാഥന്റെ എല്ലാ ഭക്തരുടെയും സാന്നിധ്യം ഈ അവസരത്തെ ദിവ്യവും ഗംഭീരവുമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ, ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ സജീവമായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചതു വലിയ ഭാഗ്യമായി കരുതുന്നുവെന്നു ശ്രീ മോദി പറഞ്ഞു. 72 മണിക്കൂർ തുടർച്ചയായി ഓംകാര ജപവും 72 മണിക്കൂർ തുടർച്ചയായി മന്ത്രങ്ങൾ ചൊല്ലിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ വൈകുന്നേരം ആയിരം ഡ്രോണുകളും വേദപാഠശാലകളിലെ ആയിരം വിദ്യാർഥ‌ികളും സോമനാഥിന്റെ ആയിരം വർഷത്തെ ചരിത്രം അവതരിപ്പിച്ചു. ഇന്ന് 108 കുതിരകൾ അണിനിരന്ന ‘ശൗര്യയാത്ര’ ക്ഷേത്രത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രങ്ങളുടെയും ഭജനകളുടെയും ആകർഷകമായ അവതരണം വാക്കുകൾക്കതീതമാണെന്നും കാലത്തിനുമാത്രമേ ഈ അനുഭവം പകർത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷവും അഭിമാനവും ബഹുമാനവും അന്തസ്, അറിവ്, മഹത്വം, പൈതൃകം, ആത്മീയത, സാക്ഷാത്കാരം, അനുഭവം, സന്തോഷം, അടുപ്പം എന്നിവയുടെ പ്രതീകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തിനുമുപരിയായി, മഹാദേവന്റെ അനുഗ്രഹവും ഇതിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നിവിടെ സംസാരിക്കുമ്പോൾ, ജനങ്ങൾ ഇപ്പോൾ ഇരിക്കുന്ന ഇതേ സ്ഥലത്തെ ആയിരം വർഷം മുമ്പുള്ള അന്തരീക്ഷം എങ്ങനെയുള്ളതായിരിക്കും എന്ന ചിന്തയാണു തന്റെ മനസ്സിൽ ആവർത്തിച്ചുവരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ സന്നിഹിതരായിട്ടുള്ളവരുടെ പൂർവികർ വിശ്വാസത്തിനും ഭക്തിക്കും ഭഗവാൻ മഹാദേവനുംവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി തങ്ങൾക്കുള്ളതെല്ലാം സമർപ്പിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരം വർഷംമുമ്പു വിജയം കൊയ്യാനായി എന്ന് അധിനിവേശം നടത്തിയവർ വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന്, സഹസ്രാബ്ദത്തിനുശേഷവും, സോമനാഥ് മഹാദേവന്റെ ക്ഷേത്രത്തിനു മുകളിലുള്ള പതാക ഹിന്ദുസ്ഥാന്റെ ശക്തിയും പ്രാപ്തിയും പ്രപഞ്ചത്തോടു വിളിച്ചോതുന്നു. പ്രഭാസ് പാടണിലെ ഓരോ മണൽത്തരിയും വീര്യത്തിന്റെയും ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും സാക്ഷ്യപത്രമാണെന്നു ശ്രീ മോദി പറഞ്ഞു. സോമനാഥിന്റെ സത്ത സംരക്ഷിക്കുന്നതിനായി അസംഖ്യം ശിവഭക്തർ സ്വജീവൻ ബലിയർപ്പിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. ‘സോമനാഥ് സ്വാഭിമാൻ പർവി’ന്റെ ഈ വേളയിൽ, സോമനാഥിന്റെ സംരക്ഷണത്തിനും പുനർനിർമാണത്തിനും വേണ്ടി ജീവിതം സമർപ്പിച്ച, മഹാദേവന് എല്ലാം സമർപ്പിച്ച, ഓരോ ധീരപുരുഷന്റെയും സ്ത്രീയുടെയും മുന്നിൽ താൻ ആദ്യം നമസ്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

​പ്രഭാസ് പാടൺ ഭഗവാൻ ശിവന്റെ വാസസ്ഥലം മാത്രമല്ല, ഭഗവാൻ ശ്രീകൃഷ്ണനാൽ പവിത്രമാക്കപ്പെട്ട ഇടം കൂടിയാണെന്നു ശ്രീ മോദി പറഞ്ഞു. മഹാഭാരത കാലഘട്ടത്തിൽ പാണ്ഡവരും ഈ പുണ്യഭൂമിയിൽ തപസ്സു ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ അസംഖ്യം വൈവിധ്യങ്ങൾക്ക് ആദരമർപ്പിക്കാനുള്ള അവസരമാണ് ഈ ചടങ്ങെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോമനാഥിന്റെ സ്വാഭിമാനയാത്ര ആയിരം വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽത്തന്നെ, 1951-ലെ ക്ഷേത്രപുനർനിർമാണത്തിന്റെ 75-ാം വാർഷികവും വന്നെത്തി എന്നതു വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘സോമനാഥ് സ്വാഭിമാൻ പർവി’ന്റെ ഈ സന്ദർഭത്തിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ഭക്തർക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു.

ആയിരം വർഷംമുമ്പു നടന്ന തകർച്ചയുടെ ഓർമപ്പെടുത്തൽ മാത്രമല്ല ഈ ഉത്സവമെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇത് ആയിരം വർഷത്തെ യാത്രയുടെയും ഇന്ത്യയുടെ നിലനിൽപ്പിന്റെയും അഭിമാനത്തിന്റെയും ആഘോഷമാണെന്നു ചൂണ്ടിക്കാട്ടി. സോമനാഥിനും ഇന്ത്യക്കുമിടയിൽ ഓരോ ചുവടുവയ്പ്പിലും നാഴികക്കല്ലിലും അതുല്യമായ സമാനതകൾ കാണാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സോമനാഥിനെ നശിപ്പിക്കാൻ അസംഖ്യം ശ്രമങ്ങൾ നടന്നതുപോലെ, വിദേശ ആക്രമണകാരികൾ നൂറ്റാണ്ടുകളായി ഇന്ത്യയെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു. എന്നിട്ടും സോമനാഥും ഇന്ത്യയും നശിപ്പിക്കപ്പെട്ടില്ല. ഇന്ത്യയും ഇന്ത്യയുടെ വിശ്വാസകേന്ദ്രങ്ങളും അഭേദ്യമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിനു കാരണം.

ക്രിസ്തുവർഷം 1026-ൽ, ഗസ്നിയിലെ മഹ്മൂദ് ആദ്യമായി സോമനാഥ് ക്ഷേത്രം ആക്രമിക്കുകയും അതു നശിപ്പിക്കുകയുംചെയ്ത ആയിരം വർഷംമുമ്പുള്ള ചരിത്രം നാം ഭാവനയിൽ കാണണമെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്റെ അസ്തിത്വംതന്നെ ഇല്ലാതാക്കിയെന്നായിരുന്നു അക്രമി വിശ്വസിച്ചിരുന്നത്. എന്നാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ സോമനാഥ് പുനർനിർമിക്കപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുമാരപാല രാജാവ് ക്ഷേത്രത്തിന്റെ ഗംഭീരമായ പുനരുദ്ധാരണം നടത്തിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അലാവുദ്ദീൻ ഖിൽജി വീണ്ടും സോമനാഥിനെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ, ജാലോറിലെ ഭരണാധികാരി, ഖിൽജിയുടെ സൈന്യത്തിനെതിരെ ധീരമായി പോരാടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂനാഗഢ് രാജാവ് വീണ്ടും ക്ഷേത്രത്തിന്റെ പ്രതാപം പുനഃസ്ഥാപിച്ചു. പിന്നീട്, അതേ നൂറ്റാണ്ടിൽ മുസാഫർ ഖാൻ സോമനാഥിനെ ആക്രമിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിൽ സുൽത്താൻ അഹമ്മദ് ഷാ ക്ഷേത്രം അശുദ്ധമാക്കാൻ ശ്രമിച്ചതും, അദ്ദേഹത്തിന്റെ ചെറുമകൻ സുൽത്താൻ മഹ്മൂദ് ബെഗഡ അതിനെ പള്ളിയാക്കി മാറ്റാൻ ശ്രമിച്ചതും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ മഹാദേവന്റെ ഭക്തരുടെ ശ്രമഫലമായി ക്ഷേത്രം വീണ്ടും പുനരുജ്ജീവിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ഔറംഗസേബ് സോമനാഥിനെ അശുദ്ധമാക്കി വീണ്ടും പള്ളിയാക്കി മാറ്റാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ അഹില്യബായി ഹോൾക്കർ പിന്നീടു പുതിയ ക്ഷേത്രം സ്ഥാപിച്ച്, സോമനാഥിനെ വീണ്ടും ജീവസുറ്റതാക്കി. “സോമനാഥിന്റെ ചരിത്രം നാശത്തിന്റേയോ തോൽവിയുടേയോ ചരിത്രമല്ല; മറിച്ച്, വിജയത്തിന്റെയും പുനർനിർമാണത്തിന്റെയും ചരിത്രമാണ്”- പ്രധാനമന്ത്രി പറഞ്ഞു. അധിനിവേശക്കാർ വന്നുകൊണ്ടിരുന്നു; മതഭീകരതയുടെ പുതിയ ആക്രമണങ്ങൾ ഉണ്ടായി; എന്നാൽ, ഓരോ യുഗത്തിലും സോമനാഥ് വീണ്ടും വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടം, ദീർഘകാലത്തെ പ്രതിരോധം, അപാരമായ ക്ഷമ, പുനർനിർമാണത്തിലെ സർഗാത്മകത, അതിജീവനശേഷി, സംസ്കാരത്തിലും വിശ്വാസത്തിലുമുള്ള അചഞ്ചലമായ വിശ്വാസം എന്നിവ ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ പൂർവ്വികരുടെ വീര്യം നാം ഓർക്കേണ്ടതല്ലേ എന്നും അവരുടെ ധീരതയിൽ നിന്ന് നാം പ്രചോദനം ഉൾക്കൊള്ളേണ്ടതല്ലേ എന്നും നാം സ്വയം ചോദിക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. തങ്ങളുടെ പൂർവ്വികരുടെ വീരകൃത്യങ്ങളെക്കുറിച്ച് ഒരു പിൻഗാമിയും മറന്നതായി നടിക്കരുത് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം സ്മരണകൾ ഒരു കടമ മാത്രമല്ല, മറിച്ച് കരുത്തിന്റെ സ്രോതസ്സ് കൂടിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പൂർവ്വികരുടെ ത്യാഗങ്ങളും ധീരതയും നമ്മുടെ ബോധമനസ്സിൽ എപ്പോഴും സജീവമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.

ഗസ്‌നി മുതൽ ഔറംഗസേബ് വരെയുള്ള ആക്രമണകാരികൾ സോമനാഥിനെ ആക്രമിച്ചപ്പോൾ, തങ്ങളുടെ വാളുകൾ ശാശ്വതമായ സോമനാഥിനെ കീഴടക്കുകയാണെന്ന് അവർ കരുതിയതായി ശ്രീ മോദി പറഞ്ഞു. എന്നാൽ 'സോം' എന്നതിൽ അമൃതിന്റെ സത്ത അടങ്ങിയിട്ടുണ്ടെന്നും വിഷം കഴിച്ചാലും മരണമില്ലാത്തത് എന്ന ആശയമാണ് അതെന്നും ആ മതഭ്രാന്തന്മാർക്ക് മനസ്സിലായില്ല. പരോപകാരിയും ഒപ്പം 'പ്രചണ്ഡ താണ്ഡവ ശിവനും' ആയ സദാശിവ മഹാദേവന്റെ ശക്തി സോമനാഥിൽ വസിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സോമനാഥിൽ കുടികൊള്ളുന്ന ഭഗവാൻ മഹാദേവന്റെ നാമങ്ങളിലൊന്ന് മൃത്യുഞ്ജയൻ എന്നാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മരണത്തെ കീഴടക്കിയവൻ, കാലത്തിന്റെ തന്നെ രൂപമായവൻ എന്നാണ് അതിനർത്ഥം. ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട്, സൃഷ്ടി അവനിൽ നിന്ന് ഉത്ഭവിക്കുകയും അവനിൽ തന്നെ ലയിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി വിശദീകരിച്ചു. ശിവൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നുവെന്നും ഓരോ കണികയിലും ശങ്കരൻ ഉണ്ടെന്നുമുള്ള വിശ്വാസം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഓരോ ജീവിയിലും നാം ശിവനെ കാണുന്നതിനാൽ ശങ്കരന്റെ അസംഖ്യം രൂപങ്ങളെ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും അതിനാൽ ഒരു ശക്തിക്കും നമ്മുടെ വിശ്വാസത്തെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സോമനാഥിനെ നശിപ്പിക്കാൻ ശ്രമിച്ച അക്രമി സംഘങ്ങളെ കാലചക്രം ചരിത്രത്തിന്റെ താളുകളിലേക്ക് ഒതുക്കിയപ്പോൾ, വിശാലമായ സമുദ്രതീരത്ത് ധർമ്മധ്വജം ഉയർത്തിപ്പിടിച്ച് ക്ഷേത്രം ഇന്നും തലയുയർത്തി നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഞാൻ ചന്ദ്രശേഖര ശിവനെ ആശ്രയിക്കുന്നു, കാലത്തിന് പോലും എന്നെ എന്ത് ചെയ്യാൻ കഴിയും?" എന്ന് സോമനാഥിന്റെ ഗോപുരം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സോമനാഥ് സ്വാഭിമാൻ പർവ് ചരിത്രപരമായ അഭിമാനത്തിന്റെ ഉത്സവം മാത്രമല്ല, ഭാവിയിലേക്കുള്ള ശാശ്വതമായ യാത്രയെ സജീവമാക്കുന്നതിനുള്ള ഒരു മാധ്യമം കൂടിയാണെന്ന് അടിവരയിട്ടുകൊണ്ട്, നമ്മുടെ അസ്തിത്വവും സ്വത്വവും ശക്തിപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കണമെന്ന് ശ്രീ മോദി അഭ്യർത്ഥിച്ചു. ചില രാജ്യങ്ങൾ ഏതാനും നൂറ്റാണ്ടുകൾ മാത്രം പഴക്കമുള്ള പൈതൃകങ്ങളെ തങ്ങളുടെ വ്യക്തിത്വമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ, ഭാരതത്തിന് സോമനാഥിനെപ്പോലെ ആയിരക്കണക്കിന് വർഷം പഴക്കമുള്ളതും കരുത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകവുമായ പുണ്യസ്ഥലങ്ങളുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ദൗർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരം കൊളോണിയൽ മനോഭാവമുള്ളവർ ഇത്തരം പൈതൃകങ്ങളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചുവെന്നും ഈ ചരിത്രം മായ്ച്ചുകളയാൻ ദുരുദ്ദേശ്യപരമായ ശ്രമങ്ങൾ നടന്നുവെന്നും അദ്ദേഹം പരിതപിച്ചു. സോമനാഥിന്റെ സംരക്ഷണത്തിനായി നടത്തിയ ത്യാഗങ്ങളെ അദ്ദേഹം അനുസ്മരിക്കുകയും, റാവൽ കൻഹർദേവിനെപ്പോലെയുള്ള ഭരണാധികാരികളുടെ ശ്രമങ്ങളും വീര ഹമീർജി ഗോഹിലിന്റെ വീര്യവും വേഗ്ദ ഭീലിന്റെ ധീരതയും പരാമർശിക്കുകയും ചെയ്തു. ഇത്തരം നിരവധി വീരന്മാർ ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവർക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചില ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും അധിനിവേശങ്ങളുടെ ചരിത്രത്തെ വെള്ളപൂശാൻ ശ്രമിച്ചുവെന്നും മതഭ്രാന്തിനെ വെറും കൊള്ളയടിക്കലായി ചിത്രീകരിച്ച് സത്യം മറച്ചുവെക്കാൻ പുസ്തകങ്ങൾ എഴുതിയെന്നും അദ്ദേഹം വിമർശിച്ചു. സോമനാഥ് ഒരിക്കലല്ല, പലതവണ ആക്രമിക്കപ്പെട്ടുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആക്രമണങ്ങൾ കേവലം സാമ്പത്തിക കൊള്ളയ്ക്ക് വേണ്ടി മാത്രമായിരുന്നുവെങ്കിൽ ആയിരം വർഷം മുമ്പുള്ള ആദ്യത്തെ വലിയ കൊള്ളയ്ക്ക് ശേഷം അത് അവസാനിക്കുമായിരുന്നു. എന്നാൽ അതായിരുന്നില്ല അവസ്ഥ. സോമനാഥിലെ പവിത്രമായ വിഗ്രഹങ്ങൾ തകർക്കപ്പെട്ടു, ക്ഷേത്രത്തിന്റെ രൂപം ആവർത്തിച്ച് മാറ്റപ്പെട്ടു. എന്നിട്ടും സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് സോമനാഥ് നശിപ്പിക്കപ്പെട്ടതെന്ന് ജനങ്ങളെ പഠിപ്പിച്ചു. വെറുപ്പിന്റെയും അടിച്ചമർത്തലിന്റെയും ഭീകരതയുടെയും ക്രൂരമായ ചരിത്രം നമ്മിൽ നിന്ന് മറച്ചുവെക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം വിശ്വാസത്തോട് സത്യസന്ധത പുലർത്തുന്ന ആരും ഒരിക്കലും ഇത്തരം തീവ്രവാദ ചിന്തയെ പിന്തുണയ്ക്കില്ലെന്നും, എന്നാൽ പ്രീണനത്താൽ നയിക്കപ്പെടുന്നവർ എപ്പോഴും അതിന് മുന്നിൽ തലകുനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് ഇന്ത്യ മോചിക്കപ്പെട്ടപ്പോൾ  സർദാർ പട്ടേൽ സോമനാഥ് പുനർനിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്തു. എന്നാൽ അത് തടയാൻ പല ശ്രമങ്ങൾ നടന്നതായും, 1951 ൽ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് വന്നപ്പോൾ പോലും എതിർപ്പുകൾ ഉയർന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. ആ സമയത്ത്, സൗരാഷ്ട്ര ഭരണാധികാരി എന്ന നിലയിൽ ജാം സാഹിബ് മഹാരാജ ദിഗ്‌വിജയ് സിംഗ് ജി ദേശീയ അഭിമാനത്തെ എല്ലാറ്റിനുമുപരിയായി കണ്ടുകൊണ്ട്, സോമനാഥ് ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകുകയും ട്രസ്റ്റിന്റെ ആദ്യ ചെയർമാനായി വലിയ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു.

നിർഭാഗ്യവശാൽ, സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെ എതിർത്ത ശക്തികൾ ഇന്നും രാജ്യത്ത് സജീവമായി തുടരുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, വാളുകൾക്ക് പകരം മറ്റ് ദുഷ്ട മാർഗങ്ങളിലൂടെയാണ് ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനകൾ നടക്കുന്നതെന്ന് പറഞ്ഞു. ജാഗ്രത, ശക്തി, ഐക്യം എന്നിവ മുറുകെ പിടിക്കണമെന്നും, നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളെയും പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ വിശ്വാസങ്ങളുമായും, പൈതൃകവുമായും നാം ഏറെ ചേർന്ന് നിൽക്കുമ്പോഴും, നമ്മുടെ പാരമ്പര്യത്തെ അഭിമാനത്തോടെ സംരക്ഷിക്കുമ്പോഴും, നമ്മുടെ നാഗരികതയുടെ അടിത്തറ കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. ആയിരം വർഷത്തെ നമ്മുടെ യാത്ര വരാനിരിക്കുന്ന ആയിരം വർഷത്തേക്ക് തയ്യാറെടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ശ്രീമോദി  അഭിപ്രായപ്പെട്ടു.

അയോദ്ധ്യയിലെ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ അവസരത്തിൽ, "ദേവ് സേ ദേശ്" എന്ന ദർശനത്തെ അടിസ്ഥാനമാക്കിയുള്ള മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചും അതിനായുള്ള ഇന്ത്യയുടെ ആയിരം വർഷത്തെ മഹത്തായ ദർശനത്തെ സംബന്ധിച്ചും ഭാവിയിലേക്കുള്ള പദ്ധതി താൻ അവതരിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. ഇന്ന് ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനം കോടിക്കണക്കിന് പൗരന്മാരിൽ പുതിയ ആത്മവിശ്വാസം നിറയ്ക്കുന്നുവെന്നും, ഓരോ ഇന്ത്യക്കാരനും വികസിത ഇന്ത്യയോട് പ്രതിജ്ഞാബദ്ധരാണെന്നും, 140 കോടി ജനങ്ങൾ ഭാവി ലക്ഷ്യങ്ങൾ നേടുന്നതിലേക്ക് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക, അതിനപ്പുറത്തേക്ക് നീങ്ങുക എന്നീ ലക്ഷ്യത്തോടെ ഇന്ത്യ അതിന്റെ മഹത്വം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്നും, ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുമെന്നും, വികസനത്തിന്റെ പുതിയ തലങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സോമനാഥ് ക്ഷേത്രത്തിന്റെ ഊർജ്ജവും അനുഗ്രഹവും ഈ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുന്നതിനുള്ള പിന്തുണയായി നിലനിൽക്കും. ഇന്നത്തെ ഇന്ത്യ പൈതൃകത്തിൽ നിന്ന് വികസനത്തിലേക്ക് പ്രചോദനം ഉൾക്കൊണ്ട് മുന്നേറുകയാണെന്നും, സോമനാഥ് രണ്ടും ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ക്ഷേത്രത്തിന്റെ സാംസ്കാരിക വികാസം, സോമനാഥ് സംസ്‌കൃത സർവകലാശാലയുടെ സ്ഥാപനം, മാധവ്‌പൂർ മേളയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി, ഗിർ സിംഹങ്ങളുടെ സംരക്ഷണം എന്നിവ പൈതൃകത്തെ ശക്തിപ്പെടുത്തുന്നുവെന്നും, പ്രഭാസ് പടാൻ വികസനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള തീർത്ഥാടകർക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന കേശോദ് വിമാനത്താവളത്തിന്റെ വികസനം, അഹമ്മദാബാദ്-വെരാവൽ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം, മേഖലയിൽ ഒരു തീർത്ഥാടന സർക്യൂട്ട് വികസനം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, സാങ്കേതികവിദ്യ എന്നിവയിലൂടെ ഭാവിയിലേക്ക് ഇന്ത്യയെ ശാക്തീകരിക്കുന്നതിനൊപ്പം തന്നെ അതിന്റെ വിശ്വാസത്തെയും ആത്മീയതയെയും  ഓർമ്മിക്കുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ നാഗരിക പൈതൃകം, ഒരിക്കലും മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചുള്ള സന്ദേശമാണ് നൽകുന്നതെന്ന് ശ്രീ മോഡി അടിവരയിട്ടു. വിശ്വാസം നമ്മെ വെറുപ്പിലേക്കും, ശക്തി നമ്മെ നാശത്തിലേക്കും അഹങ്കാരത്തിലേക്കും നയിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടിയുടെ പാത ദീർഘവും, ശാശ്വതവുമാണെന്നും ഹൃദയങ്ങളെ വാളിന്റെ മുനയിൽ കീഴടക്കാൻ കഴിയില്ലെന്നും മറ്റുള്ളവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നാഗരികതകൾ കാലക്രമേണ നശിപ്പിക്കപ്പെട്ടുവെന്നും സോമനാഥ് നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ പരാജയപ്പെടുത്തി എങ്ങനെ ജയിക്കാമെന്നല്ല, മറിച്ച് ഹൃദയങ്ങളെ സ്നേഹം കൊണ്ട് എങ്ങനെ കീഴ്‌പ്പെടുത്തി  ജീവിക്കാമെന്നാണ് ഇന്ത്യ ലോകത്തെ പഠിപ്പിച്ചതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്നത്തെ ലോകത്തിന് ഏറെ ആവശ്യമായ ഒരു ചിന്തയാണിത്.

സോമനാഥിന്റെ ആയിരം വർഷത്തെ ഇതിഹാസം മനുഷ്യരാശിക്ക് ഈ പാഠം പകർന്നു  നൽകുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. നമ്മുടെ ഭൂതകാലവും പൈതൃകവുമായി ചേർന്ന് നിന്നുകൊണ്ട് വികസനത്തിലേക്കും ഭാവിയിലേക്കും നീങ്ങാൻ ഉള്ള പ്രതിജ്ഞയെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആത്മ ബോധത്തെ  നിലനിർത്തിക്കൊണ്ട് ആധുനികതയെ സ്വീകരിച്ച്, പുരോഗതിയുടെ പാതയിൽ വേഗത്തിൽ മുന്നേറാൻ സോമനാഥ് സ്വാഭിമാൻ പർവ്വിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നമ്മുടെ ലക്ഷ്യങ്ങളിലെത്താൻ, എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി ഹൃദയംഗമമായ ആശംസകൾ നേരുകയും ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

 പശ്ചാത്തലം

2026 ജനുവരി 8 മുതൽ 11 വരെ നടക്കുന്ന സോമനാഥ് സ്വാഭിമാൻ പർവ്, സോമനാഥിൽ സംഘടിപ്പിക്കപ്പെടുന്നു. ക്ഷേത്ര സംരക്ഷണത്തിനായി ത്യാഗം ചെയ്ത എണ്ണമറ്റ ഇന്ത്യയിലെ പൗരന്മാരെ ഓർമ്മിക്കുന്നതിനായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. 

1,000 വർഷങ്ങൾക്ക് മുൻപ് അതായത് 1026-ൽ ഗസ്‌നിയിലെ മഹ്മൂദ്, സോമനാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി നശിപ്പിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ ഉണ്ടായിട്ടും, പുരാതന പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള കൂട്ടായ നിശ്ചയ ദാർഢ്യത്തിന്റെയും ശ്രമങ്ങളുടെയും ഫലമായി, സോമനാഥ് ക്ഷേത്രം ഇന്ന് ദൃഢ വിശ്വാസത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു.

സ്വാതന്ത്ര്യാനന്തരം, ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള ശ്രമം സർദാർ പട്ടേൽ ഏറ്റെടുത്തു. ഈ പുനരുദ്ധാരണ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്ന് 1951 ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ പുനഃസ്ഥാപിച്ച സോമനാഥ ക്ഷേത്രം ഭക്തർക്കായി ഔപചാരികമായി തുറന്നുകൊടുത്തപ്പോഴാണ്. 2026 ൽ ഈ ചരിത്രപരമായ പുനരുദ്ധാരണത്തിന്റെ 75 വർഷം പൂർത്തിയാകുന്നത് സോമനാഥ് സ്വാഭിമാൻ പർവത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.

രാജ്യമെമ്പാടുമുള്ള നൂറുകണക്കിന് സന്യാസിമാരുടെ പങ്കാളിത്തവും ക്ഷേത്രപരിസരത്ത് 72 മണിക്കൂർ തുടർച്ചയായ 'ഓം' മന്ത്ര ജപവും ആഘോഷങ്ങളിൽ ഉണ്ടാകും.

സോമനാഥ് സ്വാഭിമാൻ പർവ്വത്തിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം, ഇന്ത്യണ് നാഗരികതയുടെ നിലനിൽക്കുന്ന ആത്മാവിനെ അടിവരയിടുകയും, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കാനും ആഘോഷിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.

-SK-

(रिलीज़ आईडी: 2213439) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Nepali , Bengali , Assamese , Manipuri , Gujarati , Tamil , Kannada