വനിതാ, ശിശു വികസന മന്ത്രാലയം
വർഷാന്ത്യ അവലോകനം 2025
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കിക്കൊണ്ട് അതിൻ്റെ ദൗത്യം തുടർന്ന് വനിതാ ശിശു വികസന മന്ത്രാലയം
प्रविष्टि तिथि:
09 JAN 2026 11:54AM by PIB Thiruvananthpuram
വനിതാ ശിശു വികസന മന്ത്രാലയം 2025-ലെ നേട്ടങ്ങളുടേയും സംരംഭങ്ങളുടേയും സമഗ്രമായ അവലോകനം അവതരിപ്പിക്കുന്നു. സ്ത്രീകളേയും കുട്ടികളേയും ശാക്തീകരിക്കുന്നതിനും, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള ദൗത്യം മന്ത്രാലയം തുടരുകയാണ്. മന്ത്രാലയത്തിൻ്റെ മുൻനിര പദ്ധതികളെക്കുറിച്ചും അവ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമുള്ള വിശദമായ വിവരണം താഴെ നല്കുന്നു.
1. മിഷൻ സാക്ഷം അംഗൻവാടിയും പോഷൺ 2.0 യും: ഇന്ത്യയുടെ പോഷകാഹാരം ശക്തിപ്പെടുത്തുന്നു
മിഷൻ സാക്ഷം അംഗൻവാടിയും പോഷൺ 2.0 യും - അംഗൻവാടി സേവനങ്ങൾ, പോഷൺ അഭിയാൻ, കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള പദ്ധതി എന്നിവ സംയോജിപ്പിച്ച് 2025 നവംബർ 30 വരെ 8.69 കോടിയിലധികം ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ, കുട്ടികൾ എന്നിവർക്ക് പ്രയോജനം ലഭിച്ചു.
A. അംഗൻവാടി അടിസ്ഥാന സൗകര്യങ്ങളും സേവന വിതരണവും ശക്തിപ്പെടുത്തുന്നു
- മിഷൻ പോഷൺ 2.0 യ്ക്ക് കീഴിൽ ആകെ 2 ലക്ഷം അംഗൻവാടി കേന്ദ്രങ്ങളെ (AWCs) സാക്ഷം അംഗൻവാടികളായി ഉയർത്തുന്നതിന് അനുമതി ലഭിച്ചു. ഇതിൽ 94,077 അംഗൻവാടി കേന്ദ്രങ്ങൾ എൽഇഡി സ്ക്രീനുകൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിച്ചു കഴിഞ്ഞു.
- പിഎം ജൻമൻ പദ്ധതി പ്രകാരം, പ്രത്യേക പരിഗണന അർഹിക്കുന്ന ഗോത്രവർഗ്ഗ വിഭാഗങ്ങൾ (PVTG) അധിവസിക്കുന്ന മേഖലകളിൽ 2,500 അംഗൻവാടി കേന്ദ്രങ്ങൾക്ക് അനുമതി നല്കി. ഇതിൽ 2,326 അംഗൻവാടികൾ പ്രവർത്തനക്ഷമമാണ്. പിഎം ജൻമൻ പദ്ധതി നടപ്പിലാക്കുന്നതിൽ നല്കിയ മികച്ച സംഭാവനകൾ പരിഗണിച്ച്, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മന്ത്രാലയങ്ങളിൽ ഒന്നായി വനിതാ ശിശു വികസന മന്ത്രാലയത്തെ ബഹുമാനപ്പെട്ട രാഷ്ട്രപതി അടുത്തിടെ ആദരിക്കുകയുണ്ടായി.
- ഗോത്രകാര്യ മന്ത്രാലയത്തിൻ്റെ DAJGUA സംരംഭത്തിന് കീഴിലുള്ള ഏകോപനത്തിലൂടെ 875 അംഗൻവാടി കേന്ദ്രങ്ങൾക്ക് അനുമതി ലഭിച്ചു. ഇതിൽ 455 അംഗൻവാടി കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തനക്ഷമമാണ്; 27,785 ഗോത്രവർഗ്ഗ ഗുണഭോക്താക്കൾക്ക് ഇത് പ്രയോജനം ചെയ്യുന്നു.
B. പോഷൺ ട്രാക്കർ വഴിയുള്ള ഡിജിറ്റൽ ഭരണ നിർവ്വഹണവും ഡാറ്റാധിഷ്ഠിത നിരീക്ഷണവും
. അംഗൻവാടികൾക്കായുള്ള ഒരു ഭരണ നിർവ്വഹണ സംവിധാനമെന്ന നിലയിൽ 2021 മാർച്ചിൽ ആരംഭിച്ച പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ സേവന വിതരണത്തിൻ്റേയും അംഗൻവാടി അടിസ്ഥാന സൗകര്യങ്ങളുടേയും സമഗ്രവും തത്സമയവുമായ നിരീക്ഷണം സാധ്യമാക്കുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവർക്ക് ലഭിക്കുന്ന അനുബന്ധ പോഷകാഹാരങ്ങൾ നിരീക്ഷിക്കാനും ഈ സംവിധാനം സഹായിക്കുന്നു.
- പോഷൺ ട്രാക്കറിൽ രജിസ്റ്റർ ചെയ്ത 9 കോടിയിലധികം ഗുണഭോക്താക്കൾ
- പ്രതിമാസം വളർച്ചാ നിരീക്ഷണം (ഉയരവും ഭാരവും) നടത്തുന്ന ഏകദേശം 8 കോടി കുട്ടികൾ.
- 14 ലക്ഷം ബന്ധിപ്പിക്കപ്പെട്ട അംഗൻവാടി കേന്ദ്രങ്ങൾ
- 24 ഭാഷകൾ പിന്തുണയ്ക്കുന്ന ആപ്ലിക്കേഷൻ
- ഇന്നൊവേഷൻ (സെൻ്റർ) വിഭാഗത്തിന് കീഴിൽ 2024-ലെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരം
. അംഗൻവാടി പ്രവർത്തകർക്കായി അംഗൻവാടി കേന്ദ്രങ്ങൾ തുറക്കൽ, ഹാജർ രേഖപ്പെടുത്തൽ, പാകം ചെയ്ത ചൂടുള്ള ഭക്ഷണം (HCM), വീട്ടിലേക്കുള്ള റേഷൻ എന്നിവയുടെ വിതരണം, ECCE പ്രവർത്തനങ്ങൾക്കായുള്ള ദൈനംദിന നിർദ്ദേശ വീഡിയോകൾ, വോയിസ് ഓവർ, ആഭ ഐഡി / അപാർ ഐഡി എന്നിവയുടെ നിർമ്മാണം തുടങ്ങിയ ദൈനംദിന-പ്രതിമാസ പ്രവർത്തനങ്ങളെ പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ പിന്തുണയ്ക്കുന്നു.
. ഗുണഭോക്തൃ/പൗര ശാക്തീകരണം: പോഷൺ ട്രാക്കർ ഗുണഭോക്തൃ/പൗര മൊഡ്യൂളിലൂടെ പൗരന്മാർക്ക് തൊട്ടടുത്തുള്ള അംഗൻവാടി കേന്ദ്രങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷന് അപേക്ഷിക്കാവുന്നതാണ്.
C. സുപോഷിത് ഗ്രാമപഞ്ചായത്ത് അഭിയാൻ
- പോഷകാഹാര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പോഷകാഹാരക്കുറവ് പരിഹരിക്കൽ എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 1,000 പഞ്ചായത്തുകളെ കണ്ടെത്തി ആദരിക്കുന്നതിനായി 2024 ഡിസംബർ 26-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.
- "പോഷകാഹാരക്കുറവില്ലാത്ത ഭാരതം" എന്ന ലക്ഷ്യത്തിലേക്ക് ആരോഗ്യകരമായ മത്സരം വളർത്തുന്നതിനായി, പോഷൺ ട്രാക്കർ അടിസ്ഥാനമാക്കിയുള്ള നിലവാര അടയാളപ്പെടുത്തലും സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര അവലോകനവും ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു.
D. വ്യാപക പോഷകാഹാര അവബോധ പ്രവർത്തനങ്ങളും പെരുമാറ്റ മാറ്റവും
- ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2025 സെപ്റ്റംബർ 17-ന് മധ്യപ്രദേശിലെ ധാറിൽ സ്വസ്ഥ് നാരി, സശക്ത് പരിവാർ അഭിയാന് കീഴിൽ എട്ടാമത് രാഷ്ട്രീയ പോഷൺ മാസത്തിന് തുടക്കം കുറിച്ചു.
- ഇരുപതിലധികം മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ രാജ്യവ്യാപകമായി ആകെ 14.33 കോടി പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
- സ്വസ്ഥ് നാരി, സശക്ത് പരിവാർ അഭിയാൻ്റേയും എട്ടാമത് രാഷ്ട്രീയ പോഷൺ മാസത്തിൻ്റേയും ഭാഗമായി, ഒരു ദിവസം കൊണ്ട് 15 ലക്ഷത്തിലധികം PMMVY (പ്രധാനമന്ത്രി മാതൃ വന്ദന യോജന) ഗുണഭോക്താക്കൾക്കായി 450 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ (DBT) വിതരണം ചെയ്തു.
E. 'പോഷൺ ഭി പഠായ് ഭി'യിലൂടെ ബാല്യകാല സുരക്ഷയും വിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നു
- ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന് അനുസൃതമായി, അംഗൻവാടി കേന്ദ്രങ്ങളെ ഊർജ്ജസ്വലമായ പ്രാരംഭ പഠന കേന്ദ്രങ്ങളാക്കി മാറ്റാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പോഷൺ ഭി പഠായി ഭി സംരംഭത്തിന് കീഴിൽ, 2025 ഡിസംബർ വരെ 8,55,728 അംഗൻവാടി പ്രവർത്തകർക്കും 41,645 സംസ്ഥാന തല മാസ്റ്റർ പരിശീലകർക്കും (SLMTs) പരിശീലനം നല്കി. ആധാർശില (0-3 വയസ്സ്), നവചേതന (3-6 വയസ്സ്) എന്നീ പാഠ്യപദ്ധതികൾ രാജ്യത്തുടനീളം നടപ്പിലാക്കുകയും 12 പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.
- ഡിജിറ്റൽ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പോഷൺ ട്രാക്കർ ഉപയോഗിക്കുന്നു. ഇതിലൂടെ പ്രതിമാസം 2.56 കോടിയിലധികം പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും അംഗൻവാടി പ്രവർത്തകർക്ക് ദൈനംദിന പഠന നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.
- സ്കൂൾ ആവാസവ്യവസ്ഥയുമായുള്ള ഏകോപനം എളുപ്പമാക്കുന്നതിനായി 2025 സെപ്റ്റംബർ 3-ന് മന്ത്രാലയം അംഗൻവാടികൾ സ്കൂളുകളുമായി ചേർന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ 2.9 ലക്ഷം അംഗൻവാടി കേന്ദ്രങ്ങൾ സ്കൂൾ വളപ്പുകളിൽ പ്രവർത്തിക്കുന്നുണ്ട്.
F. ഹെൽപ്പ്‌ലൈൻ നമ്പർ- 1515
- പിഎം കെയേഴ്സ്, മിഷൻ സാക്ഷം അംഗൻവാടിയും പോഷൺ 2.0- യും, പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്നീ പദ്ധതികൾക്ക് കീഴിൽ പരാതി പരിഹാരത്തിനായി മന്ത്രാലയം ഒരു ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഗുണഭോക്താക്കളിൽ നിന്നും അംഗൻവാടി പ്രവർത്തകരിൽ നിന്നുമുള്ള പരാതികൾ, നിർദ്ദേശങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവ ഈ കോൾ സെൻ്റർ കൈകാര്യം ചെയ്യുന്നു. കോൾ സെൻ്റർ എക്സിക്യൂട്ടീവുമാർ നേരിട്ടോ അല്ലെങ്കിൽ ബന്ധപ്പെട്ട അംഗൻവാടി പ്രവർത്തകർ/സൂപ്പർവൈസർ/സിഡിപിഒ എന്നിവർ വഴിയോ കൃത്യസമയത്ത് പരാതികൾ പരിഹരിക്കുന്നു.
- സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി പിഎം കെയേഴ്സ്, പോഷൺ, പിഎംഎംവിവൈ എന്നിവയ്ക്കുള്ള ഹെൽപ്പ്‌ലൈൻ നമ്പർ 14408-ൽ നിന്ന് 1515 എന്ന ഹ്രസ്വ നമ്പറിലേക്ക് മാറ്റി. എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ഈ നമ്പർ മൂന്ന് പദ്ധതികളുടേയും ഗുണഭോക്താക്കൾക്ക് കൂടുതൽ സഹായകരമാകും.
- 2025 ഡിസംബർ വരെ ഹെൽപ്പ്‌ലൈനിൽ ലഭിച്ച ആകെ 1,40,862 പരാതികളിൽ 1,04,662 എണ്ണം പരിഹരിച്ചു.
G. അംഗൻവാടി കേന്ദ്രങ്ങളുടേയും പ്രൈമറി സ്കൂളുകളുടേയും സഹ-സ്ഥാനം - വനിതാ ശിശു വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി അംഗൻവാടി കേന്ദ്രങ്ങൾ സ്കൂളുകളുമായി ചേർന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2025 സെപ്റ്റംബർ 3-ന് പുറത്തിറക്കി. ഒരേ കാമ്പസിൽ അംഗൻവാടികളേയും സ്കൂളുകളേയും സംയോജിപ്പിക്കുന്നതിലൂടെ ബാല്യകാല സുരക്ഷയും വിദ്യാഭ്യാസവും ശക്തിപ്പെടുത്താനാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ 2.9 ലക്ഷത്തിലധികം അംഗൻവാടി കേന്ദ്രങ്ങൾ സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക ഫലപ്രദമായി വ്യാപിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ പ്രവർത്തനപരമായ വ്യക്തത ഈ മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു.
H. അംഗൻവാടി സേവനങ്ങളിലും പിഎംഎംവിവൈയിലും എഫ് ആർ എസ് അധിഷ്ഠിത പരിശോധന:
പ്രധാനമന്ത്രി മാതൃ വന്ദന യോജനയിലും അംഗൻവാടി സേവനങ്ങളിലും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനായി മുഖം തിരിച്ചറിയൽ സംവിധാനം ആരംഭിച്ചു. തത്സമയ മുഖലക്ഷണങ്ങളെ മുൻകൂട്ടി ശേഖരിച്ച വിവരങ്ങളുമായി താരതമ്യം ചെയ്ത് ഒരാളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്ന ഈ സാങ്കേതികവിദ്യ വലിയ നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും മുഖലക്ഷണങ്ങൾ സവിശേഷമായതിനാൽ, ഇത് സുരക്ഷ വർദ്ധിപ്പിക്കുകയും വിവരങ്ങൾ വ്യാജമായി നിർമ്മിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുകയും ചെയ്യുന്നു. ഇത് പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും സേവനങ്ങൾ സുഗമമാക്കുകയും ചെയ്യുന്നു.
അംഗൻവാടി സേവനങ്ങളിലെ റേഷൻ വിതരണത്തിനായി മുഖം തിരിച്ചറിയൽ സംവിധാനം
- അംഗൻവാടികളിലെ 'വീട്ടിലേക്കുള്ള റേഷൻ' (THR) വിതരണം ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇ കെവൈസി ഉപയോഗിച്ച് ഗുണഭോക്താവിൻ്റെ ആധാർ മുഖവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് വ്യക്തിത്വം സ്ഥിരീകരിക്കുന്നത്. അംഗൻവാടി പ്രവർത്തകർ അവരുടെ ദൈനംദിന ജോലികൾക്കായി ഉപയോഗിക്കുന്ന പോഷൺ ട്രാക്കർ ആപ്പിൽ തന്നെ FRS മൊഡ്യൂൾ ഉൾപ്പെടുത്തിയിട്ടുണ്ട്; ഇതിനായി പ്രത്യേക ആപ്ലിക്കേഷൻ്റെ ആവശ്യമില്ല.
- 2025 ഡിസംബർ 31 വരെ, വീട്ടിലേക്ക് റേഷന് അർഹരായ ഏകദേശം 4.73 കോടി ഗുണഭോക്താക്കളിൽ, ആകെ 4.51 കോടി (91.38 ശതമാനം) പേർ അവരുടെ ഇ-കെവൈസിയും ഫേസ് മാച്ചിംഗും പൂർത്തിയാക്കി. കൂടാതെ, 2025 ഡിസംബറിൽ മാത്രം 2.79 കോടി (52.68 ശതമാനം) ഗുണഭോക്താക്കൾ എഫ്ആർഎസ് സംവിധാനത്തിലൂടെ വീട്ടിലേക്ക് റേഷൻ കൈപ്പറ്റി.
പിഎംഎംവിവൈയിൽ മുഖം തിരിച്ചറിയൽ സംവിധാനം: പിഎംഎംവിവൈക്ക് കീഴിലുള്ള എല്ലാ പുതിയ എൻറോൾമെൻ്റുകൾക്കും 2025 മെയ് 21 മുതൽ മുഖ പ്രാമാണീകരണത്തിലൂടെ നിർബന്ധിത ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കി. എഫ്‌ആർഎസ് സംവിധാനം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വ്യാപകമായി അംഗീകരിച്ചിട്ടുണ്ട്. ഈ സവിശേഷത അവതരിപ്പിച്ചതിനുശേഷം, (2025 നവംബർ 17 വരെ) 17.82 ലക്ഷം ഗുണഭോക്താക്കൾ എഫ്‌ആർഎസ് വഴിയുള്ള ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു.
2. മിഷൻ ശക്തി: സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, ശാക്തീകരണം
- 1025 വൺ സ്റ്റോപ്പ് സെൻ്ററുകൾക്ക് (OSCs) അംഗീകാരം ലഭിച്ചു. അതിൽ 865 എണ്ണം നിലവിൽ പ്രവർത്തനക്ഷമമാണ്, ഇതുവഴി 12.67 ലക്ഷം സ്ത്രീകൾക്ക് സഹായം ലഭിച്ചു.
- 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 181 എന്ന വനിതാ ഹെൽപ്പ്ലൈൻ നമ്പർ ERSS-112-മായി സംയോജിപ്പിച്ചു, 93.48 ലക്ഷം സ്ത്രീകൾക്ക് ഇതിലൂടെ പിന്തുണ നല്കി.
- മിഷൻ ശക്തി മൊബൈൽ ആപ്പ് ഐഒഎസിലും ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും പ്രവർത്തിക്കുന്നു.
- പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) വഴി 4.26 കോടി ഗുണഭോക്താക്കൾക്കായി 20,060 കോടി രൂപ പ്രസവാനുകൂല്യമായി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി വിതരണം ചെയ്തു.
- രാജ്യവ്യാപകമായി 411 ശക്തി സദൻ ഹോമുകളും 531 സഖി നിവാസുകളും (മുൻപത്തെ വർക്കിംഗ് വിമൻ ഹോസ്റ്റൽ) പ്രവർത്തിക്കുന്നു.
- ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ 10 വർഷം ആഘോഷിക്കുന്നു: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP) പദ്ധതിയുടെ പത്താം വാർഷികം 2025 ജനുവരി 22 മുതൽ മാർച്ച് 8 വരെ (അന്താരാഷ്ട്ര വനിതാ ദിനം) മന്ത്രാലയം ആഘോഷിച്ചു. പെൺകുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവയിലെ ഒരു പതിറ്റാണ്ടിൻ്റെ മുന്നേറ്റം ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ഇത് ഇന്ത്യയുടെ 'വികസിത ഭാരതം @2047' എന്ന ദർശനത്തോടും 'സ്ത്രീകൾ നേതൃത്വം നല്കുന്ന വികസനം' എന്ന ലക്ഷ്യത്തോടും ചേർന്നുനിൽക്കുന്നു.
- ഷീ ബോക്സ് പോർട്ടൽ: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിനും തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ (പ്രതിരോധം, നിരോധനം, പരിഹാരം) തടയൽ നിയമം, 2013 (SH Act) ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുമായി 2024 ഓഗസ്റ്റ് 29 ന് മന്ത്രാലയം ലൈംഗിക അതിക്രമ വിരുദ്ധ ഇലക്ട്രോണിക് ബോക്സ് (SHe-Box) പോർട്ടൽ ആരംഭിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഈ സുപ്രധാന സംരംഭം എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ഏകജാലക പ്രവേശനം നല്കുന്നു. സുരക്ഷിതവും രഹസ്യാത്മകവും ഉപയോക്തൃ സൗഹൃദവുമായ ഒരു പ്ലാറ്റ്‌ഫോം നല്കുന്നതിലൂടെ, ഷീ-ബോക്‌സ് സ്ത്രീകളെ ഭയമില്ലാതെ സംഭവങ്ങൾ പരാതിപ്പെടാൻ പ്രാപ്തരാക്കുന്നു. സുരക്ഷിതവും കൂടുതൽ ഉത്തരവാദിത്തമുള്ളതുമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിലൂടെയും സുതാര്യതയുടെ സംസ്കാരം വളർത്തുന്നതിലൂടെയും തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ ഈ പോർട്ടൽ സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തുടനീളമുള്ള ഇൻ്റേണൽ കമ്മിറ്റികളേയും (ICs) ലോക്കൽ കമ്മിറ്റികളേയും (LCs) കുറിച്ചുള്ള വിവരങ്ങളുടെ ഒരു കലവറയായും ഈ പോർട്ടൽ പ്രവർത്തിക്കുന്നു. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ 22 ഭാഷകളിൽ ഈ പോർട്ടൽ ലഭ്യമാണ്. 2026 ജനുവരി അഞ്ച് വരെയുള്ള കണക്കനുസരിച്ച്, 1,30,000-ത്തിലധികം തൊഴിലിടങ്ങൾ (പൊതു-സ്വകാര്യ മേഖലകൾ) ഇതിൽ ഭാഗമാകുകയും 50,000-ത്തിലധികം ഇൻ്റേണൽ കമ്മിറ്റികളുടെ (ICs) വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രാജ്യത്തെ 777 ജില്ലകളിലേയും ലോക്കൽ കമ്മിറ്റികളുടെ (LCs) വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്.
- നവംബർ 25 (സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം) മുതൽ ഡിസംബർ 10 (മനുഷ്യാവകാശ ദിനം) വരെയുള്ള 16 ദിനങ്ങൾ മന്ത്രാലയം കർമ്മദിനങ്ങളായി ആചരിക്കുന്നു. വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും വിവിധ പങ്കാളികളുടേയും സജീവ പങ്കാളിത്തത്തോടും പങ്കാളിത്തപരവും സഹകരണപരവുമായ സമീപനത്തോടും കൂടി ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും, മന്ത്രാലയം ഇതിനായി വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമവികസന മന്ത്രാലയവുമായി (MoRD) ചേർന്ന് നടത്തുന്ന 'നയി ചേതന' (Nayi Chetna) എന്ന ക്യാമ്പയിൻ. വനിതാ സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിൽ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി നടത്തുന്ന ഒരു ദേശീയ പ്രചാരണ പരിപാടിയാണിത്.
- ഈ വർഷം നയി ചേതനയുടെ നാലാം പതിപ്പായ നയി ചേതന 4.0, 2025 നവംബർ 25 മുതൽ ഡിസംബർ 22 വരെ സംഘടിപ്പിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയെ ഈ സംരംഭം വീണ്ടും ഉറപ്പിക്കുന്നു.
3. മിഷൻ വാത്സല്യ: ശിശു സംരക്ഷണവും പരിചരണവും ശക്തിപ്പെടുത്തുന്നു
- എല്ലാ ശിശുക്ഷേമ സംവിധാനങ്ങൾക്കുമായുള്ള ഏകീകൃത വർക്ക്‌സ്‌പേസ് എന്ന നിലയിൽ മിഷൻ വാത്സല്യ പോർട്ടൽ പ്രവർത്തിക്കുന്നു. ദത്തെടുക്കൽ നടപടികൾ മെച്ചപ്പെടുത്തുന്നതിനായി CARINGS അഡോപ്ഷൻ പ്ലാറ്റ്‌ഫോം മിഷൻ വത്സല്യ പോർട്ടലുമായി സംയോജിപ്പിച്ചു.
- ശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ പങ്കാളികൾക്കായി ഡൽഹി, ബംഗളൂരു, ഗുവാഹത്തി, ഭോപ്പാൽ, ലഖ്‌നൗ എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലായി മിഷൻ വാത്സല്യ പോർട്ടലിലെ മാസ്റ്റർ ട്രെയിനർമാർക്ക് സാങ്കേതിക പരിശീലനം നല്കി. 36 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 303 മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം ലഭിച്ചു.
- അടിയന്തര പ്രതികരണത്തിനായി ERSS-112-മായി സംയോജിപ്പിച്ച ചൈൽഡ് ഹെൽപ്പ്ലൈൻ 36 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനസജ്ജമാണ്. 2026 ജനുവരി ഒന്നിലെ കണക്കനുസരിച്ച്, 728 ജില്ലകളിൽ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിക്കൊണ്ട് ഏകീകൃത ദേശീയ ശിശു പ്രതികരണ സംവിധാനം സജ്ജമാക്കി.
- ജുവനൈൽ ജസ്റ്റിസ് ആക്ടിന് പ്രത്യേക ഊന്നൽ നല്കിക്കൊണ്ട് കുട്ടികളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നത് ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനുമായി (LBSNAA) സഹകരിച്ച് കർമ്മയോഗി (KARMAYOGI) iGOT പ്ലാറ്റ്‌ഫോമിൽ ഒരു ഓൺലൈൻ പരിശീലന മോഡ്യൂൾ വികസിപ്പിച്ചു. 2025 ഡിസംബർ 31 വരെ 37,242 പേർ ഈ കോഴ്‌സിൽ എൻറോൾ ചെയ്യുകയും 19,728 പേർ അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
പ്രചാരണ പരിപാടികൾ
പി.എം.ആർ.ബി.പി– പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം - 2025:
ചെറുപ്രായത്തിൽ തന്നെ അസാധാരണമായ കഴിവുകളും മികവും പ്രകടിപ്പിക്കുന്ന കുട്ടികളെ അംഗീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ വർഷം തോറും നല്കിവരുന്ന ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ ദേശീയ ബഹുമതികളിലൊന്നാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം (പി.എം.ആർ.ബി.പി).
2025-ലെ പി.എം.ആർ.ബി.പി പുരസ്കാര വിതരണ ചടങ്ങ് 2025 ഡിസംബർ 26-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട രാഷ്ട്രപതിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. അർപ്പണബോധത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും രാജ്യത്തിന് പ്രചോദനമായ യുവപ്രതിഭകളുടെ ശ്രദ്ധേയമായ നേട്ടങ്ങളെ ഈ വിശിഷ്ടമായ ചടങ്ങ് ആഘോഷിച്ചു.
2025-ൽ, 18 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 20 മിടുക്കരായ കുട്ടികൾക്കാണ് ഈ ബഹുമതി ലഭിച്ചത്. സാഹസികത, കലയും സംസ്കാരവും, പരിസ്ഥിതി, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം എന്നീ വിവിധ മേഖലകളിൽ നല്കിയ അസാധാരണ സംഭാവനകൾ പരിഗണിച്ചാണ് ഈ യുവ മാതൃകകളെ ആദരിച്ചത്.
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം ഈ കുട്ടികളുടെ അസാധാരണ നേട്ടങ്ങളെ അംഗീകരിക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള യുവമനസ്സുകളെ മികവിലേക്കും നൂതന ആശയങ്ങളിലേക്കും സാമൂഹ്യ സേവനത്തിലേക്കും നയിക്കുന്ന ഒരു വഴികാട്ടിയായി വർത്തിക്കുകയും ചെയ്യുന്നു.
വീർ ബാൽ ദിവസ്-2025:
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അതീവ ആദരവോടെയാണ് വീർ ബാൽ ദിവസ് ആഘോഷിച്ചത്. യുവ വീരന്മാരുടെ ധൈര്യത്തിനും ത്യാഗത്തിനുമുള്ള ആദരവായി ഈ അവസരം മാറി. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും, തത്സമയ വെബ്‌കാസ്റ്റിലൂടെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥിളേയും കുട്ടികളേയും അഭിസംബോധന ചെയ്യുകയും ചെയ്തു. യുവത്വത്തിൻ്റെ ധീരതയുടേയും വീര്യത്തിൻ്റെയും അവിസ്മരണീയവും സ്വാധീനമുള്ളതുമായ ആഘോഷമായി ഈ ചടങ്ങ് മാറി. ഇന്ത്യയുടെ ഭാവിക്ക് അടിത്തറ പാകുന്ന കുട്ടികളുടെ മാതൃകാപരമായ ധൈര്യം, പ്രതിരോധശേഷി, കഴിവ് എന്നിവയെ ആദരിക്കുന്നതിനായി വനിതാ ശിശു വികസന മന്ത്രാലയം 2025 ഡിസംബർ 26-ന് രാജ്യവ്യാപക ആഘോഷമായി വീർ ബാൽ ദിവസ് സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികളും അനുസ്മരണ ചടങ്ങുകളും നടന്നു. 2025 ഡിസംബർ 26-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി പങ്കെടുത്ത പ്രധാന ചടങ്ങോടെയാണ് ഈ ആഘോഷങ്ങൾ സമാപിച്ചത്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാരത്തിന് അർഹരായ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 കുട്ടികളുമായി സംവദിച്ചു.
വീർ ബാൽ ദിവസ് ആഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന-ജില്ലാ തലങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ബാല വിവാഹ മുക്ത ഭാരതം പ്രചാരണം:
ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനുള്ള "ബാല വിവാഹ മുക്ത ഭാരതം" എന്ന ദേശീയ പ്രചാരണം 2025 നവംബർ 27 ന് ഒരു വർഷം പൂർത്തിയാക്കി. ഈ നാഴികക്കല്ലിൻ്റെ സ്മരണയ്ക്കായി, 2025 ഡിസംബർ നാലിന് ന്യൂഡൽഹിയിൽ ബഹുമാനപ്പെട്ട വനിതാ ശിശു വികസന മന്ത്രി ബാല വിവാഹ മുക്ത ഭാരതത്തിനായുള്ള 100 ദിവസത്തെ തീവ്ര പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. 2026 മാർച്ച് എട്ടിന് സമാപിക്കുന്ന ഈ 100 ദിവസത്തെ തീവ്ര പ്രചാരണം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിക്കും. രണ്ടാം ഘട്ടത്തിൽ വിവാഹവുമായി ബന്ധപ്പെട്ട സേവനങ്ങൾ നല്കുന്നവരെ ഉൾപ്പെടുത്തും. മൂന്നാം ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളുമായും മുനിസിപ്പൽ വാർഡുകളുമായും ചേർന്ന് പ്രവർത്തിക്കും. ശൈശവ വിവാഹത്തിനെതിരെ അവബോധം വളർത്തുന്നതിനും ശൈശവ വിവാഹ സംഭവങ്ങൾ ഫലപ്രദമായി റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനുമായി സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പിന്തുണയ്ക്കുന്നതിനായി 2024 ൽ ആരംഭിച്ച 'https://stopchildmarriage.wcd.gov.in' പോർട്ടലിൽ ഇപ്പോൾ 58,262 ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർമാരുടെ (CMPOs) വിവരങ്ങളുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ, രാജ്യത്തുടനീളം 1.79 കോടി ആളുകൾ പങ്കാളികളായ 92,819 ബോധവൽക്കരണ പ്രവർത്തനങ്ങൾ ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ബിവിഎംബി (BVMB) പോർട്ടലിലൂടെയും MyGov പ്ലാറ്റ്‌ഫോമിലൂടെയും എട്ട് ലക്ഷത്തിലധികം പൗരന്മാർ ബാലവിവാഹത്തിനെതിരെ പ്രതിജ്ഞയെടുത്തു.
ഇന്ത്യയുടെ വികസന യാത്രയുടെ കേന്ദ്രബിന്ദുവായി സ്ത്രീകളും കുട്ടികളും തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന്, സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭരണനിർവ്വഹണത്തിനായുള്ള പ്രതിബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.
***
(रिलीज़ आईडी: 2213158)
आगंतुक पटल : 5