റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

100 റെയിൽവേ ഉദ്യോഗസ്ഥർക്ക് 70-ാമത് അതിവിശിഷ്ട റെയിൽ സേവാ പുരസ്കാരവും വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച റെയില്‍വേ സോണുകള്‍ക്ക് 26 ഫലകങ്ങളും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സമ്മാനിച്ചു

प्रविष्टि तिथि: 09 JAN 2026 8:30PM by PIB Thiruvananthpuram

100 റെയിൽവേ ഉദ്യോഗസ്ഥർക്ക് 70-ാമത് അതിവിശിഷ്ട റെയിൽ സേവാ പുരസ്കാരവും വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച റെയില്‍വേ സോണുകൾക്ക് 26 ഫലകങ്ങളും ന്യൂഡൽഹി ദ്വാരകയിലെ ഇന്ത്യ ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെൻ്ററില്‍ (യശോഭൂമി) സംഘടിപ്പിച്ച ചടങ്ങിൽ ഇന്ന്  കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വിതരണം ചെയ്തു. റെയിൽവേ-ജലശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ, റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാർ, റെയിൽവേ ബോർഡ് അംഗങ്ങൾ, വിവിധ റെയിൽവേ സോണുകളുടെയും നിര്‍മാണ കേന്ദ്രങ്ങളുടെയും ജനറൽ മാനേജർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2047-ഓടെ 'വികസിത ഭാരതം, വികസിത റെയിൽവേ' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് പുതിയൊരു തലത്തിലേക്ക് ഇന്ത്യൻ റെയിൽവേ മാറേണ്ടതുണ്ടെന്ന് ചടങ്ങിൽ ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ ജീവനക്കാരുടെ അർപ്പണബോധത്തെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ദീർഘകാല വെല്ലുവിളികളെ അതിജീവിക്കാനും ശേഷി വർധിപ്പിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രധാന അടിസ്ഥാന സൗകര്യ-പ്രവർത്തന നാഴികക്കല്ലുകൾ കൈവരിക്കാനും റെയിൽവേയെ പ്രാപ്തമാക്കിയത് അവരുടെ കൂട്ടായ പരിശ്രമമാണെന്ന് വ്യക്തമാക്കി.  

വിപുലമായ റെയിൽപാത നിർമാണം റെയിൽവേയുടെ ശേഷി വലിയതോതില്‍ ഉയര്‍ത്തിയതായി ശ്രീ വൈഷ്ണവ് കൂട്ടിച്ചേർത്തു. ദീപാവലി-ഛഠ് പൂജ, ക്രിസ്മസ് തുടങ്ങിയ ഉത്സവവേളകളിലും വേനൽക്കാലമടക്കം തിരക്കേറിയ സമയങ്ങളിലും പ്രത്യേക ട്രെയിനുകൾ ഓടിച്ച് യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കിയതായും അതുവഴി പോയവര്‍ഷം റെയില്‍വേ പുതിയൊരു നാഴികക്കല്ല് അടയാളപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.  

ഉപഭോക്തൃ സേവനം, അറ്റകുറ്റപ്പണികൾ, നിര്‍മാണം, ഗുണനിലവാര പരിപാലനം, ആരോഗ്യ സംവിധാനങ്ങൾ, നടത്തിപ്പ് തുടങ്ങി പ്രധാന പ്രവർത്തന മേഖലകളിൽ പ്രതിവാര പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന തരത്തില്‍ "52 ആഴ്ചകൾ, 52 പരിഷ്കാരങ്ങൾ" എന്ന തലക്കെട്ടിൽ 2026-ല്‍ വിപുലമായ പരിഷ്കരണ പദ്ധതിയ്ക്ക് ഇന്ത്യൻ റെയിൽവേ തുടക്കം കുറിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾ പുനർനിർണയിക്കാനും തടസങ്ങൾ തിരിച്ചറിയാനും കൃത്യമായ സമയബന്ധിത കർമപദ്ധതികൾ തയ്യാറാക്കാനും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തോടെ ചിട്ടയായ ശില്പശാലകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വരും ഘട്ടത്തിൽ ഇന്ത്യൻ റെയിൽവേയെ മുന്നോട്ടു നയിക്കുന്ന ആറ് അടിസ്ഥാന ലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചു:

ഒന്നാമതായി, ഉത്തരവാദിത്തത്തിലും നിര്‍വഹണത്തിലും അധിഷ്ഠിതമായി ഉപഭോക്തൃ സേവനം, അറ്റകുറ്റപ്പണികൾ, നിര്‍മാണം, ഗുണനിലവാരം, ആരോഗ്യ സംവിധാനങ്ങൾ എന്നിവയിലുടനീളം സമയബന്ധിത മാറ്റങ്ങളോടെ വ്യവസ്ഥാപിത പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്ന നിർണായക നീക്കം. 

രണ്ടാമതായി, വിശ്വാസ്യതയും ഉല്പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ പുതുതലമുറ ട്രെയിനുകളുടെ ശേഖരം,  അത്യാധുനിക റെയില്‍പാത സംവിധാനങ്ങൾ, ആധുനിക സിഗ്നലിങ്, മികച്ച പരിപാലന രീതികള്‍ എന്നിവയുൾപ്പെടെ സാങ്കേതികവിദ്യ, നവീകരണം, നിര്‍മിതബുദ്ധി എന്നിവയുടെ ആഴത്തിലും വ്യാപ്തിയിലുമുള്ള ഉപയോഗം.

മൂന്നാമതായി, കാലഹരണപ്പെട്ട രീതികളിൽനിന്ന് മാറുന്നത് കുറഞ്ഞ കാലയളവിലേക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാമെങ്കിലും ദീർഘകാല സുരക്ഷയ്ക്കും പ്രകടനത്തിനും അത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് ട്രെയിന്‍ സംവിധാനങ്ങളുടെ പരിപാലന നിലവാരത്തില്‍ അടിസ്ഥാനപരമായ നവീകരണം.

നാലാമതായി, മികച്ച പരിശീലനം, സാങ്കേതിക വിന്യാസം, വ്യവസ്ഥാപിത പ്രവർത്തനങ്ങൾ, എല്ലാ തലങ്ങളിലും ദൈനംദിന നേതൃതല നിരീക്ഷണം എന്നിവയിലൂടെ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനായി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്തവിധം ശ്രദ്ധ കേന്ദ്രീകരിക്കല്‍. 

അഞ്ചാമതായി, പരിശീലനത്തിൻ്റെയും ശേഷി വികസനത്തിൻ്റെയും പരിവർത്തനം. പരിശീലനത്തെ തൊഴില്‍ പുരോഗതിയുമായി ബന്ധിപ്പിച്ചും ശേഷി കൂടിയ തൊഴിൽ സേനയെ കെട്ടിപ്പടുക്കാന്‍ കൃത്രിമ പരിശീലന സംവിധാനങ്ങളും ഡിജിറ്റൽ വേദികളുമടക്കം  ആധുനിക രീതികള്‍ ഉപയോഗിച്ചും നിരന്തര നൈപുണ്യ നവീകരണം നിർബന്ധമാക്കല്‍.

ആറാമതായി, കൊളോണിയൽ മനോഭാവം പൂർണമായി  ഇല്ലാതാക്കല്‍. പുതിയ ആശയങ്ങളെ സ്വീകരിക്കാനും യുവ ഉദ്യോഗസ്ഥരെയും ഫീൽഡ് ഉദ്യോഗസ്ഥരെയും ശാക്തീകരിക്കാനും ഇന്ത്യൻ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനും ആഗോളതലത്തിൽ അംഗീകാരം നേടുന്ന 'മെയ്ഡ് ഇൻ ഇന്ത്യ' നേട്ടങ്ങളിൽ അഭിമാനം കൊള്ളാനും ഉദ്യോഗസ്ഥരോട് ആഹ്വാനം.  

സ്റ്റാർട്ടപ്പുകളെയും നൂതനാശയക്കാരെയും പദ്ധതികളില്‍ ഉൾപ്പെടുത്തുന്നതിൻ്റെ പ്രാധാന്യവും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. പരിഷ്കരണാശയങ്ങൾ സംഭാവന ചെയ്യാൻ റെയിൽവേ ജീവനക്കാരെ പ്രോത്സാഹിപ്പിക്കണമെന്നും വിജയകരമായ നൂതനാശയങ്ങള്‍ റെയില്‍വേ ശൃംഖലയിലുടനീളം വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ദേശീയതല പരിഷ്കാരങ്ങളുമായി ഇതിനെ ഉപമിച്ച കേന്ദ്രമന്ത്രി പരിവര്‍ത്തനം യാഥാര്‍ഥ്യമാക്കാന്‍ സമാന ധൈര്യവും ആത്മവിശ്വാസവും ഇന്ത്യൻ റെയിൽവേ പ്രകടിപ്പിക്കണമെന്ന് വ്യക്തമാക്കി. യുവ തൊഴിൽസേനയും സുതാര്യമായ സംവിധാനങ്ങളും പരിഷ്കരണ മനോഭാവവുമായി 2047-ഓടെ വികസിത രാഷ്ട്രത്തിലേക്ക് രാജ്യം നടത്തുന്ന പ്രയാണത്തില്‍  ആഗോള മാതൃകയാകാനും പ്രധാന സ്തംഭമായി നിലകൊള്ളാനും ഇന്ത്യൻ റെയിൽവേ സര്‍വ സജ്ജമാണെന്ന് അദ്ദേഹം വിശദീകരിച്ചു.  

ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര സഹമന്ത്രി ശ്രീ വി. സോമണ്ണ റെയിൽവേ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും വലിയ സേവന സംവിധാനങ്ങളിലൊന്നായി ഇന്ത്യൻ റെയിൽവേയെ വിശേഷിപ്പിച്ച അദ്ദേഹം ദശലക്ഷക്കണക്കിന് പേര്‍ക്ക് പ്രതിദിനം സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിൽ റെയിൽവേ കുടുംബത്തിൻ്റെ പങ്കിനെ പ്രശംസിച്ചു.

ജമ്മുകശ്മീര്‍, വടക്കുകിഴക്കൻ മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് റെയിൽ ബന്ധം വ്യാപിപ്പിച്ചത് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തിയ പ്രധാന എന്‍ജിനീയറിങ് നേട്ടങ്ങളായി അദ്ദേഹം വിശദീകരിച്ചു. മികച്ച യാത്രാസൗകര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ദീർഘദൂര യാത്രകൾ മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി.  

വൈദ്യുതീകരണത്തിലും പരിസ്ഥിതി സൗഹൃദ നടപടികളിലും റെയിൽവേ കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞ അദ്ദേഹം ഇന്ത്യൻ റെയിൽവേ ഹരിത പ്രവർത്തന രീതികളിലേക്ക് നീങ്ങുന്നതായി അഭിപ്രായപ്പെട്ടു. പ്രാദേശിക മേഖലാ സന്ദർശനങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം എല്ലാ തലങ്ങളിലെയും റെയിൽവേ ജീവനക്കാരുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ചു.  റെയില്‍വേ സംവിധാനത്തെിൻ്റെ നട്ടെല്ല് എന്നാണ് അദ്ദേഹം ജീവനക്കാരെ വിശേഷിപ്പിച്ചത്.

ഇന്ത്യൻ റെയിൽവേ ദ്രുതഗതിയില്‍ പരിവർത്തനത്തിന് വിധേയമായതായും ആധുനികവും സുരക്ഷിതവും യാത്രിക-കേന്ദ്രീകൃതവുമായ സംഘടനയായി ഉയർന്നുവന്നതായും ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ സതീഷ് കുമാർ പറഞ്ഞു. സുരക്ഷയ്ക്കാണ് പരമപ്രധാന മുൻഗണനയെന്ന് വ്യക്തമാക്കിയ അദ്ദേഹം ആധുനിക സിഗ്നലിങ് സംവിധാനങ്ങൾ, ഇലക്ട്രോണിക് ഇൻ്റർലോക്കിങ്, ആളില്ലാ ലെവൽ ക്രോസ്സുകൾ ഒഴിവാക്കൽ, റെയില്‍പാളങ്ങളുടെ മെച്ചപ്പെട്ട നിരീക്ഷണം, അനുബന്ധ സുരക്ഷാ നടപടികൾ എന്നിവയിലൂടെ തുടർച്ചയായ പുരോഗതി കൈവരിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. വാതില്‍പ്പടി സേവനത്തിലൂടെയും ബഹുതല ഗതാഗത സംവിധാനത്തിലൂടെയും ഇന്ത്യൻ റെയിൽവേ ചരക്കുനീക്കത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതായും രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിക്ക് ഇത് അർത്ഥപൂര്‍ണമായ സംഭാവന നൽകുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതീകരണത്തിൻ്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയത് ഇന്ത്യൻ റെയിൽവേയുടെ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലായി അദ്ദേഹം അനുസ്മരിച്ചു. യഥാർത്ഥ ഹീറോകളായി റെയിൽവേ ജീവനക്കാരെ വിശേഷിപ്പിച്ച അദ്ദേഹം അവരുടെ അച്ചടക്കവും അർപ്പണബോധവും സേവനവുമാണ് ഈ പരിവർത്തനത്തിൻ്റെ അടിത്തറയെന്നും വ്യക്തമാക്കി.  

ഇന്ത്യൻ റെയിൽവേ വര്‍ഷംതോറും ജീവനക്കാർക്ക് അതിവിശിഷ്ട റെയിൽ സേവാ പുരസ്കാരം നൽകിവരുന്നുണ്ട്. വ്യക്തിഗത പുരസ്കാരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന റെയിൽവേ സോണുകൾക്ക് ഫലകങ്ങളും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ നൽകുന്നത്. ഇന്ത്യൻ റെയിൽവേയെ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവും യാത്രക്കാരോട് ആഭിമുഖ്യം പുലര്‍ത്തുന്നതുമായ സംവിധാനമാക്കി  മാറ്റുന്നതിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ അര്‍പ്പണബോധത്തെയും  കഠിനാധ്വാനത്തെയും അസാധാരണ സംഭാവനകളെയും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് വ്യക്തിഗത പുരസ്കാരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന ഫലകങ്ങള്‍ ഇന്ത്യൻ റെയിൽവേയുടെ സമഗ്ര പ്രകടനത്തിന് വഴിയൊരുക്കുന്ന മികച്ച നേട്ടങ്ങള്‍ക്കും സംഭാവനകള്‍ക്കും നല്‍കുന്ന അംഗീകാരമാണ്.  

70-ാമത് അതിവിശിഷ്ട റെയിൽ സേവാ പുരസ്കാരത്തിന് (AVRSP-2025) തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക.

***


(रिलीज़ आईडी: 2213149) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Odia , Telugu , Kannada