വനിതാ, ശിശു വികസന മന്ത്രാലയം
വനിതാ -ശിശു വികസനത്തിന് പങ്കാളിത്തം ശക്തിപ്പെടുത്താൻ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം സംയോജിത ഡിജിറ്റൽ പോർട്ടൽ 'പൻഖുഡി' ആരംഭിച്ചു
प्रविष्टि तिथि:
08 JAN 2026 3:00PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവയ്ക്ക് കേന്ദ്ര ഗവൺമെൻ്റ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു. ഈ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, വനിതാ -ശിശു വികസനത്തിനായുള്ള സംരംഭങ്ങളിൽ ഏകോപനം, സുതാര്യത, ഘടനാപരമായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് പൻഖുഡി എന്ന പേരിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ), പങ്കാളിത്ത സംയോജിത ഡിജിറ്റൽ പോർട്ടലിന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം തുടക്കം കുറിച്ചു.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി, വനിതാ-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ, വനിതാ-ശിശു വികസന മന്ത്രാലയം സെക്രട്ടറി ശ്രീ അനിൽ മാലിക് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് (8 ജനുവരി 2026) പൻഖുഡി പോർട്ടൽ ആരംഭിച്ചു.

ഗവൺമെൻ്റിനും പൗരന്മാർക്കും ഇടയിലുള്ള പാലമായി സാങ്കേതികവിദ്യ വർത്തിക്കണമെന്നും സുതാര്യത, പങ്കാളിത്തം, വിശ്വാസം എന്നിവ പ്രാപ്തമാക്കുകയും ഫലപ്രദമായ രാഷ്ട്രനിർമ്മാണത്തിന് ജന പങ്കാളിത്തം കേന്ദ്രമായി തുടരുകയും ചെയ്യണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിൽ നിന്നാണ് ഈ സംരംഭം പ്രചോദനം ആർജിച്ചിരിക്കുന്നത്. സാമൂഹിക വികസനത്തിനായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഗവൺമെൻ്റിനെയും പൗരന്മാരെയും സ്ഥാപനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചുകൊണ്ട് പൻഖുഡി ഈ ദർശനത്തെ പ്രതിഫലിപ്പിക്കുന്നു.
വ്യക്തികൾ, പ്രവാസി ഇന്ത്യക്കാർ (എൻആർഐ), ഗവൺമെൻ്റിതര സംഘടനകൾ (എൻജിഒകൾ), കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംഭാവന ചെയ്യുന്നവർ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വനിതാ -ശിശു വികസന മേഖലയിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ഏജൻസികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായാണ് പൻഖുഡി വികസിപ്പിച്ചിരിക്കുന്നത്. പോഷകാഹാരം, ആരോഗ്യം, ശൈശവകാല പരിചരണവും വിദ്യാഭ്യാസവും (ഇസിസിഇ), ശിശുക്ഷേമം, സംരക്ഷണവും പുനരധിവാസവും, വനിതാ സുരക്ഷയും ശാക്തീകരണവും ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സന്നദ്ധവും സ്ഥാപനപരവുമായ സംഭാവനകളെ പോർട്ടൽ കാര്യക്ഷമമാക്കുകയും ഏകീകരിക്കുകയും ചെയ്യുന്നു.
സിഎസ്‌ആറിനും സന്നദ്ധ സംഭാവനകൾക്കും ഒരു പൊതു ഡിജിറ്റൽ ഇൻ്റർഫേസ് നൽകിക്കൊണ്ട് പങ്കാളികൾക്കിടയിലെ സംയോജനവും ഏകോപനവും പോർട്ടൽ വർദ്ധിപ്പിക്കുന്നു. കൂടാതെ വനിതാ- ശിശു ക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ മികച്ച നിർവഹണം, നിരീക്ഷണം, ഉത്തരവാദിത്വo എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മന്ത്രാലയത്തിൻ്റെ പ്രധാന ദൗത്യങ്ങളായ മിഷൻ സാക്ഷം അംഗൻവാടി ആൻ്റ് പോഷൻ 2.0, മിഷൻ വാത്സല്യ, മിഷൻ ശക്തി എന്നിവയുടെ നടപ്പാക്കലിനെ ഘടനാപരവും സുതാര്യവുമായ ഒരു ഡിജിറ്റൽ സംവിധാനത്തിലൂടെ പൻഖുഡി പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സംഭാവന നല്കുന്നവർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും സംരംഭങ്ങൾ തിരിച്ചറിയുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും വ്യക്തമായി നിർവചിക്കപ്പെട്ട രീതികളിലൂടെ അവരുടെ സംഭാവനകളുടെ തൽസ്ഥിതി നിരീക്ഷിക്കുകയും ചെയ്യുന്നു.
സുതാര്യത, ഉത്തരവാദിത്വo, നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പോർട്ടൽ, കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റ് വകുപ്പുകൾ, നിർവഹണ ഏജൻസികൾ, പൗര സമൂഹ സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികൾ എന്നിവരുമായി സഹകരണം സാധ്യമാക്കുന്നു. സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്വവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, പോർട്ടലിലൂടെയുള്ള എല്ലാ സംഭാവനകളും പണരഹിത ഇടപാടുകളിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
രാജ്യത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവും സഹകരണപരവും ഫലപ്രാപ്തിയുള്ളതുമായ വികസനത്തിനായി ഡിജിറ്റൽ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പൻഖുഡി പോർട്ടലിൻ്റെ സമാരംഭം. സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ ഒരു ചട്ടക്കൂടിലൂടെ ഇത് സിഎസ്‌ആർ നിർവഹണം സുഗമമാക്കുകയും ഗവൺമെൻ്റുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യും. 14 ലക്ഷത്തിലധികം അംഗൻവാടി കേന്ദ്രങ്ങൾ, അയ്യായിരത്തിലധികം ശിശു സംരക്ഷണ സ്ഥാപനങ്ങൾ, ഏകദേശം 800 വൺ സ്റ്റോപ്പ് സെൻ്ററുകൾ (ഒഎസ്‌സി), 500 ലധികം സഖി നിവാസ്, 400 ലധികം ശക്തി സദൻ എന്നിവയിലൂടെ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഇത് മെച്ചപ്പെടുത്തും. ഇത് ആത്യന്തികമായി ഈ സ്ഥാപനങ്ങളിലൂടെ സേവനം ലഭിക്കുന്ന കോടിക്കണക്കിന് സാധാരണ പൗരന്മാരുടെ ജീവിതം സുഗമമാക്കും.
***
(रिलीज़ आईडी: 2212527)
आगंतुक पटल : 25